നെല്ല് ചാക്കിലാക്കാൻ കർഷകന്റെ സ്വന്തം യന്ത്രം; മണിക്കൂറുകൾക്കുള്ളിൽ ഉണങ്ങാനുമുണ്ട് യന്ത്രം

Mail This Article
മഴക്കാലത്ത് കൊയ്തു കൂട്ടിയ നെല്ല് മണിക്കൂറുകൾക്കുള്ളിൽ ഉണക്കി ലോറിയിലാക്കാൻ സാധിക്കുമോ? പറ്റില്ലെന്നു തീർത്തു പറയുന്നവർക്കു മുൻപിൽ രണ്ട് ഉപകരണങ്ങൾ അവതരിപ്പിക്കുകയാണ് പാലക്കാട് കൊല്ലങ്കോട് നെന്മേനി മാക്കണാംകുറിശ്ശി കളത്തിൽ അഭിലാഷ്. നെല്ലുണങ്ങുന്ന പാഡി ഡ്രയറും കൊയ്തു കൂട്ടിയ നെല്ല് 15 അടി ഉയരം വരെ എത്തിക്കുന്ന ഗ്രെയിൻ ലോഡറുമാണ് പ്രധാന കണ്ടുപിടിത്തങ്ങൾ. ഇവ കൂടാതെ, പരിഷ്കരിച്ച വിന്നോവറും കള പറിക്കുന്ന യന്ത്രവും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ അഭിലാഷ് എൻജിനീയറാണെന്നു കരുതിയാൽ തെറ്റി. മൈക്രോബയോളജിയിൽ ബിരുദധാരിയായ അദ്ദേഹം മുഴുവൻസമയ കർഷകനാണ്– പത്തേക്കറോളം നെൽകൃഷിയുണ്ട്. ലോക്‌ഡൗൺ കാലത്ത് ഹോബിയായി ആരംഭിച്ചതാണ് കാർഷികോപകരണങ്ങള്‍ തയാറാക്കല്‍.

എൽപിജി ഇന്ധനമാക്കിയാണ് പാഡി ഡ്രയറിന്റെ പ്രവർത്തനം. 2 ടൺ നെല്ലിന്റെ ഒരു ബാച്ച് ഉണക്കിയെടുക്കാൻ ശരാശരി 2 മണിക്കൂർ വേണ്ടിവരും. എന്നാല്‍ ഈർപ്പത്തിന്റെ തോതനുസരിച്ച് സമയദൈർഘ്യവും മാറും. ഒരു ബാച്ച് നെല്ലുണങ്ങുന്നതിന് ഒരു സിലിണ്ടർപോലും പൂർണമായി വേണ്ടിവരില്ലെന്നാണ് അഭിലാഷ് പറയുന്നത്. എന്നാൽ ശക്തമായി ഗ്യാസ് പ്രവഹിച്ച് വേണ്ടത്ര ജ്വലനം നടക്കുന്നതിന് ഒരേ സമയം 4 സിലിണ്ടറുകൾ ഘടിപ്പിക്കേണ്ടതുണ്ട്. നെല്ല് നിരങ്ങി നീങ്ങുന്ന അറയ്ക്കുള്ളിലൂടെ ചൂട് വായു കടത്തിവിട്ടാണ് ഈർപ്പം നീക്കുന്നത്.
കൂട്ടിയിട്ടിരിക്കുന്ന നെല്ല്, കുഴലിലൂടെ വിന്നോവറിലോ ഡ്രയറിലോ ലോറിയിലോ എത്തിക്കാൻ കഴിയുന്ന കൺവയർ സംവിധാനമാണ് അഭിലാഷിന്റെ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ. ഗ്രെയിൻ ലോഡർ എന്നു വിളിക്കാവുന്ന ഈ സംവിധാനമുണ്ടെങ്കിൽ നെല്ല് ചാക്കിൽ നിറയ്ക്കാനും ലോഡ് ചെയ്യാനുമൊന്നും ഇനി ആൾക്ഷാമം പ്രശ്നമാകില്ല. മണിക്കൂറിൽ 3 ടൺ ലോഡ് ചെയ്യുന്ന ഈ ചുമട്ടുകാരനെ സംഭരണത്തിനു പോകുന്ന ഓരോ ലോറിയുടെയും ഭാഗമാക്കുകയേ വേണ്ടൂ.
കൊയ്തു കൂട്ടിയ നെല്ല് പത്തായത്തിലാക്കാൻ ഇന്നും കേരളത്തിലെ കർഷകർക്ക് പരമ്പരാഗത രീതി തന്നെ ആശ്രയം. വെയിലത്തുണങ്ങി, ചാക്കിൽ നിറച്ച് തലച്ചുമടായി എത്തിക്കുകയാണ് ഏറക്കുറെ എല്ലാവരും. കൊയ്ത്തു കാലത്ത് മഴയെത്തിയാൽ നെല്ലുമായി നെട്ടോട്ടമോടാൻ നിർബന്ധിതരാകുന്നു കുട്ടനാട്ടിലും മറ്റുമുള്ള കൃഷിക്കാര്‍. ഈ അവസരം മുതലാക്കി അവരെ ചൂഷണം ചെയ്യാനും ആളേറെ. ഈർപ്പത്തിന്റെ പേരിൽ മില്ലുകാരും ലോഡിങ് കൂലിയുടെ മറവിൽ യൂണിയൻകാരും കീശയിൽ കയ്യിടുമ്പോൾ നിസ്സഹായനായി നിൽക്കാനേ നെൽകർഷകനു കഴിഞ്ഞിരുന്നുള്ളൂ. സർക്കാർ സംവിധാനങ്ങളും ഗവേഷകരുമൊക്കെ നോക്കുകുത്തികളായി മാറുന്ന ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പര്യാപ്തമാണ് അഭിലാഷിന്റെ രണ്ട് കണ്ടുപിടിത്തങ്ങളും.
ഫോൺ: 9447240255
English summary: The farmer uses his own machine to bag his paddy