ADVERTISEMENT

ആഫ്രിക്കൻ പന്നിപ്പനി കേരളത്തിലെ പന്നി ഫാമിങ് മേഖലയെ തകർക്കും വിധം കാട്ടുതീ പോലെ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ തമിഴ്നാട്ടിലെ കർഷകരും പ്രതിഷേധവുമായി രംഗത്ത്. തമിഴ്നാട് പിഗ് ബ്രീഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ സംഘടനയായ ലൈവ്‌സ്റ്റോക് ഫാർമേഴ്സ് അസോസിയേഷ(എൽഎസ്എഫ്എ)നെതിരേയും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ(എംപിഐ)യ്ക്കെതിരേയുമാണ് പ്രതിഷേധം. കേരളത്തിലേക്ക് പന്നികളെ വിൽക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലാണെന്നും എംപിഐ ഏറ്റെടുക്കുന്ന പന്നികൾക്ക് പണം നൽകാതെ കബളിപ്പിക്കുന്നുവെന്നും സമരക്കാർ ആരോപിക്കുന്നു.

pig-farmers
തമിഴ്നാട്ടിലെ പന്നിക്കർഷകരുടെ സമരം

എന്നാൽ, കേരളത്തിൽ ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ കാട്ടുതീപോലെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുകയാണ്. പല ഫാമുകളും അടച്ചുപൂട്ടി, കർഷകർ കടക്കെണിയിലായി, ഇവിടുള്ള പന്നികളെ ആർക്കും വേണ്ട എന്ന അവസ്ഥയും. പന്നിപ്പനി റിപ്പോർട്ട് ചെയ്ത് ആറു മാസത്തോളമായിട്ടും നിയന്ത്രണവിധേയമാകാത്തത് കർഷകർക്ക് കൂടുതൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പന്നിപ്പനി ഭീതിയെത്തുടർന്ന് ജനുവരി 16 വരെ അതിർത്തി കടന്നുള്ള പന്നിക്കടത്ത് സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുള്ളതുമാണ്. എന്നാൽ, ഈ നിരോധന ഉത്തരവ് മറികടന്ന് കേരളത്തിലേക്ക് പന്നികൾ വ്യാപകമായി എത്തുന്നുവെന്നത് മനോരമ ഓൺലൈൻ കർഷകശ്രീ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കേരളത്തിലെ കർഷകരുടെ പന്നികൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുമ്പോൾ അതിർത്തി കടന്ന് വ്യാപകമായി പന്നികളെ കൊണ്ടുവരുന്നതിനെത്തുടർന്ന് ലൈവ്സ്റ്റോക് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കർഷകർ ഒരു മാസത്തോളമായി ചെക്ക്പോസ്റ്റുകളിൽ കാവലുണ്ട്. പന്നികളുമായി വന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ മാസം രണ്ട്, മൂന്ന് തീയതികളിൽ പന്നിയങ്കര ടോൾ പ്ലാസയിൽവച്ച് രണ്ടു വാഹനങ്ങളാണ് എൽഎസ്എഫ്എയുടെ നേതൃത്വത്തിൽ പിടികൂടിയത്. വാഹനങ്ങൾ വിട്ടയയ്ക്കാൻ സമ്മർദ്ദമുണ്ടായിട്ടും സംഘടനയുടെ നേതൃത്വത്തിൽ കർഷകർ ഒന്നിച്ചുനിന്നതോടെ പന്നികളെ എംപിഐ ഏറ്റെടുത്തു. ഈ സംഭവമാണ് തമിഴ്നാട്ടിലെ കർഷകരെ ചൊടിപ്പിച്ചത്.

ഞായറായഴ്ച പന്നിയങ്കര ടോൾ പ്ലാസ വഴി പന്നികളുമായി വന്ന വാഹനം കർഷകർ പിന്തുടർന്ന് കശാപ്പുശാലയിലേക്കും എത്തി. നിരോധനം മറികടന്നും പന്നികളെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന് കശാപ്പു ചെയ്യുന്നതിനാൽ ഉടമയ്ക്കെതിരേ നടപടി ഉണ്ടായിട്ടുണ്ട്. 

കർഷകരും എൽഎസ്എഫ്എയും എന്തിന് നിരത്തിലിറങ്ങി?

ആഫ്രിക്കൻ പന്നിപ്പനി എന്ന വൈറസ് മഹാമാരി പന്നികളിൽ വ്യാപകമായതോടെ ചെറുതും വലുതുമായ ഒട്ടേറെ ഫാമുകളാണ് ഇല്ലാതായത്. ഇവിടുത്തെ കർഷകരിൽനിന്ന് പന്നികളെ വാങ്ങാതെ തമിഴ്നാട്ടിൽനിന്ന് ചെറിയ വിലയ്ക്ക് പന്നികളെ കൊണ്ടുവന്നാണ് കച്ചവടക്കാരുടെ വിൽപന. ഒരു വശത്ത് ഇവിടുത്തെ കർഷകരുടെ പന്നികളെ ആഫ്രിക്കൻ പന്നിപ്പനിയുടെ പേരിൽ കൊന്ന് കുഴിച്ചുമൂടുമ്പോൾ മറുവശത്ത് യാതൊരു പരിശോധനയുമില്ലാതെ അതിർത്തി കടന്ന് പന്നികളെ എത്തിച്ച് കശാപ്പു ചെയ്ത് വിൽക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഇറച്ചി മാർക്കറ്റായ കേരളത്തിലേക്ക് ഇത്തരത്തിൽ അതിർത്തി കടന്നു വന്ന പന്നികളിലൂടെയാണ് രോഗം പടർന്നുപിടിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പന്നികളെ വിൽക്കുന്ന സ്റ്റാളുകളിൽനിന്നും അത്തരം മാംസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽനിന്നും അറവ് അവശിഷ്ടങ്ങളും മിച്ചഭക്ഷണവും ശേഖരിക്കുന്ന കർഷകരുടെ ഫാമുകളാണ് പ്രധാനമായും ഒരു പന്നിപോലും അവശേഷിക്കാതെ ഇല്ലാതായത്.

pig-farmers-1
വടക്കഞ്ചേരി ടോൾ പ്ലാസയിൽ കാവൽ നിൽക്കുന്ന കർഷകർ

ഡിസംബർ വിപണി മുന്നിൽക്കണ്ട് കേരളത്തിലെ കർഷകർ വളർത്തിവന്ന പന്നികളെ വാങ്ങാൻ കൂട്ടാക്കാതെ ഇവിടുത്തെ കർഷകരുടെ നിലനിൽപ്പ് മറന്ന് ലാഭം മാത്രം നോക്കി കച്ചവടക്കാർ പ്രവർത്തിച്ചതുകൊണ്ടാണ് തങ്ങൾക്ക് കർഷകർക്കുവേണ്ടി നിരത്തിലിറങ്ങേണ്ടിവന്നതെന്ന് എൽഎസ്എഫ്എ ഭാരവാഹികൾ പറയുന്നു. സത്യത്തിൽ അതുതന്നെയല്ലേ ചെയ്യേണ്ടതും? 

English summary: Kerala drowned in African swine fever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com