ADVERTISEMENT

വർഷം രണ്ടായിട്ടും തന്റെ എച്ച്എഫ് പൈക്കിടാവ് മദിയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടില്ല എന്ന പരിഭവവുമായാണ് ഒരു ക്ഷീരകർഷകസുഹൃത്ത് ഈയിടെ മൃഗാശുപത്രിയിൽ എത്തിയത്. പശുവിനു നൽകുന്ന പരിചരണക്രമങ്ങളെ പറ്റി  ചോദിച്ചപ്പോൾ കിടാവ് മദികാണിക്കാത്തതിന്റെ കാരണങ്ങൾ ഏകദേശം വ്യക്തമായി.വയസ്സ് രണ്ടായിട്ടും ആ ക്ഷീരകർഷകൻ പശുക്കിടാരിക്ക് നൽകുന്നത് പുല്ലും വൈക്കോലും വെള്ളവും പിന്നെ അൽപ്പം പിണ്ണാക്കും തവിടും ചേർത്ത് കൈതീറ്റയും മാത്രം. ദിവസവും പാൽ ചുരത്തി പത്തു കാശു തരുന്ന പശുവിന് നൽകാനുള്ള തീറ്റയ്ക്കു തന്നെ ചെലവ് ഏറെയാണ്. അപ്പോൾ വെറും ചാണകവും മൂത്രവും മാത്രം ഇങ്ങോട്ട് കിട്ടുന്ന ഒരു കിടാരിക്ക് എന്തിനാണ് പിണ്ണാക്കും കാലിതീറ്റയുമെല്ലാം നൽകി പണം കളയുന്നത് എന്നാണ് അതിന് അദ്ദേഹത്തിന്റെ ന്യായം!  ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടുമില്ല എന്നു ചിന്തിച്ച് കിടാരിപശുക്കൾക്ക് വേണ്ടത്ര പോഷകസമൃദ്ധമായ തീറ്റ നൽകാതെ വളർത്തുന്ന കർഷകർ ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. വെറും പുല്ലും വൈക്കോലും തിന്ന് വെള്ളവും കുടിച്ച് വളർന്നാലും കിടാരി സ്വാഭാവികമായി മദിക്കോള് കാണിക്കുമെന്ന് അവർ ചിന്തിക്കുന്നു. നല്ല പരിചരണം കിട്ടി വളരുന്ന ഇന്നത്തെ കിടാരിയാണ് നാളത്തെ പാൽക്കാരിപ്പശു എന്ന പശുവളർത്തലിലെ അടിസ്ഥാന സത്യം അവർ മറക്കുന്നു .

ഈയിടെ ഹോസ്പിറ്റലിൽ വന്ന മറ്റൊരു ക്ഷീരകർഷകൻ ചോദിച്ചത് ക‌ിടാരി മദിക്കോള് കാണിക്കാൻ മരുന്ന് വേണമെന്നാണ്. അദ്ദേഹത്തോട് കിടാരിക്ക് നൽകുന്ന തീറ്റയെ പറ്റി ചോദിച്ചപ്പോൾ കിട്ടിയ മറുപടി ആദ്യം പറഞ്ഞ കർഷകന്റെ മറുപടിക്കു സമാനമായിരുന്നു. തീറ്റയൊന്നും കൊടുത്തില്ലെങ്കിലും പ്രായമെത്തുമ്പോൾ മരുന്ന് നൽകിയാൽ കിടാരി ഇണചേർക്കാനായി ലക്ഷണങ്ങൾ കാണിക്കുമെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നത്. തീറ്റയും പോഷകങ്ങളും എല്ലാം കൃത്യമായാൽ മാത്രമേ ഇണക്കോള് കാണിക്കാൻ മരുന്ന് നൽകിയാൽ ഫലിക്കൂ എന്ന വസ്തുത അദ്ദേഹത്തിനറിയില്ല. ഇങ്ങനെ ഒട്ടേറെ തെറ്റിദ്ധാരണകളാണ് കിടാരിപരിപാലനത്തിൽ കർഷകർക്കിടയിലുള്ളത്. കിടാരി പരിപാലത്തിലെ ഇത്തരം പിഴവുകൾ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മദി കാണിക്കാത്ത കിടാരികൾ പെരുകുന്നതിന്റെ പ്രധാന കാരണമാണ്.

കുഞ്ഞിപൈക്കാല് കാത്തിരിപ്പില്ലാതെ കാണാൻ

ആറു മാസം പ്രായമെത്തിയ പശുകിടാക്കളാണ് കിടാരികൾ. എച്ച്എഫ് സങ്കരയിനം കിടാരികൾ 2 വയസ് കഴിഞ്ഞെങ്കിൽ മാത്രമേ മദി കാണിക്കാറുള്ളൂവെന്ന ധാരണ തെറ്റാണ്. നല്ല പരിചരണമുറകൾ അവലംബിച്ച് ഏറ്റവും ശാസ്ത്രീയമായി വളർത്തുന്ന സങ്കരയിനം എച്ച്എഫ്, ജേഴ്സി പൈക്കിടാരികൾ ആദ്യ മദികാണിക്കുന്ന പ്രായം ശരാശരി 12-15 മാസമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികൾ ഒഴിവാക്കി ഈ പ്രായത്തിൽ കൃത്രിമ ബീജസങ്കലനം നടത്തിയാൽ 24 - 25 മാസം പ്രായത്തിനുള്ളിൽ തൊഴുത്തിൽ നറുംപാൽ ചുരത്തുന്ന പശുവും കുഞ്ഞുകിടാവും ഉണ്ടാവും. എന്നാൽ മിക്കപ്പോഴും ഇതൊന്നും നമ്മുടെ ക്ഷീരസംരംഭങ്ങളിൽ സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. പ്രായം രണ്ടും രണ്ടരയും കഴിഞ്ഞിട്ടും മദിയുടെ ലക്ഷണങ്ങൾ കാണിക്കാത്ത കിടാരികൾ കർഷകർ പലരുടെയും തൊഴുത്തിലുണ്ട്. അവയെ വേഗത്തിൽ പശുവാക്കി മാറ്റാൻ ഇത്തിരി ശ്രദ്ധ കർഷകരുടെ ഭാഗത്തു നിന്നും വേണ്ടതുണ്ട്. പിറന്ന ഉടൻ മതിയായ അളവിൽ കന്നിപ്പാൽ ഉൾപ്പെടെ നല്ല പരിചരണം കിട്ടിയ കിടാക്കൾ ആണെങ്കിൽ കിടാരി പ്രായത്തിലെത്തുമ്പോൾ 70 മുതൽ 90 കിലോ വരെ ശരീരതൂക്കം കൈവരിക്കും. വളർന്ന് വേഗത്തിൽ മദി കാണിക്കുന്ന കിടാരികളാണ് ക്ഷീര കർഷകന്റെ മുതൽക്കൂട്ട്. കിടാരി എത്ര വേഗം ഒരു പശുവായി മാറുന്നുവോ അത്രയും വേഗത കർഷകന് കിട്ടുന്ന വരുമാനം കിട്ടി തുടങ്ങുന്നതിലുമുണ്ടാവും.

കിടാരിപരിപാലനത്തിൽ അറിയേണ്ടത്

മദി കാണിക്കാനും കൃത്രിമ ബീജാധാനം നടത്താനുമുള്ള സമയം എന്നത് പശുക്കിടാരിയുടെ പ്രായം എന്നതിൽ ഉപരി അവയുടെ ശരീരത്തിന്റെ വളർച്ചയാണ്. മുതിർന്ന ഒരു പശു കൈവരിക്കുന്ന ശരീരവളർച്ചയുടെ അറുപത് ശതമാനം ( പശുവിന്റെ ശരീരതൂക്കത്തിന്റെ മൂന്നിൽ രണ്ട്) എങ്കിലും കൈവരിക്കുകയും മദികാണിക്കുകയും ചെയ്താൽ കൃത്രിമബീജാധാനം നടത്തി ഗർഭം ധരിപ്പിക്കാം. കിടാരിയെ സംബന്ധിച്ച് ഏറ്റവും അധികം ശരീരവളർച്ച നടക്കുന്ന കാലയളവാണ് ആറു മാസം മുതൽ ഗർഭധാരണം വരെയുള്ള പ്രായം. തീറ്റപുല്ലിൽ നിന്നും വൈക്കോലിൽ നിന്നും മാത്രം കിടാരിയുടെ വളർച്ചക്കാവശ്യമായ മാംസ്യം ഉൾപ്പടെയുള്ള പോഷകങ്ങൾ മുഴുവനും കിട്ടില്ലെന്നത് മനസ്സിലാക്കണം. പുല്ലിനും വൈക്കോലിനും വെള്ളത്തിനും പുറമെ മതിയായ അളവിൽ പോഷകസമീകൃതമായ തീറ്റ ഖരാഹാരമായി കിടാരികൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രത്യുൽപ്പാദന പ്രവർത്തനങ്ങൾ വേഗത്തിലാവൂ.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയിൽ  സമീകൃത തീറ്റ നൽകി വളർത്തുന്ന കിടാരികൾ പ്രത്യുൽപ്പാദന സജ്ജമാവുന്ന ശരാശരി പ്രായം ഇന്ന് 14 - 15 മാസമാണ്. 23-24 മാസത്തിൽ ഇവ പശുക്കളായി മാറുന്നു. ഈ കണക്കുകൾ കിടാരികൾ മദി ലക്ഷണങ്ങൾ കാണിക്കുന്നതിലും പശുക്കളായി മാറുന്നതിലും പോഷകസമൃദ്ധ തീറ്റക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.

7 മാസം മുതൽ 9 മാസം വരെയുള്ള കിടാരികൾക്ക് സാധാരണ 70 മുതൽ 100 കിലോ തൂക്കം വരെ ഉണ്ടാവും. ഇവയ്ക്ക് 1.5 കിലോഗ്രാം സമീകൃതതീറ്റയും 15 കിലോ ഗുണമേന്മയുള്ള തീറ്റപ്പുല്ലും ദിനം പ്രതി നൽകണം. 10 മുതൽ 15 മാസം വരെയുള്ള കിടാരികൾക്ക് 100 മുതൽ 150 കിലോഗ്രാം വരെ തൂക്കമുണ്ടാകും. സമീകൃതാഹാരം 2 കിലോ, തീറ്റപ്പുല്ല് 15 മുതൽ 20 കിലോ എന്നിവ നൽകണം. 16 മാസം മുതൽ 20 മാസം വരെ ശരീരഭാരം 150 മുതൽ 200 കിലോ വരെ ഉണ്ടാകും. തീറ്റ 2.5 കിലോയും തീറ്റപുല്ല് 20 -25 കിലോവരെയും നൽകണം. കിടാരികൾക്ക് നൽകാവുന്ന നിരവധി കിടാരി തീറ്റകൾ വിപണിയിലുണ്ട്. സർക്കാറിന്റെ കിടാരി പരിപാലന പദ്ധതികളിൽ ഉൾപ്പെട്ട കിടാങ്ങൾക്ക് സബ്സിഡി നിരക്കിൽ സമീകൃത തീറ്റയും ലഭ്യമാണ്.അതല്ലെങ്കിൽ കർഷകർക്ക് വിദഗ്ദ്ധ ഉപദേശം തേടി  പിണ്ണാക്കും ധാന്യങ്ങളും തവിടുകളും ധാതുമിശ്രിതങ്ങളും തരാതരം പോലെ ചേർത്ത്  കിടാരി തീറ്റ സ്വയം തയ്യാറാക്കി നല്കാവുന്നതുമാണ്. കിടാരികളിൽ വളർച്ച നടക്കുന്ന പ്രായമായതിനാൽ പിണ്ണാക്ക് അടങ്ങിയതും മാംസ്യത്തിന്റെ അളവ് കൂടിയതുമായ തീറ്റയാണ് കൂടുതൽ നൽകേണ്ടത് എന്നകാര്യം ഇങ്ങനെ തീറ്റ സ്വയം തയാറാക്കുമ്പോൾ മറക്കരുത് .

അളവിൽ കുറവുമതി, എങ്കിലും വേണം ധാതുലവണമിശ്രിതങ്ങൾ

കിടാരിയുടെ ശരീര വളർച്ചയെയും പ്രത്യുൽപാദന അവയങ്ങളുടെയും വളർച്ച തീറ്റയോളം പ്രധാനമാണ് ചില ധാതുലവണങ്ങളും ജീവകങ്ങളും. സിങ്ക്, കോപ്പർ, സെലീനിയം, മാംഗനീസ്, മഗ്നീഷ്യം,  അയഡിൻ,കോബാൾട്ട് , ക്രോമിയം , ഇരുമ്പ്,  ജീവകം ഇ തുടങ്ങിയവയെല്ലാം അവയിൽ ചിലതാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇവ കിടാരികൾക്ക് ആവശ്യമുള്ളതെങ്കിലും അത് കിട്ടിയില്ലെങ്കിൽ വളർച്ച മുരടിക്കുമെന്ന് മാത്രമല്ല ഗർഭാശയാവയങ്ങളുടെ വികാസം കുറയുകയും ചെയ്യും. കോപ്പർ പോലുള്ള മൂലകങ്ങളുടെ അഭാവം പ്രത്യുൽപ്പാദന ഹോർമോൺ പ്രക്രിയ താളം തെറ്റിക്കും. കിടാരികളുടെ തീറ്റയിൽ ദിവസവും ഒരു ധാതു ജീവകമിശ്രിതം (പ്രോമിൽക്ക് പ്ലസ് മിക്സ്ചർ‍, ന്യൂട്രിസെൽ, അഗ്രിമിൻ, മിൻഫാ ഗോൾഡ് ചില ഉദാഹരണങ്ങൾ) ഉൾപ്പെടുത്താൻ കർഷകർ ശ്രദ്ധിക്കണം. 18 മാസം പ്രായമെത്തിയിട്ടും കിടാരികൾ മദിലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ ധാതുലവണങ്ങളുടെ അഭാവം പ്രത്യേകം കണ്ടെത്തി ചികിത്സിക്കണം. കോപ്പർ എന്ന മൂലകത്തിന്റെ അപര്യാപ്തത കിടാരികളിൽ സർവസാധാരണമായതിനാൽ കോപ്പർ അടങ്ങിയ പോഷകങ്ങൾ നൽകിയാൽ മദിചക്രം വേഗത്തിലാകാറുണ്ട്.

രോഗങ്ങൾ കണ്ടെത്തണം

കിടാരികളിൽ പ്രത്യുൽപ്പാദനപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന രോഗങ്ങളും ചിലതുണ്ട്. വിളർച്ച മുതൽ വിരബാധകൾ വരെ അവയിൽ ഉൾപ്പെടുന്നു. തൈലേറിയ പോലുള്ള രക്ത പരാദങ്ങളും പ്രശ്നക്കാരാണ്. വിളർച്ച തടയാൻ പശുക്കിടാവിന്‌ പത്തു ദിവസം മുതൽ 14 ദിവസം വരെ പ്രായമെത്തുമ്പോൾ ടോക്സോകാര ഉരുളൻ വിരകളെ തടയാനുള്ള ആദ്യഡോസ് മരുന്ന്  നൽകണം. തുടർന്ന് കിടാവിന്‌ ഇരുപത്തിയൊന്ന് ദിവസം പ്രായമെത്തുമ്പോൾ രണ്ടാം ഡോസ് വിരമരുന്ന് നൽകണം. വിരബാധ തടയുന്നതിനായി കിടാവിന്‌ 6 മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നൽകണം. ആറു മാസം പ്രായമെത്തിയതിന് ശേഷം ചാണകം പരിശോധിച്ചോ അല്ലെങ്കിൽ മൂന്ന് മാസത്തെ ഇടവേളയിലോ കിടാക്കൾക്ക് വിരമരുന്ന് നൽകാം.

പരിചരണം കൃത്യമായിട്ടും മദി ലക്ഷണങ്ങൾ കാണിച്ചില്ലങ്കിൽ

സമീകൃത തീറ്റയും വിരമരുന്നും  ധാതുലവണ മിശ്രിതങ്ങളുമെല്ലാം കൃത്യമായി നൽകുന്നുണ്ടെങ്കിലും 18 മാസം പ്രായമെത്തിയിട്ടും കിടാവ് മദിയുടെ ലക്ഷണങ്ങൾ കാണിക്കാത്ത  സാഹചര്യമുണ്ടാവാറുണ്ട്. ഈ ഘട്ടങ്ങളിൽ  വെറ്ററിനറി ഡോക്ടറെ സമീപിച്ച് അത്തരം കിടാരികളുടെ ഗർഭപാത്രത്തിന്റെ വളർച്ച പരിശോധിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com