സംസ്ഥാനത്തെ ആദ്യ മുഖ്യ വിവരാവകാശ കമ്മിഷണർ ഇന്ന് നെൽക്കർഷകൻ: പഠനം ഫയലിൽ നിന്നല്ല വയലിൽനിന്ന്

mohandas
പാലാട്ട് മോഹൻദാസ്
SHARE

ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹൻദാസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കർഷകനായി മാറിയ പാലാട്ട് മോഹൻദാസിന്റെ കൃഷിരീതികൾ കൂടി അറിയാം. കൃഷിക്കാരുടെ പ്രശ്നങ്ങൾ ഫയലിൽ നിന്നല്ല, അനുഭവിച്ചും കണ്ടും കേട്ടും ചെറുത്തു നിന്നും വയലിൽ നിന്നു നേരിട്ടാണ് മോഹൻദാസ് മനസ്സിലാക്കുന്നത്.

സംസ്ഥാനത്തെ ആദ്യ മുഖ്യ വിവരാവകാശ കമ്മിഷണർ, കിഴക്കേപ്പാടം പാടശേഖരസമിതി അംഗമായി മാറിയപ്പോൾ...

നെല്ലു സംഭരണമുൾപ്പെടെ എല്ലാം ഭംഗിയായി കലാശിക്കുമെന്ന ശുഭപ്രതീക്ഷയാണു കർഷകന് എന്നും. താലിമാല വരെ പണയംവച്ചാണു പലരും നെൽക്ക ഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സംഭരണം, വില, തൊഴിലാളിക്ഷാമം, രാസവളങ്ങളുടെയും മറ്റും വിലക്കയറ്റം, വിലയില്ലാതെ വിളകൾ ഉഴുതു മറിച്ചും വെട്ടിമൂടിയും നശിപ്പിക്കേണ്ടി വരുന്ന മനസ്സു തകർക്കുന്ന സന്ദർഭങ്ങൾ...

എന്നിട്ടും കർഷകൻ വീണ്ടും കൃഷിയിറക്കുന്നു. അടുത്തവിളയോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് അതിനു പിന്നിൽ.

ചെറുകിട കർഷകർ വിത്തു പാകുന്നതു മുതൽ, വിറ്റനെല്ലിന്റെ പണം കിട്ടുന്നതുവരെ കടത്തിലാണ്. അടുത്തതിന് വീണ്ടും കടം വാങ്ങുന്നു. കടത്തിൽ നട്ടംതിരിയുന്ന രക്ഷിതാക്കളെ കണ്ടുവളരുന്ന പുതിയ തലമുറ കൃഷി ഉപേക്ഷിച്ചു രക്ഷപ്പെടുന്നു.

മോഹൻദാസിന്റെ വിജയകഥ

മോശമില്ലാത്ത തുക പെൻഷനുള്ളതിനാൽ കൃഷിയിറക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അച്ഛൻ നോക്കിനടത്തിയിരുന്ന പാടത്തും പറമ്പിലും കൃഷി തുടരുകയായിരുന്നു. 7 ഏക്കറിൽ മുടങ്ങാതെ നെൽകൃഷിയുണ്ട്. ഉമ വിത്താണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് ഒരു സീസണിൽ 17 ടൺ വിളവു കിട്ടി. ഇപ്പോൾ ശരാശരി 13- 14 ടണ്ണായി കുറഞ്ഞു. രണ്ടു വിളവിൽ നിന്നായി രണ്ടു ലക്ഷം രൂപ അറ്റാദായം.

എളുപ്പമല്ല നെൽക്കൃഷി

വിത്തിടുന്നതു മുതൽ, നെല്ല് സപ്ലൈകോയിൽ കൊടുക്കുന്നതുവരെ ഒരേക്കർ കൃഷിക്ക് ശരാശരി 22,000 രൂപയാണ് ചെലവ്. നിലവിലുളള കർഷകത്തൊഴിലാളികൾ ശരാശരി 55 വയസ്സുള്ളവരാണ്. യന്ത്രം ഉപയോഗിക്കാൻ കഴിവുളളവരെയും കിട്ടാനില്ല. അതിഥിത്തൊഴിലാളികളില്ലാതെ പണി നടക്കില്ല. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽ നിന്നും വേണം യന്ത്രങ്ങളെത്താൻ. കുറഞ്ഞത് 10 ഏക്കർ കൃഷിയുണ്ടെങ്കിൽ ഒത്തുപോകാനാകും. എന്നാൽ, ഭൂരിഭാഗം വരുന്ന നാമമാത്ര, ചെറുകിട കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.

വിത്തു വികസന അതോറിറ്റിയിൽ നെൽവിത്ത് നൽകാൻ റജിസ്ട്രേഷനുള്ള കർഷകനായിരുന്നു പാലാട്ട്. എന്നാൽ, നടപടികൾക്കു വ്യവസ്ഥയില്ലാതായതോടെ പിൻമാറി.

തെങ്ങിന്റെയും കമുകിന്റെയും താങ്ങ്

പാടവരമ്പത്തും അല്ലാതെയും തെങ്ങു കൃഷിയുണ്ട്. കമുകിൽ നിന്നും മോശമല്ലാത്ത വരുമാനമുണ്ട്. പശു വളർത്തലുമുണ്ട്. മോഹൻദാസ് ഇന്ന് 100 % കർഷകനാണ്. ഭരണ സംവിധാനത്തിന്റെ ഭാഗമായിരുന്നതിനാലാവും കൃഷിച്ചെലവ് ഓരോന്നും കൃത്യമായി കുറിച്ചുവയ്ക്കും. പക്ഷേ, കൂട്ടിനോക്കാറില്ല! കൃഷി അദ്ദേഹത്തിന് സ്വാസ്ഥ്യജീവിതത്തിന്റെ അടയാളമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS