ADVERTISEMENT

‘ഒരു മാസത്തേക്കായാലും ഒരാഴ്ചത്തേക്കായാലും പാലിനു മുൻകൂറായി പണം വാങ്ങുന്ന രീതിയാണ് ഞങ്ങളുടേത്. പണമടയ്ക്കുന്നവർക്ക് ദിവസവും രാവിലെ വീട്ടുപടിക്കൽ പാലെത്തും. സബ്സ്ക്രിപ്ഷൻ തുക തീരാറാകുന്നതിന് 2 ദിവസം മുൻപ് ഉപഭോക്താവിനെ ഫോൺ വിളിച്ചും മെസേജ് അയച്ചും വിവരം ധരിപ്പിക്കും. തുടർന്നും ആവശ്യമുള്ളവർ അപ്പോൾത്തന്നെ പണമടച്ചു പുതുക്കും. 3 വർഷത്തിലേറെയായി ഞങ്ങൾ അവലംബിക്കുന്ന വിപണനരീതി ഇതാണ്. അതുകൊണ്ടുതന്നെ പാൽ വിറ്റ ശേഷം പണം ചേദിച്ചു വലയേണ്ടിവരുന്നില്ല,’ തിരുവനന്തപുരം ശാസ്തമംഗലം കൊച്ചാർ റോഡിലുള്ള ഇന്റിമേറ്റ് എ ടു മിൽക് സംരംഭകൻ വിനിൽ എസ്.നായർ നയം വ്യക്തമാക്കുന്നു. 

gir-farm-2
ഫാമിലെ കാങ്ക്‌റേജ് പശുവിനൊപ്പം വിനിൽ, ഭാര്യ അഡ്വ. സിന്ധു ബി. കുളത്തൂർ

‘വിൽക്കുന്ന ഉൽപന്നത്തിന്റെ ഗുണമേന്മ ഇന്നത്തെക്കാലത്ത് പ്രധാനമാണ്. പാലായാലും പച്ചക്കറിയായാലും ഉയർന്ന ഗുണമേന്മ  ബോധ്യപ്പെട്ടാൽ തക്കതായ വില നൽകി ഉല്‍പന്നം നേരിട്ടു വാങ്ങാൻ തയാറുള്ള ഉപഭോക്തൃ സമൂഹം ഇന്നു കേരളത്തിലുണ്ട്; വിശേഷിച്ച് നഗരങ്ങളിൽ. ‌ഞങ്ങൾ വിൽക്കുന്നത് ഗിർ പശുവിന്റെ പാലാണ്. 100 ശതമാനം ഓർഗാനിക് മിൽക്. ലീറ്ററിന് 120 രൂപ വില. നാടൻ പാൽ അഥവാ എ ടു മിൽക്കിന്റെ അധികമേന്മ അറിയാവുന്നവർ തന്നെയാണ് ഉപഭോക്താക്കൾ. അതുകൊണ്ടുതന്നെ സബ്സ്ക്രിപ്ഷൻ രീതിയോട് അവര്‍  പൂർണമായി സഹകരിക്കുന്നു’. നഗരമധ്യത്തിൽ അറുപതോളം ഗിർ പശുക്കൾ പുലരുന്ന ഫാമിലിരുന്ന് വിനിൽ പറയുന്നു.  

gir-farm-8
ഗിർ കാളയും പശുവും

കൗതുകം കാര്യമായപ്പോൾ

എൻജിനീയറിങ് രംഗത്ത് ഇന്ത്യയിലും വിദേശത്തും ദീർഘ വർഷങ്ങളുടെ വൈദഗ്ധ്യമുള്ള വിനിൽ യാദൃച്ഛികമായാണ് ക്ഷീരമേഖലയില്‍ എത്തുന്നത്. ശാസ്തമംഗലത്ത് സ്വന്തം ഓഫിസ് ഇരിക്കുന്ന ഒന്നേകാൽ ഏക്കർ വിസ്തൃതമായ സ്ഥലത്ത് കോവിഡ് കാലത്ത് 2 വെച്ചൂർ പശുക്കളെ വാങ്ങി വളർത്തിയാണ് തുടക്കം. കൗതുകത്തിനാണ് തുടങ്ങിയതെങ്കിലും താൽപര്യം വളർന്നതോടെ ഗുജറാത്തിൽനിന്നു ഗിർ പശുക്കളുടെ ഒരു ഫാം തന്നെ മൊത്തമായി വാങ്ങിയെന്നു വിനിൽ. കോവിഡ് കാലത്ത് നിർമാണമേഖല സ്തംഭിച്ചതിനാൽ പശുക്കളെ പരിപാലിക്കാൻ ഇഷ്ടംപോലെ സമയം. കോവിഡ് ഭീഷണിയൊക്കെ ഒഴിവായപ്പോഴേക്കും ഇന്റിമേറ്റ് എ ടു മിൽക്  മികച്ച ക്ഷീര സംരംഭമായി വളർന്നു. സൃഹൃത്തുക്കളും പരിചയക്കാരുമെല്ലാം പാൽ ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് എ ടു മിൽക്കിന്റെ വിപണിയെക്കുറിച്ചു കൂടുതൽ പഠിച്ചതെന്നു വിനിൽ. ആവശ്യക്കാർ കൂടിയതനുസരിച്ച് ഉൽപാദനവും വർധിപ്പിച്ചു. ഗുജറാത്തിൽനിന്നു വാങ്ങിയവയിൽ ഉൽപാദനം കുറഞ്ഞവയെ ഒഴിവാക്കി. നല്ല കിടാരികളെ വളർത്തിയെടുത്തു. കൃത്രിമ ബീജാധാനം പലപ്പോഴും പരാജയമായതിനാൽ ലക്ഷണമൊത്ത കാളകളെക്കൂടി വളർത്തി. 

gir-farm-4
ഫാമിലെ കുട്ടികൾ

ജോലിക്കൊപ്പമുള്ള സംരംഭമായതിനാല്‍ പാലിന് വിപണിയന്വേഷിച്ചുള്ള നടപ്പ് എളുപ്പമല്ല. ഉപഭോക്താക്കളെ ചേർത്തു വാട്സാപ് ഗ്രൂപ്പ്, പാൽവിതരണത്തിന് സബ്സ്ക്രിപ്ഷൻ സംവിധാനം, ഡോർ ഡെലിവറി സൗകര്യം എന്നിവ സജ്ജമാക്കി. ആവശ്യമായ തൊഴിലാളികളെയും നിയമിച്ചു. ഉപഭോക്താക്കളുടെ നിർദേശങ്ങൾ കണക്കിലെടുത്ത് വിതരണസമയവും ക്രമീകരിച്ചു. 

gir-farm-6
പാൽ കുപ്പിയിലാക്കി ഡോർ ടു ഡോർ വിതരണം

ഗിർ പശുവിന് ദിവസം 12–15 ലീറ്റർ പാലാണ് ലഭിക്കുക. ഗുജറാത്തിലും  സമാനമായ ഉൽപാദനമാണു ലഭിക്കാറെന്നു വിനിൽ. ആകാരവലുപ്പമുണ്ടെങ്കിലും മൂക്കുകയർപോലുമില്ലാതെ കൈകാര്യം ചെയ്യാവുന്ന രീതിയിൽ ഗീർ ഇണങ്ങിക്കിട്ടുമെന്നു വിനിലിന്റെ അനുഭവം. ചോളം സൈലേജും ജൈവ കാലിത്തീറ്റയുമാണു നൽകുന്നത്. നിലവിൽ ദിവസം 100 ലീറ്ററിലേറെ പാൽ വിൽപനയ്ക്കുണ്ട്. നെയ് കിലോയ്ക്ക് 2500 രൂപ, തൈര് ലീറ്ററിന് 140 രൂപ, പനീർ കിലോയ്ക്ക് 1000 രൂപ എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങൾക്കും മികച്ച വിപണിയുണ്ടെന്ന് വിനിൽ. ഫാമിലുണ്ടാകുന്ന മികച്ച ഗിർകിടാരികളെ വിൽക്കുന്നതും വരുമാനം തന്നെ. 

gir-farm-3
വിനിൽ ഫാമിൽ

‘തെറ്റിയും തിരുത്തിയുമാണ് ഏതു സംരംഭവും വിജയത്തിലെത്തുക. ഞങ്ങളും അങ്ങനെതന്നെ. നല്ല കിടാരികളെ വളർത്തിയെടുത്തും മികച്ച പാലുൽപാദന ശരാശരിയിലേക്ക് എത്തിയും പടിപടിയായാണ് നീങ്ങുന്നത്. എന്നാൽ ഇതിനിടയിൽ മികച്ച ഉപഭോക്തൃശൃംഖല സൃഷ്ടിക്കാനായി എന്നതു തന്നെയാണ്  പ്രധാന നേട്ടമായി കാണുന്നത്’, വിനിൽ പറയുന്നു.

gir-farm-5

വെറ്റില മരുന്ന്

പശുക്കൾക്കു മികച്ച രോഗപ്രതിരോധശേഷി ലഭിക്കാൻ വിനിൽ നിർദേശിക്കുന്ന ഔഷധക്കൂട്ടിനെക്കുറിച്ചുകൂടി അറിയാം. 10 വെറ്റില, 10 കുരുമുളക്, 10 കല്ലുപ്പ് എന്നിവ ഒരുമിച്ച് അരച്ച് മാസത്തിലൊരിക്കൽ പശുക്കളുടെ നാവിൽ തേച്ചുകൊടുക്കും. രോഗസാധ്യതകൾ അകലുമെന്നു മാത്രമല്ല, പശുക്കളുടെ ആരോഗ്യത്തിലും ചുറുചുറുക്കിലും നല്ല മാറ്റം ദൃശ്യമാകുമെന്നും വിനിൽ. അകിടുവീക്കം തുടക്കത്തിൽത്തന്നെ തിരിച്ചറിയാനായാൽ പച്ചമഞ്ഞളും കറ്റാർവാഴയും അൽപം ചുണ്ണാമ്പും ചേർന്ന മിശ്രിതം 3 മണിക്കൂർ ഇടവിട്ട് ദിവസം പല തവണ പുരട്ടി നിയന്ത്രിക്കാനാവുമെന്നും വിനിൽ പറയുന്നു.  

ഫോൺ: 8594094071, 8907788700

English summary: Gir cow farm at Trivandrum 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com