ADVERTISEMENT

ഇറച്ചിക്കോഴിവിപണിയിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിന്റെ സദ്ഫലമാണ് കേരള ചിക്കൻ പദ്ധതി. ഇറച്ചിക്കോഴി ജീവനോടെ കിലോയ്ക്ക് 87–93 രൂപയ്ക്കും ഇറച്ചി കിലോയ്ക്ക് 140–150 രൂപയ്ക്കും വിപണിയിലെത്തിച്ച് വയനാട്ടിലെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി പദ്ധതി നടപ്പാക്കിത്തുടങ്ങി. നാലു ജില്ലകളിലായി 50 ഫാമുകളിൽ നിലവിൽ കേരള ചിക്കൻ വളരുന്നു. കഴിഞ്ഞ ഡിസംബറിൽ മലപ്പുറത്ത് മൂന്നു കടകൾ തുറന്ന് കേരള ചിക്കൻ ഒൗട്്ലെറ്റ് ശൃംഖലയ്ക്കും തുടക്കമിട്ടു.

നേട്ടം മൂന്നു തലങ്ങളിൽ; സൊസൈറ്റിക്കു വേണ്ടി കോഴികളെ വളർത്തുന്ന കർഷകനു മറ്റ് ഏജൻസികൾ നൽകുന്നതിന്റെ ഇരട്ടി വളർത്തുകൂലി ഉറപ്പ്. കേരള ചിക്കൻ വിൽക്കുന്ന ഒൗട്‌ലെറ്റ് ഉടമയ്ക്കും ലഭിക്കും ഉയർന്ന കമ്മീഷൻ തുക. മൂന്നാമത്തെ നേട്ടം ഉപഭോക്താവിനാണ്. ഇഷ്ടവിഭവമായ ഇറച്ചിക്കോഴി ന്യായവിലയ്ക്കു വാങ്ങിക്കഴിക്കാം.

കുറഞ്ഞ കാലയളവിൽ ഉയർന്ന വരുമാനം നേടാമെന്നതിനാൽ ഇറച്ചിക്കോഴി ഫാം നടത്തുന്നവർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. ഏജൻസി ഏൽപിക്കുന്ന കുഞ്ഞുങ്ങളെ 35–40 ദിവസം പരിപാലിച്ച് വളർത്തു കൂലി വാങ്ങി അവർക്കുതന്നെ കൈമാറുന്ന ഇൻറഗ്രേഷൻ രീതിയാണ് കർഷകർക്കു പ്രിയം. ഇറച്ചിക്കോഴിവിപണിയിലെ കയറ്റിറക്കങ്ങൾ തങ്ങളെ ബാധിക്കില്ല എന്നതുതന്നെ കാരണം.

അതേ സമയം ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിപണിവിലയ്ക്ക് വിൽക്കുന്നവരെ സംബന്ധിച്ച് ഈ സംരംഭം എന്നുമൊരു ചൂതാട്ടം തന്നെ. വിപണി കയ്യാളുന്ന ഇടനിലക്കാര്‍ വില തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താന്‍ നടത്തുന്ന കരു നീക്കങ്ങൾ കർഷക രെ പ്രതിസന്ധിയിലാക്കുന്നതു പതിവു കാഴ്ചയാണ്. ഒരു കോഴിക്കുഞ്ഞിന്റെ ഉൽപാദനച്ചെലവ് 22–25 രൂപയിലൊതുങ്ങുമെങ്കിലും വില അമ്പതിനപ്പുറമെത്തിച്ച് ചൂഷണം ചെയ്യുന്നതും ഇറച്ചിക്കോഴി വില കിലോയ്ക്ക് 230 രൂപവരെ ഉയർത്തി ഉപഭോക്താവിനെ കൊള്ളയടിക്കുന്നതും ഇടനിലക്കാരുടെ കൗശലം.

ഇത്തരം ചൂഷണങ്ങള്‍ തടയാന്‍ 2018–19 വാർഷികബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതിയാണ് വയനാട്ടിലെ കർഷകസംഘമായ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി തുടങ്ങിവച്ചിരിക്കുന്നത്. കേരളചിക്കൻ പദ്ധതി യുടെ മൂന്ന് നോഡൽ ഏജൻസികളിൽ ഒന്നാണ് ബ്രഹ്മഗിരി.

കർഷകന്റെ നേട്ടം

നിലവിലുള്ള ഇന്റഗ്രേഷൻ രീതിയിൽ ഏജൻസികൾ കർഷകർക്കു നൽകുന്ന വളർത്തുകൂലി കിലോയ്ക്ക് അഞ്ചര– ആറു രൂപയാണ്. തൽസ്ഥാനത്ത് ബ്രഹ്മഗിരി നൽകുന്നത് 11 രൂപ. 1000 കോഴികളെ വളർത്തുന്ന കർഷകനു ശരാശരി 2000 കിലോ വിൽക്കാൻ കഴിയും എന്നു കണക്കാക്കിയാൽ നാല്‍പതാം ദിവസം വരുമാനം 22,000 രൂപ. ഒരു ബാച്ചിൽ 2000– 3000 കോഴികളെ പരിപാലിക്കാൻ സൗകര്യമുള്ള ഇടത്തരം കർ ഷകരാണ് ഏറെയും. വർഷം ഇങ്ങനെ ആറു ബാച്ചുകൾ. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, പ്രോബയോട്ടിക്സുകൾ എന്നിവയെല്ലാം കർഷകർക്കുഫാമിലെത്തിച്ചു നൽകി 35–40 ദിവസമെത്തുമ്പോൾ കോഴിയെ തിരിച്ചെടുക്കുന്നു. വൈദ്യുതിയെ ആശ്രയിക്കാതെതന്നെ കോഴിക്കുഞ്ഞു ങ്ങൾക്കു ചൂടുപകരാനായി ഗ്യാസ് ബ്രൂഡറും ഒാരോ ഘട്ടത്തിലും തൂക്കം പരിശോധിക്കാനായി ത്രാസും കർഷകർക്കു നൽകിയിട്ടുണ്ട് ബ്രഹ്മഗിരി. ലൈവ്സ്േറ്റാക് ഇൻസ്പെക്ടർമാരുടെ പതിവു സന്ദർശനങ്ങളും ആവശ്യമെങ്കിൽ െവറ്ററിനറി ഡോക്ടർ മാരുടെ സേവനവും ഉറപ്പാക്കിയിട്ടുമുണ്ട്.

പദ്ധതിയിൽ അംഗമാകുന്ന കർഷകരിൽനിന്നു കോഴിയൊന്നിന് 130 രൂപ നിരക്കിൽ മുൻകൂർ ഡിപ്പോസിറ്റ് വാങ്ങുന്നുണ്ട് ബ്രഹ്മഗിരി. 1000 കോഴികളെ വളർത്തുന്ന കർഷകനെങ്കിൽ 1,30,000 രൂപ മുൻകൂറായി നൽകണം. എന്നു പദ്ധതി വിട്ടു പോകുന്നോ അന്നു തുക മടക്കി നൽകും. പതിനൊന്നു രൂപയുടെ കാര്യത്തിലുമുണ്ട് ചില നിബന്ധനകൾ. ഉയർന്ന തീറ്റപരിവർത്തന ശേഷി (Feed Convertion Ratio- FCR) നേടിയെ ടുക്കുന്ന കർഷകർക്കാണ് കിലോ 11 രൂപ വളർത്തുകൂലി ലഭിക്കുക. 1.6 കിലോ തീറ്റ നൽകി ഒരു കിലോ തൂക്കം നേടുന്നതാണ് മികച്ച എഫ്സിആർ. പരിപാലനം ഏറ്റവും കാര്യക്ഷമമാവുമ്പോഴാണ് ഈ നേട്ടത്തിലെത്തുക. കേരള ചിക്കൻ പദ്ധതിയിലൂടെ ഒരു ബാച്ചിൽ2000 കോഴി വളർത്തുന്ന വയനാട് കോളേരി വെള്ളാക്കൽ ഷൈജു ഈ നേട്ടം കൈവരിക്കുന്ന കർഷകരിലൊരാൾ. മുമ്പ് മറ്റ് ഏജൻസികൾക്കു വേണ്ടി വളർത്തിയിരുന്ന കാലത്തു ലഭിച്ചതിനെക്കാൾ വരുമാനം കേരള ചിക്കൻ നൽകുന്നുവെന്നു ഷൈജു. വളർത്തൽ കൂടുതൽ ശാസ്ത്രീയമായതോടെ 35 ദിവസത്തിനു ള്ളിൽ ശരാശരി തൂക്കം രണ്ടേകാൽ കിലോ കടക്കുമെന്നും ഷൈജു.

ഈ നേട്ടത്തിലേക്ക് എത്താൻ കഴിയാത്തവരുടെ കാര്യത്തിൽ എഫ്സിആറിന് ആനുപാതികമായി വളർത്തുകൂലിയും കുറയും. ഡിപ്പോസിറ്റിന്റെ കാര്യത്തിലും വളർത്തുകൂലിയുടെ കാര്യത്തിലുമുള്ള നിബന്ധനകൾ കർഷകരുടെ ഉത്തരവാദി ത്തവും ഉൽസാഹവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പദ്ധതി മാനേജിങ് ഡയറക്ടർ ഡോ. നൗഷാദ് അലിയും സൊസൈറ്റി സിഇഒ ടി.ബി.സുരേഷും വ്യക്തമാക്കുന്നു.

chickn2
മലപ്പുറം തിരൂരിലുള്ള കേരള ചിക്കൻ ഒൗട്‍ലൈറ്റ്

നേട്ടം വിൽപനക്കാരനും

ബ്രഹ്മഗിരി കിലോയ്ക്ക് 76 രൂപയ്ക്കു കടയിൽ എത്തിച്ചുകൊടുക്കുന്ന കോഴി കിലോയ്ക്കു 11 രൂപ ലാഭമെടുത്ത് കടക്കാരനു വിൽക്കാം.വിപണിവില കൂടിയാലും കുറഞ്ഞാലും കേരള ചിക്കന്റെ വിലയിൽ മാറ്റമുണ്ടാവില്ല. പതിവുരീതിയിലുള്ള കോഴിക്കടകളിൽനിന്നു വ്യത്യസ്തമാണ് കേരള ചിക്കൻ വിൽപനശാലകൾ. വൃത്തിയായ സാഹചര്യം, ശാസ്ത്രീയ അറവു മാർഗങ്ങൾ. കോഴിയെ കശാപ്പു ചെയ്യാനുള്ള കത്തിയും മേശയും കില്ലിങ് കോണും അറവു മാലിന്യമിടാനുള്ള ഫ്രീസറുമെല്ലാം നിശ്ചിത തുക ഈടാക്കി ബ്രഹ്മഗിരിതന്നെ നൽകുന്നു. കേരള ചിക്കൻ കടകൾക്കെല്ലാം ഒറ്റ നിറം എന്ന നിഷ്കർഷയുമുണ്ട്.

കോഴിയവശിഷ്ടങ്ങൾ ആദ്യം കോഴി ക്കടക്കാർക്കും തുടർന്നു നാട്ടുകാർക്കും തലവേദനയാകുന്നതായാണ് നമ്മള്‍ കണ്ടുവരുന്നത്. ഇതിനു പരിഹാരമാണ് ഫ്രീസർ. എല്ലാ ദിവസവും ബ്രഹ്മഗിരിയുടെ വാഹനം കടകളിലെത്തി ഫ്രീസറിലെ അ വശിഷ്ടങ്ങൾ ശേഖരിച്ചു വയനാട്ടിലെ പ്ലാന്റിൽ സംസ്കരിച്ച് മൽസ്യത്തീറ്റയും ജൈവവളവുംപോലുള്ള മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നു. അവശിഷ്ടങ്ങൾ ബ്രഹ്മഗിരി തന്നെ നീക്കുന്നത് ഒൗട്‌ലെറ്റ് ഉടമകളുടെ ലാഭം കൂട്ടുന്നു. നിലവിൽ അറവുമാലിന്യം നീക്കാനെത്തുന്നവർക്ക് കിലോയ്ക്ക് 6 രൂപ നൽകേണ്ടി വരുന്നുണ്ട് കോഴിക്കടക്കാർ. കേരള ചിക്കൻ ക്കാർക്ക് ഈ ചെലവ് ഒഴിവാകും, ലാഭം വ‍ർധിക്കും. ഔട്‌ ലെറ്റുകളുടെ എണ്ണം കൂടുന്നതോടെ അവ ശിഷ്ടങ്ങളിൽ നിന്നു പെറ്റ് ഫുഡ് പോലു ള്ള ഉൽപന്നങ്ങളും ലക്ഷ്യമിടുന്നു ബ്രഹ്മഗിരി. ഒപ്പം ഒാരോ ജില്ലയിലും മാലിന്യസംസ്കരണ സംരംഭകരെ വളർത്തിക്കൊണ്ടു വരാനും ഉദ്ദേശ്യമുണ്ട്. പ്രളയാനന്തര പുനർ നിർമാണ പദ്ധതിയുടെ ഭാഗമായി കുടും ബശ്രീ, കേരള വനിതാവികസന കോർപറേഷൻ എന്നിവയുമായി ചേർന്ന് വയനാട്ടിൽ ഇറച്ചിക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു ഈ കർഷകസംഘം.

ഫോൺ: 9744523111 (ജയകൃഷ്ണൻ– പദ്ധതി വയനാട് ജില്ലാ ഫാം കോർഡി നേറ്റർ)

farmer1

കർഷകരുടെ കയ്യിൽ

‘‘അഞ്ചു വർഷത്തിനുള്ളിൽ 6000 ഫാമുകൾ, 2000 ഒൗട്‌ലെറ്റുകൾ; അതാണു ല ക്ഷ്യം. സഹകരണകൃഷിയുടെ സാധ്യത ഇറച്ചിക്കോഴി വളര്‍ത്തുകാരിലെത്തിക്കാ നും ഇവരെ പടിപടിയായി വ്യവസായ സംരംഭകരാക്കാനും കഴിയണം. ഉൽപാദനോപാധികൾ കർഷകർക്കുകൂടി സ്വന്തമായാൽ മാത്രമേ ഈ രംഗത്തെ ചൂഷണം ഒഴിവാക്കാനാവൂ. പൊള്ളാച്ചിയിൽ ബ്രഹ്മഗിരിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബ്രീഡർ ഫാം മുതൽ ഇറച്ചിക്കോഴിക്കടവരെയുള്ള കണ്ണികൾ അതിനായി വിളക്കിച്ചേർത്തിരിക്കുന്നു. നാലു വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഇതിനായി വിട്ടുനൽകിയിട്ടുണ്ട് സർക്കാർ. അതുകൊണ്ടുതന്നെ ഒാരോ ഘട്ടവും അങ്ങേയറ്റം ശാസ്ത്രീയം. ഈ രംഗത്തെ വൻകിടക്കാരായ വെങ്കിടേശ്വര ഹാച്ചറീസ് ലിമിറ്റഡ്, ഏ വിയേജൻ എന്നീ ബ്രീഡർ കമ്പനികളിൽനിന്നാണു മാ തൃശേഖരം വാങ്ങുന്നത്. പദ്ധതിയുമായി ഇവരെ സഹ കരിപ്പിക്കാൻ കഴിയുന്നു എ ന്നതും ഗുണകരം. ഇറച്ചി ക്കോഴിയുടെ ഏറ്റവും വലിയ നേട്ടം മറ്റു കാർഷികോൽപന്നങ്ങളിൽനിന്നു വ്യത്യസ്തമായി അതിന്റെ വിപണി കേരളത്തിൽത്തന്നെയുണ്ട് എന്നതാണ്. 6000–7000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ളതാണ് കേരളത്തിലെ കോഴി വ്യാപാര മേഖല. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇറച്ചിക്കോഴി വിപണി കർഷകർക്ക് അനുകൂലമാക്കാനാണ് ശ്രമം’’, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദിന്റെ വാക്കുകളിൽ നിറയെ ആത്മവിശ്വാസം.

കേരളത്തിലെ കോഴിവിപണിയുടെ പത്തു ശതമാനമെങ്കിലും നേടിയെടുക്കാനായാൽ ഈ രംഗത്തെ ചൂഷണം തടയാൻ കഴിയുമെന്നു പദ്ധതി മാനേജിങ് ഡയറക്ടർ ഡോ. നൗഷാദ് അലി. ‘‘കുറഞ്ഞ വിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കിയും ന്യായവിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കാൻ കഴിയുന്ന ഒൗട്്ലെറ്റുകൾ തുറന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനിടയിൽ അതു സാധ്യമാകും. കേരളത്തിലെ പാൽ വിപണി മുഴുവൻ മിൽമയുടെ കയ്യിലല്ല, എന്നാൽ വിപണിയിലെ പാൽവില നിശ്ചയിക്കാൻ കർഷകസംഘമായ മിൽമയ്ക്കു കഴിയുന്നുണ്ട്. ഇതുതന്നെയാണ് ഇറച്ചിക്കോഴിവിപണിയിൽ സഹകരണസംരംഭങ്ങളിലൂടെ ബ്രഹ്മഗിരി മുന്നിൽക്കാണുന്നതും’’, ഡോ. നൗഷാദ് അലി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com