sections
MORE

പ്രവാസം കഴിഞ്ഞ് ഹരിതകാന്തിയിലേക്ക്

HIGHLIGHTS
  • പെട്ടെന്ന് ക്യഷി ചെയ്ത് ആദായം നേടാൻ കഴിയുമെന്നതുകൊണ്ടാണ് വാഴക്കൃഷി ആരംഭിച്ചത്.
kozhikode-jimmy-alex
SHARE

സൗദിയിലെ ഓഫിസ് സെക്രട്ടറിയിൽനിന്നു മാങ്കയത്തെ കർഷകനിലേക്കുള്ള ഈ യുവാവിന്റെ  മാറ്റം പെട്ടെന്നുണ്ടായതല്ല.  കൂടരഞ്ഞി മാങ്കയം ഉഴുന്നാലിൽ ജിമ്മി അലക്സ് 24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മുഴുവൻ സമയം കർഷകനായി തീർന്നത് കൃഷിയോടുള്ള ആഭിമുഖ്യം കൊണ്ടുമാത്രമാണ്.  

വാഴക്കൃഷി

ആദ്യം തുടങ്ങിയത് വാഴക്കൃഷി ആയിരുന്നു. ആയിരം വാഴയോളം ക്യഷി ചെയ്തു. നേന്ത്രനും പൂവനുമായിരുന്നു ഇനങ്ങൾ. പെട്ടെന്ന് ക്യഷി ചെയ്ത് ആദായം നേടാൻ കഴിയുമെന്നതുകൊണ്ടാണ് വാഴക്കൃഷി ആരംഭിച്ചത്. വീടിനു മുകളിലുള്ള കുന്നിൻ പ്രദേശത്തായിരുന്നു ക്യഷി .നനയ്ക്കാൻ വീടിനു താഴെയുളള കുളത്തിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം മുകളിലെത്തിച്ച് സ്പ്രിംഗ്ലർ സംവിധാനമൊരുക്കി. 2.5 ലക്ഷം രൂപ ചെലവിട്ടാണ് കുളം നിർമിച്ചത്. 

വിളവെടുത്തു തുടങ്ങിയപ്പോൾ നേന്ത്രൻ കിലോയ്ക്ക് 35 രൂപ വച്ചു ലഭിച്ചു. ഒരു ജോലിക്കാരൻ   മാത്രമാണ് സഹായത്തിന് ഉണ്ടായിരുന്നത്.   ജോലിക്കാരനൊപ്പം   ക്യഷിയിടത്തിലേക്ക്  ഇറങ്ങിയതുകൊണ്ട് വാഴക്കൃഷിയിൽ പണിക്കൂലി ഇനത്തിൽ കുറഞ്ഞ ചെലവു മാത്രമെ  ഉണ്ടായുള്ളു എന്ന് ജിമ്മി പറയുന്നു. 

മത്സ്യക്കൃഷി

വ്യക്തമായ ധാരണയോടു കൂടിയാണ് ഇദ്ദേഹം ക്യഷിയിലേക്കിറങ്ങിയത്. സൗദിയിൽ നിന്ന് വരുന്നതിനു മുൻപേ തന്നെ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും മറ്റും അന്വേഷണം നടത്തിയിരുന്നു. വളരെ താൽപര്യത്തോടെയാണ് മത്സ്യകൃഷി ആരംഭിച്ചത്. വീട്ടാവശ്യത്തിനും വരുമാന മാർഗമായും ആണ് മത്സ്യക്കൃഷിയെ കണ്ടത്.  20 മീറ്റർ നീളമുള്ള ഒരു കുളം സിൽപോളിൻ ഷീറ്റ് ഉപയോഗിച്ച് നിർമിച്ചു.

ആദ്യം നിർമിച്ച കുളത്തിൽ ധാരാളം ജലം ലഭ്യമായതിനാൽ അവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഈ കുളം നിറച്ചു. അതിൽ അസാം വാള 300 എണ്ണവും ഗിഫ്റ്റ് തിലാപ്പിയ മൽസ്യ വിത്തുകൾ 2000 എണ്ണവും നിക്ഷേപിച്ചു. കൊൽക്കത്തയിൽനിന്നാണ് മത്സ്യ വിത്തുകൾ വരുത്തിയത്. ഫിഷ് ഫീഡ് മാത്രമാണ് തീറ്റയായി നൽകുന്നത്. 

അതു കൊണ്ട് 3 മാസം കഴിഞ്ഞപ്പോഴേക്കും നല്ല വളർച്ചയായി.  മത്സ്യം   വിൽക്കുന്നതിനും വാങ്ങുന്നതിനുമായുളള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായതിനാൽ മത്സ്യത്തിന്റെ വിപണനം ഒരു പ്രശ്നമല്ലന്നാണു ജിമ്മി പറയുന്നത്. വിൽക്കാനുളള മത്സ്യത്തിന്റെ ചിത്രം ഇട്ടാൽ ആവശ്യക്കാർ ക്യഷിയിടത്തിലെത്തി വാങ്ങും. പുതിയതായി മൂന്നു ചെറിയ കുളങ്ങൾ കൂടി  സമീപത്ത് നിർമിച്ചിട്ടുണ്ട്.

വിപുലീകരണം

കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി  മുയൽക്കൃഷിയും ആട്, കോഴി, താറാവ് എന്നിവയും ആരംഭിച്ചു.  എങ്ങനെ ഒരു കൃഷിയിടത്തെ  സമ്മിശ്ര കൃഷിത്തോട്ടമാക്കി മാറ്റാം എന്നതിന്റെ  ഉദാഹരണമാണ് ജിമ്മിയുടെ തോട്ടം.   35,000 രൂപ ചെലവിൽ മുയൽക്കൂട് നിർമിച്ചു. സമീപ പ്രദേശങ്ങളായ ആനക്കാംപൊയിൽ, പുല്ലുരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് മുയൽ കൂഞ്ഞുങ്ങളെ വാങ്ങി.  55 എണ്ണം മുയലുകൾ കുഞ്ഞുങ്ങളടക്കം ഇപ്പോൾ ഇവിടെ ഉണ്ട്. 20000 രൂപ മുടക്കി അഞ്ച് ആടുകളെ വാങ്ങി. നാടൻ രീതിയിൽ കമുക് ഉപയോഗിച്ച് പ്രകൃതിക്കിണങ്ങുന്ന  രീതിയിൽ കൂടുനിർമിച്ചു.  വിശാലമായ കൃഷിയിടത്തിൽ ഇവയ്ക്കുള്ള തീറ്റയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. കൂടാതെ വാത്തയും കോഴിയും താറാവും ഇവിടെ വളരുന്നുണ്ട്. എണ്ണത്തിൽ മുപ്പതെണ്ണമേ ഉള്ളൂവെങ്കിലും  ഇദ്ദേഹത്തിന് നല്ലൊരു വരുമാനം ഈ വഴിക്കും  ലഭിക്കുന്നു.

4.5 ഏക്കർ കൃഷിയിടത്തിൽ വാഴ കൂടാതെ തെങ്ങ്, കവുങ്ങ്, ജാതി, റബർ എന്നിവ കൃഷി ചെയ്തു വരുന്നുണ്ട്. ആടും കോഴിയും മുയലും മറ്റും കൃഷിയിടത്തിലേക്കുളള ജൈവ വള സ്രോതസാണ്. അവയുടെ കാഷ്ഠം കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കുന്നു.  മത്സ്യക്കുളത്തിലെ വെള്ളം 60 ദിവസം കൂടുന്തോറും മാറ്റുന്നുണ്ട്. കുളത്തിൽ നിന്ന് മാറ്റുന്ന ജലം   വാഴകൾ നനയ്ക്കുന്നതിനു ഉപയോഗിക്കുന്നു. കുളത്തിനു ചുറ്റും അഞ്ഞൂറോളം ഞാലിപ്പൂവൻ വാഴകളാണ് ഇപ്പോൾ പുതുതായി നട്ടിരിക്കുന്നത്.

കൂടരഞ്ഞി ക്യഷിഭവൻ മുഖേന 'ആത്മ'  സംയോജിത ക്യഷിത്തോട്ട പദ്ധതി ജിമ്മി അലക്സിനു അനുവദിച്ചിട്ടുണ്ട്.   ക്യഷി ഭവൻ ഉദ്യോഗസ്ഥർ എല്ലാവിധ പിന്തുണയും ഇദ്ദേഹത്തിന്റെ കൃഷിക്കു നൽകുന്നു. കൃഷിഭവനുമായി സജീവ ബന്ധം നിലനിർത്തുന്ന  ഈ കർഷകൻ കൃഷിഭവന്റെ പരിശീലന പരിപാടികളിൽ പങ്കെടുത്ത് പുതിയ അറിവുകൾ നേടാൻ ശ്രമിക്കുന്നു.

കൃഷി ലാഭകരവും ആസ്വാദ്യകരവുമല്ല എന്ന വിമർശനത്തിനുള്ള മറുപടിയാണ് ജിമ്മി അലക്സ്. നിശ്ചയദാർഢ്യവും അധ്വാനശീലവും സാഹസിക മനോഭാവവും ആസൂത്രണവും ഉണ്ടെങ്കിൽ  കൃഷിയിൽ നേട്ടം കൊയ്യാം എന്ന് ഈ യുവ കർഷകൻ  സാക്ഷ്യം നൽകുന്നു. കുടുംബാംഗങ്ങളായ ഭാര്യ മെജോയും മക്കളായ മനുവും മൃദുലും  പുതിയ മാറ്റത്തെ സ്വീകരിച്ച് ജിമ്മിയുടെ ഹരിതലോകത്തിന് ഉറച്ച പിന്തുണ നൽകുന്നുണ്ട്..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA