ADVERTISEMENT

മഴക്കാലം അടുത്തെത്തിക്കഴിഞ്ഞു, ക്ഷീരമേഖലയെ സംബന്ധിച്ചേടത്തോളം മഴക്കാലം സമൃദ്ധിയുടെ കാലമാണ്. വേനലിൽ കിതച്ചും അണച്ചും തളർന്ന പശുക്കൾ ഇടമുറിയാതെ മഴപെയ്യുമ്പോൾ ആ കുളിരിൽ മനംമറന്ന് തിരിമുറിയാതെ നറും പാൽ ചുരത്തും. അനുകൂല കാര്യങ്ങൾ ഏറെയുണ്ടെങ്കിലും പരിപാലനത്തിൽ പിഴച്ചാൽ മഴക്കാലം ക്ഷീരകർഷകർക്ക് ദുരിതകാലമാവും. ക്ഷീരസംരംഭങ്ങളിൽ തീർച്ചയായും സ്വീകരിക്കേണ്ട ചില മഴക്കാല മുന്നൊരുക്കങ്ങൾ ഉണ്ട്.

ശുചിത്വം പ്രധാനം

തൊഴുത്തിൽ പൂര്‍ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാല പശുപരിപാലനത്തിൽ മുഖ്യം. തൊഴുത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെങ്കിൽ പരിഹരിക്കണം. തൊഴുത്തിനുള്ളിലേക്ക് മഴചാറ്റൽ തെറിച്ച് വീഴുന്ന സാഹചര്യമുണ്ടെങ്കിൽ മേൽക്കൂരയുടെ ചായ്പ്പ് ഒന്നോ രണ്ടോ അടി നീട്ടി നൽകാം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോൺക്രീറ്റ് ചെയ്ത് നികത്തണം. തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകാനുള്ള സാധ്യത തടയാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യരോഗങ്ങൾ മഴക്കാലത്ത് ക്ഷീരകർഷകരെ വലയ്ക്കുന്നതിന്റെ പ്രധാനകാരണം തൊഴുത്തിന് പരിസരത്ത് പെരുകുന്ന കൊതുകുകളാണ്. അതിരാവിലെയെല്ലാം കറവക്കായി തൊഴുത്തിലെത്തുന്ന കർഷകർക്ക് കൊതുകുകളുടെ കടി ധാരാളമായി ഏൽക്കുകയും രോഗസാധ്യത കൂടുകയും ചെയ്യും. കർഷകർക്ക് മാത്രമല്ല പശുക്കൾക്കും ഇവ രോഗങ്ങൾ പടർത്തും. അതിനാൽ തൊഴുത്തിന് പരിസരത്തെ കൊതുക് നശീകരണത്തിന് മുന്തിയ പരിഗണന നൽകണം. മാത്രമല്ല എലിപ്പനി അടക്കം പകരുന്ന സമയമായതിനാൽ  തൊഴുത്തിലും പുൽകൃഷിയിടങ്ങളിലും കൃഷിപ്പണികളിൽ ഏർപ്പെടുമ്പോൾ കാലിൽ ഗംബൂട്ട് ധരിക്കാനും ശ്രദ്ധിക്കണം. തീറ്റത്തൊട്ടിയിൽ രാത്രികാലങ്ങളിൽ കാലിത്തീറ്റ അവശിഷ്ടങ്ങൾ ബാക്കി കിടക്കുന്നത് എലികളെ ആകർഷിക്കും, അതിനാൽ തീറ്റത്തൊട്ടി അവശിഷ്ടങ്ങൾ ബാക്കി വരാതെ വൃത്തിയാക്കി സൂക്ഷിക്കണം.

തൊഴുത്തിൽ വൈദ്യതിബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കൾക്ക്  മാത്രമല്ല ക്ഷീരകർഷകനും അപകടമുണ്ടാക്കും. മഴക്കാലത്ത് ഇത്തരം അപകടങ്ങളുടെ നിരക്ക് പൊതുവെ കൂടുതലാണ്. ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തിൽ സ്‌ഥാപിക്കരുത്. ചെറിയ ക്ഷീരസംരംഭങ്ങളിൽ വീടുകളിൽ നിന്ന് അശ്രദ്ധയോടെ വയർ വലിച്ച് തൊഴുത്തിന്റെ മേൽക്കൂരയിൽ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇൻസുലേഷൻ കാലപ്പഴക്കം കൊണ്ടോ ഉര‍ഞ്ഞോ നഷ്ടപ്പെടാം. ഇൻസുലേഷൻ നഷ്ടമായ  വയറുകൾ വലിയ അപകടമുണ്ടാക്കും. വയറിനു താങ്ങുനൽകുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും അപകടമുണ്ടാക്കും. വൈദ്യുതി വയറുകളുടെ ഇൻസുലേഷനും കണക്ഷൻ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം. വൈദ്യത വയറുകളുടെ ഇൻസുലേഷൻ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആ വയർ മാറ്റി പുതിയത് ഘടിപ്പിക്കുക. പ്ലാസ്റ്റിക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയർ വലിക്കാൻ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒരു പരിധി വരെ തടയാം. 

milk-karshakasree

അകിടുവീക്കം അകറ്റിനിർത്താൻ

മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് കറവപ്പശുക്കളിലെ അകിടുവീക്കം. രോഗസാധ്യത കുറയ്ക്കാൻ പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. പൂര്‍ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. കറവയ്ക്കു ശേഷം മുലക്കണ്ണുകൾ അടയുന്നത് വരെ പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അൽപം ഖരാഹാരം നൽകാം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അപര്യാപ്തത കറവപ്പശുക്കളിൽ പാൽ തനിയെ തറയിൽ ചുരന്നുപോവുന്നതിന് കാരണമാവും. ഇത് അകിടുവീക്ക സാധ്യത കൂട്ടും. അകിടുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾക്ക് ഉടനെ തന്നെ ചികിത്സ തേടണം. അകിടുവീക്കനിര്‍ണയ കിറ്റ് ഉപയോഗിച്ച് ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും അകിടുവീക്കനിര്‍ണയ പരിശോധന നടത്തുന്നത് ലക്ഷണങ്ങൾ ഒന്നും പുറമെ പ്രകടമാവാത്ത നിശബ്ദ (സബ് ക്ലിനിക്കൽ) അകിടുവീക്കം തിരിച്ചറിയാൻ കർഷകരെ സഹായിക്കും. നിശബ്ദ അകിടുവീക്കം കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശപ്രകാരം ട്രൈസോഡിയം സിട്രേറ്റ് പൊടി 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ കറവപ്പശുക്കൾക്ക് നൽകുന്നത് രോഗം തടയാൻ ഫലപ്രദമാണ്.

dairy-farm-jayaprakash-2

തീറ്റയിലെ പൂപ്പൽ വിഷബാധ ശ്രദ്ധിക്കാം

കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയിൽ  വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പൽ വിഷബാധയേറ്റതിന്റെ സൂചനകള്‍. പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റച്ചാക്കുകൾ ഭിത്തിയിൽനിന്ന് മാറി മരപ്പലകയുടെ മുകളിലോ പ്ലാസ്റ്റിക് ട്രേയിലോ സൂക്ഷിക്കണം. കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബർ / പ്ലാസ്റ്റിക് ചട്ടക്കൂടുകൾ ഇന്നു വിപണിയിൽ ഉണ്ട്.  ചാക്കുകൾക്ക് മുകളിൽ  തണുത്ത കാറ്റോ മഴചാറ്റലോ ഏൽക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വലിയ തീറ്റച്ചാക്കില്നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം.  തീറ്റ നനയാൻ ഇടയായാൽ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.  

പരാദങ്ങളെ തൊഴുത്തിന് പുറത്തുനിർത്താം

ബാഹ്യ–ആന്തര പരാദങ്ങൾ പെരുകാൻ ഏറ്റവും അനുകൂലമായ സമയമാണ് മഴക്കാലം. മഴ ശക്തമാകുന്നതിന് മുന്‍പായി ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. വെള്ളക്കെട്ടുകൾക്കോ വയൽ പ്രദേശങ്ങൾക്കു സമീപമോ ആണ് പശുവളർത്തുന്നതെങ്കിൽ പണ്ടപ്പുഴുവിനെ തടയാനുള്ള മരുന്ന് പ്രത്യേകം നൽകണം. മുടന്തന്‍പനി അടക്കമുള്ള രോഗങ്ങൾ പശുക്കളിലേക്ക് പകര്‍ത്തുന്നത് ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ്.  ഈച്ചകളെ അകറ്റുന്ന ലേപനങ്ങൾ പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. ബാഹ്യപരാദനാശിനികളായ ലേപനങ്ങൾ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. 

hoof-trimming-3

കരുതാം കുളമ്പുകൾ

പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ തറയില്‍ കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും കുളമ്പിന്റെ അടിഭാഗത്ത് പഴുപ്പിനും സാധ്യതയുണ്ട്. കുളമ്പുവേദന മൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്‍റെ ലക്ഷണമാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 5 % തുരിശ് ലായനിയിലോ 2 % ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം കുളമ്പുകള്‍ മുക്കി വച്ച് ഫൂട്ട് ഡിപ്പ് നൽകുന്നതും കുളമ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങൾ തീറ്റയിൽ ഉൾപ്പെടുത്തുന്നതും  കുളമ്പുചീയല്‍ തടയാന്‍ ഫലപ്രദമാണ്. കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. ഇന്‍കാന്റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം.

പശുക്കളുടെ ഇൻഷുറൻസ്

അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങളിൽ നിന്നും ക്ഷീരസംരംഭത്തെ സാമ്പത്തിക സുരക്ഷിതമാക്കുന്നതിനായി പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. കാലാവധി തീരാറായ  കന്നുകാലി  ഇൻഷുറൻസ് പോളിസികൾ യഥാവിധി പുതുക്കുന്നതിൽ വന്ന അശ്രദ്ധ കാരണം പിന്നീട് നിരാശപ്പെടേണ്ടി വന്ന നിരവധി കർഷകരുണ്ട്. കാലാവധി തീരാറായതും കഴിഞ്ഞതുമായ കഴിഞ്ഞ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിൽ പ്രത്യകം ശ്രദ്ധിക്കണം. നിലവിൽ  മൃഗസംരക്ഷണവകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഇല്ല , മിൽമ ക്ഷീരസഹകരണസംഘങ്ങളുമായി സഹകരിച്ച് പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. അല്ലെങ്കിൽ കർഷകർക്ക് സ്വന്തം നിലയിൽ ഡോക്ടറുമായി ബന്ധപ്പെട്ട്  പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ എടുക്കാവുന്നതുമാണ്.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: Care and management of livestock in rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com