ADVERTISEMENT

സമുദ്രനിരപ്പിൽനിന്ന് 2000 അടിക്കും മുകളിലാണ് പൂവാറംതോട്. കോഴിക്കാട് ജില്ലയിൽ കൂടരഞ്ഞിക്കടുത്തുള്ള ഈ കുടിയേറ്റക്കർഷകമേഖലയിലെ ജാതിക്കായ്ക്ക് എന്നും  വിലയും മൂല്യവും കൂടും. ‘ഒരു കിലോ ഒന്നാന്തരം പത്രിക്ക് നിലവിൽ ശരാശരി 1800 രൂപ വിലയുള്ളപ്പോൾ ഇവിടെ 2150 രൂപ വരെ വില ലഭിക്കുന്നു.  കായയ്ക്ക് കിലോ 350 രൂപയും. കായയുടെ വലുപ്പവും പത്രിയുടെ കനവും കൂടുതലായതാണ്  കാരണം’,  30 വർഷമായി ജാതിക്കൃഷി ചെയ്യുന്ന പൂവാറംതോടിലെ കർഷകൻ സാന്റോ പറയുന്നു.  മികച്ച വില ലഭിക്കുന്നതു  മാത്രമല്ല, ജാതിയെ സ്നേഹിക്കാൻ വേറെയും കാരണങ്ങളുണ്ടെന്നു സാന്റോ. ഇന്നു തൊഴിലാളിയെ ലഭിക്കാനുള്ള പ്രയാസവും കൂലിച്ചെലവും ചെറുതല്ലെന്നു സാന്റോ. അതേസമയം, 5 മീറ്റർ നീളമുള്ള തോട്ടിയുണ്ടെങ്കിൽ നമുക്കുതന്നെ ജാതിക്ക വിളവെടുക്കാം. ആണ്ടിൽ 2 വട്ടം വളമിടീലിനു മാത്രമാണു കൂലിക്കാരെ കൂട്ടുന്നത്. സാഹചര്യം അനുകൂലമെങ്കിൽ വർഷം മുഴുവൻ ഏറിയും കുറഞ്ഞും ജാതി പൂക്കുകയും കായ്ക്കുകയും ചെയ്യും. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഉയർന്ന ഉൽപാദന സീസൺ. ഈ സമയത്ത് 2 ദിവസം കൂടുമ്പോഴെങ്കിലും ഓരോ ജാതിയുടെയും ചുവട്ടിലെത്തണം. വിണ്ടു കീറിയ ജാതിക്ക പറിച്ചെടുത്താൽ താനേ കൊഴിഞ്ഞു നിലത്തുവീണ് പത്രി അഴുകുന്നത് ഒഴിവാക്കാം. കുട്ടികൾ ഉൾപ്പെടെ വീട്ടുകാർ കൂടിയിരുന്ന് അല്ലികൾ അടർന്നു പോകാത്ത വിധം പത്രി(ഫ്ലവർ) വേർതിരിക്കും. 

Read also: 10 വർഷംകൊണ്ട് ജാതിക്കൃഷിക്ക് 206% വളർച്ച; ജനപ്രിയ കൃഷികളിൽ മുൻപിൽ: കാരണങ്ങളും നേട്ടങ്ങളും 

സാന്റോയുടെ ആറ് ഏക്കറിൽ 250 ജാതിയാണുള്ളത്. ദ്രുതവാട്ടം വന്നു കുരുമുളകും മഞ്ഞളിപ്പു ബാധിച്ച് കമുകും നശിച്ചതോടെയാണ് ജാതിയിലേക്കു തിരിഞ്ഞത്. ഏക്കറിൽ 50 ജാതി വയ്ക്കാമെന്നു സാന്റോ. തൈകൾ തമ്മിൽ അകലം കുറഞ്ഞു പോയാൽ 2 മരംകൊണ്ട് ഒരു മരത്തിന്റെ പ്രയോജനമേയുള്ളൂ. പരസ്പരം ചേർന്നു നിൽക്കുന്ന ഭാഗത്ത് രണ്ടിനും കായ് പിടിക്കില്ല. നന്നായി കായ്ക്കുന്ന നാടൻ ഇനത്തിന്റെ കായ്കൾ പാകി മുളപ്പിച്ച് തൈ നടുകയായിരുന്നു സാന്റോ. ആൺമരങ്ങളില്‍  ഫീൽഡ് ബഡ്ഡിങ് നടത്തി പെൺമരങ്ങൾക്കൊപ്പം  ഉൽപാദനത്തിലെത്തിച്ചു. മറ്റെല്ലായിടത്തും തെങ്ങിനും കമുകിനും ഇടവിളയായി, ഭാഗികമായി തണലിൽ നിൽക്കുമ്പോഴാണ് ജാതി മികച്ച വിളവു നൽകുന്നതെങ്കിൽ സവിശേഷ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഇവിടെ തനിവിളക്കൃഷിക്കാണ് കൂടുതൽ വിളവ്. 

ജാതിക്കു ജൈവവളംതന്നെ മികച്ചതെന്ന് സാന്റോ. ആണ്ടിൽ ഒരു വട്ടം വീതം കടലപ്പിണ്ണാക്കും (3 കിലോ) എല്ലുപൊടിയും (5 കിലോ) നൽകും. മേയിലും സെപ്റ്റംബറിലുമായാണ് വളപ്രയോഗം. സെപ്റ്റംബറിൽ മഴയുടെ ശക്തി കുറയുന്ന ഘട്ടത്തിൽ മരമൊന്നിന് 1 കിലോ പൊട്ടാഷ് നൽകും. പൂകൊഴിച്ചിൽ തടയാനാണിത്. 2018ലെ പ്രളയത്തിനു ശേഷം മഴയുടെ തീവ്രത കൂടിയതോടെ ചെറിയ രീതിയിൽ കുമിൾരോഗങ്ങൾ കാണുന്നുണ്ടെന്ന് സാന്റോ. മേയ് ഒടുവിലും തുടർന്ന് 45 ദിവസം കഴിഞ്ഞും ഓരോ തവണ ബോർഡോമിശ്രിതം തളിക്കുന്നത് ഇതിനെതിരെ ഫലപ്രദം.

nutmeg-farming-1
പത്രി ഉണങ്ങാൻ ഡ്രയർ

നേട്ടം

പല പ്രായത്തിലായതുകൊണ്ട് സാന്റോയുടെ തോട്ടത്തിലെ മരങ്ങൾക്കു വിളവ് വ്യത്യസ്തമാണ്. ആണ്ടിൽ 1000  മുതൽ 5000 കായ്കൾവരെ ലഭിക്കുന്ന മരങ്ങളുണ്ട്. 1500–2000 കായ്കൾ ലഭിക്കുന്നവയാണ് ഏറെയും. ശരാശരി 90 കായ്കൾ ചേർന്നാൽ ഒരു കിലോയും 400 കായയിൽനിന്ന് ഒരു കിലോ പത്രിയും ലഭിക്കുന്നു. 12–15 വർഷമെത്തിയ, മികച്ച മരമൊന്നിൽനിന്ന് ആണ്ടിൽ 20 കിലോ കായയും 4 കിലോ പത്രിയും ലഭിക്കുന്നു. അതായത്, 6000–7000 രൂപയുടെ കായയും 7500–8000 രൂപയുടെ പത്രിയും. വിളവെടുക്കുന്ന പത്രിയിൽ 90% ഉം ഫ്ളവർ ആയിത്തന്നെ ഡ്രയറിൽ സംസ്കരിച്ച് ആണ്ടിൽ ഒരിക്കലാണ് വിൽപന. ജാതിക്കൃഷിക്കു പ്രശസ്തമായ കാലടിയിൽനിന്നു  കച്ചവടക്കാർ വീട്ടിലെത്തി വാങ്ങുന്നു.

വിലാസം: എം. ജെ. സാന്റോ മംഗലത്ത്, പൂവാറംതോട്, കൂടരഞ്ഞി, കോഴിക്കോട്. ഫോൺ: 9447282819

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Profitable Nutmeg Farming Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com