ADVERTISEMENT

അഭിഭാഷകവൃത്തിക്കൊപ്പം കൃഷിയെയും നെഞ്ചോടു ചേർക്കുന്നു മണിമല പുലിക്കറ്റ് പനന്തോട്ടത്തിൽ കൈരേട്ട് അഡ്വ. മാത്യു സക്കറിയാസ്. കുടുംബസ്വത്തായുള്ള 8 ഏക്കറിൽ 6 ഏക്കറില്‍ റബറും 2 ഏക്കറില്‍ ബഹുവിളക്കൃഷിയുമാണ്. കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്ക്കൊപ്പം അബിയു, റംബുട്ടാൻ, മാങ്കോസ്റ്റിൻ, അവ്ക്കാഡോ, പ്ലാവ്, നാരകം, മാവ് തുടങ്ങിയവ വളർത്തുന്നു.  

വിളകളില്‍ പ്രധാനം കുരുമുളകാണ്. 500 ചുവട് കുമ്പുക്കൽ ഇനം. കേട് കുറവാണെന്നതാണ് ഈ ഇനത്തിന്റെ സവിശേഷത. 3 വർഷം പ്രായമായ ഇവയിൽനിന്ന് ഈ സീസണില്‍ 100 കിലോ ഉണക്ക ലഭിച്ചു. TxD, മലേഷ്യൻ കുള്ളൻ ഇനങ്ങളിൽപ്പെട്ട 50 തെങ്ങിൻതൈകൾ വളർന്നുവരുന്നു. 7 വർഷമായ ജാതിമരങ്ങളില്‍നിന്നു മികച്ച് വിളവു ലഭിക്കുന്നു.

cardamom-2

ഹൈറേഞ്ചിലാണ് ഏലം മികച്ച വിളവു നൽകാറുള്ളതെങ്കിലും മാത്യുവിന്റെ വീട്ടുമുറ്റത്തും ഏലച്ചെടികൾ നന്നായി വളരുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 30 സെന്റ് സ്ഥലത്ത് ഏലം നട്ടത് വിജയമാണെന്നു മാത്യു. ഏലം ഒരു കൗതുകത്തിനു നട്ടതാണെങ്കിലും സാമാന്യം നല്ല വിളവു കിട്ടുന്നുണ്ട്. ഫലവൃക്ഷങ്ങളും കുരുമുളകും ജാതിയും മികച്ച വരുമാനം തരുന്നുണ്ടെന്ന് മാത്യു. ഒരു വിളയെ മാത്രം ആശ്രയിച്ചു മുൻപോ‌ട്ടു പോകാനാവില്ല. അതുകൊണ്ടാണ് ബഹുവിളരീതി സ്വീകരിച്ചത്. ജൈവരീതിയിലാണ് കൃഷി. മേയിൽ മണ്ണിൽ ഡോളമൈറ്റ് ചേർത്ത് പുളിപ്പു മാറ്റും. തുടർന്നു വളപ്രയോഗം. ചാണകം, വെപ്പിൻപിണ്ണാക്ക് എന്നിവ ഒന്നരക്കിലോവരെ കുരുമുളകുകൊടികൾക്കു നൽകും. മഴക്കാലത്ത് ബോർഡോ മിശ്രിതം തളിക്കും. ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നുമുണ്ട്.  മണ്ണിരക്കംപോസ്റ്റ്, ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത ലായനി ഇടയ്ക്കു നൽകാറുണ്ട്. വേപ്പിൻപിണ്ണാക്ക് രോഗം വരാതെ കൊടികളെ സംരക്ഷിക്കുമെന്നാണ് മാത്യുവിന്റെ പക്ഷം.

cardamom-3

വീടിനോടു ചേർന്നുള്ള പാറക്കുളത്തിൽ കട്‌ല, വാള, ജയന്റ് ഗൗരാമി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നു. പ്രധാനമായും വീട്ടാവശ്യത്തിനാണ് മത്സ്യക്കൃഷി. ചെറിയ തോതിൽ വിൽക്കാനും പദ്ധതിയുണ്ട്. ഈ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് സ്പ്രിംഗ്ലർ ഉപയോഗിച്ചു ചെടികൾക്കു നൽകുന്നു. മത്സ്യങ്ങളുടെ കാഷ്ഠം കലര്‍ന്ന വെള്ളം മികച്ച വളവുമാണ്.  

ഫോൺ: 80752 93628

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com