ADVERTISEMENT

വീട്ടുവളപ്പിൽ ചന്ദനം നടുന്നതിന് ഉണ്ടായിരുന്ന നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ സ്വന്തമായി ചന്ദനവനം നട്ടുപരിപാലിച്ച് മികച്ച നേട്ടമുണ്ടാക്കാൻ കേരളത്തിലെ കർഷകർ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ തോട്ടവിളപോലെ ചന്ദനം നട്ടു തുടങ്ങിയിരിക്കുകയാണ്. മറയൂർ വനം ഡിപ്പോയിൽനിന്നു കൃഷിക്കാവശ്യമായ ചന്ദനച്ചെടികൾ വാങ്ങാം. ഒരു ചന്ദനത്തൈയ്ക്ക് 75 രൂപ മുതൽ 100 രൂപ വരെയാണ് വില. പതിനഞ്ചു വർഷം വളർച്ചയെത്തിയശേഷം വെട്ടാൻ പാകമാകുമ്പോൾ വനംവകുപ്പിനെ അറിയിച്ചാൽ അവർ തന്നെ എത്തി വെട്ടി തടി മറയൂർ ഡിപ്പോയിലേക്ക് കൊണ്ടുപോകും. തടിയുടെ നിലവിലുള്ള വിപണി വില പൂർണമായും കർഷകനു ലഭിക്കും.

ചന്ദനവും നിയമങ്ങളും

സ്വന്തംപറമ്പിൽ ചന്ദനം നട്ടുവളർത്തു‍ന്നതിന് നിയമതടസ്സമില്ല. എന്നാൽ, മുറിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണം. തടിയുടെ നിലവിലുള്ള വിപണി വിലപൂർണമായും കർഷകന് ലഭിക്കും. വെട്ടുന്നതിനുള്ള ചെലവും തടി കൊണ്ടു പോകുന്നതിനുള്ള ചെലവും മാത്രമേ കുറയ്ക്കുകയുള്ളൂ. 

ചന്ദനച്ചെടി. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ.
ചന്ദനച്ചെടി. ചിത്രം: ആറ്റ്‌ലി ഫെർണാണ്ടസ്∙ മനോരമ.

15 വർഷം വളർച്ചയുള്ള ചന്ദനത്തിന്റെ കാതലുള്ള തടിക്കും വേരിനുമായി ചുരുങ്ങിയത് 20 കിലോഗ്രാം തൂക്കം വരും. ബാക്കിയുള്ള വെള്ള, തോൽ, ശിഖരങ്ങൾ എന്നിവയ്ക്കും വിലയുണ്ട്. ഒന്നാം ക്ലാസ് ഗുണനിലവാരമുള്ള ചന്ദനത്തിന്റെ കാതലും വേരും സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. 6 മാസം വരെ ഇതിനു വേണ്ടി വന്നേക്കാം. ഇത്തരത്തിൽ തയാറാക്കിയ ചന്ദനം ലേലത്തിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് 17,000 രൂപ വരെ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇങ്ങനെ നോക്കിയാൽ ഒരുമരത്തിന് ഏകദേശം 3.6 ലക്ഷം രൂപയാണ് ലഭിക്കുക. കാതലും വേരും ഒഴികെ ബാക്കിയുള്ള വെള്ള, തോൽ, ശിഖരങ്ങൾ എന്നിവയ്ക്ക് 2,000 രൂപ വരെ ലഭിക്കാം. വിപണി സാഹചര്യങ്ങളനുസരിച്ച് ഇതിനു മാറ്റം വരാം.

ചന്ദന സംരക്ഷണം

ചന്ദനമരങ്ങൾക്കു സംരക്ഷണം നൽകാൻ തടിയിൽ ഒളിപ്പിക്കാൻ സാധിക്കുന്ന ചെറിയ ചിപ്പുകളാണ് നൂതന ഉപാധി. ചിപ്പ് ഘടിപ്പിച്ച മരം വെട്ടാൻ ശ്രമിച്ചാൽ ഉടൻ മൊബൈലിൽ സന്ദേശം എത്തും. വൈദ്യുത വേലിയും സിസിടിവി ക്യാമറകളും കർഷകർ സാധാരണയായി ഉപയോഗിക്കുന്ന മറ്റു മാർഗങ്ങളാണ്.

മണ്ണിൽനിന്ന് ധാതുക്കൾ സ്വയം വലിച്ചെടുക്കാനുള്ള കഴിവ് ചന്ദനത്തിനില്ല. സമീപം വളരുന്ന മറ്റൊരു ചെടിയുടെ വേരിൽ നിന്നാണ് ആവശ്യമായ ധാതുക്കളിൽ പകുതിയും ചന്ദനം വലിച്ചെടുക്കുന്നതെന്ന് വാഴക്കുളത്ത് 600 ചന്ദനമരങ്ങൾ നട്ടിട്ടുള്ള പൈനാപ്പിൾ കർഷകനായ ജയിംസ് ജോർജ് തോട്ടുമാരിക്കൽ പറയുന്നു. വീടിനു സമീപത്തെ 2 ഏക്കർ കൃഷിയിടത്തിലാണു അദ്ദേഹം ചന്ദനമരങ്ങൾ നട്ടിരിക്കുന്നത്. 2 വർഷമായി കൃഷി ആരംഭിച്ചിട്ട്.  ചന്ദനമരത്തിനു സമീപം അധികം ഉയരത്തിലേക്ക് വളരാത്ത ചീര, കറിവേപ്പ്, തുവരപ്പയർ, ശീമക്കൊന്ന, തുളസി തുടങ്ങിയ ചെടികൾ കൂടി വച്ചുപിടിപ്പിച്ചിട്ടുണ്ട്. ജൈവ വളവും വേപ്പിൺ പിണ്ണാക്കും നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com