ADVERTISEMENT

തേക്കുകൃഷി ചെയ്താല്‍ 30–40 വർഷം കഴിഞ്ഞു മാത്രമേ ആദായം ലഭിക്കുകയുള്ളൂ എന്നാണ് പൊതുവെ നമ്മുടെ ധാരണ. എന്നാൽ, സംസ്ഥാന വനം വകുപ്പിന്റെയും കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവയുടെയും ശുപാർശ അനുസരിച്ച് ശാസ്ത്രീയമായി തേക്ക് കൃഷി ചെയ്താൽ എട്ടാം വർഷം മുതലും തുടർന്ന് 12, 18, 26, 36 എന്നി വർഷങ്ങളിലും തടി മുറിച്ചു വിറ്റ് ആദായം എടുക്കാം. നട്ട് 4 വർഷത്തിനുശേഷം നടത്തുന്ന മുറിച്ചു കളയലിനുശേഷമുള്ള മരങ്ങൾ ശരിയായി വളരുന്നതിനും ഈ രീതി കൂടിയേ തീരു. 

ശാസ്ത്രീയ കൃഷി ഇങ്ങനെ
1100 മുതൽ 2000 വരെ മില്ലിമീറ്റർ മഴ ലഭിക്കുന്ന ഉഷ്ണമേഖല കാലാവസ്ഥയും നല്ല നീർവാർച്ചയുള്ള മണ്ണുമാണ് തേക്കുകൃഷിക്ക് ഏറ്റവും യോജ്യം. തേക്കിനു 100% സൂര്യ പ്രകാശം ആവശ്യമുണ്ട്. എന്നാല്‍ വെള്ളക്കെട്ട് തീരെ പാടില്ല.

Image credit: Paulose N Kuriakose/iStockPhoto
Image credit: Paulose N Kuriakose/iStockPhoto

നടീൽ അകലം
തോട്ടമായി കൃഷി ചെയ്യുമ്പോൾ തൈകൾ തമ്മിലും 2 പന്തികൾ തമ്മിലും 2 മീറ്റർ (2 മീ.  x 2 മീ. / 6.6.x 6.6 അടി) അകലം ഉണ്ടായിരിക്കണം. അതിർത്തിയിൽ നടുമ്പോൾ ഒരു മീറ്റർ അകലത്തിലാകാം. ബെഡിൽ വളർത്തിയെടുക്കുന്ന സ്റ്റമ്പ് അല്ലെങ്കിൽ കുരു മുളപ്പിച്ച് പോളിബാഗിൽ വളർത്തിയെടുത്ത തൈയാണു നടേണ്ടത്. തൈകൾ നടുന്നതിന് മേൽപറഞ്ഞ അകലത്തിൽ (2 മീ. x 2 മീ.) കുറ്റിയടിച്ച് 30 സെ.മീ. വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികൾ എടുത്ത് മേൽ‌മണ്ണ്, നന്നായി ഉണക്കിപ്പൊടിച്ച ചാണകപ്പൊടി, 5കിലോ വേപ്പിൻപിണ്ണാക്ക്, 300 ഗ്രാം രാജ്ഫോസ്, 250 ഗ്രാം എന്നിവ നന്നായി ഇളക്കിച്ചേർത്ത് മിശ്രിതം ഉപയോഗിച്ച് കുഴി മൂടി അതിൽ വേണം പോളിബാഗിൽ വളർത്തിയെടുത്ത ഗുണനിലവാരമുള്ള തൈ നടാൻ. സ്റ്റമ്പ് ആണ് നടുന്നതെങ്കിൽ അലവാങ്ക്/കമ്പി ഉപയോഗിച്ച് നിശ്ചിത അകലത്തിൽ ദ്വാരം ഉണ്ടാക്കി അതിൽ സ്റ്റമ്പ് നട്ട് വശത്തുനിന്നു കമ്പി ഉപയോഗിച്ച് മണ്ണ് തിക്കിക്കൊടുത്ത് മണ്ണിൽ ഉറപ്പിക്കുക. ഏപ്രിൽ–മേയ് മാസമാണ് (പുതുമഴ ലഭിച്ച ഉടനെ) സ്റ്റമ്പ് നടുന്നതിന് ഏറ്റവും യോജിച്ച സമയം.

വളപ്രയോഗം
നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി തൈ ഒന്നിന് 10 കിലോ എന്ന തോതിൽ എല്ലാ വർഷവും നൽകുക. ചാണകപ്പൊടി ഇട്ടശേഷം ചപ്പുചവറുകൾ വെട്ടി പുതയിടാം. കൂടാതെ, രാസവളം തൈ ഒന്നിന് യൂറിയ 30 ഗ്രാം, രാജ്ഫോസ് 25 ഗ്രാം, പൊട്ടാഷ് 15 ഗ്രാം എന്ന തോതിൽ രണ്ടാം വർഷം മുതൽ അഞ്ചാം വർഷംവരെ നൽകുക. പിന്നീട് 12 വർഷംവരെ 3വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ ഈ അളവിൽ രാസവളം നൽകിയാൽ മതി.

മരങ്ങളുടെ എണ്ണം ക്രമീകരിക്കൽ (സിലക്‌ഷൻ ഫെല്ലിങ്)
ഓരോ മരത്തിനും നിശ്ചിത തോതിൽ വളർച്ച ഉറപ്പാക്കുന്നതിനും എട്ടാം വർഷം ആദായം ലഭിച്ചു തുടങ്ങുന്നതിനും നിശ്ചിത ഇടവേളകളിൽ മരങ്ങൾ മുറിച്ചു വിൽക്കേണ്ടതുണ്ട്. 2 x 2 മീറ്റർ അകലത്തിൽ നട്ട തൈകൾ 4 വർഷം  പ്രായമാകുമ്പോൾ 4 x 4 മീറ്റർ അകലം ലഭിക്കത്തക്ക രീതിയിൽ ഏറ്റവും വളർച്ച കുറഞ്ഞതും മുരടിച്ചതുമായ തൈകൾ വീണ്ടും മുളച്ചുവരാത്തവിധം, ചുവടു ചേർത്തു വെട്ടിക്കളയണം. 2 x 2 മീ അകലത്തിൽ നടുമ്പോൾ ഒരു ഏക്കറിൽ ആയിരത്തോളം തൈകൾ നടാം. ഇതിന്റെ നേർപകുതി തൈകളാണ് നാലാം വർഷം വെട്ടിമാറ്റേണ്ടത്.  തുടർന്ന് 8,12,16,26 വർഷങ്ങളിലും തടി മുറിച്ചു വിൽക്കാം. 

നന്നായി പരിപാലിച്ചാൽ തേക്കിന് ഒരു വർഷത്തിൽ 2 മുതൽ 4 ഇഞ്ച് വരെ വണ്ണം വയ്ക്കാം. നിശ്ചിത ഇടവേളകളിൽ ഇടയകലം ക്രമീകരിക്കുന്നതിന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം സൂര്യപ്രകാശം, അവശ്യ മൂല‌കങ്ങള്‍ എന്നിവയ്ക്കായി മരങ്ങൾ തമ്മിൽ മത്സരം ഒഴിവാക്കുകയാണ്. ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ അതായത് ഭൂപ്രകൃതി, തടിയുടെ വളർച്ച, വെട്ടി വിൽക്കാനുള്ള സാധ്യത ഇവ പരിഗണിച്ച് സിലക്‌ഷൻ ഫെല്ലിങ് നടത്തുന്ന രീതിയിലും സമയത്തിലും മാറ്റം വരുത്താം. സാധാരണഗതിയിൽ മേൽ സൂചിപ്പിച്ച പ്രകാരമുള്ള വെട്ടിമാറ്റൽ നടത്തിയാൽ 25–30 വർഷമാകുമ്പോഴേക്കും ഒരു ഏക്കർ തോട്ടത്തിൽ 35–40 മരങ്ങളേ കാണുകയുള്ളൂ. ഈ സമയത്ത് മരങ്ങൾ തമ്മിലുള്ള അകലം ഏകദേശം 12 മീറ്റർ അഥവാ  40 അടിയായിരിക്കും. തുടർന്ന് ഈ മരങ്ങളെ 80–100 ഇഞ്ച് വണ്ണത്തിലേക്ക് വളർത്തിക്കൊണ്ടുവരാനാവും. ഇങ്ങനെ ചുവടുഭാഗത്ത് 100 ഇഞ്ച് വണ്ണവും നല്ല ഏറ്റുവണ്ണവുമുള്ള തേക്കിന് നടുഭാഗത്ത് 80 ഇഞ്ചി നുമേൽ വണ്ണമുണ്ടെങ്കിൽ ഏകദേശം 250 ഘനയടി തടി കിട്ടും. ഇന്നത്തെ നിരക്കില്‍ ഒരു ഘനയടിക്ക് 5000 രൂപയ്ക്കു മേൽ വില ലഭിക്കാം.

Image credit: enviromantic/iStockPhoto
Image credit: enviromantic/iStockPhoto

കീടനിയന്ത്രണം
തേക്കിനെ ബാധിക്കുന്ന പ്രധാന കീടങ്ങൾ ഇലതീനിപ്പുഴുവും തണ്ടുതുരപ്പനുമാണ്. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കണ്ടാൽ ക്വിനാൽഫോസ് 3 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളിൽ തളിച്ചുകൊടുക്കണം. തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനു ക്ലോർ പൈറിഫോസ് 3 മില്ലി, ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലയിലും തണ്ടിലും കൂടാതെ തൈകൾക്ക് ചുറ്റിലും കൂടി തളിക്കുക.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

  • സ്റ്റമ്പുകളും തൈകളും മികച്ചതായിരിക്കണം.
  • തേക്കിന്റെ ശിഖരങ്ങൾ (കമ്പ്) വെട്ടി നീക്കാൻ പാടില്ല. ഇവ  സ്വാഭാവികമായി താഴെനിന്നു മുകളിലേക്ക് ഓരോ വർഷവും പടിപടിയായി ഉണങ്ങിപ്പോവുകയാണു വേണ്ടത്. കമ്പ് കോതിയാൽ ശിഖരങ്ങൾ ഇരട്ടിയായി ഉണ്ടാവുകയും ഇവ സ്വാഭാവികമായി ഉണങ്ങിപ്പോകാതെ വരികയും ചെയ്യും. കമ്പുകോതലിനു ചെലവും കൂടും.
  • തേക്കിന്റ  ശരിയായ വളർച്ചയ്ക്ക് ആദ്യത്തെ 4 വർഷം  കളനിയന്ത്രണം നന്നായി നടത്തണം. 
  • 100% സൂര്യപ്രകാശം വേണ്ടതിനാൽ മറ്റു മരങ്ങളുടെ തണലുള്ളിടത്ത് തേക്കുകൃഷി അരുത്. 
  • ആദ്യത്തെ 2–3 വർഷങ്ങളിൽ തേക്ക് വളയുന്നതായി കണ്ടാൽ താങ്ങുകാലോ കയറോകൊണ്ട് താങ്ങ് കൊടുക്കണം.
  • ചെറിയ തൈകൾക്കു വേനൽക്കാലത്ത് ചുവടിൽനിന്നു 15 സെ.മീ. മാറി പുതയിട്ടു കൊടുക്കാം. ഇത് കളനിയന്ത്രണത്തിനും ജലസംരക്ഷണത്തിനും സഹായകം.

വിലാസം: ജോയിന്റ് ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ്. 
ഫോൺ: 9447139679

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com