ADVERTISEMENT

ക്ഷീരകർഷകരുടെ മനസ്സിൽ ആധി പടർത്തി സംസ്ഥാനത്ത് പശുക്കളിൽ ചർമമുഴ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണിപ്പോൾ. പകർച്ചനിരക്ക് കൂടിയ ഈ വൈറസ് രോഗം സങ്കരയിനമെന്നോ നാടൻ പശുക്കളെന്നോ ഭേദമില്ലാതെ എല്ലായിനം പശുക്കളെയും അതിതീവ്രമായി ബാധിക്കുന്നു. മുൻകാലത്ത് ചർമമുഴരോഗബാധയേറ്റവയിൽ മരണനിരക്ക് തീരെ കുറവായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. രോഗം ബാധിച്ച ആറു മാസത്തിൽ താഴെ പ്രായമുള്ള കിടാക്കളിലും ആറു മാസത്തിന് മുകളിൽ പ്രായമുള്ള കിടാരികളിലും ആരോഗ്യ ശേഷി കുറഞ്ഞ പശുക്കളിലും മരണനിരക്ക് ഉയർന്ന തോതിലാണ്. ആറു മാസത്തിനു താഴെ പ്രായമുള്ള കിടാക്കളിൽ ചർമമുഴ ബാധിച്ചാൽ മരണനിരക്ക് 50 ശതമാനത്തോളമെന്നാണ് ഫീൽഡ് തലത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ പൊതുവെയുള്ള അനുഭവം. 

ചർമമുഴരോഗകാരിയായ വൈറസിന് മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ജനിതകമാറ്റം സംഭവിച്ച് കൂടുതൽ അപകടകാരിയായി മാറിയെന്ന് വ്യക്തമാക്കുന്ന ഗവേഷണ റിപ്പോർട്ടുകൾ നിലവിലെ സാഹചര്യവുമായി ചേർത്ത് വിലയിരുത്തേണ്ടതുണ്ട്.

നമ്മുടെ തദ്ദേശീയയിനം പശുക്കൾ കുളമ്പുരോഗം അടക്കം സാംക്രമിക രോഗങ്ങൾക്കെതിരെ പൊതുവെ പ്രതിരോധ ശേഷി പുലർത്തിയിരുന്നെങ്കിൽ ചർമ മുഴ വൈറസിന് മുന്നിൽ അവയുടെ സ്വാഭാവികപ്രതിരോധം തീർത്തും തോറ്റുപോകുന്ന സ്ഥിതിയുമുണ്ട്. കാസർകോഡൻ കുള്ളൻ ഉൾപ്പെടെയുള്ള നാടൻ പശുക്കളെ ചർമ മുഴ രോഗം ഗുരുതരമായാണ് ബാധിക്കുന്നത്. ചർമമുഴരോഗം ബാധിക്കുന്ന കറവപ്പശുക്കളുടെ പാലുൽപ്പാദനം ഒറ്റയടിക്ക് കുറയുന്നതോടെ കർഷകരുടെ നിത്യവരുമാനം നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. ഗർഭിണിപ്പശുക്കളുടെ ഗർഭം അലസൽ, മദിലക്ഷണങ്ങൾ കാണിക്കാതിരിക്കൽ, കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗർഭധാരണം നടക്കാതിരിക്കൽ, പശുക്കിടാക്കളുടെയും കിടാരികളുടെയും അകാലമരണം എന്നിങ്ങനെ ചർമമുഴ രോഗം ക്ഷീരസംരംഭത്തിന് വരുത്തിവയ്ക്കുന്ന കഷ്ടനഷ്ടങ്ങളേറെ. രോഗം ബാധിച്ചവയിൽ കാണുന്ന ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത പനിക്കും ന്യൂമോണിയ അടക്കമുള്ള പ്രശ്നങ്ങൾക്കും ത്വക്കിലെ മുഴകൾക്കും ഉണങ്ങാതെ പൊട്ടിയൊലിക്കുന്ന വ്രണങ്ങൾക്കും ദിവസേന ചികിത്സയും വേണ്ടിവരും. ഇതെല്ലാം ക്ഷീര കർഷകനുണ്ടാക്കുന്ന തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ.

lumpy-skin-1

മൂന്നാം തരംഗത്തിൽ മൂന്നു മാസം കൊണ്ട് ചത്തൊടുങ്ങിയത് 80,000 കാലികൾ: വൈറസിന് ജനിതകമാറ്റം വന്നെന്ന് ഗവേഷണ റിപ്പോർട്ട്

ഇന്ത്യയിൽ 2019 ഓഗസ്റ്റിൽ ഒഡീഷയിലായിരുന്നു ആദ്യമായി ചർമ മുഴ രോഗം കണ്ടെത്തിയത്. എന്നാൽ മൂന്നു വർഷം കൊണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചർമമുഴ വൈറസ് വ്യാപനമുണ്ടായി. തുടക്കത്തിൽ പകർച്ച നിരക്കും രോഗം ബാധിച്ച പശുക്കളിൽ മരണനിരക്കും കുറവായിരുന്നെങ്കിൽ ക്രമേണ സ്ഥിതി മാറി.

രോഗബാധയേറ്റ കാലികളിൽ മരണനിരക്ക് 5 ശതമാനത്തിൽനിന്ന് 15 - 20 ശതമാനം വരെ ഉയർന്നു. ഇക്കഴിഞ്ഞ വർഷം ജൂലൈ മുതൽ വർഷാവസാനം വരെ ഉത്തരേന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ അടക്കം ഏഴോളം സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച ചർമ മുഴ രോഗത്തിന്റെ മൂന്നാം തരംഗത്തിൽ വെറും മൂന്നു മാസം കൊണ്ട് ചത്തൊടുങ്ങിയത് 80,000ലധികം പശുക്കളായിരുന്നു. രാജസ്ഥാനിലെ കർഷകർക്കായിരുന്നു നഷ്ടമേറെയും. രോഗത്തിന്റെ തീവ്രതയിൽ വന്ന ഈ മാറ്റമാണ് ചർമമുഴ രോഗകാരിയായ കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍എസ്‌ഡി (Lumpy Skin disease (LSD) virus) വൈറസുകൾക്ക് മുൻപുള്ളതിൽ നിന്നും ജനിതക വകഭേദം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. 

തുടർന്ന് രാജസ്ഥാനിൽ രോഗം ബാധിച്ച പശുക്കളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് നടത്തിയ വൈറസിന്റെ ജനിതക പഠനങ്ങളിലാണ് വൈറസിന് മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി  വലിയ തോതിൽ ജനിതക മാറ്റം വന്നിട്ടുണ്ടെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്. പഠനം നടത്തിയ  ആറ് വൈറസ്  സാംപിളുകളിലായി മുൻ വൈറസിന്റെ ജനിതക സ്വഭാവത്തെ അപേക്ഷിച്ച് ആകെ 177  വകഭേദങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (CSIR-IGIB) ഗവേഷകരും രാജസ്ഥാനിലെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് വൈറസ് ജീനോം സീക്വൻസിങ്  പഠനങ്ങൾ നടത്തിയത്. രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന മുൻനിര വൈറോളജി ജേർണലുകളിൽ ഇതു സംബന്ധിച്ച പഠനങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേരളത്തിൽ പടരുന്നത് ജനിതകമാറ്റം വന്ന ചർമമുഴ വൈറസോ ?

ചർമമുഴ വൈറസിന് ജനിതകമാറ്റം സംഭവിച്ച സാഹചര്യത്തിൽ ക്ഷീരമേഖലയിൽ കൂടുതൽ ജാഗ്രത വേണ്ടതുണ്ട്. നിലവിൽ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന വാക്സീനുകൾ ജനിതക മാറ്റം വന്ന വൈറസിനെതിരെ കൂടി ഫലപ്രദമാണോ എന്നതിലും പഠനങ്ങൾ വേണ്ടതുണ്ട്. പശുക്കളിൽ പ്രത്യേകിച്ച് കിടാക്കളിൽ മരണനിരക്ക് ഉയർത്തി കേരളത്തിൽ ചർമമുഴ രോഗത്തിന്റെ മൂന്നാം തരംഗം വ്യാപിക്കുന്ന നിലവിലെ സാഹചര്യത്തിൽ പടരുന്നത് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്നറിയണമെങ്കിൽ കൂടുതൽ ഗവേഷണങ്ങൾ കൂടിയെതീരൂ.

lumpy-skin-2

പശുക്കൾക്ക് വാക്സീനെടുക്കുന്നതിൽ വിമുഖത വേണ്ട

കേരളമൊട്ടാകെ പശുക്കളിൽ ചർമമുഴരോഗ പ്രതിരോധ വാക്സീനേഷൻ കാംപെയിൻ നടന്നുവരികയാണ്. രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സീനാണ്  (ഉത്തരകാസി സ്ട്രയിൻ) നിലവിൽ പശുക്കളിൽ ലംപി സ്‌കിൻ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്.

കാംപെയിൻ കാലയളവിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പശുക്കൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നൽകും. ആരോഗ്യസ്ഥിതി അനുസരിച്ച് വാക്സീൻ നൽകി 3 ആഴ്ചയ്ക്കുള്ളിൽ പശുക്കൾ രോഗപ്രതിരോധ ശേഷി കൈവരിക്കും. ഒരു വർഷം വരെ ഈ പ്രതിരോധശേഷി ഉരുക്കളിൽ നിലനിൽക്കും. ആറു മാസത്തിൽ താഴെ പ്രായമുള്ള കിടാക്കൾ, ആറു മാസത്തിന് മുകളിൽ പ്രായമുള്ള  കിടാരികൾ, വലിയ പശുക്കൾ ഉൾപ്പെടെ ആരോഗ്യമുള്ള എല്ലാ പശുക്കൾക്കും കുത്തിവയ്പ് നൽകാം. ഗർഭിണിപ്പശുക്കൾക്കും ഈ വാക്സീൻ സുരക്ഷിതമാണ്. 

പശുകിടാക്കൾക്ക് പ്രായം പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും കുത്തിവയ്പ് നൽകാം. എന്നാൽ പ്രതിരോധ കുത്തിവയ്പ് നൽകിയതോ മുൻപ് രോഗം ബാധിച്ചതോ ആയ തള്ളപ്പശുവിനുണ്ടായ കിടാവാണങ്കിൽ 4 - 6 മാസം പ്രായമെത്തിയതിനു ശേഷം പ്രതിരോധകുത്തിവയ്പ് നൽകിയാൽ മതി.

ലംപി സ്‌കിൻ രോഗബാധയിൽ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കൾ ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധശേഷി ആർജിക്കുന്നതു കൊണ്ടും കന്നിപ്പാൽ വഴി ഈ പ്രതിരോധഗുണം കിടാക്കളിലേക്ക് പകരുകയും ചെയ്യുമെന്നതിനാലാണിത്. നിലവിൽ രോഗം ബാധിച്ചിട്ടുള്ള ഉരുക്കൾക്ക് വാക്സീൻ നൽകരുത്. ചർമ മുഴരോഗം വന്ന് മാറിയ പശുക്കൾക്കും വാക്സിനേഷൻ വേണ്ടതില്ല. പുതിയ പശുക്കളെ വാങ്ങുന്നവർ അവയ്ക്ക് വാക്സിനേഷൻ നൽകി ഏറ്റവും ചുരുങ്ങിയത് നാല് ആഴ്ചകൾക്ക് ശേഷം മാത്രം അവയെ ഫാമുകളിലേക്ക് കൊണ്ടുവരാൻ ശ്രദ്ധിക്കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കുടിക്കാൻ കിടാക്കളെ ഒരു കാരണവശാലും അനുവദിക്കരുത്. 

ഓർക്കുക, വാക്സീനേക്കാൾ മികച്ച ഒരു പ്രതിരോധമില്ല.

കറവപ്പശുക്കളുടെ പാല്‍ കുറയാനിടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവയ്പ്പിന് വിമുഖത കാണിക്കുന്നതായി വാർത്തകളുണ്ട്. ചില സാഹചര്യങ്ങളിൽ കുത്തിവയ്പ്പിന്റെ അടുത്ത രണ്ട് ദിവസം പാല്‍ അല്‍പ്പം കുറയുമെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. മാറിയ സാഹചര്യത്തിൽ ചർമ മുഴരോഗത്തിന്റെ തീവ്രതയും രോഗം തടയുന്നതില്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രാധാന്യവും കര്‍ഷകര്‍ മനസിലാക്കേണ്ടതുണ്ട്. വാക്സീൻ തങ്ങളുടെ പശുക്കൾക്ക് ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവരെയും തങ്ങളുടെ പശുക്കൾക്ക് ചർമമുഴ വാക്സീൻ എടുത്തിട്ടില്ലെങ്കിൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വാക്സീനേഷൻ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ക്ഷീരകർഷകർ ഉറപ്പുവരുത്തണം. ഓർക്കുക, വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സീനേക്കാൾ മികച്ച ഒരു പ്രതിരോധമില്ല.

English summary: Lumpy Skin Disease Virus - an overview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com