ADVERTISEMENT

വീട്ടുമുറ്റത്തെ പണിശാലയും പറമ്പിനപ്പുറത്തെ പാടവുമാണു പാലക്കാട് പെരുമാട്ടി കല്യാണപ്പേട്ടയിലെ എം.സദാശിവന്റെ ജീവിതം. ഏഴ് ഏക്കർ പാടമുണ്ട്. പാടത്തു നെൽകൃഷിയുണ്ട്. ഒന്നരയേക്കർ കുളമുണ്ട്. അതില്‍ മൽസ്യക്കൃഷിയുണ്ട്. സദാശിവന്റെ വീടിനു ചുറ്റും കൃഷിയും മുറ്റം നിറയെ കൃഷിയുപകരണങ്ങളുമാണ്. ഉച്ചവെയിൽ ചാഞ്ഞാൽ സദാശിവൻ പണിശാലയില്‍ കയറും. കാർഷികയന്ത്രോപകരണങ്ങളുടെ കണ്ടുപിടിത്തത്തില്‍ മുഴുകും.

‘കുട്ടിക്കാലത്തു കുഞ്ഞുകണ്ടുപിടിത്തങ്ങളിൽനിന്നു തുടങ്ങിയതാണ്. വർക്ക്ഷോപ്പിൽ ഇക്കാണുന്നതെല്ലാം ഞാന്‍ കണ്ടു പിടിച്ച ഉപകരണങ്ങളാണ്. പണിയെല്ലാം സ്വന്തമായിത്തന്നെ. ആവശ്യം പറഞ്ഞാൽ മതി, യന്ത്രമോ ഉപകരണമോ, ഞാനുണ്ടാക്കിത്തരാം ’, സദാശിവൻ പറയുന്നു. 

പാഡി ക്ലീനിങ് – പാക്കിങ് മെഷീൻ

സദാശിവന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ നെൽകർഷകരുടെ പ്രതീക്ഷയാകുമെന്നുറപ്പ്. കൊയ്തു മെതിച്ചുകൂട്ടുന്ന നെല്ല്, കല്ലും പതിരും മാറ്റി ചാക്കിലാക്കി നിറയ്ക്കുന്ന യന്ത്രമാണിത്. കൂട്ടിയിട്ട നെല്ലിനടുത്തു നിർത്തിയിടുന്ന യന്ത്രം നെല്ലു വലിച്ചെടുത്ത് കല്ലും പുല്ലും പതിരുമെല്ലാം അരിച്ചെടുത്തു മാറ്റി നെല്ല് ചാക്കിൽ നിറയ്ക്കും. മൂന്നു മോട്ടറുകളും ഹള്ളറും തിരി ക്കുന്ന അരിപ്പയും രണ്ടു കൺവെയറുകളും അടങ്ങുന്ന യന്ത്രത്തിൽ ചക്രം ഘടിപ്പിച്ചതിനാൽ എവിടെയും ഉരുട്ടി എത്തിക്കാം. വലിയ ഇരുമ്പു പൈപ്പിൽ തീർത്ത സ്ക്രൂകൺവെയര്‍ സംവിധാനത്തിലൂടെയാണു നെല്ലുവലിച്ചെടുക്കുക. അതു ഹള്ളർ വഴി എയർ ബ്ലോവറിലും അരിപ്പയിലും എത്തുന്നതോടെ കല്ലും പതിരും പുല്ലുമെല്ലാം നീക്കം ചെയ്യപ്പെടും. വൃത്തിയാക്കിയ നെല്ല്, ബക്കറ്റ് കൺവെയർ വഴി പുറത്തെത്തുമ്പോൾ വശത്തു ചാക്ക് വച്ചുകൊടുത്താൽ അതിൽ നെല്ലു നിറയും. എയർ ബ്ലോവറിലേക്ക് ഒന്നര എച്ച്പി മോട്ടർ വേണം. അരിപ്പയിലേക്കും ബക്കറ്റ് കൺവെയറിലേക്കും അര എച്ച്പി വീതമുള്ള മോട്ടറുകൾ വേണം. ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന യന്ത്രത്തിന് ഒരു ലക്ഷം രൂപയോളമാണു നിർമാണച്ചെലവ്. ആവശ്യമുള്ളവർ അറിയിച്ചാൽ വിൽപനയ്ക്കായി കൂടുതൽ മെഷീനുകൾ ഉണ്ടാക്കാനുള്ള പദ്ധതിയിലാണിപ്പോൾ സദാശിവൻ. 1,25,000 രൂപയാവും വിൽപനവില. 

Cut

വർക്ക് ഷോപ്പ് 

സദാശിവന്റെ പണിശാല നിറയെ കണ്ടുപിടിത്തങ്ങളാണ്. കള പറിക്കുന്ന പലതരം യന്ത്രങ്ങളുണ്ട് ഈ ശേഖരത്തിൽ. നെല്ലിലും പൂന്തോട്ടത്തിലും പച്ച ക്കറിത്തോട്ടത്തിലും തെങ്ങിൻചുവട്ടിലുമെല്ലാം കള പറിക്കാൻ അതിനിണങ്ങിയ യന്ത്രങ്ങൾ. കൈകൊണ്ടു തൊടാതെ തേങ്ങ ചുരണ്ടിയെടുക്കുന്ന യന്ത്രം, ജാക്കിയും ലിവറുമുള്ള ടേബിൾ, ചക്ക ചിപ്സ് കട്ടർ, ഒനിയൻ കട്ടർ, പെട്രോൾ ടില്ലർ, പവർ ടില്ലർ... പട്ടിക നീളുന്നു.

സാധാരണ പവർ ടില്ലറുകളുടെ കൊഴു പിന്നിലാണ്. എന്നാൽ സദാശിവന്റെ ടില്ലറിന്റെ കൊഴു എന്‍ജിനോടു ചേർന്നു മുന്നിലാണ്. വരമ്പുകൾ മറികടക്കുമ്പോൾ മറിയാനും ചെളി തെറിക്കാനും സാധ്യതയില്ലാത്ത വിധമാണ് ഈ പവർ ടില്ലറിന്റെ രൂപകൽപന. അപകടം തീരെയുണ്ടാവാതിരിക്കാന്‍ എല്ലാ മുൻ കരുതലുകളും ടില്ലറിന്റെ രൂപകൽ പനയിൽതന്നെയുണ്ട്. ഒരു ലക്ഷം രൂപയോളം നിർമാണച്ചെലവു വ രുന്ന പുതിയ ടില്ലർ1,25,000 രൂപ യ്ക്ക് ആവശ്യക്കാർക്കു നല്‍കും. ആവശ്യക്കാരുടെ താൽപര്യമനു സരിച്ചു നിർമിച്ചുകൊടുക്കുന്ന രീതിയാണു സദാശിവന്റേത്. ഓർഡർ ലഭിച്ചാൽ ഇതിന്റെ നിർമാണത്തിനാവശ്യമായ സമയമെടുക്കുമെന്നു ചുരുക്കം. 5.5 എച്ച് പി ഡീസൽ എന്‍ജിനാണു ടില്ലറിന് ഉപയോഗിക്കുന്നത്. കൈകൊണ്ടു കറക്കി വേണം സ്റ്റാർട്ട് െചയ്യാൻ. ഒറ്റ ഗിയറിലാണു ടില്ലറിന്റെ പ്രവർത്തനം എന്നതിനാൽ കുട്ടികൾക്കുപോലും ടില്ലറുമായി പാടത്തിറങ്ങാം.

കള പറിക്കുന്ന യന്ത്രങ്ങൾ പല തരത്തിലുണ്ട്. വൈദ്യുതിയിലോ ഇന്ധനത്തിലോ പ്രവർത്തിക്കുന്നതല്ല ഇതൊന്നും. നെല്ലിലെ കള പറിക്കാനുള്ള യന്ത്രത്തിന് 1300 രൂപ വരും. തെങ്ങിൻചുവട്ടിലെ കള പറിച്ചു മണ്ണിളക്കുന്ന യന്ത്രം അൽപംകൂടി പരിഷ്കരിക്കാനുള്ള പദ്ധതിയി ലാണിപ്പോൾ. പുതിയതു പുറത്തിറക്കിയശേഷം മാത്രമേ അതിനുള്ള ഓർഡർ എടുക്കുകയുള്ളൂ. കുറ്റവും കുറവും തീർത്തു കാര്യമായ പരാതികൾക്കിട വരാത്തവിധം വേണം തന്റെ സൃഷ്ടികള്‍ ആവശ്യക്കാര്‍ക്കു െകെമാറാന്‍ എന്നു സദാശിവനു നിർബന്ധമുണ്ട്.

തേങ്ങ ചുരണ്ടിയെടുക്കുന്ന യന്ത്രത്തിനും നല്ല പ്രിയമാണ്. തേങ്ങ കൈകൊണ്ടു തൊടാതെ കുട്ടികൾക്കുപോലും ചെരകിയെടുക്കാം. വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തനം. 12 വോൾട്ട് ഡിസി മോട്ടറാണ് ഇതിന്റെ ആത്മാവ്. ഒരു മുറി തേങ്ങ യ ന്ത്രപ്പല്ലുകൾക്കിടയിൽ ഉറപ്പിച്ചു പ്രവർത്തി പ്പിച്ചാൽ ഒറ്റ മിനിറ്റുകൊണ്ടു ചെരകിയെടുക്കാം. വര്‍ക്ക്ഷോപ്പില്‍ എല്ലാറ്റിനും കൂട്ടായി ഭാര്യ ദർശനയുണ്ട്. രണ്ടു മക്കൾ: പത്തിൽ പഠിക്കുന്ന വൈഷ്ണവിയും ആറിൽ പഠിക്കുന്ന മാധവും. 

ഫോൺ: 9497629640. 8921825593 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com