ADVERTISEMENT

ഇത് കാസിമിന്റെ ഹരിത ലോകം. അധ്വാനത്തിന്റെ വിത്ത് എറിഞ്ഞ് വരുമാനത്തിന്റെ ഫലം കൊയ്യുകയാണ് ഈ കർഷകൻ.  പച്ചക്കറി കൃഷിയിൽ മൂന്ന് ഇനം പയർ കൃഷി ചെയ്ത് ശ്രദ്ധ ആകർഷിക്കുകയാണ് കള്ളിപ്പാറ പത്തായപുര കാസിം. ഒരേക്കർ സ്ഥലത്താണ് മൂന്ന് ഇനം പയർ ഇട കലർത്തി ഉളള കൃഷി. ആറു വർഷമായി ഉളള കൃഷിയിൽ ഈ വർഷവും  ഒരേക്കർ സ്ഥലത്ത് ഏതു സമയത്തും പയർ ലഭ്യമാണ്. പയർ കൃഷിയിൽ രണ്ട് സങ്കരയിനം പയറും ഒരു നാടൻ ഇനവും ആണ് കൃഷി ചെയ്യുന്നത്. സൂപ്പർ ലൈറ്റ് ഇനത്തിൽ ഉൾപ്പെട്ട വെള്ള നിറം ചേർന്ന പയറും  കടും പച്ച നിറത്തിൽ ഉളള 'ഹരിത' പയറും വയലറ്റ് നിറത്തിലുള്ള നാടൻ പയറും  കായ്ച്ചു നിൽക്കുന്ന മനോഹരമായ തോട്ടം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നു.

 

പാട്ടത്തിനെടുത്ത സ്ഥലത്താണ്  കൃഷി ചെയ്യുന്നത്.  തുലാമാസം  ആരംഭിക്കുന്ന കൃഷിയിൽ പയർ വിത്തുകൾ ഒരു ദിവസം രാത്രി വെളളത്തിൽ കുതിർക്കാൻ ഇട്ടതിനു ശേഷമാണ് നടാൻ എടുക്കുക. പൊയിൽ പ്രദേശമായതിനാൽ മണ്ണ് കൂന കൂട്ടിയാണ് തടം എടുക്കുക. തടത്തിലേക്ക് കോഴിവളം ചേർത്ത് ജൈവ സമ്പുഷ്ടം ആക്കുന്നു. ഇതിലേക്ക് വിത്തിട്ട് കൃഷി ആരംഭിക്കും. പൂർണമായും ജൈവ കൃഷി രീതിയാണ് ഇവിടെ പിന്തുടരുന്നത്. കാട കാഷ്ഠവും  ഇവിടെ വളമായി ഉപയോഗിക്കുന്നു.

 

കാട കാഷ്ഠമുണ്ടെങ്കിൽ ഒരു രാസവളവും ആവശ്യമില്ല എന്നാണ് കാസിം അനുഭവത്തിലൂടെ മനസിലാക്കിയിരിക്കുന്നത്. രാസ കീടനാശിനികൾ ഭക്ഷണ സാധനങ്ങളിൽ  പ്രയോഗിക്കരുതെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. ഉയർന്ന പ്രദേശമായതിനാൽ കീടങ്ങൾ കുറവാണ്. അഥവാ കീടങ്ങൾ വന്നാൽ തുരത്താൻ പയറിൽ നീറുകളെ  കയറ്റി വിട്ടിട്ടുള്ള പ്രതിരോധമാണ് തീർക്കുന്നത്. 

 

ഒരേ സമയം ആയിരത്തി അഞ്ഞൂറ് തടം എടുത്താണ് പയർ കൃഷി. ഒരു ഭാഗത്തുളള പയർ തീരുമ്പോഴേക്കും അടുത്ത ഭാഗത്തെ പയർ വിളവെടുക്കാൻ സാധിക്കുന്ന വിധത്തിൽ ക്രമികരിച്ചാണ് കൃഷി. ഒരു തവണത്തെ കൃഷിയിൽ പയർ നാലു മാസം വരെ വിളവെടുക്കുന്നു. ഇടവിട്ട ദിവസങ്ങളിൽ വിളവെടുക്കുന്ന പയർ മുപ്പത്തി അഞ്ച് കിലോ ശരാശരി വിളവ് ലഭിക്കും. കൂടരഞ്ഞിയിലെ കടയിലാണ് വിൽപന. ഒരു കടയിൽ തന്നെ കൊടുക്കാൻ കഴിയുന്നുണ്ടെന്നും അത്രയ്ക്ക് ആവശ്യകാരാണ് പയറിന് ഉള്ളതെന്നും കാസിം പറയുന്നു.

 

വയലെറ്റ് നിറത്തിലുള്ള നാടൻ ഇനം പയറിനാണ് ഇവിടെ കൂടുതൽ ഡിമാൻഡ്. കടയിൽ വിൽപനയ്ക്ക് എത്തിക്കുമ്പോൾ തന്നെ  അത് തീരാറുണ്ട്. ആയിരം വാഴയും ഈവർഷം കൃഷി ചെയ്യുന്ന ഈ കർഷകനെ കൂടരഞ്ഞി കൃഷിഭവൻ പച്ചക്കറി വികസന പദ്ധതിയിലൂടെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിലൂടെയും  ആനുകൂല്യം നൽകി സഹായിക്കുന്നുണ്ട്.

 

ഫോൺ:  8112820155

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com