ADVERTISEMENT

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്  നടത്തിയ പരിശോധനയിൽ പാലിൽ അഫ്ലാടോക്സിന്‍ കണ്ടെത്തിയെന്നതാണ് മൃഗസംരക്ഷണ-ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ വാർത്ത. പശുവിന്റെ അകിടിൽനിന്ന് ലഭിക്കുന്ന പാൽ എങ്ങനെ വിഷമയമാകും? ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

“ആസ്പർജിലസ്” ഇനത്തിൽപ്പെട്ട ഫംഗസാണ് കന്നുകാലികളിൽ “പൂപ്പൽ വിഷബാധ”യുണ്ടാക്കുന്നത്. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, ചോളം തുടങ്ങിയ കാലിത്തീറ്റയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ ശരിയായി ഉണങ്ങാതിരിക്കുകയോ, പുഴുവരിച്ച് കേടു വന്നതോ ആയാൽ ആസ്പർജിലസ് ഇനത്തിൽപ്പെട്ട പൂപ്പൽ ബാധിക്കുകയും അഫ്ലാടോക്സിൻ എന്ന വിഷാംശം ഉൽപാദിപ്പിക്കുകയും ചെയ്യും.

കേടു വന്നതും, പൂപ്പൽ ബാധിച്ചതുമായ കാലിത്തീറ്റ കന്നുകാലികൾക്ക് നൽകിയാൽ ഇതിലടങ്ങിയിരിക്കുന്ന അഫ്ലാടോക്സിൻ എന്ന വിഷാംശം കന്നുകാലികളുടെ കരളിനെ ബാധിക്കുകയും, മഞ്ഞപ്പിത്തം, ആഹാരം കഴിക്കാതിരിക്കുക, വളർച്ച മുരടിക്കുക, പാലുൽപാദനം കുറയുക തുടങ്ങി രോഗപ്രതിരോധശേഷി കുറയുകയും രോഗങ്ങൾക്ക് അടിമയാകുകയും ചെയ്യുന്നതോടൊപ്പം വയറിളക്കവും കാണപ്പെടും. സ്ഥിരമായി, അമിതമായി കേടുവന്ന കാലിത്തീറ്റ കഴിക്കുന്ന കന്നുകാലികൾക്കു മരണം സംഭവിക്കാം. ഒരു കിലോ കാലിത്തീറ്റയിൽ 20 മൈക്രോഗ്രാം അഫ്ലാടോക്സിൻ വരെ ഉണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതിന് മുകളിലായാലാണ് പ്രശ്നം. 

കറവയുള്ള കന്നുകാലികൾക്ക് യാതൊരു കാരണവശാലും കേടായതോ, പുഴുക്കുത്തു വീണതോ, പൂപ്പൽ ബാധിച്ചതോ ആയ കാലിത്തീറ്റ നൽകരുത്. കേടായ കാലിത്തീറ്റയിൽ കാണുന്ന അഫ്ലാടോക്സിൻ ബി 1 പശുവിന്റെ ശരീരത്തിൽ പ്രവർത്തിച്ച് അഫ്ലാടോക്സിൻ എം 1  ആയിത്തീരുകയും, പശുവിന്റെ പാലിൽ ഇത് കാണപ്പെടുകയും ചെയ്യുന്നു. ഇത്തരം പാൽ കുടിച്ചാൽ മനുഷ്യശരീരത്തിൽ അഫ്ലാടോക്സിൻ എം 1 കാൻസറിന് കാരണമാകുകയും, രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യും. ഒരു ലീറ്റർ പാലിൽ 0.5 മൈക്രോഗ്രാം വരെ  അനുവദനീയമാണ്. ചൂടാക്കുന്നതു കൊണ്ടോ, പാചകം ചെയ്യുന്നതു കൊണ്ടോ ഈ വിഷം നിർവീര്യമാകില്ല. 2023ൽ വിപണിയിലെ പാലിൽ അഫ്ലാടോക്സിമിന്റെ അംശം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനകൾ നടത്തുന്നതിനായുള്ള നിയമപരമായ തീരുമാനം കേരള സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. 

കർഷകർ ശ്രദ്ധിക്കേണ്ടത്

1. കാലിത്തീറ്റ ദീർഘനാളത്തേക്കു വാങ്ങി സൂക്ഷിക്കരുത്.

2. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു തുടങ്ങിയവ നന്നായി ഉണക്കി ഈർപ്പരഹിതമായി സൂക്ഷിക്കണം. പൂപ്പൽബാധയില്ലെന്ന് ഉറപ്പുവരുത്തി വാങ്ങിക്കണം.

3. അന്തരീക്ഷ ഈർപ്പം കുറഞ്ഞ സ്ഥലത്തു വേണം കാലിത്തീറ്റ സൂക്ഷിക്കാൻ

4. നിലത്ത് പലകനിരത്തി അതിന് മുകളിൽ വേണം തീറ്റ സൂക്ഷിക്കേണ്ടത്. ചുമരിൽ ചേർത്ത്  കാലിത്തീറ്റ വയ്ക്കരുത്. 

5. കാലിത്തീറ്റ കേടായെന്നോ പൂപ്പൽ ബാധിച്ചതായോ തോന്നിയാൽ കന്നുകാലികൾക്ക് നൽകരുത്. പ്രത്യേകിച്ച് കറവയുള്ള കന്നുകാലികൾക്ക്.

6. പൂപ്പൽ ബാധിച്ച കാലിത്തീറ്റ കന്നുകാലികൾ  കഴിച്ചാൽ 12 മണിക്കൂറിനുള്ളിൽ പാലിൽ അഫ്ലാടോക്സിന്റെ അംശം എത്തും. കേടായ കാലിത്തീറ്റ തുടർന്ന് നൽകാതിരുന്നാൽ 4 ദിവസം കഴിയുമ്പോൾ പശുവിന്റെ ശരീരത്തിൽനിന്ന് വിഷാംശം അപ്രത്യക്ഷമാകും. 

ഫോൺ: 94462 90897 (Whatsapp)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com