ADVERTISEMENT

പംക്തിയിലേക്കു ലഭിച്ച ചോദ്യങ്ങളില്‍നിന്നു പ്രാതിനിധ്യ സ്വഭാവമുള്ളവ തിരഞ്ഞെടുത്ത് ഉത്തരം നല്‍കുന്നു

? മാംഗോസ്റ്റീൻകൃഷിക്ക് കരഭൂമിയോ നിലമോ മെച്ചം. 
ആന്റോ മാത്യു, പഴയന്നൂർ

നിലങ്ങളിൽ ഈർപ്പം സ്ഥിരമായി നിലനിർത്തുന്നത് എളുപ്പമായതിനാലാവാം നിലമാണ് നല്ലതെന്നു പറച്ചിലുണ്ട്. എന്നാല്,‍ നല്ല നീർവാർച്ചയും ജൈവാംശവും ആഴത്തില്‍ മണ്ണുമുള്ള ഏതു ഭൂമിയിലും മാംഗോസ്റ്റീൻ കൃഷി ചെയ്യാം. പക്ഷേ, മണ്ണിലെ ഈർപ്പം സ്ഥിരമായ അളവിൽ നിലനിർത്തേണ്ടത് മരങ്ങള്‍ ശരിയായി വളരാനും പഴങ്ങള്‍ക്കു ഗുണനിലവാരമുണ്ടാകാനും വളരെ ആവശ്യമാണ്. ചെടികളുടെ തടങ്ങൾ പുതയിട്ടു സംരക്ഷിച്ചും ശരിയായി നനച്ചും ഏതു ഭൂമിയിലും മാംഗോസ്റ്റീൻ നന്നായി കൃഷി ചെയ്യാം. കരഭൂമിയിലെ മാംഗോസ്റ്റീനു കൂടുതലായി നനയ്ക്കേണ്ടിവരും. അവിടെ കൂടുതൽ കായ്പിടിത്തമുണ്ടാവുന്നതായും കായ്കൾക്ക് കേടു കുറവുള്ളതായും അനുഭവമുണ്ട്. നിലങ്ങളിൽ നടുമ്പോൾ വേണ്ടത്ര നീര്‍വാര്‍ച്ച ഉറപ്പാക്കണം.

? ഗ്രാഫ്റ്റ് തൈകൾ എത്രമാത്രം യോജ്യം  
മനോജ് ആർ. പിള്ള, സുമഭവൻ, അഞ്ചൽ

ക്ലഫ്റ്റ് ഗ്രാഫ്റ്റിങ്,  സൈഡ് ക്ലഫ്റ്റ് ഗ്രാഫ്റ്റിങ്, അടുപ്പിച്ചൊട്ടിക്കൽ രീതികളിലൂടെ മാംഗോസ്റ്റീൻ ഗ്രാഫ്റ്റ് ചെയ്യാമെങ്കിലും പല കാരണങ്ങളാൽ ഗ്രാഫ്റ്റിങ്  മാംഗോസ്റ്റീനു ശുപാർശ ചെയ്തിട്ടില്ല. ഗ്രാഫ്റ്റ് തൈകളുടെ വളർച്ച വിത്തുതൈകളെക്കാൾ വളരെ സാവധാനമാണ് എന്നതാണ് ഒരു കാരണം. ഗ്രാഫ്റ്റിങ്ങിനു വേണ്ട റൂട്സ് സ്റ്റോക്ക് ഉല്‍പാദിപ്പിക്കുന്നതിന് 2–3 വർഷം ആവശ്യമുണ്ട്. പലപ്പോഴും വേരു കാണ്ഡ(റൂട്സ് സ്റ്റോക്ക്)വും ഒട്ടുകമ്പും തമ്മിലുള്ള പ്രവർത്തനം പ്രതികൂലമാകുമ്പോൾ ഗ്രാഫ്റ്റ് തൈകള്‍ നശിച്ചു പോകാറുമുണ്ട്. ഗ്രാഫ്റ്റിങ്ങിനായി പാർശ്വ ശിഖരങ്ങളെടുക്കുമ്പോൾ വളർച്ച വശങ്ങളിലേക്കു മാത്രമായിരിക്കും. മുകളിലേക്കു വളരില്ല. ആദ്യവർഷങ്ങളിൽ വളർച്ച തീരെക്കുറവായിരിക്കും. എങ്കിലും ഒരു സാധ്യതയുള്ളത് 2–3 വർഷം പ്രായമായ മാംഗോസ്റ്റിൻ തൈകളിൽ ഓർത്തോട്രാപ്പിക് ശിഖരങ്ങൾ (മുകളിലേക്കു വളരുന്ന ശിഖരങ്ങൾ) മാത്രം ഗ്രാഫ്റ്റിങ്ങിന് ഉപയോഗിക്കുകയാണ്. ഇങ്ങനെ ചെയ്യുമ്പോൾ അല്‍പം നേരത്തേ ഫലം ലഭിക്കുന്നതായും കൂടുതൽ വിളവു കിട്ടുന്നതായും കാണാം. ഇങ്ങനെയുള്ള തൈകൾ ഒതുങ്ങി വളരുന്നതിനാൽ കൂടുതൽ അടുപ്പിച്ചു നടാമെന്ന മെച്ചവുമുണ്ട്.

?  വളർച്ചയും കായ്ക്കലും വളരെ സാവധാനം. പരിഹാരമെന്ത്. 
ജോസ് കെ. ജോയി, ജോയ് വില്ല, മല്ലപ്പള്ളി

വിത്തുകളിൽനിന്ന് ഉല്‍പാദിപ്പിക്കുന്ന മാംഗോസ്റ്റീൻ വിളവെടുപ്പിന് എട്ടു മുതൽ 12 വർഷംവരെ ആവശ്യമുണ്ട്. വേരുകളിൽ മൂലലോമങ്ങൾ ഇല്ലാത്തതും വേരുകൾ അധികം ശാഖകളായി പൊട്ടി വളരാത്തതുമാണ് വളർച്ച സാവധാനമാകാന്‍ പ്രധാന കാരണം. 3 വർഷത്തിനു മേൽ പ്രായമുള്ള തൈകൾ നടുന്ന പക്ഷം വിളവെടുപ്പിനുള്ള കാലതാമസം കുറയ്ക്കാം. ഇതിനായി 3 വർഷം തൈകൾ കൂടുകളിൽ വളർത്തുകയോ നഴ്സറികളിൽനിന്ന് 3 വർഷം പ്രായമായ തൈകൾ വാങ്ങുകയോ ആണ് മാർഗം. ശരിയായ നനയും വളപ്രയോഗവും ഉറപ്പാക്കിയും തൈകളുടെ വളർച്ച മെച്ചപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com