ഒരു മരത്തിൽനിന്ന് 1200 രൂപ; കമുകു നൽകും കൈ നിറയെ: കമുകുകൃഷി വ്യാപിക്കുന്നതിൽ അത്ഭുതമില്ല
Mail This Article
ഒരു കിലോ അടയ്ക്കയ്ക്ക് 400 രൂപ വില. ഒരു മരത്തില്‍നിന്ന് ശരാശരി 3 കിലോ അടയ്ക്ക ലഭിച്ചാൽ 1200 രൂപ. കമുകുകൃഷി വ്യാപിക്കുന്നതിൽ അത്ഭുതമില്ല.
ഒന്നാന്തരം കമുകുതോട്ടങ്ങൾ കാണാം കാസർകോട് ജില്ലയിൽ. കാസർകോട് ബെള്ളൂർ പഞ്ചായത്തിലെ നെട്ടണിഗെ കല്ലഗ ചന്ദ്രശേഖരറാവുവിന് പ്രായം എഴുപതായെങ്കിലും കമുകുതോട്ടത്തിലെത്തിയാൽ ചെറുപ്പക്കാരനാണ്. കുടുംബസ്വത്തായുള്ള 25 ഏക്കർ കമുകുതോട്ടം നോക്കി നടത്തണമെങ്കിൽ മനസ്സുകൊണ്ടു ചെറുപ്പക്കാരനായേ പറ്റൂവെന്ന് ചന്ദ്രശേഖരറാവു.
മഴക്കാലത്തിനു മുൻപുള്ള തോട്ടം പരിചരണത്തിലാണ് റാവു ഇപ്പോൾ. നാടൻ, മോഹിത്‍നഗർ, മംഗള ഇനങ്ങളാണുള്ളത്. കൂടുതലും നാടൻ. ഈയിടെയാണ് മംഗളയും മോഹിത്‍നഗറും കൃഷി ചെയ്തത്. മംഗള അധികം ഉയരത്തിൽ പോകില്ല. അടയ്ക്ക പറിക്കൽ എളുപ്പം. മോഹിത് നഗറിന് രോഗങ്ങൾ കുറവ്. രണ്ടിനും വിളവു കൂടും. പഴയ തോട്ടങ്ങൾ വെട്ടി പുതുക്കുമ്പോൾ മംഗളയും മോഹിത് നഗറുമാണ് നടുന്നത്. നാടൻ ഇനങ്ങൾ ഉയരത്തിൽ പോകുന്നതിനാൽ അടയ്ക്ക പറിക്കാൻ പ്രയാസം. കർഷകർ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി കമുകിൽ കയറി അടയ്ക്ക പറിക്കാനും മരുന്നു തളിക്കാനും തൊഴിലാളികളെ കിട്ടാത്തതാണ്. പൊക്കം കുറഞ്ഞ കമുകുകൾ വ്യാപകമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നു റാവു പ്രതീക്ഷിക്കുന്നു.
ഡിസംബർ–ജനുവരി സീസണിലാണ് കമുകു പൂക്കുന്നത്. കായ്കൾ നന്നായി പിടിക്കണമെങ്കിൽ യഥാസമയം മരുന്നടിക്കണം. ഇക്കുറി ഡ്രോൺ പരീക്ഷിച്ചു. ഏക്കറിന് 2000 രൂപയാണ് ചെലവു വരുന്നത്. ഒരേക്കറിൽ 450 കമുകാണുള്ളത്. ജോലിക്കാരുടെ കൂലിയും ഡ്രോൺ ചെലവും നോക്കുമ്പോൾ ഡ്രോൺ ആണു ലാഭമെങ്കിലും മരുന്ന് നേരാംവണ്ണം പൂക്കുലകളിലൊന്നും എത്തുന്നില്ല എന്ന പ്രശ്നമുണ്ട്. കായ പിടിക്കണമെങ്കിൽ പൂക്കുലയിലെല്ലാം മരുന്നെത്തണം. ആളുകൾ കയറി മരുന്നടിച്ചാലേ ഫലമുണ്ടാകുകയുള്ളൂ. അടയ്ക്കയ്ക്കു നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമവും കമുകിനു രോഗസാധ്യതകൾ കൂടുതലാണെന്നതും കൃഷിയിൽ വെല്ലുവിളികളെന്നു ചന്ദ്രശേഖരറാവു.
ഫോൺ: 9846820090
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
Arecanut Cultivation