ADVERTISEMENT

ഇന്നത്തെ കിടാവ് നാളെയുടെ കാമധേനു എന്നു പറയുന്നത് വെറും വാക്കല്ല, ഒരു ക്ഷീരസംരംഭത്തിന്റെ സുസ്ഥിര വളർച്ചയിൽ കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രസക്തിയുണ്ട്. വർഷത്തിൽ പശുക്കളിൽ ഒരു പ്രസവം നടക്കുകയും ഉണ്ടാകുന്ന നല്ലയിനം കിടാക്കളെ തിരഞ്ഞെടുത്തു വളർത്തി കിടാരികളാക്കുകയും നേരത്തെ അവയുടെ ഗർഭധാരണം ഉറപ്പാക്കാൻ കഴിയുകയും ചെയ്താൽ സംരംഭം വളർച്ചയുടെ വഴിയിലാണെന്ന് പറയാം.

നേരത്തെ തുടങ്ങണം പരിപാലനം

ഗർഭസ്ഥകിടാവിനാവശ്യമായ പോഷകങ്ങൾ അമ്മപ്പശുവിന്റെ ശരീരത്തിൽനിന്നാണ് ലഭിക്കുന്നത്. ഒൻപത് മാസം നീളുന്ന ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളിലാണ് ഗർഭസ്ഥകിടാക്കളുടെ വളര്‍ച്ചയും വികാസവും ഏറ്റവും കൂടുതല്‍ നടക്കുന്നത്. അതിനാൽ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ അവസാനത്തെ മൂന്ന് മാസങ്ങളില്‍ ഗര്‍ഭിണിപ്പശുക്കള്‍ക്ക് ശരീരസംരക്ഷണത്തിനായി നൽകുന്ന തീറ്റയ്ക്കു പുറമെ അധികം തീറ്റ നൽകണം. പത്തു ലീറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ഗര്‍ഭകാലത്തിന്റെ ഏഴാം മാസം മുതല്‍ ഒരു കിലോയും അതിന് മുകളില്‍ ഉൽപാദനമുള്ളവയ്ക്ക് ഒന്നര കിലോയും സാന്ദ്രിത തീറ്റ പ്രതിദിനം അധികമായി നൽകണം. എന്നാൽ ഈ പരിധിയിലുമധികം സാന്ദ്രിത തീറ്റകൾ നൽകി പശുക്കളെ അമിതമായി തടിപ്പിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി അമിതമായി തടിച്ചാൽ പ്രസവാനന്തരം കീറ്റോസിസ് പോലുള്ള ഉപാപചയ രോഗങ്ങൾക്കുള്ള സാധ്യത കൂടും. പുതിയ പശുക്കളെ ഫാമിലേക്കു വാങ്ങിക്കുമ്പോൾ പ്രസവം പ്രതീക്ഷിക്കുന്നതിനു രണ്ട് മാസം മുൻപ് വാങ്ങാൻ ശ്രദ്ധിക്കുക. എങ്കിൽ മതിയായ ഗർഭകാല പരിചരണവും വറ്റുകാലവും പശുക്കൾക്ക് ഉറപ്പാക്കാൻ കഴിയും.

കന്നിപ്പാൽ ആരോഗ്യജീവിതത്തിലേക്കുള്ള പാസ്പോർട്ട്

ജനിച്ച് ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10 ശതമാനം എന്ന അളവിൽ കന്നിപ്പാല്‍ കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് 30 കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്നു ലീറ്റർ കന്നിപ്പാൽ ആദ്യ രണ്ടു  മണിക്കൂറിനുള്ളിൽ നൽകണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘ‍ഡു (ശരീര തൂക്കത്തിന്റെ 5% ) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. പിന്നീട് 10-12 മണിക്കൂറിനു ശേഷം രണ്ടാം തവണയും ഇതേ അളവിൽ നൽകണം.

അമ്മപ്പശുവിൽനിന്ന് കന്നിപ്പാൽ കുടിക്കാൻ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിങ് ബോട്ടിലിൽ നിറച്ച് കിടാക്കൾക്ക് നൽകാം. കിടാവ് കന്നിപ്പാൽ നുണയുന്നതിന് മുൻപായി പശുവിന്റെ അകിടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനിൽക്കുന്ന പാലിൽ നിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടര്‍ന്നുള്ള 4-5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10 % എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം.

calf-dairy-farming-1
ചിത്രത്തിന് കടപ്പാട്: വിപിൻ പൗലോസ്, മാനന്തവാടി, വയനാട്

പൊക്കിൾക്കൊടി സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ട

കിടാവ് പിറന്നുവീണയുടൻ ചെയ്യുന്ന ശാസ്ത്രീയമായ പൊക്കിൾക്കൊടി പരിപാലനത്തിലൂടെ പൊക്കിൾക്കൊടി പഴുപ്പിനെയും തുടർന്നുണ്ടാവുന്ന സന്ധിവീക്കത്തെയും മുടന്ത്, അകാലമരണം തുടങ്ങിയ പ്രശ്നങ്ങളെയും പൂർണമായും തടയാൻ കഴിയും. രോഗം തടയുന്നതിനായി ജനിച്ചയുടന്‍ കിടാക്കളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി എഴു ശതമാനം ടിഞ്ചര്‍ അയഡിന്‍ ലായനിയിലോ നാലു ശതമാനം ക്ലോർഹെക്സിഡിൻ ലായനിയിലോ മുക്കി അണുവിമുക്തമാക്കണം. പ്രസവം പ്രതീക്ഷിക്കുന്നതിന് മുന്നേ ഇതെല്ലാം തൊഴുത്തിൽ തയാറാക്കി വയ്ക്കണം. 24 മണിക്കൂറിനു ശേഷവും 48 മണിക്കൂറിന് ശേഷവും വീണ്ടും പൊക്കിൾക്കൊടി അയഡിനിൽ മുക്കി അണുവിമുക്തമാക്കണം. കറവയ്ക്ക് ശേഷം പശുവിന്റെ മുലക്കാമ്പുകൾ മുക്കുന്ന ഒരു ശതമാനം അയഡിൻ അടങ്ങിയ ടീറ്റ് ഡിപ്പിങ് ലായനി കിടാവിന്റെ പൊക്കിൾ മുക്കി അണുവിമുക്തമാക്കാൻ അനുയോജ്യമല്ല. പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും രണ്ടോ മൂന്നോതവണ അയഡിന്‍ ലായനിയില്‍ മുക്കി പൊക്കിൾകൊടി അണുവിമുക്തമാക്കണം. കിടാക്കളുടെ ശരീരത്തില്‍നിന്ന് പൊക്കിള്‍കൊടി പൂര്‍ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കിയ  ഒരു ചരട്  ഉപയോഗിച്ച് കെട്ടണം. ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച്  മുറിച്ച് മാറ്റണം. പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ അയഡിന്‍ ലായനിയില്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം.

calf-dairy-farming-2

കിടാവിന് പാൽ നൽകുമ്പോൾ

കിടാവിന് പാല്‍ പ്രത്യേകം കറന്നുകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍ ആദ്യ ഒരു മാസം കിടാവിന്റെ തൂക്കത്തിന്റെ 1/10 എന്ന അളവിൽ പാൽ ദിവസവും നൽകണം. ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത്. ശരീരതൂക്കത്തിന്റെ 1/15 (6.66 ശതമാനം ) എന്ന അളവിൽ പാൽ കിടാവിന് രണ്ട് മാസം പ്രായമെത്തുമ്പോഴും 1/20 ( 5 ശതമാനം ) എന്ന അളവിൽ പാൽ മൂന്നാം മാസം പ്രായമെത്തുമ്പോഴും നൽകണം. ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ട് തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കളേക്കാള്‍ വളർച്ചയുള്ളവയായിരിക്കും അതേ അളവ് പാല്‍ മൂന്ന് തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കള്‍. മിൽക്ക് ഫീഡിങ് ബക്കറ്റിൽ കിടാവിന് പാൽ നൽകുമ്പോൾ അകിടിൽനിന്ന് പാൽ നുണയുന്ന അതേ മാതൃകയിൽ ചെറുതായി ചവച്ച് വലിച്ച് കുടിക്കാവുന്ന (Sucking ) രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത്. അതോടൊപ്പം കഴുത്ത് പൊക്കി പിടിച്ച് അൽപം ചെരിച്ച്  വലിച്ച് കുടിക്കാവുന്ന പാകത്തിൽ ഏകദേശം അകിടിന്റെ അതെ ഉയരത്തിൽ വേണം മിൽക്ക് ഫീഡിങ്  ബക്കറ്റുകൾ തൊഴുത്തിൽ ക്രമീകരിക്കേണ്ടത്. എങ്കിൽ മാത്രമേ കിടാവ് കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട് എത്തിച്ചേരുകയുള്ളൂ. അതല്ലെങ്കിൽ പൂർണമായും വികസിക്കാത്ത റുമെൻ എന്ന ആമാശയ അറയിലേക്ക് പാൽ വഴിമാറി  ഒഴുകിയെത്തുകയും കെട്ടിക്കിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായിത്തീരുകയും ചെയ്യും. ഇക്കാരണം കൊണ്ടുതന്നെ പരന്ന പാത്രങ്ങളിൽ പാൽ നിറച്ച് തറയിൽ വച്ച് കിടാക്കൾക്ക് നൽകുന്നത് (Pail feeding) ഒഴിവാക്കുന്നതാണ് ഉത്തമം. ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ  കഴുകി വൃത്തിയാക്കാൻ മറക്കരുത്.  രണ്ട് മൂന്ന് ആഴ്ച പ്രായമെത്തിയത് മുതൽ ശുദ്ധജലം പശുക്കിടാവിന് ലഭ്യമാക്കണം.

മിൽക്ക് റീപ്ലെയ്‌സർ നൽകി വളർത്തുമ്പോൾ

കിടാവിന് നറുംപാലിന് പകരം നൽകാവുന്നതും പാലിന്റെ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതുമായ കൃത്രിമപാലാണ് മിൽക്ക് റീപ്ലെയ്‌സർ. കിടാവിനെ പാൽ കുടിപ്പിച്ച് വളർത്തുന്നതിനേക്കാൾ ലാഭകരമാണ് കിടാവിന്‌ പാലിനു പകരം മിൽക്ക് റീപ്ലെയ്‌സർ നൽകി വളർത്തുന്നത്. 22-25 ശതമാനം വരെ മാംസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരാഴ്ച പ്രായമെത്തിയത് മുതൽ കിടാക്കൾക്ക് മിൽക്ക് റീപ്ലെയ്‌സർ നൽകിത്തുടങ്ങാം. പൗഡർ രൂപത്തിലാണ് മിൽക്ക് റീപ്ലെയ്‌സർ വിപണിയിൽ ലഭ്യം. പൗഡർ നിർദേശിക്കപ്പെട്ട കൃത്യമായ അനുപാതത്തിൽ ഇളംചൂടുള്ള വെള്ളത്തിൽ (37 ഡിഗ്രി സെൽഷ്യസ് ) ലയിപ്പിച്ച് ലായനി തയാറാക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം കിടാവിന്‌  ദഹനപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ആദ്യ ഒരാഴ്ച പാലും മിൽക്ക് റീപ്ലെയ്‌സർ ലായനിയും ചേർത്ത് നൽകുന്നതാണ് ഉചിതം. പിന്നീട്  പൂർണ്ണമായും മിൽക്ക്  റീപ്ലെയ്‌സറിലേക്ക് മാറാം. ശരീര തൂക്കത്തിന്റെ അടിസ്ഥാനത്തിൽ പാൽ നൽകേണ്ട അതെ അളവിൽ തന്നെയാണ് വെള്ളത്തിൽ കലക്കിയെടുത്ത മിൽക്ക് റീപ്ലെയ്‌സറും നൽകേണ്ടത്. പാലിനെ അപേക്ഷിച്ച്  ദഹനം സാവധാനമായതിനാൽ മിൽക്ക് റീപ്ലെയ്‌സർ ലായനി നൽകുന്ന ഇടവേള കൂട്ടുകയും തവണകൾ കുറയ്ക്കുകയും വേണം. സാധാരണ ഗതിയിൽ ദിവസം രണ്ട് തവണ മിൽക്ക് റീപ്ലെയ്‌സർ നൽകാം. ഓരോ തവണ നൽകുമ്പോഴും പുതിയ ലായനി തയാറാക്കാൻ ശ്രദ്ധിക്കണം.

calf-dairy-farming-4
ചിത്രത്തിന് കടപ്പാട്: വിപിൻ പൗലോസ്, മാനന്തവാടി, വയനാട്

കന്നിക്കിടാവിന്‌ നൽകാം കുഞ്ഞിളംപുല്ല്

നാരിന്റെ അളവ് കുറഞ്ഞതും മാംസൃത്തിന്റെ അളവുയർന്നതുമായ സാന്ദീകൃതാഹാരമായ കാഫ് സ്റ്റാർട്ടർ തീറ്റയും, ചെറുതായി അരിഞ്ഞ തീറ്റപുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കിടാക്കൾക്ക് നൽകണം. കോംഗോ സിഗ്‌നൽ, ഗിനിപ്പുല്ല് തുടങ്ങിയ മൃദുവായ തീറ്റപ്പുല്ലുകളാണ് കിടാക്കൾക്ക് ഏറ്റവും അനിയോജ്യം. നാലാം ആഴ്ച മുതൽ 50 - 100 ഗ്രാം അളവിൽ കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് 100 മുതൽ 150 വരെ ഗ്രാം വർധിപ്പിച്ച് ആറാം മാസത്തോടു കൂടി ഒന്നരക്കിലോഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. തീറ്റപ്പുല്ല് നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറു മാസമെത്തുമ്പോൾ 5 - 6 കിലോഗ്രാം വരെ നൽകാം. കറവപ്പശുക്കളുടെ തീറ്റ കിടാക്കൾക്ക് നൽകരുത്.

ഉരുളൻ വിര വില്ലൻ, മുന്നേ തടയാം

പശുക്കിടാവിന്‌ 10 ദിവസം മുതൽ 14 ദിവസം വരെ പ്രായമെത്തുമ്പോൾ ടോക്സോകാര ഉരുളൻ വിരകളെ തടയാനുള്ള ആദ്യഡോസ് മരുന്ന്  നൽകണം. പത്താം ദിവസം നൽകുന്ന ആദ്യ ഡോസ് ഉരുളൻ വിര പ്രതിരോധ മരുന്ന് വിരയുടെ ലാർവകളെ തടയാൻ ഏറ്റവും ഫലപ്രദമായ പെറാന്റൽ പാമോയേറ്റ് എന്ന രാസഘടകം അടങ്ങിയതാകുന്നതാണ് ഏറ്റവും അഭികാമ്യം. കിടാവിന്റെ ഭാരത്തിനനുരിച്ച് വിരമരുന്ന് നൽകേണ്ട അളവ് നിർണയിക്കാൻ ഡോക്ടറുടെ ഉപദേശം തേടാം. തുടർന്ന് കിടാവിന്‌ 21 ദിവസം പ്രായമെത്തുമ്പോൾ രണ്ടാം ഡോസ് വിരമരുന്ന് നൽകണം. ഗര്‍ഭിണിപ്പശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തില്‍ എല്ലാത്തരം വിരകളെയും തടയുന്ന മരുന്നുകള്‍ നല്‍കിയും, പ്രസവം കഴിഞ്ഞ്  അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കിയും ടോക്സോകാര എന്ന ഉരുളന്‍ വിരകള്‍ അമ്മപശുവില്‍ നിന്ന് കിടാക്കളിലേക്കു പകരുന്നത് തടയാം.

calf-dairy-farm-Calf-rearing-program

പാൽ മാത്രം പോര വേണം അധികപോഷകങ്ങൾ

മുതിർന്ന പശുക്കളെ പോലെ തീറ്റപുല്ലും മറ്റ് പരുഷാഹാരങ്ങളും പൂർണമായി തിന്ന് തുടങ്ങിയിട്ടില്ലാത്തതിനാൽ ധാതുലവണങ്ങൾ, വിറ്റാമിൻ എ, ഡി, ഇ, സി തുടങ്ങിയ ജീവകങ്ങൾ എന്നിവയുടെ അപര്യാപ്തയ്ക്ക് കിടാക്കളിൽ ഉയർന്ന സാധ്യതയുണ്ട്. ധാതുജീവകങ്ങളുടെ അപര്യാപ്ത ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ, അധിക രോമക്കൊഴിച്ചിൽ, കാഴ്ചക്കുറവ്, അമിതമായി കണ്ണുനീരൊലിപ്പ്, പീളക്കെട്ടൽ തുടങ്ങി പലരീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും ശരീരതളർച്ചയ്ക്കും വളർച്ച മുരടിപ്പിനും കിടാക്കളിൽ കാരണമാകാറുണ്ട്. ഇതൊഴിവാക്കാൻ  ഒരാഴ്ച പ്രായമായത് മുതൽ ജീവകങ്ങളും (പ്രത്യേകിച്ച് ജീവകം എ, സി എന്നിവ) ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങൾ കിടാക്കൾക്ക് നൽകുന്നത് അഭികാമ്യമാണ്‌. ബൈപ്പാസ് പ്രോട്ടീൻ, ബൈപ്പാസ് ഫാറ്റ്, ധാതു ജീവകങ്ങൾ, യീസ്റ്റ് എന്നിവ ചേർത്ത് കിടാക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ പോഷക മിശ്രിതങ്ങൾ (ഉദാഹരണം- കാഫ്പ്ലാൻ പൗഡർ) ഇന്ന് വിപണിയിലുണ്ട്. രണ്ടര മാസം മുതൽ ഇത്തരം മിശ്രിതങ്ങൾ കിടാക്കളുടെ തീറ്റയിൽ നൽകാം. തീറ്റയ്ക്കൊപ്പം പ്രത്യേകം പോഷക മിശ്രിതങ്ങൾ കൂടി നൽകുന്നത് തുടക്കത്തിൽ അധിക ചെലവാണങ്കിലും ഇത്തരം പോഷക മിശ്രിതങ്ങൾ നൽകുന്ന കിടാക്കൾ ഒരു വർഷം കൊണ്ട് തന്നെ പ്രായപൂർത്തി കൈവരിക്കുന്നതായും രണ്ടു വർഷത്തിനകം ആദ്യ പ്രസവം നടക്കുന്നതായും പൊതുവെ കണ്ടുവരുന്നു. അത് ക്ഷീരസംരംഭകന് ആദായകരമാണ്.

കൂട്ടിൽ വേണം വൈക്കോൽ വിരിപ്പ്, ചൂടൊരുക്കാം: പരിചരണത്തിൽ ശ്രദ്ധിക്കാൻ

കിടാക്കളിൽ ആദ്യത്തെ ഒരു മാസം പ്രായത്തിൽ ശ്വാസകോശരോഗങ്ങൾ, വയറിളക്കം തുടങ്ങിയവ ബാധിച്ചുള്ള മരണങ്ങൾ പൊതുവെ കൂടുതലായി കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങൾ തടയാൻ കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കൂടുതൽ കിടാക്കൾ ഉണ്ടെങ്കിൽ അവയെ ആദ്യ മൂന്നു മാസം പ്രത്യേകം പ്രത്യേകം കിടാക്കൂടുകൾ തയാറാക്കി പാർപ്പിക്കുന്നതാണ് അഭികാമ്യം. പിന്നീട് ആറു മാസം വരെ കിടാക്കളെ ഒരുമിച്ച് പാർപ്പിക്കാം. ആറു മാസം പ്രായമെത്തിയാൽ പശുക്കിടാക്കളെ മൂരിക്കിടാക്കളിൽ നിന്നും മാറ്റി വേണം പാർപ്പിക്കാൻ. കിടാക്കളെ ഒരുമിച്ചാണ് പാർപ്പിക്കുന്നതെങ്കിൽ അവയെ തിങ്ങി പാർപ്പിക്കാതിരിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ കോക്സീഡിയ അടക്കമുള്ള രോഗങ്ങൾ എളുപ്പം കിടാക്കൾക്ക് പിടിപെടും. തണുപ്പുള്ള കാലാവസ്ഥയിൽ തൊഴുത്തിൽ ഇൻകാന്റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം. 

പശുക്കിടാക്കളുടെ കൊമ്പുകൾ കളയുക എന്നത് ഫാമുകളിൽ സ്വീകരിക്കാവുന്ന ഒരു പരിചരണ മുറയാണ്. കിടാവ് വളർന്ന് പശുവാകുമ്പോൾ പശുക്കൾക്ക് കൊമ്പുകളില്ലെങ്കിൽ അതു പരിപാലനത്തെ കൂടുതൽ എളുപ്പമാക്കും. പശുക്കൾക്ക് കൊമ്പില്ലെങ്കിൽ തൊഴുത്തിൽ പാർപ്പിക്കാൻ കുറഞ്ഞ സ്ഥലം മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമൊക്കെ ഗുണങ്ങളാണ്. കിടാരി വളർന്ന്  പശുവായി മാറിക്കഴിഞ്ഞാൽ പിന്നെ കൊമ്പുകൾ കളയുക എന്നത് ദുഷ്കകരമാണ് കൊമ്പുകൾ കളയണമെങ്കിൽ ഏറ്റവും യോജിച്ച സമയം കിടാക്കൾക്ക് മൂന്നാഴ്ച  പ്രായമെത്തുന്നതു വരെയുള്ള കാലയളവാണ്. കൊമ്പുകൾ കിളിർത്ത് തുടങ്ങുന്ന ഈ പ്രായത്തിൽ കൊമ്പുകളുടെ മുകുളങ്ങൾ നശിപ്പിച്ച് കളഞ്ഞാൽ അതോടെ കൊമ്പിന്റെ വളർച്ച നിലയ്ക്കും. കൊമ്പുകൾ വളർന്നുതുടങ്ങുന്ന സമയത്ത് തന്നെ ഇത് ചെയ്യുന്നതിനാൽ ഏറെക്കുറെ വേദനാരഹിതമായ പ്രക്രിയയാണിത്. കൊമ്പിൻ മുകുളങ്ങൾ നശിപ്പിക്കാൻ പലവഴികളുണ്ട്. വൈദ്യതിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ഡീ ഹോണർ എന്ന ഉപകരണം ഉപയോഗിച്ചാൽ കൊമ്പിൻ മുകുളങ്ങൾ കരിച്ചുകളയാൻ സാധിക്കും. രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന  കൊമ്പ് കരിക്കല്‍ ഉപകരണം ഇന്ന് വിപണിയില്‍ ലഭ്യമാണ്. കാത്സ്യം, സോഡിയം ഹൈഡ്രോക്സൈഡ് തുടങ്ങിയ രാസവസ്തുക്കൾ  അടങ്ങിയ ലേപനങ്ങൾ കൊമ്പിൻ മുകുളങ്ങളിൽ തേച്ചുപിടിപ്പിച്ച് കൊമ്പിനെ നശിപ്പിക്കുന്ന രാസവിദ്യകളും പ്രചാരത്തിലുണ്ട്. ഇതിന് ഉപയോഗിക്കാവുന്ന ലേപനങ്ങൾ ഇന്ന് വിപണിയിലുണ്ട്. ചില കിടാക്കളുടെ മുലയിൽ നാലിൽ അധികം കാമ്പുകൾ ഉണ്ടാകാറുണ്ട്. കറവപ്പശുക്കളെ സംബന്ധിച്ച് ഈ അധിക കാമ്പുകൾ ഗുണകരമല്ല. ജനിച്ച് രണ്ടുമാസം ആകുന്നതിന് മുൻപേ തന്നെ ഇത്തരം അധിക മുലക്കാമ്പുകൾ മുറിച്ചൊഴിവാക്കാൻ ഡോക്ടറുടെ സേവനം തേടണം.

കിടാവ് ജനിച്ചാലും റജിസ്റ്റർ ചെയ്യണം

ഓരോ പശുക്കിടാക്കൾ ജനിക്കുമ്പോഴും ആ വിവരം മൃഗാശുപത്രിയിൽ അറിയിച്ച് ജനനം റജിസ്റ്റർ ചെയ്യാൻ കർഷകർ ശ്രദ്ധിക്കണം. കിടാക്കളെ മൃഗസംരക്ഷണവകുപ്പിന്റെ പ്രത്യേക കന്നുകുട്ടിപരിപാലന പദ്ധതിയിലേക്ക് പരിഗണിക്കാൻ ഇത് സഹായിക്കും. 4 മുതൽ 6 മാസം വരെ പ്രായമായ പശുക്കുട്ടികളെ തിരഞ്ഞെടുത്ത് 50% സബ്സിഡി നിരക്കിൽ തീറ്റ നൽകുന്ന പദ്ധതിയാണിത്. കിടാവിന് 32 മാസം പ്രായമാകുന്നത് വരെയോ പ്രസവിക്കുന്നതു വരെയോ പദ്ധതിയുടെ ഗുണം ലഭിക്കും. തീറ്റയ്ക്കൊപ്പം പശുക്കുട്ടികൾക്കു കുറഞ്ഞനിരക്കിൽ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും പദ്ധതിയിൽ ലഭിക്കും.

കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതി ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്നുണ്ട്. കുട്ടി ജനിച്ചത് മുതൽ 90 ദിവസം വരെ കാഫ് സ്റ്റാട്ടറും മിൽക്ക് റീപ്ലേസറും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നിരക്കിൽ അനുവദിക്കും. പദ്ധതിയെ കുറിച്ചറിയാൻ അതത് ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ ബന്ധപ്പെടണം.

നല്ല വളർച്ച ശേഷിയുള്ള കിടാക്കളുടെ ശരീരതൂക്കം മൂന്നു മാസത്തിനുള്ളിൽ ജനിക്കുമ്പോഴുള്ള ശരീരതൂക്കത്തിന്റെ ഇരട്ടിയാകും. ആറു മാസം പ്രായമെത്തുമ്പോൾ വീണ്ടും ഇരട്ടിക്കും. ഈ ഘടകങ്ങൾ പരിഗണിച്ച് കിടാക്കളെ തിരഞ്ഞെടുത്ത് സമീകൃതാഹാരം നൽകി വളർത്തിയാൽ 14 - 16 മാസത്തിനുള്ളിൽ കിടാരികൾ പ്രായപൂർത്തിയും പ്രത്യുൽപ്പാദനശേഷിയും കൈവരിക്കും. നല്ല മദിക്കോളിൽ കൃത്രിമ ബീജാധാനം നടത്തിയാൽ രണ്ട്- രണ്ടേകാൽ വയസ് പ്രായമെത്തുമ്പോൾ തന്നെ ആദ്യ പ്രസവം നടന്ന്, കിടാരി ലക്ഷണമൊത്തൊരു പശുവായി മാറി, തിരിമുറിയാതെ നറുംപാൽ ചുരത്തി സംരംഭകന്റെ കീശ നിറയ്ക്കും.

English summary: Calf and Heifer Feeding and management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com