ADVERTISEMENT

കൃഷിയുമായി ബന്ധപ്പെട്ട കണക്കുകളും കാര്യങ്ങളും കൃത്യമായി എഴുതി സൂക്ഷിക്കുന്നവർ എത്ര പേരുണ്ടാവും?  വിരലിലെണ്ണാവുന്നവർ മാത്രം. ഒരുപക്ഷേ, ബിസിനസുകാർ മുന്നേറുമ്പോഴും കൃഷിക്കാർ തളരുന്നതിനു കാരണവും ഇതു തന്നെ. ഓരോ ദിവസത്തെയും കാർഷികപ്രവർത്തനങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന കർഷകന് അടുത്ത സീസണിൽ സ്വന്തം തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരി രീതികൾ മാത്രം നടപ്പാക്കാൻ സാധിക്കും. ഏറ്റവും മികച്ച വിളവ് നേടിയ സാഹചര്യം ആ വർത്തിക്കുകയും മോശം വിളവ് കിട്ടിയ സാഹചര്യം ഒഴിവാക്കുകയുമാകാം- സിംപ്ലിഫൈ അഗ്രിയിലൂടെ  റിജീഷ് ചെയ്യുന്ന പ്രധാന കാര്യവും ഇതുതന്നെ. കാർഷികപ്രവർത്തനങ്ങൾ കൃത്യമായും ലളിതമായും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് സിംപ്ലിഫൈ അഗ്രി. 

simplyfy-agri-home-1

കൃഷി ചെയ്യാൻ സോഫ്റ്റ്‌‌വെയർ? അതൊക്കെ കോർപറേറ്റ് കൃഷിയിലെ ആശയങ്ങളാണെന്നു കരുതുന്നവരാണ് ഏറെ. എന്നാൽ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കൃഷി പെർഫെക്റ്റ് ആക്കാമെന്നു  കാണിച്ചുതരികയാണ് റിജീഷ്. ചെറുകിട കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമൊക്കെ സമഗ്രമായ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ  സഹായിക്കുന്ന ഇ ആർ പി സോഫ്റ്റ്‌‌വെയര്‍ ആണിത്. 

simplyfy-agri-home-2
കൃഷിക്കാർക്ക് വിവരങ്ങൾ രേഖപ്പെടുത്താനുള്ള മൊബൈൽ ആപ്

എന്റർപ്രൈസസ് റിസോഴ്സസ് പ്ലാനിങ് അഥവാ ഇആർപി പൊതുവേ വ്യവസായ മേഖലയിലാണ് ഇതുവരെ ഉപയോഗിച്ചുവന്നിരുന്നത്. ഒരുപക്ഷേ, ചെറുകിട കർഷകർക്കായുള്ള ആദ്യത്തെ ഇആർപി സോഫ്റ്റ്‌‌വെയർ ആയിരിക്കും റിജീഷിന്റെ സിംപ്ളിഫൈ അഗ്രി.  ദുബായിൽ സോഫ്റ്റ്‌‌വെയർ എൻജിനീയർ ആയിരുന്നു റിജീഷ്. കൊറോണക്കാലത്ത് നാട്ടിലെത്തി കുടുംബക്കൃഷിയിൽ സജീവമായപ്പോഴാണ് കൃഷിയിടത്തിലെ വിഭവങ്ങൾ ശരിയായി വിനിയോഗിക്കാൻ സോഫ്റ്റ്‌വെയര്‍ ആകാമെന്ന ചിന്ത ഉദിച്ചത്. എന്നാൽ അതത്ര എളുപ്പമല്ലെന്ന് പിന്നാലെ മനസ്സിലായി. 3 അഴിച്ചുപണികൾക്ക് ഒടുവിലാണ് സിംപ്ലിഫൈ അഗ്രി കർഷകരിലെത്താൻ യോഗ്യമായത്. സ്വയം ഒരു കർഷകനായും കർഷക കൂട്ടായ്മയുടെ ഭാഗമായും മാറിയ ശേഷമാണ് റിജീഷ്  ഈ സോഫ്റ്റ്‌വെയറിനാവശ്യമായ അടിസ്ഥാനവിവരങ്ങൾ ശേഖരിച്ചത്. കൃഷിക്കാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കൃത്യമായി മനസ്സിലാക്കി റിയൽ ലൈഫ് സോഫ്റ്റ്‌വെയർ സൃഷ്ടിക്കാൻ ഇതു തുണയായി.

കൃഷികാര്യങ്ങർ രേഖപ്പെടുത്തുന്ന ശീലം കർഷകർ വളർത്തിയെടുക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് റിജീഷ്. എല്ലാ തൊഴിലും ഡാറ്റ അധിഷ്ഠിതമായി മാറുന്ന ഇക്കാലത്ത് സ്വന്തം കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും സൂക്ഷ്മ കാലാവസ്ഥയും വിളവിന്റെ തോതുമൊക്കെ കര്‍ഷകനു കൃത്യമായി വിശകലനം ചെയ്യേണ്ടിവരും. ഇതിന്  സാധ്യമായ എല്ലാ സംവിധാനവും  ഉപയോഗിക്കണം. നിലവിലുള്ള സ്വകാര്യ / സർക്കാർ സ്ഥാപനങ്ങൾ എല്ലാംതന്നെ ഏതെങ്കിലും എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ERP) സോഫ്റ്റ്‌ വെയർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതും നിയന്ത്രിക്കുന്നതും. കടകളിലും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലുമൊക്കെ  സോഫ്റ്റ്‌വെയര്‍ ആണിപ്പോൾ കാര്യങ്ങൾ നിശ്ചയിക്കുക. ഡേ ബുക്ക് കീപ്പിങ് നടത്താത്ത ഒരു സ്ഥാപനത്തിനും ഇന്നത്തെ സാഹചര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടുന്നു.  ‘കൃഷി ചെയ്യാനായി നമ്മൾ ഒരു ഇആര്‍പി(ERP) ഉണ്ടാക്കി, കർഷകർ കർഷകർക്കു വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ എന്ന് ഇതിനെ വിശേഷിപ്പിക്കാം.  കർഷകർക്ക് അവരുടെ കൃഷിയിടങ്ങൾ ഇതിൽ റജിസ്റ്റർ ചെയ്യാം. ഓരോ വിളയുടെയും പരിപാലനം മുൻകൂട്ടി ആസൂത്രണം ചെയ്യാം. ദിവസവും നടക്കുന്ന കാര്യങ്ങൾ മാനേജ് ചെയ്യാം. ബുക്ക് കീപ്പിങ് ദിവസവും നടത്താം.  കൃത്യമായ റിപ്പോർട്ടുകൾ കാണുകയും, താരതമ്യം ചെയ്യുകയും, പഠിക്കുകയും ചെയ്യാം. ദീർഘ കാലാടിസ്ഥാനത്തിൽ വിളവും വിലയും പ്രവചിക്കാൻപോലും ഇതുപകരിക്കും.’ റിജീഷ് പറഞ്ഞു. 

simplyfy-agri-home-3

ശരിയായി വിഭവാസൂത്രണം നടത്താനും കാർഷിക സംരംഭമെന്ന നിലയിൽ ധനകാര്യസ്ഥാപനങ്ങളുടെ വിശ്വാസ്യത തേടാനും സിംപ്ലിഫൈ അഗ്രി സഹായിക്കുമെന്ന് റിജീഷ് ചൂണ്ടിക്കാട്ടി. ഇതിലൂടെ വിദഗ്ധ സഹായവും നിർദേശങ്ങളും എപ്പോൾ വേണമെങ്കിലും ലഭ്യമാകും. ലാഭനഷ്ടങ്ങൾ കൃത്യമായി മനസ്സിലാക്കാനും ഉൽ‍പന്നത്തിന്റെ ട്രേസബിലിറ്റി ഉറപ്പാക്കാനും, വിപണനം സുതാര്യ മാക്കാനും  ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കും. കർഷകരുടെ സജീവ പങ്കാളിത്തമാണ് ഈ ആപ്പിന്റെ മുഖ്യ സവിശേഷത. പങ്കാളിയാകുന്ന എല്ലാ കർഷകർക്കും അനായാസം ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിൽ വിവരങ്ങൾ ചേർക്കുക. ചോദ്യങ്ങൾക്ക് ഉത്തരമായി സംഖ്യകൾ മാത്രം നൽകിയാണ് കൃഷികാര്യങ്ങൾ രേഖപ്പെടുത്തുക. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം കുറഞ്ഞ വർക്കുപോലും ഇത് പ്രയോജനപ്പെടുത്താം.  ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി അറിയിക്കാം. ദിവസവും ചെയ്ത കാര്യങ്ങൾ, കൊടുത്ത വളം, കൂലി, യന്ത്രങ്ങളുടെ ഉപയോഗം, ഉല്‍പാദനം , വിപണനം എല്ലാം രേഖപ്പെടുത്തി വയ്ക്കാം. ലാഭനഷ്ടക്കണക്കുകൾ മാത്രമല്ല, അതുക്കും മേലെ. വേണ്ടത്ര ഡാറ്റ നൽകിക്കഴിഞ്ഞാൽ ഈ സോഫ്റ്റ്‌വെയര്‍ കൃഷിയിടത്തിലെ ഓരോ പ്രവര്‍ത്തനവും കൃത്യമായി ഓർമപ്പെടുത്തിക്കൊണ്ടിരിക്കും-വളമിടാറായെന്നും ഏതൊക്കെ വളം എത്ര വീതം നൽകണമെന്നുമൊക്കെ.

ഒരുകൂട്ടം കൃഷിക്കാരെ ഉൾപ്പെടുത്തി സിംപ്ലിഫൈ അഗ്രി പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മലയാളത്തിൽ ഉപയോഗിക്കാം. വിദഗ്ധർ സഹായത്തിനുണ്ടാകും. സോഫ്റ്റ്‌വെയർ ടെസ്റ്റിങ് നടക്കുന്ന കാലയളവിൽ ഇതിന്റെ സേവനം സൗജന്യമാണ്. പിന്നീട് ചെറിയ തുക വരിസംഖ്യയായി നൽകേണ്ടി വരും. കാർഷികരംഗത്ത് പല ഇ ആർ പി സോഫ്റ്റ്‌വെയറുകളുമുണ്ടെങ്കിലും അവയൊക്കെ വൻകിട അഗ്രിബിസിനസ് കമ്പനികൾക്ക് വേണ്ടിയുള്ളതാണെന്നും കോടികൾ മുതൽ മുടക്കേണ്ടി വരുമെന്നും റിജീഷ് ചൂണ്ടിക്കാട്ടി. ഉപയോഗിക്കുന്നതിന് ദീർഘനാളത്തെ പരിശീലനവും വേണ്ടിവരും. നമ്മുടെ നാട്ടിലെ ചെറുകിട കർഷകർക്കും കർഷക കൂട്ടായ്മകൾക്കും കൃഷിഭവനങ്ങൾക്കും പൊതുമേഖല കാർഷിക വികസന ഏജൻസികൾക്കും  ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ആപ്‌ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ  അടിസ്ഥാനത്തിൽ ഒരു പ്രദേശത്തെയോ സംസ്ഥാനത്തെയോ കൃഷി ആസൂത്രണം ചെയ്യുന്നതിന് ഈ സോഫ്റ്റ്‌വെയർ ഏറെ സഹായകമായിരിക്കും.  

ഫോൺ: 7907683358‌

www.simplifyagri.com

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Smart Farm Management Software

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com