ADVERTISEMENT

ടെറസ് കൃഷികൊണ്ടു മാത്രം വീട്ടു ചെലവിനുള്ള വരുമാനം നേടുന്ന വീട്ടമ്മ; ചങ്ങനാശേരി പെരുന്നയിലെ രമാ ദേവി. പന്തളം എൻഎസ്എസ് കോളജിൽ നിന്നു ബോട്ടണിയിൽ ബിരുദാനന്തരബിരുദം നേടിയ രമാദേവി ജോലിക്കു ശ്രമിച്ചില്ലെങ്കിലും ചെടിയോടും കൃഷിയോടുമുള്ള ഇഷ്ടം കൈവിട്ടില്ല. വീട്ടാവശ്യത്തിനു പച്ചക്കറികൾ സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ശീലം പണ്ടേയുണ്ട്. ഭർത്താവിന്റെ അപ്രതീക്ഷിത മരണവും പിന്നാലെ വന്ന സാമ്പത്തികപ്രയാസങ്ങളും ജീവിതത്തെ വിഷമസന്ധിയിലെത്തിച്ചപ്പോഴാണ് അടുക്കളത്തോട്ടം ആദായമാർഗമായി മുന്നിൽ തെളിഞ്ഞത്.

rd1

 

അടുത്തടുത്തായുള്ള രണ്ടു വീടുകളുടെ ടെറസ്സുകളാണ് രമാദേവിയുടെ കൃഷിയിടം. രണ്ടും സ്വന്തം വീടുകള്‍. ഒന്നു വാടകയ്ക്കു നൽകിയിരിക്കുന്നു. രണ്ടിലും നിറയെ പച്ചക്കറികളും ഒൗഷധച്ചെടികളും. ജൈവ പച്ചക്കറികളുടെ മേന്മ തിരിച്ചറിഞ്ഞ അയൽപക്കത്തെ വീട്ടമ്മമാർതന്നെ ആദ്യ ഉപഭോക്താക്കൾ. കണ്ടും കേട്ടും ആവശ്യക്കാർ കൂടിയതോടെ ഗ്രോബാഗുകളുടെയും പച്ചക്കറിയിനങ്ങളുടെയും എണ്ണം കൂടി. ഫെയ്സ്ബുക്കിലെ കൃഷിക്കൂട്ടായ്മകളിൽ അംഗമായതോടെ പച്ചക്കറിവിത്തുകളുടെ വിപണിയും തുറന്നു കിട്ടി. വിത്തുകൾ ആവശ്യക്കാർക്കു കൊറിയർ ചെയ്തും നേരിട്ടും വിൽക്കുന്നതിലൂടെ മാത്രം ഇപ്പോൾ മാസം ശരാശരി 7000 രൂപ പേഴ്സിലെത്തുമെന്നു രമാദേവി. ‘വയലും വീടും’ എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ അഡ്മിനുമാണ് ഈ കൃഷിക്കാരി.

rd2

 

മഴമറയില്ലാതെയാണ് വർഷം മുഴുവൻ കൃഷി.  യുവി ഷീറ്റു മേഞ്ഞ മഴമറയ്ക്ക് എതിരുമാണ് രമാദേവി. ആവശ്യമെങ്കിൽ ഗ്രീൻ നെറ്റാവാം. ‘മഴമറയിലെ ചെടി വർഷം മുഴുവൻ നനയ്ക്കണം. മറയില്ലെങ്കിൽ മഴയില്ലാത്തപ്പോൾ നനച്ചാൽ മതിയല്ലോ. മാത്രമല്ല, ചെടികൾ കാറ്റും വെളിച്ചവും മഴയും വെയിലുമെല്ലാം സ്വീകരിച്ചു വളരണം. പരിപാലനം കാര്യക്ഷമമെങ്കിൽ ചീരയൊഴികെ ബാക്കിയെല്ലാ പച്ചക്കറികളും മഴമറയില്ലാ തെതന്നെ വർഷം മുഴുവൻ വിളയിക്കാം’, രമാദേവി പറയുന്നു. തുള്ളിനനയുടെ ചെലവും ലളിതമായി മറികടന്നു രമാദേവി. മൂടുവെട്ടി തലകീഴായി നിർത്തി വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് ഒരു പിരി അയച്ചുവച്ച് വെള്ളം തുള്ളിയായി തടത്തിൽ വീഴ്ത്തുന്നതാണു വിദ്യ.

 

പച്ചച്ചീര, സൗഹൃദച്ചീര, കുപ്പച്ചീര, ഒാണാട്ടുകര വഴുതന, ഗുള്ളി വഴുതന, ആന ക്കൊമ്പൻ വെണ്ട, ചുവന്ന വെണ്ട തുടങ്ങി രമാദേവിയുടെ ടെറസ്സിൽ ഇടം പിടിക്കാത്ത ഇനങ്ങൾ കുറയും. അഗത്തിയും തഴുതാമയും പോലെ ഒരേ സമയം ഭക്ഷണവും ഒൗഷധവുമായ ഇനങ്ങൾക്കും ആവശ്യക്കാരേറെ. ഉദരരോഗങ്ങൾക്കു ഫലപ്രദമായ അഗത്തിയുടെ ഇലയും കായും മാത്രമല്ല പൂവുമുണ്ട് വിൽപനയ്ക്ക്.

 

‘കൃഷിയിറക്കാൻ നേരമില്ല, അടുക്കളത്തോട്ടം വേണം താനും’, അങ്ങനെയുള്ളവർക്കായി വിളവെടുക്കാറായ പച്ചക്കറികൾ ഗ്രോബാഗുൾപ്പെടെ വിൽക്കുന്ന രീതിയുമുണ്ട്. പലയിനം പച്ചക്കറികൾ തിരഞ്ഞെടുത്ത് പത്തും പതിനഞ്ചും ഗ്രോബാഗുകൾ ഒരുമിച്ചു വാങ്ങിപ്പോകുന്നവരുണ്ടെന്നു രമാദേവി. ഒന്നിന് 120 രൂപയ്ക്കാണു വിൽപന. വിളഞ്ഞു തുടങ്ങിയ ചെടിയെങ്കിൽ വില കൂടും. 

 

 

പച്ചക്കറിക്കൃഷി, നഴ്സറി

ബി. രമാദേവി 

കാർത്തിക

ചങ്ങനാശേരി, കോട്ടയം

ഫോൺ: 9446468569

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com