ADVERTISEMENT

? ആചാരംപോലെ വർഷംതോറും തെങ്ങിനു തടമെടുക്കുന്നവരുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും പറയുന്നവരുണ്ട്. സത്യമെന്താണ്. എല്ലാ വർഷവും പറമ്പ് കിളയ്ക്കേണ്ടതുണ്ടോയെന്നും പലര്‍ക്കും സംശയം.  

കേരളത്തിലെ സാഹചര്യത്തിൽ, തെങ്ങിന് കാലവർഷം അകത്തും തുലാവർഷം പുറത്തും എന്നാണ്. തെങ്ങിന്റെ ചുവട്ടിൽനിന്ന്  ഒന്നേമുക്കാൽ മീറ്റര്‍ വ്യാസാർധത്തിലാണ് ആഗിരണവേരുകൾ (feeder roots) നല്ല പങ്കും  വിന്യസിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു മീറ്റർ ആഴത്തിൽ ഇതേ ഭാഗത്ത് വേരുകൾ ഉണ്ടാകും. മാസം തോറും ഓരോ ഓലയും ഓരോ പൂങ്കുലയും ഉൽപാദിപ്പിക്കുന്ന തെങ്ങിന്റെ ഓരോ കുലയിലും കൂടുതൽ വെള്ളയ്ക്ക  ഉണ്ടാകണമെങ്കിൽ ചിട്ടയായ വളപ്രയോഗവും നനയും ആവശ്യം. കാലവർഷം (ഇടവപ്പാതി) തുടങ്ങുന്നതിനു മുൻപുതന്നെ ഒരടി ആഴത്തിലും ഒന്നേമുക്കാൽ മീറ്റർ വ്യാസാർധത്തിലും തടമെടുത്ത് കുമ്മായവും ജൈവ, രാസ, ജീവാണുവളങ്ങളുമിട്ടു കഴിഞ്ഞാൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴവെള്ളം തടത്തിൽ നിറഞ്ഞ് അടിയിലെ മണ്ണിനെ ജലപൂരിതമാക്കി (saturated) നിർത്തും. അതിനുശേഷം രണ്ടാം ഗഡു വളം കൊടു ത്തശേഷം തെങ്ങിൻതടത്തിൽ തൊണ്ടും കരിയിലയും ഓലയുംകൊണ്ട് പുതയിട്ടു സംരക്ഷിക്കുകയോ വളമിട്ടതിനുശേഷം തടം വട്ടത്തിൽ കിളച്ചിടുകയോ വേണം. ആ ജൈവപുത / മൺപുതയുടെ മുകളിൽ തുലാവർഷ മഴ പെയ്തു കുതിർന്ന് വെള്ളം അടിയിലേക്കിറങ്ങണം. അങ്ങനെയെങ്കിൽ അടുത്ത മഴക്കാലംവരെ തടത്തിൽ സാമാന്യതോതില്‍ ഈർപ്പം നിലനിർത്താം.

ഇന്ന് കൂലിച്ചെലവ് കൂടുതലായതിനാൽ ഈ വർഷം പകുതി തുറക്കുക, അടുത്ത വർഷം ബാക്കി പകുതി തുറക്കുക (Semi lunar basin) എന്ന രീതിയോ ഓരോ വർഷവും നാലിലൊന്ന് തടം തുറന്നുകൊണ്ട് 4 കൊല്ലംകൊണ്ട് ഒരുവട്ടം പൂർത്തിയാക്കുന്ന രീതിയോ അവലംബിക്കാം. എന്നാല്‍ നനയ്ക്കുന്ന തോട്ടങ്ങളിൽ തടം തുറക്കണമെന്നു നിർബന്ധമില്ല. തടം നന്നായി പുതയിട്ടു സംരക്ഷിച്ചാൽ മതി. 

ഇനി പറമ്പു കിളയ്ക്കുന്ന കാര്യം. പറമ്പ് വെറുതെ കിളച്ചിട്ടാൽ ഒരു മഴക്കാലം കഴിയുമ്പോഴേക്കും അത് വീണ്ടും തറഞ്ഞുപോകും. മാത്രമല്ല, അത് മണ്ണിലെ കാർബൺ, നൈട്രജൻ എന്നിവ നഷ്ടമാകാൻ കാരണമാകും. അതിനാൽ വിളകൾ നടുന്നതിനുള്ള പണകൾ, തടങ്ങൾ, ചാലുകൾ എന്നിവ വരുന്ന ഭാഗങ്ങൾ മാത്രം അതതു സമയത്ത് കിളച്ചൊരുക്കുക. അല്ലാത്ത സമയത്ത് പുതയിട്ടോ പയർചെടികൾ വളർത്തിയോ മണ്ണിനെ സംരക്ഷിക്കണം. അത് ഒരു കാർബൺതുലിത കൃഷിരീതികൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com