ഏക്കറിന് 8 ടൺ ഉൽപാദനം; ഒത്തുകിട്ടിയാൽ മികച്ച നേട്ടം: പ്രവാസ ശേഷം വാഴക്കൃഷിയിലൂടെ മികച്ച നേട്ടം കൊയ്ത് ലിസി

Mail This Article
‘ഒന്നിന് 18 രൂപ നല്‍കിയാണ് വാഴക്കന്ന് വാങ്ങുന്നത്. നട്ട് ആറേഴു മാസം പരിപാലിച്ചിട്ടും വാഴ നന്നാവുന്നില്ലെങ്കില്‍ ആരോടു പരാതി പറയും. ഇത്തവണ നട്ട നേന്ത്രനില്‍ നല്ലൊരു പങ്ക് മികച്ച പരിപാലനം നല്‍കിയിട്ടും വേണ്ടത്ര വളര്‍ച്ച നേടിയിട്ടില്ല, സമയത്തിന് കുലച്ചിട്ടുമില്ല. നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്താനാണ് കൃഷിവകുപ്പ് ആദ്യം ശ്രമിക്കേണ്ടത്. വാണിജ്യക്കൃഷിക്കാര്‍ക്കു നടീല്‍വസ്തു മോശമായാലുള്ള നഷ്ടം വലുതാണ്’, എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ വേങ്ങൂരിലെ കര്‍ഷക ലിസി കുര്യാക്കോസ് വെള്ളാനിയില്‍ പറയുന്നു. വിപണിവിലയില്‍ ഏറ്റക്കുറവു പതിവാണെങ്കിലും നേന്ത്രവാഴ ലാഭകരം തന്നെയെന്ന് ലിസി പറയും. 13 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തി 4 വര്‍ഷമായി നേന്ത്രവാഴക്കൃഷിയിൽ ചുവടുറപ്പിച്ചത് ഈ നേട്ടം കൊണ്ടുതന്നെ. പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ സ്വന്തം നിലയ്ക്കും പങ്കു ചേർന്നും ആണ്ടിൽ 3000 നേന്ത്രൻ കൃഷിയിറക്കുന്നു.
Read also: വരുമാനത്തിൽ മുൻപിൽ; കർഷകരുടെ ഇഷ്ടവിളയിൽ നേന്ത്രനും, ജനപ്രീതിക്കുള്ള കാരണങ്ങൾ
കൂലിച്ചെലവും പാട്ടത്തുകയുമെല്ലാം വര്‍ധിച്ചതുകൊണ്ട് മുന്‍കാലങ്ങളെക്കാൾ ലാഭം കുറയുന്നുണ്ടെന്ന് ലിസി. ഏക്കറിന് 700–800 വാഴകൾ. കുലയൊന്നിന് ശരാശരി 12 കിലോ തൂക്കം ലഭിക്കും. ഏക്കറിന് ശരാശരി 8 ടണ്‍ ഉല്‍പാദനം. വാഴയൊന്നിന് കൃഷിച്ചെലവ് 270 രൂപ വരെയെത്തും. അതായത് ഏക്കറിന് 1.9 ലക്ഷം ഉൽപാദനച്ചെലവ്. കിലോയ്ക്കു ശരാശരി 30 രൂപ വില കിട്ടിയാല്‍ ലാഭകരമെന്ന് ലിസി. 8 ടണ്ണിന് 30 രൂപ വച്ച് 2.4 ലക്ഷം വരുമാനം ലഭിക്കും. കന്ന് നടുന്ന സമയത്ത് 4 വാഴയ്ക്കിടയില്‍ ഒരു തടം വീതം പയര്‍കൃഷി ചെയ്യും. ഓണം-വിഷു കാലത്താണ് വിളവെടുപ്പെങ്കിൽ പയറിനു മികച്ച വില ലഭിക്കും. വിളവെടുപ്പു കഴിഞ്ഞ പയർച്ചെടികൾ വാഴയ്ക്കു വളമാക്കും. വിപണി നോക്കി, നിശ്ചിത എണ്ണം റെഡ് ലേഡി പപ്പായ വാഴത്തോട്ടത്തിന്റെ അതിരുകളില്‍ കൃഷി ചെയ്യാറുണ്ടെന്നും ലിസി. കിലോ 40 രൂപവരെ ഈയിനത്തിനു വില ലഭിച്ചിട്ടുണ്ട്. വാഴയുടെ പരിപാലനച്ചെലവിൽ ഒരു പങ്ക് ഇടവിളകളിലൂടെ നേടാം. മാസംതോറും വിളവെടുക്കാവുന്ന രീതിയില്‍ പല ബാച്ചുകളായാണ് വാഴക്കൃഷി. ഒറ്റയടിക്കു വിളവെടുക്കുന്ന രീതിയില്‍ ആ സമയത്തു വിലയിടിഞ്ഞാൽ കനത്ത നഷ്ടമുണ്ടാകും. മറിച്ചായാൽ, വില കുറയുന്ന കാലത്തു വരുന്ന നഷ്ടം വില ഉയരുന്ന സമയത്ത് നികത്താം. വിപണിയും കാലാവസ്ഥയും ഒത്തുകിട്ടിയാൽ നേന്ത്രവാഴക്കൃഷിയില്‍ മികച്ച നേട്ടം ഉറപ്പെന്നു ലിസി.
ഫോൺ: 8137817464
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Lissy made great gains through banana farming