ADVERTISEMENT

പ്രസവത്തെ തുടർന്നുള്ള സ്വാഭാവിക തീറ്റമെടുപ്പും ചൂടു കാരണം തീറ്റയെടുക്കൽ കുറയുന്നതും കറവപ്പശുക്കളുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനും ഊർജ അപര്യാപ്തതയ്ക്കും വഴിയൊരുക്കും. അത്യുൽപ്പാദനമുള്ള കറവപ്പശുക്കളുടെ ശരീരത്തിൽ ഊർജം കുറയുന്നതോടെ കീറ്റോസിസ് എന്ന ഉപാപചയ രോഗത്തിനുള്ള സാധ്യത ഏറെയാണ്. കീറ്റോസിസ് പിടിപെട്ടാൽ പാലുൽപ്പാദനം ഒറ്റയടിക്ക് പകുതിയും കാൽപ്പാതിയുമൊക്കെയായി കുറയും. പ്രസവം കഴിഞ്ഞ് പാലുല്‍പ്പാദനം ക്രമേണ ഉയരുന്ന രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെയുള്ള കാലയളവിലാണ് കീറ്റോണ്‍ രോഗത്തിന് ഉയര്‍ന്ന സാധ്യത.

ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതോടെ ശരീരത്തില്‍ സംഭരിച്ച കൊഴുപ്പ് കരളില്‍ എത്തിച്ച് വിഘടിപ്പിച്ച് ആവശ്യമായ  ഊർജം കണ്ടെത്താന്‍ പശുക്കളുടെ ശരീരം ശ്രമിക്കും. ഇത് കീറ്റോണ്‍ രോഗത്തിനും കരളില്‍ കൊഴുപ്പടിയുന്നതിനും (ഫാറ്റി ലിവര്‍) കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനും വഴിവയ്ക്കും. കരള്‍ പണിമുടക്കുന്നതോടെ രോഗം കൂടുതല്‍  ഗുരുതരമാവുകയും പശുക്കള്‍ ക്ഷീണിക്കുകയും ചെയ്യും. ഏത് പ്രായത്തിലുള്ള പശുക്കളെയും കീറ്റോസിസ് ബാധിക്കാമെങ്കിലും മൂന്നാം പ്രസവത്തിനു മുകളിലുള്ളവയിലാണ്  രോഗസാധ്യത കൂടുതല്‍. പാലുല്‍പ്പാദക്ഷമത കുറയുന്നതിന് മാത്രമല്ല, പ്രസവാനന്തര മദി വൈകുന്നതിനും, ആദ്യ കുത്തിവയ്പ്പില്‍ തന്നെ  ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറയുന്നതിനും പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള വർധിക്കുന്നതിനും കാരണമാകുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗങ്ങളില്‍ മുഖ്യമാണ് കീറ്റോസിസ്.

ഉയര്‍ന്ന തോതില്‍ പാല്‍ ലഭിച്ച് കൊണ്ടിരിക്കുന്ന പശുക്കളുടെ ഉല്‍പ്പാദനം ക്രമേണ താഴുന്നതും സാന്ദ്രീകൃതാഹാരങ്ങള്‍ കഴിക്കാന്‍ മടുപ്പ്  കാണിക്കുന്നതുമാണ് കീറ്റോസിസിന്റെ തുടക്ക ലക്ഷണങ്ങള്‍. ശരീര ഭാരം കുറഞ്ഞ് പശു ക്ഷീണിക്കല്‍, വരണ്ട കട്ടിയുള്ള ചാണകം, നടക്കാനുള്ള മടി, ഉച്ഛാസ വായുവിലും പാലിലും കീറ്റോണ്‍ വസ്തുക്കളുടെ പ്രത്യേക ഗന്ധം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. രോഗം നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ അലക്ഷ്യമായും വട്ടം ചുറ്റിയുമുള്ള നടത്തം, കാലുകള്‍ പിണച്ച് വയ്ക്കല്‍, കാഴ്ചകുറവ്, പല്ലരയ്ക്കല്‍, നാവ് പുറത്തേക്കിട്ട് ചുഴറ്റല്‍, കഴുത്ത് നീട്ടി തല തറയിലോ തൂണിലോ അമര്‍ത്തിവയ്ക്കല്‍, തൊലിപ്പുറവും തൊഴുത്തിലെ  ഉപകരണങ്ങളും നിരന്തരം നക്കിത്തുടയ്ക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. വിറളി പിടിക്കല്‍, ഉമിനീര്‍ വായില്‍‌നിന്ന് പതഞ്ഞൊലിക്കല്‍ തുടങ്ങി പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങളും പ്രകടിപ്പിക്കും. പാലുല്‍പ്പാദനം ക്രമേണ കുറയുമെങ്കിലും മറ്റു ലക്ഷണങ്ങള്‍ ഒന്നും പ്രകടമാവാത്ത വിധത്തില്‍ നിശബ്ദ രൂപത്തിലും കീറ്റോസിസ് കാണാറുണ്ട്. രോഗലക്ഷണങ്ങളിലൂടെയും രക്തം, മൂത്രം, പാല്‍ എന്നിവ പരിശോധിച്ചും കൃത്യമായ രോഗനിര്‍ണ്ണയം നടത്താം.

വേനലിൽ കീറ്റോസിസ് രോഗം തടയാൻ ശാസ്ത്രീയ തീറ്റക്രമം പാലിക്കാന്‍ മുഖ്യശ്രദ്ധ നല്‍കണം. പ്രസവം കഴിഞ്ഞ് ആദ്യ മൂന്നു മാസം മതിയായ ഊര്‍ജം അടങ്ങിയ അതായത് അന്നജത്തിന്റെ അളവുയര്‍ന്ന ചോളം സൈലേജ്, ചോളത്തണ്ട്, ചോളം പൊടിച്ചത്, ധാന്യപ്പൊടികൾ മുതലായവ കാലിത്തീറ്റക്കൊപ്പം പശുക്കളുടെ തീറ്റയില്‍ ഉൾപ്പെടുത്തണം. ഒരു ലീറ്റർ പാലിന് കാലിത്തീറ്റയും ധാന്യപ്പൊടികളും അടങ്ങിയ സമീകൃതതീറ്റമിശ്രിതം നാന്നൂറ് ഗ്രാം മുതൽ അരക്കിലോഗ്രാം വരെ പരമാവധി നൽകാം. ഇത് പശുക്കളുടെ ശരീരത്തിലുണ്ടായേക്കാവുന്ന ഊര്‍ജകമ്മി പരിഹരിക്കാനും പ്രസവാനന്തര മദി വേഗത്തിലാക്കാനും സഹായിക്കും. കാലിത്തീറ്റയും മറ്റ് ഖരാഹാരങ്ങളും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. അധിക സാന്ദ്രീകൃത തീറ്റനൽകുന്നത് കാരണം ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന  അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) ഒരു കിലോഗ്രാം  കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. ദഹനശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന യീസ്റ്റ് അടക്കമുള്ള മിത്രാണുക്കള്‍ അടങ്ങിയ റൂമന്‍ പ്രോബയോട്ടിക് ഗുളികകള്‍ പ്രസവാനന്തരം പശുക്കള്‍ക്ക് നല്‍കാം. ചീലേറ്റഡ് ധാതു ജീവക മിശ്രിതങ്ങള്‍ 30 മുതല്‍ 50 ഗ്രാം വരെ തീറ്റയില്‍ ദിവസേന നല്‍കണം.  

‌അകിടുവീക്കം അടക്കമുള്ള രോഗങ്ങള്‍ കീറ്റോസിസ് സാധ്യത ഉയര്‍ത്തുമെന്നതിനാല്‍ പ്രസവാനന്തര രോഗങ്ങള്‍ തടയാന്‍ പരിപാലനത്തില്‍ അതീവ ശ്രദ്ധ വേണം. പ്രസവശേഷമുള്ള രണ്ടു മാസക്കാലയളവില്‍ ഇടയ്ക്കിടെ പശുക്കളുടെ പാലോ, മൂത്രമോ കീറ്റോണ്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കഴിയും. വേനൽ കാലത്ത് കീറ്റോസിസിനുള്ള സാധ്യത ഉയര്‍ന്നതായതിനാല്‍ അത്യുല്‍പ്പാദനശേഷിയുള്ളതും ഉയര്‍ന്ന കറവയിലുള്ളതുമായ പശുക്കളെ ഊര്‍ജകമ്മി ബാധിക്കാതെ പരിപാലിക്കാന്‍ പ്രത്യേകശ്രദ്ധ വേണ്ടതുണ്ട്. രോഗബാധ കണ്ടെത്തിയാല്‍ ഉയര്‍ന്ന ഗാഢതയിലുള്ള ഗ്ലൂക്കോസ് ലായനി, സ്വയം ഗ്ലൂക്കോസ് നിർമിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഗ്ലൂക്കോസ് പ്രേരക മരുന്നുകള്‍ എന്നിവ കുത്തിവയ്ക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. പ്രൊപ്പലീന്‍ ഗ്ലൈക്കോള്‍, ഗ്ലിസറോള്‍ എന്നിവ അടങ്ങിയ മിശ്രിതങ്ങള്‍ തീറ്റയില്‍ നല്‍കുന്നതും ഊര്‍ജ ലഭ്യത ഉറപ്പുവരുത്താന്‍ സഹായിക്കും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com