അച്ഛന്റെ പാടത്ത് കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ തുരത്താൻ പത്താം ക്ലാസുകാരൻ കണ്ടുപിടിച്ച യന്ത്രം ശ്രദ്ധനേടുന്നു. പാലക്കാട്, ചിറ്റൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എസ്.മാധവ് ആണ്, ഫാം ഗാർഡ് എന്നു പേരിട്ട യന്ത്രം നിർമിച്ചത്. പൂർണമായും സൗരോർജ്ജത്തിലാണ് ഇതിന്റെ പ്രവർത്തനം.
ചിറ്റൂരിന് സമീപം കല്യാണപ്പേട്ടയിലാണ് മാധവിന്റെ വീട്. അച്ഛൻ സദാശിവൻ മികച്ച കർഷകനാണ്. പത്തേക്കറിൽ നെല്ല്-തെങ്ങ്- മത്സ്യ കൃഷികളുണ്ട് ഇദ്ദേഹത്തിന്. ‘പാട്ട കൊട്ടിയും ടോർച്ചടിച്ചുമൊക്കെയാണ് പണ്ടുകാലത്ത് പന്നികളെ ഓടിച്ചിരുന്നതെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ സൂത്രപ്പണി ചെയ്യാൻ ഒരു യന്ത്രമുണ്ടായിരുന്നെങ്കിൽ എന്ന ചിന്തയാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്’എന്ന് മാധവ്. ശാസ്ത്രമേളയ്ക്ക് എന്തെങ്കിലും ഉപകരണം നിർമിച്ചുകൊണ്ട് ചെല്ലണമെന്ന് ടീച്ചർ ആവശ്യപ്പെട്ടതും പ്രേരണയായി. 360 ഡിഗ്രി തിരിയുന്ന (മൂന്ന് വോൾട്ട്) ടോർച് ലൈറ്റും ഇരുമ്പ് ദണ്ഡിൽ തട്ടി ശബ്ദമുണ്ടാക്കുന്ന മണിയുമാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. (12 വോൾട്ട്) ബാറ്ററി, രണ്ട് ചെറിയ ഡിസി മോട്ടോറുകൾ, സോളർ പാനൽ, സോളർ കൺട്രോളർ, ടൈമിംഗ് ബോർഡ്, റിലേ, സ്റ്റാൻഡ് എന്നിവ മറ്റു ഭാഗങ്ങൾ. നിർമാണച്ചെലവ് 8000 രൂപയോളം.
സോളാർ പാനലിനോട് ഘടിപ്പിച്ചിട്ടുള്ള ബാറ്ററി പകൽ സമയങ്ങളിൽ ചാർജാകുന്നു. രാത്രിയിൽ യന്ത്രം പ്രവർത്തിക്കുമ്പോൾ ബാറ്ററിയിൽനിന്നുള്ള ഊർജം കൊണ്ട്, ലൈറ്റ് തെളിയുകയും, മോട്ടോറുകളോട് ഘടിപ്പിച്ച ടോർച്ചും മണിയും തിരിയുകയും ചെയ്യുന്നു. മണി ഇരുമ്പ് ദണ്ഡിൽ(ചെറിയ സ്ക്വയർ പൈപ്പ്) തട്ടി ശബ്ദമുണ്ടാകുന്നു, ദൂരേക്ക് നീളുന്ന ടോർച്ച് വെട്ടം കൃഷിയിടത്തിന്റെ മുക്കിലും മൂലയിലുമെത്തുന്നു; ഇതാണ് ഫാം ഗാർഡിന്റെ പ്രവർത്തനരീതി. ടൈമർകൊണ്ട് പ്രവർത്തന സമയം ക്രമീകരിക്കാം. ശാസ്ത്ര മേളകളിൽ മാധവിന്റെ ഈ കണ്ടുപിടുത്തം ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്. നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ഇൻസ്പയർ അവാർഡും ലഭിച്ചു.
ഫോൺ: 8921825593