ADVERTISEMENT

എയർഹോസ്റ്റസ് ആകുന്നതിനു വ്യക്തമായ കരിയർ പ്ലാനുമായാണ് അനിത സൈക്കോളജി ബിരുദ കോഴ്സ് പൂർത്തിയാക്കിയത്. അതിനു യോജിച്ച ഏവിയേഷൻ കോഴ്സുകൾ അന്വേഷിച്ചു നടന്ന അനിത ഇന്നു രാജ്യമറിയുന്ന കൃഷിക്കാരിയാണ്-പന്നിവളർത്തൽ, മത്സ്യക്കൃഷി, സംയോജിതകൃഷിമേഖലകളിൽ പുത്തനാശയങ്ങൾ മാതൃകാപരമായി നടപ്പാക്കിയ ഇന്നവേറ്റിവ് ഫാമർ. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഇത്തവണത്തെ ഇന്നവേറ്റിവ് ഫാർമർ അവാർഡ് ജേതാവാണ് അനിത. നേരത്തേ കാർഷിക മികവിനുള്ള ഗോവ സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

വിമാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിച്ച അനിത പന്നിക്കൂട്ടിലെ മാനേജരായത് ഒരു കഥയാണ്. അതു കേൾക്കാൻ 17 വർഷം പിന്നോട്ടു പോകണം. 

ഗോവയിലെ വീട്ടിൽ മലയാളികളായ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന അനിതയുടെ അയലത്ത് പൂഞ്ഞാറുകാരൻ മാത്യു വള്ളിക്കാപ്പൻ (മാത്തച്ചൻ) താമസിക്കാനെത്തിയതാണ് കഥയുടെ തുടക്കം. മാത്തച്ചൻ മരക്കച്ചവടത്തിനാണ് 22 വർഷം മുൻപ് ഗോവയിൽ വന്നത്-ഇരുപത്തിരണ്ടാം വയസ്സിൽ. ഈട്ടിത്തടി തേടിയായിരുന്നു വരവ്. പക്ഷേ, ആ കച്ചവടം നടന്നില്ല. പകരം കൃഷിയിടങ്ങളും കാർഷികോൽപന്നങ്ങളും കച്ചവടം ചെയ്തു. ഗോവയിലെത്തി ബിസിനസുകാരനായി മാറിയ മാത്തച്ചൻ മറുനാടൻ മലയാളിമങ്കയുടെ മനം കവർന്നതും അവർ വിവാഹിതരായതും കഥയുടെ ഒന്നാം ഭാഗം.

mathachan-goa-4
ചെമ്മീൻകൃഷി നടത്തിയ കുളങ്ങളിലൊന്ന്. ഇപ്പോൾ കാളാഞ്ചിക്കൃഷിക്കായി തിലാപ്പിയ മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്നു

ഗോവയിൽ കുപ്രസിദ്ധമായ പിശാചുബാധയുടെ പേരിൽ നാട്ടുകാർ വഴിനടക്കാൻ പോലും ഭയപ്പെട്ട ഒരു പറമ്പ് മാത്തച്ചൻ മത്സ്യക്കൃഷിക്കായി വാങ്ങിയതാണ് രണ്ടാം ഭാഗം. ഈ പറമ്പിൽ ഏതു കൃഷി ചെയ്താലും ദുരന്തമാകുമെന്ന് അയൽക്കാർ. ദുരാത്മാക്കളുടെ ശല്യമുണ്ടെന്നു കരുതപ്പെടുന്ന സ്ഥലം വാങ്ങിയതോടെ മാത്തച്ചന്റെ ഡ്രൈവർമാർപോലും രാജിവച്ചുപോയി. അന്ധവിശ്വാസമെന്നു ചിരിച്ചുതള്ളി അവിടെ മത്സ്യക്കൃഷി തുടങ്ങിയ മാത്തച്ചനെ കാത്തിരുന്നതു തിരിച്ചടികൾതന്നെയായിരുന്നു.  

ഇവിടെത്തുടങ്ങിയ ചെമ്മീൻ കൃഷിയും കാളാഞ്ചിക്കൃഷിയുമൊക്കെ നാട്ടുകാരുടെ മുന്നറിയിപ്പുകൾ ശരിവയ്ക്കുംവിധം എട്ടു നിലയിൽ പൊട്ടി. കാലാവസ്ഥ പ്രതികൂലമായതുമൂലം ചെമ്മീൻ ഉൽപാദനം തീരെക്കുറഞ്ഞുപോയി. ഒരു കോടി രൂപയാണ് അങ്ങനെ പോയത്. അതു ഗൗനിക്കാതെ ഉയർന്ന വില കിട്ടുന്ന കാളാഞ്ചിയെ വളർത്തി. എന്നാൽ, തീറ്റക്രമം പിഴച്ചതിനെ തുടർന്ന് അതും അരക്കോടി രൂപയോളം നഷ്ടം വരുത്തി. നഷ്ടം തിരിച്ചു പിടിക്കാൻ ഭർത്താവ് മാത്തച്ചനൊപ്പം അരയും തലയും മുറുക്കി ഫാമിൽ കാലെടുത്തുവച്ചതാണ് അനിത. ചെറിയ തോതിലുണ്ടായിരുന്ന പന്നിവളർത്തലിലൂടെ ഈ രംഗത്തെ സാധ്യതക ൾ അവർ മനസ്സിലാക്കിയിരുന്നു. നയാപൈസ മുടക്കില്ലാതെ പതിനായിരങ്ങൾ വിലമതിക്കുന്ന പന്നികളെ വിപണിയിലെത്തിക്കാൻ കഴിയുമെന്നത് കടബാധ്യതയിൽ കുടുങ്ങിയ യുവദമ്പതികൾക്ക് വലിയ ആശ്വാസമായി മാറി.

mathachan-goa-2
പച്ചക്കറിയവശിഷ്ടവും പച്ചപ്പുല്ലും നൽകി മൂരിക്കുട്ടികളെ വളർത്തൽ

ഫാം ഓപ്പറേഷൻസ് അനിതയെ ഏൽപിച്ച് ഉൽപന്നവിപണനത്തിലേക്കു ചുവടുമാറാൻ മാത്തച്ചനു കഴിഞ്ഞു. പൈനാപ്പിൾ കച്ചവടം പോലുള്ള അഗ്രി ബിസിനസ് സംരംഭങ്ങളിലൂടെ  മാത്തച്ചൻ മുന്നേറിയപ്പോൾ പുതുമയുള്ള ആശയങ്ങളിലൂടെ സുസ്ഥിര വളർച്ചയിലേക്കു ഫാമിനെ നയിക്കാൻ അനിതയ്ക്കുമായി. 

mathachan-goa-3

ഗോവയിലെ സ്റ്റാർ ഹോട്ടലുകളിൽനിന്ന് മിച്ചഭക്ഷണം ശേഖരിച്ച് 13 ഉൽപന്നങ്ങളാക്കി മാറ്റുന്ന രീതിയാണ് ഇവരുടെ ഫാമിലുള്ളത്. അതായത് ഹോട്ടൽ വേസ്റ്റ് അഥവാ മിച്ചഭക്ഷണത്തിൽനിന്ന് മാംസം, മത്സ്യം, മുട്ട, പൈനാപ്പിൾ എന്നിങ്ങനെ 13 ഉൽപന്നങ്ങൾ. എല്ലാത്തിന്റെയും അടിത്തറ മിച്ചഭക്ഷണം. ചുരുക്കത്തിൽ പണം മുടക്കിയുള്ള തീറ്റ നൽകൽ ഈ ഫാമിലില്ല. അതുകൊണ്ടുതന്നെ മാതൃകയാക്കാനും കണ്ടുപഠിക്കാനും ഒട്ടേറെ കാര്യങ്ങൾ മാത്തച്ചന്റെയും അനിതയുടെയും ബ്ലൂ ഹാർവസ്റ്റ് ഫാമിലുണ്ട്. അതേക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com