ADVERTISEMENT

ചാച്ചൻ ചാക്കോ കുരുമുളകു പറിക്കുന്നതിനിടെ ഏണി ചരിഞ്ഞു വീഴുന്നത് മകൻ ജോസിന്റെ കൺമുൻപിലാണ്. ജോസിന് അന്ന് 12 വയസ്സ് കാണും. നിലത്തുനിന്നു മുളകു പറിച്ചെടുക്കാൻ ചാച്ചനു വഴിയുണ്ടാക്കിക്കൊടുക്കണം എന്നു ജോസ് അന്നേ മനസ്സിൽ വിചാരിച്ചു. 35 വർഷത്തിനിപ്പുറം ജോസ് ഉണ്ടാക്കിയ മുളകു പറിക്കൽ യന്ത്രം ഇന്ന് ഹിറ്റാണ്. പേറ്റന്റ് നേടി, സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കാർഷിക ഉപകരണങ്ങളുടെ വൈഗ പ്രദർശനത്തിൽ ഇടം നേടി. ഇതിനെക്കാൾ എല്ലാം ജോസിനു നൽകുന്ന സന്തോഷം എന്തെന്നോ? മരിക്കുന്നതിനു മുൻപ് ചാച്ചൻ, ജോസിന്റെ യന്ത്രം ഉപയോഗിച്ചു നിലത്തുനിന്നു കുരുമുളകു പറിച്ചെടുത്തിട്ട് ചിരിച്ചൊരു ചിരിയുണ്ട്; നിഷ്കളങ്കമായ ആ ചിരിയോളം വരില്ല ഒന്നും

ഇത് പുത്തൂർ ആശാരിക്കാട് കുറ്റ്യാനിക്കൽ ജോസ് എന്ന കർഷകൻ. സാങ്കേതിക വിദ്യാഭ്യാസമൊന്നുമില്ല. 10 വർഷം കൊണ്ടു പലരൂപത്തിൽ ഉണ്ടാക്കി, പോരായ്മകൾ പരിഹരിച്ചു മെച്ചപ്പെടുത്തിയ ഈ ലഘു സാങ്കേതികവിദ്യയുടെ മുന്നിൽ ആരും നമിക്കും. ജോസ് പിപി (പെപ്പർ പ്ലക്കർ) എന്നാണു യന്ത്രത്തിനു പേരിട്ടിരിക്കുന്നത്. കൂട്ടിയോജിപ്പിച്ച് എത്ര വേണമെങ്കിലും ഉയരം കൂട്ടാവുന്നതും വ്യാസമേറിയതും എന്നാൽ കനം കുറഞ്ഞതുമായ (ജോസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മോൾഡ് ചെയ്തെടുത്തത്) പിവിസി പൈപ്പ്. അതിന്റെ തുമ്പത്തു ചെരിച്ചു വെട്ടിയെടുത്ത പൈപ്പിൽ പ്രത്യേക രീതിയിൽ ക്യാപ് നിർ മിച്ച് അതിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലേഡുകൾ.

തോട്ടി നീട്ടി കുരുമുളകു തിരിയിലേക്കെത്തിക്കുമ്പോൾ തന്നെ ബ്ലേഡിലേക്ക് അതിന്റെ ഞെടുപ്പ് കുടുങ്ങും. ഇടത്തോട്ടോ വലത്തോട്ടോ പൈപ്പ് ഒന്നു ചെറുതായി തിരിക്കുക. ഞെടുപ്പറ്റ് മുളക് നേരെ പൈപ്പിനകത്തേക്ക്. എത്ര പഴുത്ത കുരുമുളക് ആണെങ്കിലും ഒരു കുരുപോലും കൊഴിഞ്ഞു പുറത്തുപോകില്ല. പൈപ്പിന്റെ അടിത്തട്ടിലെ ക്യാപ് അഴിച്ചാൽ പൈപ്പിലുള്ള മുളകെല്ലാം നേരേ ചാക്കിലോ മുറത്തിലോ ശേഖരിക്കാം.

എട്ടു വർഷം സ്വന്തം പറമ്പിൽ ഉപയോഗിച്ചാണു പോരായ്മകൾ പരിഹരിച്ചത്. 2017ൽ അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ യന്ത്രം കാണുകയും ഗവേഷണം തുടരാൻ ആത്മ പദ്ധതിയിൽ നിന്നു ഫണ്ട് അനുവദിക്കുകയും ചെയ്തു. ഹൈദരാബാദിലെ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി 2 വർഷം മുൻപ് യന്ത്രം പരിശോധിച്ചു. സബ് മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ (സ്മാം) റജിസ്ട്രേഷൻ നടപടിക്രമവും അവസാനഘട്ടത്തിലാണ്.

ഫോൺ: 7025854007

English summary: Jose's Pepper Plucker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com