അവിചാരിതമായി ഫോൺകോളിലൂടെ പരിചയപ്പെട്ട കർഷകൻ നൽകിയ പ്രചോദനം ഒരു വരുമാനമാർഗം തുറന്നുനൽകുമെന്ന് ഫൗസിയ ഒരിക്കലും കരുതിയിരുന്നില്ല. സ്വകാര്യ ടെലികോം കമ്പനിയിൽ പോസ്റ്റ് പെയ്ഡ് വരിക്കാരെ ചേർക്കുന്നതിനായി ഏറ്റെടുത്ത ടെലി കോളിങ് ജോലിക്കിടെയായിരുന്നു ആ കർഷകനെ പരിചയപ്പെടുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാരനാക്കുന്നതിനായി ഒരിക്കൽ വിളിച്ചത് അദ്ദേഹത്തെയായിരുന്നു. ഫൗസിയയുടെ സംസാരശൈലി ഇഷ്ടപ്പെട്ട അദ്ദേഹം ഫാമുകളിൽ തൊഴിലാളികളെ നൽകുന്ന ജോലി ഫൗസിയയ്ക്ക് ഇണങ്ങുമെന്ന് നിർദേശിക്കുകയായിരുന്നു. ഉണ്ടായിരുന്നത് തുച്ഛമായ വരുമാനം ലഭിച്ചിരുന്ന ജോലിയായിരുന്നതിനാൽ ആ കർഷകന്റെ ആശയം കൈവിടാൻ ഫൗസിയയ്ക്കു തോന്നിയില്ല. അതുകൊണ്ടുതന്നെ അത് സധൈര്യം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് കേരളത്തിലെ ഫാമുടമകൾക്ക് സുപരിചിതയാണ് ഈ മലപ്പുറംകാരി.
ഹിന്ദി വശമില്ലാത്തതിനാൽ ആദ്യ നാളുകളിൽ മാസം മൂന്നു തൊഴിലാളികളെ വരെ അയയ്ക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഈ മേഖലയിലുള്ള സാധ്യത തിരിച്ചറിഞ്ഞ് ഹിന്ദി അറിയാവുന്ന ഒരു സ്റ്റാഫിനെ നിയോഗിച്ചു. അത് ക്രമേണ വിജയമായി. സ്റ്റാഫ് പുതിയ ജോലിയുമായി മാറിയപ്പോൾ ഫൗസിയ ഹിന്ദി പഠിച്ച് പരിപാടി ഏറ്റെടുക്കുകയായിരുന്നു. ജന്മനാ കാലിന് സ്വാധീനക്കുറവുണ്ടായിരുന്നതിനാൽ ഇത്തരത്തിലൊരു ജോലി കൂടുതൽ ഉപകാരവുമായി എന്ന് ഫൗസിയ.
കേരളത്തിൽ ഇത്രയും ഡെയറി ഫാമുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ഈ ജോലിയിലേക്ക് പ്രവേശിച്ചതുകൊണ്ടാണെന്ന് ഫൗസിയ. കാരണം, ദിനംപ്രതി ഫൗസിയയെ തേടിയെത്തുന്ന ഫോൺകാളുകളിൽ നല്ലൊരുപങ്കും ഡെയറി ഫാമിങ് മേഖലയിൽനിന്നാണ്. കേരളം മുഴുവൻ തൊഴിലാളികളെ അയയ്ക്കുന്ന ഫൗസിയ പക്ഷേ, ഇതുവരെയും ഒരു ഡെയറി ഫാം നേരിട്ടു കണ്ടിട്ടില്ലെന്നതാണ് കൗതുകം. എന്നാൽ ഫാമിലെ കാര്യങ്ങൾ പൂർണമായും പറഞ്ഞുനൽകിയത് താൻ ഈ മേഖലയിലേക്ക് കടക്കാൻ പ്രചോദനമായ കർഷകനാണെന്നു ഫൗസിയ ഓർക്കുന്നു. പശുക്കളുടെ ഇനവും പാലിന്റെ അളവും അതുപോലെ ഫാമിലെ ഓരോ കാര്യങ്ങളും അദ്ദേഹത്തിലൂടെ പഠിച്ചെടുത്തു.
ആവശ്യമുള്ളവർക്ക് തൊഴിലാളികളെ നൽകുമ്പോൾ 3–4 ദിവസം അവരുടെ ജോലി മനസിലാക്കിയശേഷം മാത്രം തൊഴിലുടമയുടെ പക്കൽനിന്ന് സർവീസ് ചാർജ് വാങ്ങുന്നതാണ് ഫൗസിയയുടെ രീതി. ഒരാൾക്ക് 1500 രൂപയാണ് ഈടാക്കുക. ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ തൊഴിലാളികളെ മാറ്റിനൽകുകയും ചെയ്യും. അസം, ബംഗാൾ, ബീഹർ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെയാണ് ഫൗസിയ തൊഴിലുടമകൾക്കു നൽകുന്നത്. അതുപോലെ നേപ്പാൾ സ്വദേശികളെയും ജോലിക്കായി നിയോഗിക്കുന്നു. തൊഴിലാളികളോടും ഫാം ഉടമകളോടും ബന്ധം നിലനിർത്താനും താൻ ശ്രദ്ധിക്കാറുണ്ടെന്നു ഫൗസിയ. അതുകൊണ്ടുതന്നെ ജോലി നൽകുന്ന തൊഴിലാളികൾ തന്നെയാണ് ഈ നെറ്റ്‌വർക്ക് വിപുലപ്പെടുത്താൻ ഫൗസിയയെ സഹായിക്കുന്നത്. പുതിയ പുതിയ കോണ്ടാക്ട്സുകൾ അവർ ഫൗസിയയ്ക്കു നൽകും. ഒരു വരുമാനം ലഭിക്കുന്നതിനൊപ്പം വലിയൊരു സുഹൃദ് വലയം നേടാൻ കഴിഞ്ഞതാണ് ഈ ജോലി ചെയ്യുന്നതിലൂടെയുള്ള തന്റെ നേട്ടമെന്ന് ഫൗസിയ പറയുന്നു.
ഫോൺ: 9778743907, 7034271949