ADVERTISEMENT

ഉൽപാദനമികവുള്ള കൊക്കോച്ചെടിയുടെ കായ്കൾ മുളപ്പിച്ച് തൈകളുണ്ടാക്കുന്നതാണ് മിക്കവരുടെയും രീതി. പരപരാഗണത്തിലൂടെ കായ്കൾ ഉണ്ടാകുന്ന ചെടിയാണു കൊക്കോ. അതുകൊണ്ടു തന്നെ ഇങ്ങനെ തയാറാക്കുന്ന തൈകൾ നട്ടാൽ എല്ലാം ഒരേപോലെ മികച്ച ഫലം നല്‍കണമെന്നില്ല. ശാസ്ത്രീയമായി നട്ടുവളർത്തിയ തോട്ടങ്ങളിൽനിന്നുതന്നെ നടീൽവസ്തുക്കൾ ശേഖരിക്കുക. ഈയാവശ്യത്തിനു കേരള കാർഷിക സർവകലാശാലയിൽ പോളി ക്ലോണൽ തോട്ടങ്ങൾ പരിപാലിക്കുന്നുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന കൊക്കോതൈകൾ സർവകലാശാലയുടെ കൊക്കോ ഗവേഷണകേന്ദ്രത്തിൽ ലഭ്യമാണ്. കാഡ്ബറി വഴിയും വിതരണം ചെയ്യുന്നുണ്ട്. 3 മീറ്റർ അകലത്തിൽ കൊക്കോ നടാം. തെങ്ങിനും കമുകിനും യോജിക്കുന്ന മികച്ച ഇടവിളയാണ് കൊക്കോ.

പ്രൂണിങ്

തട്ടുതട്ടായി വളരുന്ന കൊക്കോച്ചെടിക്ക് യഥാകാലം പ്രൂണിങ് (കമ്പുകോതൽ) ആവശ്യമാണ്. അതല്ലെങ്കിൽ നട്ട് 5–8 വർഷങ്ങൾക്കുള്ളിൽ ചെടി പല തട്ടായി വളർന്ന് 8–12 മീറ്റർ  ഉയരമെത്തും. മഴക്കാലത്തിനു തൊട്ടുമുൻപുള്ള കമ്പുകോതൽ രീതിയാണ് ഓപ്പൺ സെന്റർ (open center) പ്രൂണിങ്. മധ്യഭാഗത്തെ കമ്പുകൾ നീക്കി കുട മലർത്തി വച്ചപോലുള്ള ആകൃതി ചെടിക്കു നൽകി സൂര്യ പ്രകാശലഭ്യത വർധിപ്പിച്ച്, കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകാൻ സഹായിക്കുന്ന പ്രൂണിങ് രീതിയാണിത്. വേനൽക്കാലത്തിനു തൊട്ടു മുൻപ് ക്ലോസ്ഡ് സെന്റർ (closed center) പ്രൂണിങ് വഴി വശങ്ങളിലെ അധിക കമ്പുകൾ നീക്കി ചെടിക്കു കുട നിവർത്തിവച്ച പോലുള്ള ആകൃതി നൽകുന്നു. വേനലിലെ കടുത്ത സൂര്യരശ്മികളിൽനിന്ന് തടിയെ (പുഷ്പിക്കുന്ന ഭാഗം) രക്ഷിക്കാൻ ഈ രീതി സഹായകം. പ്രൂണിങ് വഴി തോട്ടത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കാം. കുമിൾരോഗസാധ്യത  കുറയുകയും ചെയ്യും. 

കളനാശിനി, കീടനാശിനി

കൊക്കോക്കൃഷിയുടെ ആദ്യ കാലങ്ങളിൽ കള നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഒരു കാരണവശാലും കളനാശിനി ഉപയോഗിക്കരുത്. കളനാശിനി പ്രയോഗിച്ച തോട്ടങ്ങളിൽ കായ്‌പിടിത്തം കുറയുന്നതായി കാണുന്നുണ്ട്. കൊക്കോയെ ആക്രമിക്കുന്ന തേയിലക്കൊതുക് ചില സീസണിൽ വളരെക്കൂടുതലാണ്. രാസവസ്തുക്കൾ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ പരാഗണം നടത്തുന്ന ചെറുപ്രാണികൾ കൂടി ഇല്ലാതാകും. അതുവഴിയും കായ്പിടിത്തം കുറയും. തോട്ടത്തിലെ കളച്ചെടികൾ നീക്കുന്നതുവഴി ഈ കീടത്തെ നിയന്ത്രിക്കാം. മഴക്കാലത്ത് ഏറെ ഉപദ്രവമുണ്ടാക്കുന്ന രോഗമാണ് ഫൈറ്റോഫ്തോറ. കവാത്തു നടത്തി തോട്ടത്തിൽ വായുസഞ്ചാരം ഉറപ്പുവരുത്തിയാൽ തന്നെ ഈ രോഗം കുറച്ചൊക്കെ നിയന്ത്രിക്കാം.

കുരു സൂക്ഷിച്ചു വയ്ക്കാം

വില ഉയരുന്ന സാഹചര്യത്തിൽ, കൊക്കോക്കുരു ഉണക്കി സൂക്ഷിക്കുന്നവർ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിക്കാൻ ശ്രദ്ധിക്കണം. നന്നായി പുളിപ്പിച്ച ശേഷം കൃത്യമായിത്തന്നെ ഉണക്ക് പൂർത്തിയാക്കണം. കുരുവിലെ ഈർപ്പാംശം 7% എത്തിക്കണം. ഈർപ്പം കൂടിയാൽ പൂപ്പലിനു സാധ്യതയുണ്ട്. അതുവഴി കുരുവിനുള്ളിലെ ഫ്രീ ഫാറ്റി ആസിഡിന്റെ തോത് കൂടുകയും, ഭക്ഷ്യ യോഗ്യമല്ലാതാവുകയും ചെയ്യും. ശരിയായി ഉണക്കിയെടുത്ത കുരു വായു കടക്കാത്ത, ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പത്രങ്ങളിൽ 6 മാസത്തോളം കേടാകാതെ സൂക്ഷിക്കാം. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ വെയിൽ കൊള്ളിക്കണം. 

പ്രഫസർ, കൊക്കോ ഗവേഷണകേന്ദ്രം, കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര ഫോൺ: 0487 2438451

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com