പശുക്കൾക്ക് സുഖകരമായ അന്തരീക്ഷമൊരുക്കാൻ സ്വയംനിയന്ത്രിത സംവിധാനം: ആശ്വാസമായി സർവകലാശാലയുടെ ‘ആശ്വാസ’

HIGHLIGHTS
  • എന്തൊരു ഉഷ്ണമെന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരാതിപ്പെടാതിരുന്ന ഒരാൾ പോലുമുണ്ടാവില്ല കേരളത്തിൽ. അപ്പോള്‍ ഒന്നു പരാതിപ്പെടാൻപോലും നിവൃത്തിയില്ലാത്ത മിണ്ടാപ്രാണികളുടെ അവസ്ഥയോ?
dairy-farming
SHARE

എന്തൊരു ഉഷ്ണമെന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരാതിപ്പെടാതിരുന്ന ഒരാൾ പോലുമുണ്ടാവില്ല കേരളത്തിൽ. അപ്പോള്‍ ഒന്നു പരാതിപ്പെടാൻപോലും നിവൃത്തിയില്ലാത്ത  മിണ്ടാപ്രാണികളുടെ അവസ്ഥയോ?

ചൂടും ഈർപ്പവും കൂടുമ്പോൾ പശുക്കൾ അണയ്ക്കുന്നത് കണ്ടിട്ടില്ലേ?  ശരീരതാപനിലയിൽ സ്ഥിരത നേടാനാണത്. ചൂട് കൂടുമ്പോൾ നാം വിയർക്കുന്നതുപോലെ തന്നെ. പശുക്കൾക്ക് പൊതുവെ 101.6 ഡിഗ്രി ഫാരൻഹീറ്റ് ഊഷ്മാവാണ് ശരീരത്തിൽ നിലനിര്‍ത്തേണ്ടത്.  അന്തരീക്ഷ താപനില 20–25 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ അവയുടെ ശരീരോഷ്മാവുയരും. ഇപ്രകാരം ഊഷ്മാവുയരുന്നത് പശുക്കളുടെ ശാരിരികപ്രവർത്തനങ്ങളെയും എൻസൈമുകളുടെ പ്രവർത്തന ത്തെയും ബാധിക്കാം.  പശുക്കളിൽ വിയർപ്പുഗ്രന്ഥികൾ കുറവാണ്. മൂക്കിന്റെ ദ്വാരങ്ങൾക്കിടയിൽ (Muzzle) മാത്രമാണ് കാര്യമായി വിയർപ്പുള്ളത്. അയവെട്ടുന്ന മറ്റു പല ജീവികളും അധികം വിയർക്കാറില്ല. മറിച്ച് അണപ്പിലൂടെയാണ് അവ ശരീരതാപനില ഉയരാതെ സംരംക്ഷിക്കുന്നത്.  ഉഛ്വാസവായു പുറത്തേക്ക് പോകുമ്പോൾ അതിലെ ജലാംശത്തിലേക്ക് ശരീരത്തിലെ ചൂട് പകർന്നു നൽകാൻ കഴിയുംവിധം നീളമേറിയ മൂക്കുകൾ പശുക്കൾക്കുണ്ട്. ശാസോഛ്വാസനിരക്ക് വർധിപ്പിച്ചാണ് അവ താപസമനില നിലനിർത്തുന്നത് എന്നർഥം.

അന്തരീക്ഷ താപനിലയോടൊപ്പം ആർദ്രതയും പശുക്കളിലെ താപസമ്മർദ്ദത്തിന് കാരണമാകുന്നു. ഇരു ഘടകങ്ങളെയും സംയോജിപ്പിച്ചുള്ള സൂചികയിലൂടെ  വളർത്തു മൃഗങ്ങളിലെ താപ സമ്മർദ്ദം വിലയിരുത്താം. ഈ സൂചിക 79നും 89‌നും ഇടയിലെങ്കിൽ  സാമാന്യം താപസമ്മർദവും 90ന് മുകളിലെങ്കിൽ  ഉയർന്ന താപസമ്മർദവും അനുഭവിക്കുന്നതായി കണക്കാക്കാം.. 

aswasa
ആശ്വാശ സംവിധാനത്തിന്റെ രൂപരേഖ

തൊഴുത്തിലെ താപ ആർദ്രത സൂചിക നിയന്ത്രിക്കുന്നതിന് ‘ആശ്വാസ’ എന്ന സ്വയം നിയന്ത്രിത സംവിധാനം കേരള വെറ്ററിനറി സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.  Automatic and Scientific Wetting for Animal Stress Alleviation  എന്നതിന്റെ ചുരുക്കപ്പേരാണിത്. പശുക്കളെ താപസമ്മർദത്തിൽനിന്ന് സംരക്ഷിച്ച് ഉൽപാദന നഷ്ടം തടയുന്നതിനുള്ള സംവിധാനം. 

സെൻസറുകൾ ഉപയോഗിച്ച് താപ ആർദ്രത സൂചിക കണക്കാക്കുകയാണ് ഇതിന്റെ ആദ്യ പ്രവർത്തനം. സൂചിക പരിധിയിലും അധികമായാൽ  മേൽക്കൂരയിലും പശുക്കളുടെ പുറത്തും സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ  വെള്ളം തളിക്കുകയും നിശ്ചിത സമയത്തേക്ക് ഫാനുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. സൂചിക സുരക്ഷിത നിലയിൽ എത്തുമ്പോൾ യന്ത്ര സംവിധാനങ്ങൾ നിലയ്ക്കുകയും ചെയ്യും. മോട്ടറുകളും മറ്റും തുടർച്ചയായി പ്രവർത്തിക്കുന്നതുമൂലമുള്ള വൈദ്യുതിച്ചെലവ് ഇതുമൂലം ഗണ്യമായി കുറയും. നിലവിൽ തിരുവാഴംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ ‘ആശ്വാസ’ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഒട്ടേറെ ക്ഷീര കർഷകർക്കും സമാനമായ സംവിധാനമുണ്ട്.

Read also: മിൽക്ക് റീപ്ലെയ്‌സറിനെക്കുറിച്ചറിയാം, നേട്ടങ്ങളേറെ 

പത്തോ അതിലധികമോ പശുക്കളെ വളർത്തുന്ന ഫാമുകളിലാണ് ഈ രീതി പൂർണമായി നടപ്പാക്കാനാവുക. ഒരു കൺട്രോൾ യൂണിറ്റ്, ഫാനുകൾ, മിസ്റ്റിങ്, മേൽക്കൂര നന എന്നിവയാണ് ആശ്വാസയുടെ പ്രധാന ഭാഗങ്ങൾ. കേരളമടക്കമുള്ള എല്ലാ ഉഷ്ണ മേഖല പ്രദേശങ്ങളിലെയും പശുക്കൾക്കു യോജ്യമാണ്.

വിലാസം: ഡോ. എ.പ്രസാദ്, അസോസിയേറ്റ് പ്രഫസർ ആൻഡ് ഹെഡ്, തിരുവാഴംകുന്ന്

ഫോൺ: 9947303911. E-mail: prasad@kvasu.ac.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA