ADVERTISEMENT

ഓഗസ്റ്റ് ഒമ്പതിനായിരുന്നു എഴുപത്തഞ്ചുകാരനായ മൊയ്തുക്കായുടെ ജീവിതം കീഴ്മേൽ മറിച്ച ആ സംഭവം. പകൽസമയത്ത് അസാധാരണ ശബ്ദം കേട്ട് വീട്ടിൽനിന്നു മുറ്റത്തിറങ്ങിയ അദ്ദേഹത്തിന്റെ മുന്നിലൂടെ ഉരുൾപൊട്ടിയെത്തിയ മണ്ണും കല്ലും വെള്ളവും കുത്തനെ ഒലിച്ചുപോയി. ഒപ്പം തൊട്ടുമുമ്പുവരെ താൻ വിശ്രമിച്ച വീടും തൊട്ടടുത്തുണ്ടായിരുന്ന തൊഴുത്തും അതിനുള്ളിലെ ഏഴു പശുക്കളും. ഉടുവസ്ത്രം മാത്രമായി മിച്ചം. സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടതിനൊപ്പം വരുമാനമാർഗമായ പശുക്കൾ കൂടി ഇല്ലാതായത് ആ കുടുംബത്തെ ആകെ  തകർത്തു. എങ്ങനെ ജീവിക്കുമെന്നറിയാതെ പകച്ചുനിന്ന അവരെ തേടി അടുത്ത മാസം ആ ശുഭവാർത്തയെത്തി– പ്രസവിച്ചിട്ട് 9 ദിവസം മാത്രമായ, 16 ലീറ്റർ പാൽ കറക്കുന്ന ഒന്നാംതരം ഒരു പശു മൊയ്തുവിന്റെ വീട്ടിലേക്കു വരുന്നു. പിറ്റേന്നു തന്നെ പശുവെത്തി, ഒപ്പം തരിയോട് ക്ഷീരസംഘം വക സൗജന്യ കാലിത്തീറ്റയും പച്ചപ്പുല്ലും വൈക്കോലും.  അടുത്ത പ്രഭാതം മുതൽ 16 ലീറ്റർ പാലിന്റെ വരുമാനക്കാരായി മൊയ്തുവും കുടുംബവും. ആകെയുണ്ടായിരുന്ന മൂന്നു കറവപ്പശുക്കളും രണ്ടു കിടാരികളും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട പനമരം സ്വദേശി മേരിയും മകനും ജീവിതം തിരിച്ചുപിടിക്കുന്നതും പശുവിലൂടെ തന്നെ. ക്ഷീരസംഘത്തിൽ ദിവസേന 17–20  ലീറ്റർ പാലളന്നാണ് അമ്മയും മകനും മാത്രമുള്ള ആ കുടുംബം കഴിഞ്ഞിരുന്നത്. വരുമാനമാർഗം നഷ്ടപ്പെട്ട മേരിക്കു മംഗളവാർത്തയുമായി ഒരു ഫോൺകോളെത്തി– അറുപതിനായിരം രൂപ വിലയുള്ള ഒന്നാന്തരം പശു തൊഴുത്തിലേക്ക്  ഉടൻ എത്തുമെന്നായിരുന്നു  വാർത്ത, അതും സൗജന്യമായി. ഇന്ന് താനും മകനും ജീവിക്കുന്നത് ദാനമായി കിട്ടിയ പശുവിനെക്കൊണ്ടാണെന്ന് മേരി.

പ്രളയദുരിതങ്ങൾ നാലു മാസം പിന്നിടുമ്പോൾ വയനാട്ടിലെ മിക്ക പഞ്ചായത്തുകളിലും ഇത്തരം അനുഭവങ്ങളുള്ള കൃഷിക്കാരുണ്ട്. ഉപജീവനം നഷ്ടപ്പെട്ടവർ സൗജന്യമായി ലഭിച്ച പശുക്കളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങൾ. എല്ലാറ്റിനും നിമിത്തമായതാവട്ടെ കൽപറ്റ ക്ഷീരവികസന ഓഫിസർ വി.എസ്.  ഹർഷയും സഹപ്രവർത്തകരും തുടക്കം കുറിച്ച  ഇടപെടലുകളും.

രണ്ടു സ്ഥിരം ജീവനക്കാരും മൂന്ന് താൽക്കാലിക ജീവനക്കാരും മാത്രമുള്ള കൽപറ്റ ക്ഷീരവികസനവകുപ്പ് ഓഫിസിലാണ് ‘പശുവിനെ നൽകി ജീവിതം തിരികെപ്പിടിക്കാൻ സഹായിക്കുക’ എന്ന ആശയം ജനിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട മൊയ്തുവിനും കുടുംബത്തിനും ഒരു പശുവിനെ വാങ്ങി നൽകാമെന്ന് അവർ തീരുമാനിച്ചു. വലിയൊരു സഹായശൃംഖലയുടെ തുടക്കം കുറിക്കുകയാണെന്നൊന്നും  അപ്പോൾ ചിന്തിച്ചിരുന്നില്ലെന്ന് ഹർഷ പറയുന്നു.‘‘പ്രളയത്തിന്റെ ആദ്യദിനങ്ങളിൽ കർഷകരുടെ ദുരിതങ്ങൾ കണ്ടു മനസ്സിലാക്കാനായി വയനാടിന്റെ പല ഭാഗങ്ങളിലും പോയിരുന്നു. അന്നു തന്നെ 35,000 രൂപ ആർക്കെങ്കിലും  സഹായമായി നൽകണമെന്നകരുതി മാറ്റിവയ്ക്കുകയും ചെയ്തു’’– ഹർഷപറഞ്ഞു. സാലറി ചലഞ്ച്പ്രഖ്യാപിക്കപ്പെടുന്നതിനും മുമ്പായിരുന്നു അത്. സഹപ്രവർത്തകനായ ഡെയറി ഫാം ഇൻസ് ട്രക്ടർ ടി. എം. ഗിരീഷിനോട് മൊയ്തുവിനെ സഹായിക്കുന്ന കാര്യം ആലോചിച്ചപ്പോൾ സ്വന്തം വിഹിതം നൽകി അദ്ദേഹം ‘കട്ട സപ്പോർട്ട്’ പ്രഖ്യാപിച്ചു. താൽക്കാലിക ജീവനക്കാരായ പ്രിയ, സുഷ,നിമിഷ എന്നിവർ കൂടി വിഹിതം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ‘ഡൊണേറ്റ് എ കൗ’ എന്ന സഹായശൃംഖലയ്ക്കു തുടക്കമായി. ഉദ്യോഗസ്ഥരുടെ മാതൃക കണ്ടപ്പോൾ രണ്ടു ക്ഷീരകർഷകർക്ക് അടങ്ങിയിരിക്കാനായില്ല – ഓരോ പശുവിനെ ദുരിതബാധിതർക്ക് നൽകാൻ സന്നദ്ധരാണെന്ന് അവർ അറിയിച്ചു. ആദ്യദിനം തന്നെ മൂന്നു പശുക്കളെ ലഭ്യമാക്കാനായതോടെ ആവേശമായി. 

ഫെയ്സ് ബുക്കിൽ ഏറെ സജീവമായ ഹർഷ അന്നു തന്നെ പദ്ധതിയെക്കുറിച്ചു ഫോട്ടോ സഹിതം പോസ്റ്റിട്ടു. ആരെങ്കിലുമൊക്കെ സഹായിക്കുന്നെങ്കിൽ അത്രയുമായി എന്നേ കരുതിയുള്ളൂ– ഹർഷ പറയുന്നു. എന്നാൽ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു പ്രതികരണം. ഡെ​യറി സയൻസ് കോളജിൽ ഹർഷയുടെ സഹപാഠികളായിരുന്നവർ ചേർന്ന് ഒരു പശുവിനെ നൽകാമെന്നേറ്റു. തൊട്ടുപിന്നാലെ കോളജിൽ നിന്നു കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവരും ഒരു പശുവിനെ സ്പോൺസർ ചെയ്തു. 

ഓരോ സ്പോൺസർഷിപ്പും ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിക്കാൻ ഹർഷ മടിച്ചില്ല. മികച്ച ഒരു പ്രചാരണയത്നമായി മാറി ഹർഷയുടെ പോസ്റ്റുകൾ. ഓരോ ദിവസവും കൂടുതലാളുകൾ പശുക്കളെ  സ്പോൺസർ ചെയ്യാൻ സന്നദ്ധരായി. അതോടെ  ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടുപിടിക്കുകയെന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടിവന്നു. ക്ഷീരസംഘം ഭാരവാഹികളുടെയും സഹപ്രവർത്തകരായ ഉദ്യോഗസ്ഥരുടെയും സഹായത്തോെട ഏറ്റവും അർഹരായവരെ മാത്രം തിരഞ്ഞുകണ്ടെത്താൻ പ്രത്യേക നിഷ്കർഷ പുലർത്തി. പശുവിനെ നഷ്ടമായവരെ മാത്രമാണ് ആദ്യഘട്ടത്തിൽഗുണഭോക്താക്കളായി കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് ആ മാനദണ്ഡം മാറ്റി. ഉപജീവനമാർഗം നഷ്ടപ്പെട്ട കൃഷിക്കാർക്കുള്ള പദ്ധതിയായി ഇതിനെ പരിഷ്കരിച്ചു. പത്തു പശുക്കളിൽ രണ്ടെണ്ണം നഷ്ടപ്പെട്ടയാളെക്കാൾ  ആകെയുണ്ടായിരുന്ന കൃഷിഭൂമി മുഴുവൻ നശിച്ചയാളാണ് സഹായത്തിന് അർഹനെന്ന തിരിച്ചറിവായിരുന്നു കാരണം. വെള്ളപ്പൊക്കത്തെ തുടർന്ന് കന്നുകാലികൾ, വീട്, കൃഷിയിടം എന്നിവ നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരും ഇപ്പോൾ പദ്ധതിയുടെ ഗുണഭക്താക്കളായുണ്ട്.  ആകെ  142 കൃഷിക്കാർക്ക് ഇതിനകം 44 പശുക്കളെയും 100 കിടാരികളെയും നൽകാൻ ‘ഡൊണേറ്റ് എ കൗ’ പദ്ധതിയിലൂടെ സാധിച്ചു. ബെംഗളൂരുവിലെ ഒരു സന്നദ്ധസംഘടനയാണ് 100 കിടാരികളെ വാങ്ങി എത്തിച്ചുതന്നത്.  ദിവസേന 15–16 ലീറ്റർ ഉൽപാദനമുള്ള  പശുക്കളിലൂെട ഇതിനകം ശരാശരി 600 ലീറ്റർ പ്രതിദിന പാലുൽപാദനം തിരിച്ചുപിടിക്കാനും സാധിച്ചു.  പൊതുഖജനാവിൽ നിന്ന് ഒരു രൂപപോലും മുടക്കാതെയാണ് ഈ നേട്ടം.

പ്രളയം മൂലം ഭാഗികമായി നഷ്ടമുണ്ടായ മറ്റു ക്ഷീരകർഷകർക്ക്  ‌50 ശതമാനം സബ്സിഡി നൽകുന്ന സർക്കാർ പദ്ധതിപ്രയോജനപ്പെടുത്താമെന്ന് ഹർഷ ചൂണ്ടിക്കാട്ടി. ആരുടെയും അപേക്ഷ വാങ്ങാതെ, അർഹരായവരെ അന്വേഷിച്ചു കണ്ടെത്തിയാണ് പശുക്കളെ നൽകിയത്. പശുക്കളെ നൽകുന്ന ദിവസമോ തലേ ദിവസമോ മാത്രമാണ് ഗുണഭോക്താക്കളെ  വിവരമറിയിക്കുക– ശരിക്കും ഒരു ‘പ്ലസന്റ് സർപ്രൈസ്’. ഒരു പക്ഷേ  ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവിന്റെ ആദ്യനിമിഷം അതായിരിക്കാം. പശുക്കളെ നഷ്ടപ്പെട്ട പലർക്കും സാമ്പത്തിക നഷ്ടത്തെക്കാൾ ഓമനമൃഗങ്ങളുടെ വിയോഗമുണ്ടാക്കിയ വൈകാരിക നഷ്ടമാണ് താങ്ങാൻ കഴിയാതെ പോയതെന്നു ഹർഷ ചൂണ്ടിക്കാട്ടി.

അർഹരായ കൃഷിക്കാരെ കണ്ടെത്തിയശേഷം സഹായസന്നദ്ധരായ ഉദാരമനസ്സുകളെ അറിയിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം.  സ്പോൺസർമാർക്ക് പശുക്കളെ നേരിട്ടു വാങ്ങി നൽകുകയോ നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലൂെട കൈമാറുകയോ ചെയ്യാം. ഈ തുക ഉപയോഗിച്ച് ഗുണമേന്മയുള്ള പശുക്കളെ തിരഞ്ഞെടുത്തു നൽകുകയും  തീറ്റ, ഇൻഷുറൻസ് കവറേജ് എന്നിവ ഉറപ്പാക്കുകയുമാണ് പദ്ധതി പ്രവർത്തകർ ചെയ്യുന്നത്. ക്ഷീരസംഘങ്ങളിലൂെട പാൽ വിൽക്കാനും  സാധിക്കും. നഷ്ടപ്പെട്ട ഉൽപാദനം തിരിച്ചുപിടിക്കുന്നതിലുപരി എല്ലാം നഷ്ടമായ  കൃഷിക്കാർക്ക് എത്രയും പെട്ടെന്നു വരുമാനമാർഗമുണ്ടാക്കുകയാണ് ‘ഡൊണേറ്റ് എ കൗ’  പദ്ധതിയുെട മുഖ്യലക്ഷ്യമെന്ന് ഹർഷ ഓർമിപ്പിക്കുന്നു.

donate-a-cow-1

സ്കൂൾ കുട്ടികൾ മുതൽ വിദേശ ഇന്ത്യക്കാർവരെ പദ്ധതിയുടെ ഭാഗമായതോടെ ഏറ്റവും ജനകീയമായ കാർഷിക പുനരുജ്ജീവന പദ്ധതിയായി അതു മാറി. കൃഷിയും കൃഷിക്കാരനും നിലനിൽക്കേണ്ടത് സമൂഹത്തിന്റെ പൊതു ആവശ്യമാണെന്ന തിരിച്ചറിവ് കൂടുതൽ ആളുകളിലെത്തിക്കാനും ഇതുവഴി സാധിച്ചു. അർഹരാണെന്നു കണ്ടെത്തിയവരിൽ മൊയ്തുവിനു മാത്രം മൂന്ന് പശുക്കളെ നൽകി–  ഒന്നരലക്ഷത്തിലധികം രൂപയുടെ സഹായമാണ് അദ്ദേഹത്തിനു ലഭിച്ചത്. മറ്റുള്ളവർക്കെല്ലാം ഓരോ ഉരുവിനെ മാത്രമാണ് നൽകിയത്. താങ്ങാനാവാത്ത നഷ്ടം നേരിട്ട ഏറക്കുറെ എല്ലാ കർഷകർക്കും ഒരു പശുവിനെയെങ്കിലും നൽകാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇനിയും അർഹരായ കൂടുതൽ കർഷകർക്ക് സഹായമെത്തിക്കാമെന്ന പ്രതീക്ഷയിൽ പദ്ധതി തുടരുകയാണ്. നിലവിൽ 15 പശുക്കളെ നൽകാനുള്ള സഹായവാഗ്ദാനം  കൈവശമുണ്ട്. തൊഴുത്ത് നഷ്ടമായവർക്ക് തൊഴുത്തുനിർമാണത്തിനും സഹായം നൽകി. നല്ല പശുക്കളെ കണ്ടെത്തുകയാണ് പദ്ധതിയിലെ പ്രധാന വെല്ലുവിളിയെന്നു ഹർഷ ചൂണ്ടിക്കാട്ടി. കർണാടകത്തിലും  തമിഴ്നാട്ടിലുമൊക്കെ പോയി നല്ല ഉരുക്കളെ കണ്ടെത്തേണ്ടിവന്നു.

വിശ്വാസ്യതയും സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ വിനിയോഗവും ഈ പദ്ധതിയുടെ വിജയത്തിനു പിന്നിൽ നിർണായകമായി. ഏറ്റവും പ്രധാനം വിശ്വാസ്യത തന്നെ. നൽകുന്ന പണം അർഹിക്കുന്നയാളിനുതന്നെ കിട്ടുമെന്നും ഒരു പൈസപോലും ദുരുപയോഗിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കിയാണ് പശുക്കളെ വിതരണം ചെയ്തത്. ‘‘സംഭാവനയായി നൽകുന്ന പണം ഞാനോ സഹപ്രവർത്തകരോ കൈപ്പറ്റില്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു’’– ഹർഷ പറഞ്ഞു. ‘‘പശുക്കളെ വിൽക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്സ്പോൺസർമാർ പണം നേരിട്ടു നൽകുകയായിരുന്നു.  ക്ഷീരസംഘം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്ന പ്രളയബാധിതരെ നേരിട്ടു സന്ദർശിച്ച് അവരുെട സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമാണ് പശുക്കളെ നൽകിയത്.’’ മല കയറിയും പ്രളയം തകർത്ത  നാട്ടുവഴികളിലൂെട സഞ്ചരിച്ചുമാണ്  ഉൾപ്രദേശങ്ങളിലെ കർഷകഭവനങ്ങളിൽ എത്തിയത്. ഔദ്യോഗികജോലികൾക്കിടയിലും ഈ ദൗത്യനിർവഹണത്തിനു സമയം കണ്ടെത്താനായത് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സഹകരണംകൊണ്ടുകൂടിയാണെന്ന് ഹർഷ പറഞ്ഞു. കാലിച്ചന്തകളിൽനിന്നു പശുക്കളെ വാങ്ങിയപ്പോഴും പഞ്ചായത്തിലെ പരിചയസമ്പന്നരും പൊതുസമ്മതരുമായ കൃഷിക്കാർക്ക് പണം കൈമാറി അവർ വഴിയാണ് പശുക്കളെ വാങ്ങിയത്. പദ്ധതിക്കായി പശുക്കളെ കുറഞ്ഞ വിലയ്ക്കു നൽകാൻ ഈറോഡ് കാലിച്ചന്തയിലെ കച്ചവടക്കാരും സൗമനസ്യം കാണിച്ചു.സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ വിനിയോഗം വിശേഷിച്ച്, ഹർഷയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ വയനാട്ടിലെ ‘ഡൊണേറ്റ് എ കൗ’ പദ്ധതിയെ ജനകീയമാക്കിയിട്ടുണ്ട്.

വയനാട് ജില്ലാ ഭരണകൂടം, വീ ഫോർ വയനാട് കൂട്ടായ്മ , ക്ഷീരവികസനവകുപ്പ്, ക്ഷീര സഹകരണസംഘങ്ങൾ എന്നിവയൊക്കെ  പദ്ധതിയുമായി  സഹകരിച്ചു. കേരളത്തിനു പുറത്തുനിന്നാണ് കൂടുതൽ സഹായമെത്തിയത്.ചെന്നൈയിലെസന്നദ്ധപ്രസ്ഥാനമായ ഭൂമിക മാത്രം പത്തു പശുക്കളെ കർഷകർക്കു വാങ്ങി നൽകി. പശുക്കളോടൊപ്പം വാഹനച്ചെലവും മൂന്നു മാസത്തേക്കുള്ള കാലിത്തീറ്റയും ഒരു വർഷത്തെ ഇൻഷുറൻസ് കവറേജും നൽകുന്നുണ്ടെന്ന് ഭൂമിക കോർഡിനേറ്റർ പുരുഷോത്തമൻ പറഞ്ഞു. 

 

‘പട്ടിണിയിലായവനു മീൻ നൽകുന്നതിലും ഉചിതം  ചൂണ്ട വാങ്ങി നൽകുക’യാണെന്ന ആശയം തന്നെയാണ് ഇവിടെ നടപ്പാകുന്നത്. കർഷകനു സ്ഥിരതയുള്ള വരുമാനം ഉറപ്പാക്കുന്നുവെന്നു മാത്രമല്ല, സ്വന്തംഅധ്വാനത്തിലൂടെ അതു നേടാൻ അവസരം നൽകുകവഴി അവരുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടാൻ പദ്ധതി ഇടയാക്കുന്നുണ്ട്.

ഫോൺ– 9447001071

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com