ADVERTISEMENT

ക്ഷീരമേഖലയെ പിടിച്ചുലച്ച ചർമമുഴ വൈറസ് രോഗത്തിന്റെ മൂന്നാം തരംഗത്തിന് പിന്നാലെ കടുപ്പമേറിയ വേനൽ കൂടിയെത്തിയതോടെ  ക്ഷീരകർഷകർക്ക് പ്രയാസത്തിന്റെ കാലമാണിത്. കേരളത്തിൽ പലയിടങ്ങളിലും വേനൽമഴ ലഭ്യമായെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കഠിനമായ ചൂടിന്റെ ആഘാതം താങ്ങാൻ  മനുഷ്യർക്ക് മാത്രമല്ല പശുക്കൾക്കും കഴിയില്ല. ഉയർന്ന ചൂടിനെ താങ്ങാൻ ഒട്ടും പ്രതിരോധമില്ലാത്ത ഹോൾസ്റ്റെയിൻ ഫ്രീഷ്യൻ, ജേഴ്‌സി തുടങ്ങിയ ഇനം പശുക്കളെ വളർത്തുമ്പോൾ വേനൽ പരിപാലനത്തിൽ പ്രത്യേകം കരുതൽ വേണം.  

പശുക്കളിൽ ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക്  3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍ 3 മീറ്ററും കുറഞ്ഞ ഉയരം പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റർ മതി. തൊഴുത്തിന്റെ പരിസരത്തുള്ള തടസ്സങ്ങള്‍ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകി തൊഴുത്ത് വേനൽ സൗഹൃദമാക്കണം. മേൽക്കൂരയിൽ ഫാനുകൾ സ്ഥാപിക്കുന്നതിനേക്കാൾ നല്ലത് പശുക്കളുടെ തലയിൽ അല്ലെങ്കിൽ നെറ്റിയിൽ കാറ്റ് പതിക്കും വിധം തൂണിൽ സ്ഥാപിച്ചതോ അല്ലങ്കിൽ പെഡസ്റ്റൽ ഫാനുകളോ ആണ്. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന്  മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. ഫാനുകൾ പ്രവർത്തിക്കുന്നതിനൊപ്പം വേണം സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയെല്ലാം പ്രവർത്തിപ്പിക്കേണ്ടത്. എല്ലാ സമയത്തും പശുക്കളെ നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാവുന്നതാണ്.

പശുക്കളെ പാടത്ത് കെട്ടി പോവരുതേ

കടുത്ത വേനലില്‍ പശുക്കൾക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളിൽ നിരവധി കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. പകൽ 11നും 3നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും തകര/ആസ്‌ബെസ്‌റ്റൊസ് ഷീറ്റ് കൊണ്ട് മേഞ്ഞ  ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘ യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.

വെള്ളവും തീറ്റയും കരുതലോടെ

നിര്‍ജലീകരണം തടയാനും, പാല്‍ ഉൽപാദനനഷ്ടം  കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ളടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. പശു കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് വേനലിൽ കുറയുന്നതിനാൽ നൽകുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. കാലിതീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും അസോള പോലുള്ള ഇലതീറ്റകളും നല്‍കണം. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എയുടെ അപര്യാപ്തത പരിഹരിക്കാൻ  ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് നല്‍കണം. വിപണിയില്‍ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ്  അടങ്ങിയ പ്രോബയോട്ടിക്കുകളും തീറ്റയിൽ നൽകണം. അത്യുൽപാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ബൈപ്പാസ് പ്രോട്ടീനുകള്‍, ബൈപ്പാസ് ഫാറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തണം. അണപ്പിലൂടെ  ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നതു കാരണം ആമാശയത്തിൽ ഉണ്ടായേക്കാവുന്നഅസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകാം. കൂടാതെ ദിനം പ്രതി 10 ഗ്രാം ഉപ്പും 40 - 50 ഗ്രാം ധാതു ജീവക മിശ്രിതവും തീറ്റയിൽ ചേർത്ത് നൽകുന്നതും ഗുണകരമാണ്.

വേനൽക്കാലവന്ധ്യത തടയാൻ

വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ  അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദത്തിന്റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. ശരീരസമ്മര്‍ദം  കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും പശുക്കളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഫാം രെജിസ്റ്ററുകൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം. കൃത്രിമ ബീജദാനം തണലുള്ള സ്ഥലത്ത്  വെച്ച് നടത്തണം. കൃത്രിമ  ബീജാധാനം നടത്തിയതിനു ശേഷം അരമണിക്കൂർ പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.

വേനൽക്കാലത്തെ ആരോഗ്യം

രോഗാണുവാഹകരായ പട്ടുണ്ണി പരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ  കാലാവസ്ഥയാണ് വേനല്‍. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. അകിടുവീക്കം, കുരലടപ്പൻ രോഗങ്ങളും വേനലിൽ കൂടുതലായി കാണുന്നു. ശരീരസമ്മർദം കാരണം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും. തീറ്റമടുപ്പ്, പാല്‍ ഉൽപാദനം പെട്ടെന്ന് കുറയല്‍,  തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, കണ്ണിൽ പീളകെട്ടൽ, മൂന്നാമത്തെ കൺപോള പുറത്തുകാണൽ, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിതകിതപ്പ്, വയറിളക്കം, മൂത്രത്തിന്‍റെ നിറം തവിട്ടുനിറമാകൽ തുടങ്ങി ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുൽപാദനം അല്‍പ്പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് വേനലില്‍ മുഖ്യപരിഗണന വേണ്ടത്.

English summary: Summer Management Tips of Dairy Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com