ADVERTISEMENT

കേരളത്തിന്റെ ഭക്ഷ്യഭദ്രതയിലും പരിസ്ഥിതിസേവനങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്നവയാണ് കോൾ പാടങ്ങൾ. ഇവിടുത്തെ നെൽകൃഷി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി കേരള കാർഷിക സർവകലാശാല നടപ്പിലാക്കിയ ഗവേഷണ പദ്ധതിയുടെ ഭാഗമായി നെൽക്കൃഷിക്കായി ഒരു പ്രോട്ടോകോൾ പുറത്തിറക്കിയിരിക്കുന്നു. ഇതൊരു കലണ്ടർ രൂപത്തിൽ ഇപ്പോൾ ലഭ്യമാണ്. വിത മുതൽ വിളവെടുപ്പു വരെ നീളുന്ന ഘട്ടങ്ങളിൽ ഓരോ ദിവസവും ചെയ്യേണ്ട കാർഷിക പ്രവൃത്തികളുടെ വിശദാംശങ്ങളും നിരീക്ഷിക്കേണ്ട കാര്യങ്ങളും കലണ്ടറിൽ സൂക്ഷ്മമായി പ്രതിപാദിക്കുന്നു. കോൾ നിലങ്ങളിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നെല്ലിനങ്ങളായ ഉമ, പൊന്മണി, ജ്യോതി, മനുരത്ന എന്നിവയുടെ ശാസ്ത്രീയ കൃഷി രീതികളാണ് പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ സംബന്ധിച്ച ശുപാർശകൾ (പാക്കേജ് ഓഫ് പ്രാക്ടീസസ് ) നിലവിലുണ്ടെങ്കിലും അതൊരു വിശദമായ കലണ്ടർ പ്രോട്ടോകോൾ രൂപത്തിൽ കർഷകർക്ക് ലഭ്യമാക്കുന്നത് ഇതാദ്യമായാണ്. കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെന്ററിലെ ഡോക്ടർ വി.ജി.സുനിൽ, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.ലത, വെള്ളാനിക്കര കാർഷിക കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. ബെറിൻ പത്രോസ് തുടങ്ങിയവരാണ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചത്.

കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അന്നം നൽകുന്ന തണ്ണീർത്തടങ്ങൾ

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളാണ് കോൾ നിലങ്ങൾ. സമുദ്രനിരപ്പിൽനിന്ന് 0.5 മുതൽ 1.5 വരെ മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളാണ് കോൾ നിലങ്ങൾ. തെക്ക് ചാലക്കുടിപ്പുഴയുടെയും വടക്ക് ഭാരതപ്പുഴയുടെയും ഇടയിലായി കിടക്കുന്ന കോൾപ്പാടങ്ങളിൽ തൃശൂർ, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളുണ്ട്. കാലാവസ്ഥ അനുവദിച്ചാൽ നല്ല വിളവു നൽകുന്ന നെല്ലറകൾ കൂടിയാണിവ. നിലവിൽ നെൽകൃഷി ചെയ്യുന്ന പ്രദേശങ്ങൾ ഏതാണ്ട് 14559 ഹെക്ടർ വരുമെന്നാണ് കണക്ക്. ഇതിൽ 12,638 ഹെക്ടർ തൃശൂർ ജില്ലയിലെ 8 ബ്ലോക്കുകളിലും, 1921 ഹെക്ടർ  മലപ്പുറം ജില്ലയിലെ രണ്ടു ബ്ലോക്കുകളിലുമായി വ്യാപിച്ചു കിടക്കുന്നു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ നെൽകൃഷി രീതികളുമായി കോളിലെ കൃഷിക്കു കുറച്ചു വ്യത്യാസങ്ങളുണ്ട്. കോൾ പ്രദേശങ്ങളിൽ മിക്കവാറും ഒരു സീസണിൽ മാത്രം കൃഷി ഇറക്കുന്ന പതിവാണ് ഇപ്പോഴുള്ളത്. രണ്ടു വിളയുള്ള പ്രദേശങ്ങളിൽ മുണ്ടകൻ കൃഷിയോ കൂട്ടുകൃഷിയോ ചെയ്തശേഷം പുഞ്ചക്കൃഷി കൂടി ചെയ്തു വരാറുണ്ട്. കേരള കാർഷിക സർവകലാശാല കോൾ നിലങ്ങൾക്ക് അനുയോജ്യമായ അത്യുൽപാദനശേഷിയുള്ള വിത്തുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഹ്രസ്വകാല മൂപ്പുള്ള ജ്യോതി, മനുരത്ന, പൗർണമി എന്നിവയും മധ്യകാല മൂപ്പുള്ള ഉമയുമാണ് ഇവയിൽ പ്രധാനം. കാഞ്ചന, ചില നാടൻ ഇനങ്ങൾ എന്നിവ പരിമിത സ്ഥലങ്ങളിൽ ഇപ്പോഴും കൃഷി ചെയ്തുവരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com