sections
MORE

മധുരയിലെ വിജയ മധുരം

HIGHLIGHTS
  • രാത്രിയിൽ മാത്രമേ തേനീച്ചക്കോളനികൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനാവൂ
  • റാണിയീച്ചകളുടെ ആഹാരമായ റോയൽജെല്ലിയാണ് വിബീസിന്റെ മറ്റൊരു വിശിഷ്ട ഉൽപന്നം
josephine-1
ജോസഫൈനും ഭർത്താവ് സുകുമാരനും
SHARE

ഈച്ചയെ വളർത്തി കോടീശ്വരിയായ കഥയാണ് മധുരയിലെ വിബീസ് നാച്ചുറൽ ബീ ഫാം ഉടമ ജോസഫൈൻ ആരോഗ്യമേരിയുടേത്. ശിവഗംഗയിലെ ജൈവകർഷകൻ തായ്നീസിന്റെ മകളായ ജോസഫൈൻ സ്വകാര്യകമ്പനി ജീവനക്കാരനായ ശെൽവരാജിന്റെ ഭാര്യയായാണ് ഇരുപതു വർഷം മുമ്പ് മധുരയിലെത്തിയത്. കെപുത്തൂരിലെ വാടകവീട്ടിൽ ജീവിതച്ചെലവുകൾ താങ്ങാനാവാതെ വിഷമിച്ച ഭർത്താവിനെ സഹായിക്കാൻ അധിക വരുമാനസാധ്യത അന്വേഷിച്ച ജോസഫൈനു വഴികാട്ടിയായത് പത്രത്തിലെ കാർഷികപംക്തി. തേനീച്ചവളർത്തലിലൂടെ അധികവരുമാനം നേടാൻ കൃഷി വിജ്‍‍ഞാന കേന്ദ്രം (കെവികെ) സഹായിക്കുമെന്നു കാർഷികപംക്തിയിൽ വായിച്ച ജോസഫൈൻ വൈകാതെ അവിടെയെത്തി. കെവികെ നൽകിയ പരിശീലനത്തിന്റെ ബലത്തിൽ പത്തു പെട്ടികളുമായി 2006ൽ തേനീച്ചവളർത്തൽ തുടങ്ങി. 

രണ്ടായിരം രൂപ മാസ വരുമാനത്തിനു വേണ്ടി രണ്ടും കൽപിച്ച് തേനീച്ചകളെ വളർത്തുകയായിരുന്നെന്ന് ജോസഫൈൻ പറയുന്നു. ശിവഗംഗയിൽ അച്ഛനു സ്വന്തമായുണ്ടായിരുന്ന ജൈവകൃഷിയിടത്തിലാണ് ആദ്യം പെട്ടികൾ സ്ഥാപിച്ചത്. 

honey-farm
തേനീച്ചക്കോളനികൾ കൃഷിയിടത്തിൽ

എന്നാൽ തേനുൽപാദനം മധുരിച്ചു തുടങ്ങും മുമ്പേ കണ്ണീരിന്റെ ഉപ്പുരസം ജീവിതത്തിൽ നിറഞ്ഞു. അസ്ഥികൾക്ക് അർബുദം ബാധിച്ച മകൾ പ്രഭയെയും കൊണ്ട് ആശുപത്രികൾ തോറുമായി ജോസഫൈന്റെ ജീവിതം. തേനീച്ചവളർത്തലിൽ നിന്നുള്ള ആദായം മുഴുവൻ ചികിത്സയ്ക്കു വിനിയോഗിച്ചു. അർബുദചികിത്സയുടെ വെല്ലുവിളി നേരിടാൻ ജോസഫൈനു വരുമാനം വർധിപ്പിച്ചേ മതിയാകുമായിരുന്നുള്ളൂ. നിസ്സഹായമായ ആ കുടുംബത്തിനു വേണ്ടി ഈച്ചകൾ വിശ്രമമില്ലാതെ അധ്വാനിച്ചു. മധുരയിലെയും ശിവഗംഗയിലെയു മൊക്കെ കൃഷിയിടങ്ങൾതോറും പറന്നു ചെന്ന് അവ തേൻ ശേഖരിച്ചു. കിട്ടിയ തേൻ കുപ്പിയിലാക്കി വിറ്റും തേനീച്ചക്കോളനികൾ പിരിച്ചു വർധിപ്പിച്ചും ജോസഫൈൻ തന്റെ സംരംഭം വളർത്തി. ഹണിമിഷൻ 62 തേനീച്ചക്കോളനികൾക്ക് ഓർഡർ നൽകിയത് വലിയ പ്രോത്സാഹനവും ധൈര്യവും നൽകി. പെട്ടികളുടെ എണ്ണം ഇരുപതായും മുപ്പതായും നൂറായും ഇരുനൂറായും വളർന്നു. മൂന്നു വർഷത്തെ ചികിത്സ പക്ഷേ ഫലം കണ്ടില്ല.  ജോസഫൈനെ നിത്യദുഃഖത്തിലാഴ്ത്തി പ്രഭ മരിച്ചു. തൊട്ടടുത്ത വർഷം തന്നെ ശെൽവരാജും മരിച്ചതോടെ ജോസഫൈന്റെ ജീവിതം ഇരുളടഞ്ഞതായി. എങ്കിലും മകൻ വിജയിനു വേണ്ടി അവർ ജീവിതം തുടർന്നു. മകളെ തട്ടിയെടുത്ത അർബുദത്തിനെതിരെ പോരാടുന്ന ഡോക്ടറായി അവനെ വളർത്തുക മാത്രമായി ആ അമ്മയുടെ സ്വപ്നം. അപ്പോഴും തുണച്ചത് തേനീച്ചകൾ തന്നെ.

ജോസഫൈൻ ഒരു സാധാരണ തേനീച്ചക്കൃഷിക്കാരിയായി തുടർന്നിരുന്നെങ്കിൽ അവരെ നാം ശ്രദ്ധിക്കില്ലായിരുന്നു. എന്നാൽ ദുഃഖങ്ങൾക്കിടയിലും തേനീച്ചകളുടെ ലോകത്ത് ആശ്വാസവും ആത്മവിശ്വാസവും കണ്ടെത്തിയതാണ് ജോസഫൈനെ വ്യത്യസ്തയാക്കുന്നത്. കാനറാ ബാങ്കിൽനിന്നു 2010ൽ കിട്ടിയ പത്തു ലക്ഷം രൂപ വായ്പയും ഖാദി വില്ലേജ് ആൻഡ് ഇൻഡസ്ട്രീസ് ബോർഡിന്റെ മൂന്നര ലക്ഷം രൂപ സബ്സിഡിയും പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലമാക്കി. കൂടുതൽ ശ്രദ്ധയും പരിചരണവും കിട്ടാനായി കോള നികൾ മധുര കൊണ്ടയാംപട്ടിയിലെ സ്വന്തം കൃഷിയിടത്തിലേക്കു മാറ്റി. പെട്ടികളുടെ എണ്ണം ആയിരമാക്കി. ‘വിബീസ് ഹണി’ എന്ന ബ്രാൻഡിലേക്കുള്ള വളർച്ചയിലെ നിർണായക വഴിത്തിരിവായിരുന്നു അത്. തേനീച്ചകളെ വളർത്താൻ കൂടുതൽ പെട്ടികളും തേൻ സംഭരിക്കാൻ സംഭരണികളുമൊക്കെ വാങ്ങി. വൈകാതെ തേൻ ഉൽപാദനവും വർധിച്ചു. മാസംതോറും ആയിരം ലീറ്റർ എന്ന തോതിൽ തേൻ എത്തിത്തുടങ്ങിയതോടെ ജോസഫൈനു പുതിയ വെല്ലുവിളി നേരിടേണ്ടിവന്നു. ഇത്രയധികം തേൻ എവിടെ വിൽക്കും? 

ഉൽപാദനം അമിതമാകുമ്പോൾ പ്രതിവിധി മൂല്യവർധനയാണെന്ന അടിസ്ഥാന തത്വം ജോസഫൈന് അറിയാമായിരുന്നു. പക്ഷേ എങ്ങനെ? അക്കാലത്ത് തമിഴ്നാട്ടിൽ ആരും തേനിന്റെ മൂല്യവർധന നടത്തിയിരുന്നില്ല. എങ്കിലും ജോസഫൈൻ ആ ആശയം ഉപേക്ഷിച്ചില്ല. ചുമയും ശ്വാസ കോശരോഗങ്ങളുമുള്ളവർ തേനിനൊപ്പം തുളസി ചേർത്തു കഴിക്കുന്നത് അവർ കണ്ടിരുന്നു. സുപരിചിതമായ ഈ നാടൻ പ്രയോഗം സംരംഭമായി വളർത്താൻ ജോസഫൈൻ തീരുമാനിച്ചു. അങ്ങനെയാണ് തുളസിസത്ത് ചേർത്ത ‘തുളസി ഹണി’ വിബീസ് വിപണിയിലെത്തിച്ചത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗാർലിക് ഹണിയും വിവിധ പൂക്കളിൽ നിന്നുള്ള തേനടങ്ങിയ മൾട്ടിഫ്ളോറൽ ഹണിയുമായിരുന്നു അടുത്ത ഉൽപന്നങ്ങൾ. 

honey
തേൻനെല്ലിക്ക

വണ്ണം കുറയാൻ മാത്രമല്ല, കൂട്ടാനും തേൻ ഉപയോഗിക്കാമെന്നു പഠിച്ചത് തമിഴ്നാട് കാർഷിക സർവകലാശാലയുടെ മധുര കാമ്പസിൽനിന്നാണ്. കശുവണ്ടിയുടെയും ബദാമിന്റെയും നുറുക്കുകളിട്ട ആ മധുരമിശ്രിതത്തിനും ആവശ്യക്കാരേറെയായിരുന്നു. അച്ഛന്റെ കൃഷിയിടത്തിൽ നിന്നുള്ള ജൈവ മാമ്പഴനുറുക്കുകൾ ചേർത്ത മാമ്പഴത്തേനും തേൻനെല്ലിക്കയുമൊക്കെ ഇവരുടെ ഉൽപന്നനിരയിലുണ്ട്. വിൽപന വർധിക്കുന്നതനുസരിച്ച് ഉൽപാദന‌വും വർധിപ്പിക്കേണ്ടി വന്നു. പെട്ടികളുടെ എണ്ണം കൂടി. സീസൺ മാറുന്നതനുസരിച്ച് മധുരയ്ക്കു പുറത്തുള്ള സ്ഥലങ്ങളിലേക്കും തേനീച്ചപ്പെട്ടികൾ മാറ്റിത്തുടങ്ങി.

 പാലക്കാട്ടും നെയ്യാറ്റിൻകരയിലുമൊക്കെ തേനീച്ചപ്പെട്ടികളുമായി ജോസഫൈൻ എത്തിയിട്ടുണ്ട്. മാതളത്തിന്റെയും ഞാവലിന്റെയുമൊക്കെ വിശാലമായ ഏകവിളത്തോട്ടങ്ങളിൽ നിന്നുള്ള തേൻ അതേ പേരിൽ തന്നെ സവിശേഷ ഉൽപന്നങ്ങളായി വിപണിയിലെത്തിച്ചു. വനമേഖലകളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് ജൈവ തേനുൽപാദനം സാധ്യമാക്കി. കാട്ടിലെ പാറക്കെട്ടുകളിൽനിന്നും വൻമരങ്ങളിൽനിന്നു മൊക്കെ ആദിവാസികളെ നിയോഗിച്ചു ശേഖരിച്ച കൊമ്പുതേനാണ് വിബീസിന്റെ മറ്റൊരു സവിശേഷ ഉൽപന്നം. വൈവിധ്യമാർന്ന ഒരു തേൻ സൂപ്പർമാർക്കറ്റായി വിബീസിനെ മാറ്റാൻ ജോസഫൈന് ഏതാനും വർഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. ഇപ്പോൾ 35 തരം തേനും തേനുൽപന്നങ്ങളും വിൽക്കുന്ന വിബീസ് ഹണിയുടെ കഴിഞ്ഞ വർഷത്തെ ആകെ വിറ്റുവരവ് 3.5 കോടി രൂപ!!. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് ജോസഫൈൻ. ഉൽപാദനസീസണാകുമ്പോൾ മുന്നൂറോളം പേർക്കാണ് വിബീസ് ജോലി നൽകുന്നത്. ഇവരിൽ 150 പേർ സ്ഥിരം ജീവനക്കാരാണ്. അമ്പതോളം ആദിവാസി യുവതികൾ ജോസഫൈനു കീഴിൽ ജോലി ചെയ്യുന്നു. ഇതിനകം അര ലക്ഷത്തിലധികം പേർക്ക് തേനീച്ചവളർത്തലിൽ പരിശീലനം നൽകിയിട്ടുണ്ടാവുമെന്നാണ് ജോസഫൈന്റെ കണക്ക്. ഇവരിൽ 420 പേർ തേനീച്ചവളർത്തൽ ഒരു സംരംഭമായി മാറ്റിയിട്ടുണ്ടത്രെ. തമിഴ്നാട്ടകാർ ജോസഫൈനെ ‘റാണിയീച്ച’ എന്നു വിളിക്കുന്നതിൽ അതിശയമില്ല. 

വാടകവീട്ടിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ തേനീച്ചകൾ വിലയേറിയ ആസ്തികൾക്ക് ഉടമയാക്കി കഴിഞ്ഞു. നഗരപ്രാന്തത്തിലെ മൂന്നുനില കെട്ടിടമാണ് ഇപ്പോൾ ജോസഫൈന്റെ ഓഫിസ് കം റെസിഡൻസ്. താഴത്തെ നിലയിൽ വിബീസ് ഹണി എന്ന പേരിൽ 30തരം തേനും അഞ്ച് അനുബന്ധ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്നു. ഒപ്പം തേനീച്ചവളർത്തലു കാർക്കാവശ്യമായ ഉപകരണങ്ങളും മറ്റും നൽകുകയും ചെയ്യുന്നു. മൂന്നാം നിലയിലെ പരിശീലനഹാളിൽ രണ്ടാം ശനിയാഴ്ച കളിലും നാലാം ശനിയാഴ്ചകളിലും പതിവായി തേനീച്ചവളർത്തൽ പരിശീലനം. ഉച്ചഭക്ഷണമുൾപ്പെടെ പരിശീലനം തികച്ചും സൗജന്യമാണ്. എതിർവശത്ത് മറ്റൊരു ബഹുനിലക്കെട്ടിടത്തിൽ തേനീച്ചപ്പെട്ടികളുടെ നിർമാണയൂണിറ്റും ഗോഡൗണുമാണ്. വീടിന്റെ മൂന്നു നിലകളിലും തേനീച്ചപ്പെട്ടികളും തേനീച്ചകളും വേണ്ടത്രയുണ്ട്. തേനീച്ചവളർത്തൽ പരിശീലനവും വിപണനവുമൊക്കെയായി ഓടിനടക്കുന്ന ജീവനക്കാരും കുടുംബാംഗങ്ങളും ചേരുമ്പോൾ ഈ വീടുതന്നെ മൂന്നു തട്ടുള്ള ഒരു തേനീച്ചപ്പെട്ടിയാണെന്നു തോന്നിയാൽ അതിശയമില്ല. 

രാവിലെ ആറുമണിക്ക് തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച തോട്ടങ്ങൾ തേടിയിറങ്ങുന്ന ജോസഫൈൻ തിരികെ വീട്ടിലെത്തുമ്പോൾ അർധരാത്രിയാവും. രാത്രിയിൽ മാത്രമേ തേനീച്ചക്കോളനികൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനാവൂ– ജോസഫൈൻ ചൂണ്ടിക്കാട്ടി. സ്കൂളുകളിലും കോളജുകളിലുമൊക്കെ തേനീച്ചവളർത്തലിൽ പരിശീലനം നൽകാനും ഇതിനിടയിൽ സമയം കണ്ടെത്തും. തേനീച്ചവളർത്തലുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വയം ചെയ്യാൻ മടിയില്ലാത്ത, വേദനകൾക്കിടയിലും പുഞ്ചിരിയോടെ അധ്വാനിക്കുന്ന കോടീശ്വരിയാണവർ. രാസവളങ്ങളും കീടനാശിനികളും കൂടുതലായി പ്രയോഗിക്കുന്ന കൃഷിയിടങ്ങളിൽ തേനീച്ചപ്പെട്ടി വയ്ക്കാനാവില്ലെന്ന് ജോസഫൈൻ പറഞ്ഞു. വിഷപ്രയോഗം നടത്തിയ കൃഷിയിടങ്ങളിൽ കോളനി സ്ഥാപിച്ചതുമൂലം തേനീച്ചകൾ ചത്തൊടുങ്ങിയ അനുഭവം ഇവർക്കുണ്ട്. 

തമിഴ്നാട്ടിലും കേരളത്തിലുമായി ഏഴായിരത്തോളം പെട്ടികളാണ് ഇപ്പോൾ വിബീസ് ഹണിക്കുള്ളത്. തേനല്ല, തേനീച്ചയാണ് തന്റെ പ്രധാന വരുമാനമെന്നു ജോസഫൈൻ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം തമിഴ്നാട് സർക്കാരിനുവേണ്ടി മാത്രം 25,000 തേനീച്ചക്കോളനികളാണ് വിബീസ് നൽകുന്നത്. ഇത്രയും കോളനികൾ സ്വന്തമായി ഉൽപാദിപ്പിക്കാൻ സാധിക്കാത്തതിനാൽ മറ്റു കർഷകരിൽനിന്നുകൂടി വാങ്ങുകയാണ്. ഒരു കോളനിക്ക് 1600 രൂപ നി രക്കിൽ നാലു കോടി രൂപയുടെ ബിസിനസാണ് ഈ ഓർഡറിലൂടെ മാത്രം കിട്ടു ന്നത് ! മറ്റുള്ളവർക്ക് രണ്ടായിരം രൂപ നിരക്കിലാണ് പെട്ടിയും സ്റ്റാൻഡുമുൾപ്പെടെ തേനീച്ചക്കോളനി നൽകുന്നത്. ഏഴായിരം തേനീച്ചപ്പെട്ടികളിൽനിന്നു ശരാശരി പത്തു കിലോ വീതം തേനും പ്രതീക്ഷിക്കാം. കിലോയ്ക്ക് 400 രൂപ മുതലാണ് തേനിനു വില. ഏറ്റവും വില കൂടിയ കൊമ്പുതേനിന് 800 രൂപ ഈടാക്കും. തമിഴ്നാട്ടിലെ എല്ലാ വീടുകളിലും തേൻ ലഭ്യമാക്കുകയാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്നു ജോസഫൈൻ പറയുന്നു. ആ ലക്ഷ്യത്തിലെത്തിയ ശേഷമേ കയറ്റുമതിസാധ്യതകളും മറ്റും ചിന്തിക്കുന്നുള്ളൂ. 

റാണിയീച്ചകളുെട ആഹാരമായ റോയൽജെല്ലിയാണ് വിബീസിന്റെ മറ്റൊരു വിശിഷ്ട ഉൽപന്നം. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് റോയൽ ജെല്ലി വേർതിരിച്ചു നൽകാൻ ജോസഫൈനു സ്വന്തമായ ചില രീതികളുണ്ട്. തേനീച്ചക്കൂടിനുള്ളിൽ പ്രത്യേക അറ ഘടിപ്പിച്ച് റോയൽ ജെല്ലി കൂടുതലായി വേർതിരിച്ചെടുക്കുന്ന രീതിയാണത്. അർബുദരോഗികൾക്ക് ശുപാർശ ചെയ്യപ്പെടുന്ന റോയൽ ജെല്ലി പത്തു ഗ്രാമിന് ആയിരം രൂപ വിലയുണ്ട്. തേനീച്ചക്കൂട്ടി ലെ മെഴുകിനും മികച്ച വില കിട്ടുന്നു. സന്ധിവേദനയും മറ്റുമുള്ളവർക്ക് തേനീച്ചവിഷമുപയോഗിച്ചുള്ള ബീതെറപ്പിയും ജോ സഫൈൻ നടത്താറുണ്ട്. പുണെയിൽ പ്രത്യേക പരിശീലനം നേടിയ ശേഷമാണിത്. കോടികൾ വിലമതിക്കുന്ന തേൻതുള്ളികൾ കൈക്കുമ്പിളിൽ നിറയുമ്പോഴും ഒരു മധ്യവർഗ വീട്ടമ്മയുടെ ജീവിതശൈലി തുടരുന്ന ജോസഫൈന്റെ ലാളിത്യവും വിനയവും അവരെ വ്യത്യസ്തയായ സംരംഭകയാക്കുന്നു. ചൈനയിൽ വൈദ്യശാസ്ത്ര വിദ്യാർഥിയായ മകൻ വിജയ് തമിഴ്നാടിന്റെ പാരമ്പര്യ ചികിത്സയായ സിദ്ധവൈദ്യം കൂടി പഠിച്ച് അർബുദരോഗചികിത്സയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. 

തേനീച്ചവളർത്തലിലെ നേട്ടങ്ങളുടെ പേരിൽ ദേശീയതലത്തിലുള്ള ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും ജോസഫൈനെ തേടിയെത്തിക്കഴിഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള ജാനകീദേവി ബജാജ് പുരസ്കാരം, മികച്ച കർഷകയ്ക്കുള്ള ആസ്പി ഫൗണ്ടേഷൻ അവാർഡ്, മികച്ച കൃഷിരീതി കൾക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് എന്നിവ ചിലതു മാത്രം. കൈവിട്ടു പോയ ജീവിതം നിയന്ത്രണത്തിലാക്കിക്കഴിഞ്ഞ ജോസഫൈൻ നാലു വർഷം മുമ്പ് വീണ്ടും വിവാഹിതയായി. തേനീച്ചവളർത്തലിൽ താൽപര്യമുള്ളയാളാണ് ഭർത്താവ് സുകുമാരനെന്ന് ജോസഫൈൻ പറഞ്ഞു.

ഫോൺ: 9865555047

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA