ADVERTISEMENT

മിത്താണല്ലോ ഇന്ന് കേരളത്തിൽ പ്രധാന ചർച്ചാവിഷയം. കാർഷികമേഖലയിലും അങ്ങനെ ചില മിത്തുകളും തെറ്റുകളും പ്രചാരത്തിലുണ്ട്. അത്തരം ചിലത് പരിചയപ്പെടാം.

1. തെറ്റ്: പച്ചക്കറിവിളകളിലെ വേരുകളിലുണ്ടാകുന്ന കുമിൾബാധകളെ ചെറുക്കാൻ സ്യൂഡോമോണാസ് ലായനി മണ്ണിലൊഴിച്ചു കൊടുക്കാറുണ്ട്. എന്നാൽ വരണ്ടുണങ്ങിയ മണ്ണിലേക്ക് ഈ ലായനി ഒഴിക്കാറുണ്ട്. 

ശരി: വരണ്ടുണങ്ങിയ മണ്ണിലേക്ക് ലായനി ഒഴിക്കുമ്പോൾ മണ്ണിലെ ചൂട് പുറത്തേക്കു വരുന്നതുമൂലം ലായനിയിലെ മിത്രബാക്ടീരിയകൾ നശിച്ചുപോകാം. അതിനാല്‍ ചെടിയുടെ ചുവട്ടിലെ മണ്ണ് നനച്ചശേഷം മാത്രം സ്യൂഡോമോണാസ് ലായനി ഒഴിക്കുക.

2. തെറ്റ്: ജീവാണുവളങ്ങൾ ചെടിയുടെ ചുറ്റുമുള്ള തടത്തിലാണ് പലരും നൽകാറുള്ളത്. 

ശരി:  തടത്തില്‍ ഒഴിക്കുന്ന ലായനി തടത്തിന്റെ മേൽഭാഗത്തു മാത്രം പടരുകയും ചെടിയുടെ വേരുപടല ത്തിൽ കിട്ടാതെ വരികയും ചെയ്യുന്നു. ജീവാണുലായനികൾ വിളയുടെ ചുവടുഭാഗത്ത് തണ്ടിനോടു ചേർന്ന്  ഒഴിക്കണം. അപ്പോൾ മണ്ണിനും തണ്ടിനുമിടയിലുള്ള ചെറുവിടവിലൂടെ അത് വേരുപടലത്തിന്റെ താഴ്ന്ന ഭാഗങ്ങളിലുമെത്തും.

3. തെറ്റ്:  പൊടിരൂപത്തിൽ കിട്ടുന്ന ജീവാണുവളങ്ങൾ ഇലകളിൽ തളിക്കേണ്ടിവരാറുണ്ട്. എന്നാൽ പലരും ഇവ കലക്കിയ ലായനി േനരിട്ടോ അരിച്ചെടുത്തോ തളിക്കുകയാണ് പതിവ്.

ശരി:  ഇപ്രകാരം ചെയ്യുമ്പോൾ ജീവാണുവളങ്ങൾ കലർത്തിയ പൊടി ഇലകളിലെ സ്റ്റൊമാറ്റകളിൽ തങ്ങുകയും അവ അടയ്ക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. സ്റ്റൊമാറ്റ പ്രവർത്തനരഹിതമാകുന്ന തോടെ ചെടി ഇല പൊഴിക്കും. എത്ര നന്നായി അരിച്ചാലും ജീവാണുവളങ്ങളിലെ പൊടി ഇലകളിൽ പതിക്കുമെന്നതാണ് യാഥാർഥ്യം. പൊടിയിലാണ് കൂടുതൽ ഗുണമെന്ന തെറ്റിദ്ധാരണ വേണ്ട. ജീവാണു ലായനികൾ കലക്കിയശേഷം  തെളിയൂറാൻ വയ്ക്കുക. ലായനിയിലെ പൊടി പൂർണമായി താഴ്ന്ന ശേഷം തെളി മാത്രം  വേർതിരിച്ച് തളിക്കുക.

4. തെറ്റ്: നീരൂറ്റിക്കുടിക്കുന്ന ഇലപ്പേൻ, മണ്ഡരി തുടങ്ങിയ മൃദുശരീരികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വെർട്ടിസീലിയം ഇലകളുടെയും മറ്റും മേൽഭാഗത്തു തളിക്കുന്നു.

ശരി: ഇലകളുടെ അടിഭാഗത്തും കൂമ്പിലുമൊക്കെ  കൂടുതലായി കാണുന്ന ഈ കീടങ്ങളുടെ മേൽ പതിക്കത്തക്ക വിധം  ഇലകളുടെ അടിഭാഗത്തും കൂമ്പുകളിലും വെർട്ടിസീലിയം തളിക്കുക.

5. തെറ്റ്: വെള്ളരിവർഗ വിളകളുടെ വിളവെടുപ്പ് തുടങ്ങുമ്പോൾ അവയുടെ ഇലകളും തണ്ടും മഞ്ഞളിക്കു ന്നത് പതിവാണ്. പലരും ഇത് നൈട്രജന്റെ കുറവായി തെറ്റിദ്ധരിച്ച് ചാണകവെള്ളവും യൂറിയയുമൊക്കെ കലക്കി ഒഴിക്കാറുണ്ട്. 

ശരി: മത്തൻവണ്ടിന്റെ പുഴു വെള്ളരിവിളകളുടെ വേര് തിന്നുന്നതു മൂലം ചെടികൾക്ക് നൈട്രജൻ ആഗിരണം ചെയ്യാനാവാതെ വരുന്നതാണ് യഥാർഥ പ്രശ്നം. ഇതു തിരിച്ചറിയാതെ എത്ര ചാണകവെള്ളം ഒഴിച്ചാലും പ്രയോജനപ്പെടില്ല. ചെടി വൈകുന്നേരം നനച്ചതിനു ശേഷം മത്തൻവണ്ടിന്റെ പുഴുവിനെ നിയന്ത്രിക്കുന്ന തിനു മെറ്റാറൈസിയം എന്ന മിത്രകുമിൾ ലായനി ചുവട്ടിലൊഴിച്ചു കൊടുക്കണം. തണ്ടിനോടു ചേർന്നാവണം  ഒഴിക്കേണ്ടത്. വ്യാപകമായി കാണുന്ന പ്രശ്നമായതിനാൽ വെള്ളരിവിളകൾ പകുതി വിളവാകുമ്പോൾ തന്നെ ഇപ്രകാരം മെറ്റാറൈസിയം ചുവട്ടിലൊഴിക്കുന്നതാവും ഉചിതം

6. തെറ്റ്: വെള്ളീച്ചശല്യം പ്രത്യക്ഷപ്പെട്ടശേഷം  കൃഷിയിടത്തിന്റെ നടുവില്‍ മഞ്ഞക്കെണി വയ്ക്കാറുണ്ട്.  

ശരി: വെള്ളീച്ചശല്യമുണ്ടാകുന്നതിനു മുൻപേ തോട്ടത്തിന്റെ നാല് അതിരുകളിലും മഞ്ഞക്കെണി വയ്ക്കണം. അപ്പോൾ കൃഷിയിടത്തിനു പുറത്തുനിന്നും അകത്തുനിന്നും എത്താനിടയുള്ള വെള്ളീച്ചകളും മറ്റ് മൃദുശ രീരപ്രാണികളും കൂടുതലായി മഞ്ഞക്കെണിയിൽ അകപ്പെടും.

7. തെറ്റ്: കടും മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെ ഇരുപുറങ്ങളിലും ആവണക്കെണ്ണ പുരട്ടിയാണ് പൊതുവെ മ‍ഞ്ഞക്കണി നിർമിക്കാറുള്ളത്. എന്നാൽ മഴക്കാലത്ത് ആവണക്കെണ്ണയുടെ ഒട്ടൽശേഷി 2–3 ദിവസത്തിനുള്ളിൽ നഷ്ടപ്പെടുന്നതായി കാണാം.

ശരി: കടും മഞ്ഞ നിറമുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെ ഇരുപുറവും  ഓട്ടൊമൊബീൽ ഷോപ്പുകളിൽ കിട്ടുന്ന വൈറ്റ് ഗ്രീസ് പുരട്ടി മഞ്ഞക്കെണിയുണ്ടാക്കുക. ഒരാഴ്ച തുടർച്ചയായി മഴ പെയ്താലും കെണിയുടെ ഒട്ടൽശേഷി നഷ്ടപ്പെടില്ല.

8. തെറ്റ്:  ടൈമർ സംവിധാനമുള്ള സോളാർ വിളക്കുകെണികളും മറ്റും  സന്ധ്യയാകുമ്പോൾ കൃത്യമായി തെളിയുമെങ്കിലും രാത്രിയിൽ കൃത്യമായി അണയ്ക്കാറില്ല.  

ശരി: സന്ധ്യയ്ക്ക് ആറര മുതൽ രാത്രി എട്ടര വരെ മാത്രം വിളക്കുകെണികൾ പ്രവർത്തിപ്പിക്കുക. അല്ലെങ്കില്‍ രാത്രി എട്ടരയ്ക്കുശേഷം കൂടുതൽ പ്രവർത്തനനിരതമാകുന്ന മിത്രകീടങ്ങളും മറ്റും ശത്രുകീടങ്ങൾക്കൊപ്പം കെണിയിലകപ്പെട്ടു നശിക്കും.  

9. തെറ്റ്: പയറിന്റെ ഇലകളും കായുമൊക്കെ തുരന്നുതിന്നുന്ന തുരപ്പൻപുഴുക്കളെ കീടനാശിനി തളിച്ചു നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. 

ശരി: കീടനാശിനി ഫലപ്രദമല്ല. നെല്ലിലെ ഓലചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ട്രൈക്കോ ഗ്രാമ മുട്ടക്കാർഡ് ഉപയോഗിച്ച് പയറിലെ തുരപ്പൻപുഴുക്കളെ ഫലപ്രദമായി നിയന്ത്രിക്കാം.

10. തെറ്റ്: കായീച്ചകളെ നിയന്ത്രിക്കുന്നതിന് പെൺപൂക്കൾ വിരിഞ്ഞുതുടങ്ങുമ്പോൾ കൃഷിയിടത്തിനു നടുവിലായി ഫിറമോൺകെണി വിഷദ്രാവകം നിറയ്ക്കാതെ വയ്ക്കാറുണ്ട്. 

ശരി: ഫിറമോൺ കെണി ഇങ്ങനെ വയ്ക്കുമ്പോള്‍ ആണീച്ചകൾ മാത്രമാണ് വീഴാറുള്ളത്. വിഷദ്രാവകം നിറച്ചില്ലെങ്കിൽ പഴയ രീതിയിലുള്ള ഫിറമോൺകെണികളിൽനിന്ന് അവ രക്ഷപ്പെടാനും സാധ്യതയുണ്ട്. കായീച്ച ബാധിച്ച വിളകൾ കൃഷിയിടത്തിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്നതുമൂലം മണ്ണിൽ അവയുടെ പുഴുക്കളുടെ സാന്നിധ്യം വർധിക്കുന്നു. ഫിറമോൺ കെണികൾ പന്തലിന്റെ രണ്ട് എതിർ മൂലകളിലായി സ്ഥാപിച്ചാൽ പുറത്തുനിന്നു വരുന്നതും ഉള്ളിലുള്ളതുമായ കായീച്ചകളെ നശിപ്പിക്കാനാവും.  ഫിറമോണിനൊപ്പം തുളസിച്ചാറോ, കള്ളിന്റെ മട്ട്, യീസ്റ്റ് കലർത്തിയ പൈനാപ്പിൾ ചാറ് എന്നിവ ഉപയോഗിച്ചാൽ പെൺ കായീച്ചകളും ഈ കെണിയിൽ അകപ്പെട്ടുകൊള്ളും. ജലത്തുള്ളിയുടെ ആകൃതിയിലുള്ള പുതിയ മോഡ‍ൽകെണികളിൽനിന്ന് ഈച്ചകൾ രക്ഷപ്പെടാൻ സാധ്യത കുറവാണ്. വിളകൾ പൂവിടുന്നതിനു 10 ദിവസം മുമ്പെങ്കിലും ഫിറമോൺകെണി വയ്ക്കണം.

കായീച്ച ബാധിച്ച വിളകൾ ഒരിടത്തു കൂട്ടിയശേഷം അതിലേക്ക് മെറ്റാറൈസിയം ലായനിയോ ഇപിഎൻ (എൻഡമോ പതോജനിക് നെമറ്റോഡ്) എന്ന  മിത്രനിമാവിരകളെയോ പ്രയോഗിക്കണം. കൂടുതൽ ഫലപ്രദമായ ഇപിഎൻ പൊടിരൂപത്തിലും ചത്ത പുഴുക്കളിൽ സന്നിവേശിപ്പിച്ച രൂപത്തിലും (കഡാവർ) ലഭിക്കും. നനവുള്ള മണ്ണിലാണ് മെറ്റാറൈസിയം പ്രയോഗിക്കേണ്ടത്. ചിതൽ ഉൾപ്പെടെ മണ്ണിലെ മറ്റ് ഉപദ്രവകാരികളായ പുഴുക്കളെയും ഇതുവഴി നിയന്ത്രിക്കാം.

11. തെറ്റ്: ചീരയ്ക്കു വെള്ളം ചീറ്റിച്ചും ശക്തമായി ഒഴിച്ചും നനയ്ക്കുന്നു.

ശരി: ചീരയ്ക്ക് ഇങ്ങനെ നനച്ചാല്‍ മണ്ണിലുള്ള  പുള്ളിക്കുത്തു രോഗകാരിയായ സ്പോറുകൾ തെറിച്ച് ഇലകളിലെത്തുന്നു. അതായത്, ചീരയിലേക്ക് വെള്ളം ചീറ്റിക്കുന്നത് രോഗവ്യാപനത്തിനു ഹേതുവാകും. മണ്ണ് തെറിക്കാത്ത വിധത്തിൽ ചീരയുടെ ചുവടുഭാഗത്ത് ചെരിഞ്ഞു പതിക്കത്തക്ക വിധത്തിൽ മാത്രം വെള്ളമൊഴിക്കുക. ചീരയുടെ ചുവട്ടിൽ പുതയിടുന്നത് പുള്ളിക്കുത്ത് രോഗത്തെ തടയും. 32 ഗ്രാം അപ്പക്കാരവും 8 ഗ്രാം മഞ്ഞൾപൊടിയും കൂട്ടിക്കലർത്തി ആംബർ (തവിട്ട് ) നിറമുള്ള കുപ്പിയിൽ സൂക്ഷിക്കണം. ഇതിൽനിന്ന് 4 ഗ്രാം വീതം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഇലയിലും മണ്ണിലും തളിക്കുന്നത് ഇലപ്പുള്ളി രോഗം ഗണ്യമായി കുറയ്ക്കും. പച്ചച്ചീരയും ചുവന്ന ചീരയും ഒരുമിച്ചു കൃഷി ചെയ്യുന്നതും വെണ്ടയ്ക്കൊപ്പം ചീര നടുന്നതും പുള്ളിക്കുത്തു രോഗം കുറയ്ക്കുന്നതായി നിരീക്ഷണമുണ്ട്.

12. തെറ്റ്: പച്ചക്കറികളുടെ ചുവട്ടിൽ അഴുകുന്ന അടുക്കള അവശിഷ്ടങ്ങൾ, പച്ചച്ചാണകം തുടങ്ങിയവ ഇടുന്നു. 

ശരി: ജൈവാവശിഷ്ടങ്ങൾ അഴുകുന്നതിന്റെ ചൂട് മൂലം പൊള്ളലിനും പച്ചക്കറി അവശിഷ്ടങ്ങളിലെ കുമിൾ, ബാക്ടീരിയ എന്നിവ മൂലം രോഗങ്ങൾക്കും സാധ്യതയേറെ. ജൈവാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാത്രം നൽകുക. അതിനു സാധിക്കുന്നില്ലെങ്കിൽ വിളകളുടെ തണ്ടിൽനിന്ന് ഒരു ചാൺ അകറ്റി മാത്രം പച്ചക്കറി അവശിഷ്ടങ്ങൾ ഇടുക. പച്ചച്ചാണകം ഒരിക്കലും നേരിട്ടു നൽകരുത്. ഇരുപത് ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ച ശേഷം മാത്രം നൽകുക.

13. തെറ്റ്: ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഒരുമിച്ചു നൽകുന്നു.

ശരി: രണ്ടും ഏറെ ഉപകാരികളാണെങ്കിലും ഇവ ഒരുമിച്ചു നൽകുന്നതു സംബന്ധിച്ച് ഗവേഷകർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചില ഘട്ടങ്ങളിൽ സ്യൂഡോമോണാസ് പുറപ്പെടുവിക്കുന്ന ആന്റിബയോട്ടിക്കുകൾ ട്രൈക്കോഡെർമയ്ക്ക് ദോഷകരമാണെന്ന വാദമുണ്ട്. വളരെ പെട്ടെന്നു ഫലം നൽകുന്ന സ്യൂഡോമോണാസായിരിക്കും രോഗബാധയുണ്ടായ ശേഷം നൽകാവുന്നത്. എന്നാൽ കുമിൾ രോഗങ്ങളും മറ്റും വരാതിരിക്കുന്നതിന് ട്രൈക്കോഡെർമ - ചാണകമിശ്രിതം മുൻകൂറായി നൽകണം.

14. തെറ്റ്:  വേണ്ടത്ര സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് പച്ചക്കറിക്കൃഷി. 

ശരി‌: നമ്മുടെ പച്ചക്കറികളിൽ മിക്കതും നേരിട്ടുള്ള സൂര്യപ്രകാരം തുടർച്ചയായി ആവശ്യമുള്ളവയാണ്. അതിനാൽ തണലുള്ള സ്ഥലങ്ങളിൽ പച്ചക്കറിക്കൃഷി ഒഴിവാക്കുക. എന്നാൽ തണലിലും വളരുന്ന പുതിന, കാന്താരി എന്നിവ സൂര്യപ്രകാശം കുറവുള്ള ഭാഗത്ത് നടാം.

15. തെറ്റ്: കുമ്മായത്തോടൊപ്പം രാസവളങ്ങൾ നൽകുന്നു.

ശരി: നിലമൊരുക്കുമ്പോൾ കുമ്മായം ചേർക്കുന്നത് ഉചിതമാണ്. അതിനു ശേഷം ഒരു ആഴ്ചയെങ്കിലും കഴിഞ്ഞ ശേഷം മാത്രം രാസവളം നൽകുക. മിക്കവാറും എല്ലാ രാസവളങ്ങളും അമ്ലസ്വഭാവമുള്ളവയാണ്. രണ്ടും ഒന്നിച്ചിട്ടാല്‍ തമ്മില്‍ പ്രതിപ്രവർത്തിച്ച് വിളകൾക്ക് പ്രയോജനരഹിതമായി മാറുന്നു.  

16. തെറ്റ്: ഇറച്ചിക്കോഴിയെ ഹോർമോണും ആന്റിബയോട്ടിക്കും കൊടുത്താണ് വളർത്തുന്നത്.

ശരി: ഊർജത്തിന് ധാന്യങ്ങൾ, മാംസ്യത്തിന് പിണ്ണാക്കുകൾ, നാരിന് തവിട് തുടങ്ങിയവയ്ക്കൊപ്പം ധാതുലവണങ്ങളും വൈറ്റമിനുകളും ഓരോ പ്രായത്തിനും ആവശ്യമായ അളവിൽ ചേർത്ത് തയാറാക്കിയിട്ടുള്ള തീറ്റ നൽകിയെങ്കിൽ മാത്രമേ കോഴികൾ വളരൂ. തീറ്റ മാത്രമല്ല, വംശപാരമ്പര്യം, തീറ്റപരിവർത്തനശേഷി, കാലാവസ്ഥ തുടങ്ങിയവയും വളർച്ചയെ സ്വാധീനിക്കും. 

17. തെറ്റ്: ബ്രൗൺ മുട്ടത്തോടുള്ള മുട്ടയെല്ലാം നാടനാണ്. നാടൻ മുട്ടയ്ക്ക് പോഷകഗുണം കൂടുതലാണ്.

ശരി: ചില സങ്കരയിനം കോഴികളും റോഡ് ഐലൻഡ് റെഡ്, അസ്ട്രലോർപ് പോലെയുള്ള വിദേശ ഇനം കോഴികളും ബ്രൗൺ നിറത്തിലുള്ള മുട്ടയാണ് ഇടുന്നത്. അതായത് നാടൻ കോഴികൾ മാത്രമല്ല ബ്രൗൺ നിറത്തിലുള്ള മുട്ടകളിടുന്നത്. ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ബിവി 380 എന്ന സങ്കരയിനം കോഴികളുടെ മുട്ടയും ബ്രൗൺ നിറത്തിലാണുള്ളത്.

18. തെറ്റ്: കന്നുകുട്ടികൾക്ക് പാത്രത്തിൽ പാൽ നൽകാം

ശരി: കന്നുകുട്ടികൾക്ക് അകിടിൽനിന്ന് നേരിട്ട് പാൽ നൽകുന്നതിലും നല്ലത് പാൽ കറന്ന് നൽകുന്നതാണ്. മിൽക്ക് ഫീഡിങ് ബക്കറ്റിൽ കിടാവിന് പാൽ നൽകുമ്പോൾ അകിടിൽനിന്ന് പാൽ നുണയുന്ന അതേ രീതിയിൽ ചെറുതായി ചവച്ചു വലിച്ച‌ു കുടിക്കാവുന്ന രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത്. അതോടൊപ്പം കിടാവിന്‌ കഴുത്ത് പൊക്കിപ്പിടിച്ച് അൽപം ചെരിച്ചു  വലിച്ചു കുടിക്കാവുന്ന വിധത്തിൽ ഏകദേശം അകിടിന്റെ അതെ ഉയരത്തിൽ വേണം മിൽക്ക് ഫീഡിങ്  ബക്കറ്റുകൾ  തൊഴുത്തിൽ ക്രമീകരിക്കേണ്ടത്. എങ്കിൽ  മാത്രമേ കിടാവ് കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട്  എത്തിച്ചേരുകയുള്ളൂ‌. അതല്ലെങ്കിൽ കിടാക്കളിൽ പൂർണമായും വികസിക്കാത്ത റൂമെൻ എന്ന ആമാശയ അറയിലേക്ക് പാൽ വഴിമാറി  ഒഴുകിയെത്തുകയും കെട്ടികിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായി തീരുകയും ചെയ്യും. ഇക്കാരണംകൊണ്ടുതന്നെ പരന്ന പാത്രങ്ങളിൽ പാൽ നിറച്ച് തറയിൽ വച്ച് കിടാക്കൾക്ക് നൽകുന്നത് ഒഴിവാക്കണം. എന്നാൽ കുടിവെള്ളം തറയിൽ വെച്ച പാത്രങ്ങളിൽ തന്നെ നിറച്ചുനൽകാം. ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ  കഴുകി വൃത്തിയാക്കാൻ മറക്കരുത്.

English summary: Common Mistakes in Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com