ADVERTISEMENT

റബറല്ലാതെ ഒരു കാർഷിക ഉൽപന്നവും വിറ്റു പരിചയമുള്ളവരല്ല പാലാക്കാർ. കപ്പയും ചക്കയും മാങ്ങയുമൊക്കെ വേണ്ടു വോളമുള്ള പുരയിടങ്ങൾ ധാരാളമുണ്ടെങ്കിലും അവയൊന്നും വിറ്റു വരുമാനം നേടേണ്ട സാഹചര്യം അടുത്തകാലം വരെയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കൃഷിയിടത്തിലെ ഓരോ ഇഞ്ചിൽനിന്നും പരമാവധി ആദായം ഉറപ്പാക്കിയാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുശേഷമുള്ള വാഴക്കുലയും ചേനയും ചേമ്പും പാഷൻഫ്രൂട്ടും മരച്ചീനിയും കോഴിമുട്ടയുമൊക്കെ കറൻസിയാക്കേണ്ടിവരുന്നു. പക്ഷേ, വിൽപനയ്ക്കിറങ്ങുമ്പോഴാണ് അതിന്റെ പൊല്ലാപ്പറിയുന്നത്.

റബർഷീറ്റുമായി വീട്ടിൽ നിന്നിറങ്ങുമ്പോഴേ പത്രവില നോക്കി എത്ര രൂപ കിട്ടുമെന്ന് കണക്കുകൂട്ടാമായിരുന്നു. എന്നാൽ വാഴക്കുലയുടെയും ചേനയുടെയുമൊക്കെ കാര്യം അങ്ങനെയല്ല. വിശേഷിച്ച്, ചെറുകിട കർഷകർക്കു പൊതുചന്തകളിൽ തീരെ പരിഗണന ലഭിക്കാറില്ല. കച്ചവടക്കാരുെട ആധിപത്യമാണ് കമ്പോളങ്ങളിൽ. ഇടനിലക്കാരിലൂടെ വേണം ഉൽപന്നങ്ങൾ ചന്തയിലെത്തിക്കാൻ. അവരുെട ലാഭമെടുപ്പു കഴിയുമ്പോൾ കൃഷിക്കാരനു കിട്ടുന്നത് തുച്ഛമായ തുകയാവും. അതുതന്നെ പലതരത്തിലുള്ള തിരസ്കാരങ്ങൾക്കും ചൂഷണങ്ങൾക്കും ശേഷവും.

pala-social-welfare-society
കാർഷികോൽപന്നങ്ങളുമായെത്തിയ കാർ

ഈ സ്ഥിതി മാറ്റി കൃഷിക്കാർക്ക് ആത്മവിശ്വാസത്തോെട ഉൽപന്നങ്ങളുമായി കടന്നുവരാൻ അവസരമൊരുക്കുകയാണ് പാലാരൂപതയുടെ സാമൂഹിക സേവനവിഭാഗമായ അഗ്രിമ കാർഷിക ഓപ്പൺ മാർക്കറ്റ്. പാലാ നഗരഹൃദയത്തിലുള്ള അഗ്രിമ വിപണി ആഴ്ചയിൽ രണ്ടു ദിവസമാണ് സജീവമാവുക. പുരയിടങ്ങളിലെ എല്ലാവിധ ഉൽപന്നങ്ങളും – ചക്ക മുതൽ ചീനിക്കിഴങ്ങുവരെ, മുട്ട മുതൽ മുയൽവരെ ഇവിടെ കൊണ്ടുവരാം. ഉൽപന്നങ്ങളുെട വില തീരുമാനിക്കാനുള്ള അവകാശവും കൃഷിക്കാർക്കുതന്നെ.

കോഴിമുട്ടയ്ക്ക് ആറു രൂപ ആവശ്യപ്പെട്ടാൽ അതു തന്നെ വില. വാഴക്കുലപോലെ കൂടുതലായി എത്തുന്ന ഉൽപന്നങ്ങൾക്ക് വളരെ കൂടുതൽ വില ചോദിക്കുന്നവരെ പൊതുവിപണിയിലെ വിലനിലവാരം കൂടി അറിയിക്കുമെന്നുമാത്രം. അന്തിമ തീരുമാനം കൃഷിക്കാരന്റേതാണ്. മിക്കവാറും ഉൽപന്നങ്ങളും ഏതാനും മണിക്കൂറിനുള്ളിൽ വിറ്റുതീരുകയാണ് പതിവ്. ഏതെങ്കിലും ഉൽപന്നം മിച്ചമുണ്ടായാൽ രൂപതയുെട ഹോസ്റ്റലുകളിലും ബോർഡിങ്ങുകളിലുമൊക്കെ നൽകി കൃഷിക്കാരനു വില ലഭ്യമാക്കും. ഓരോ ആഴ്ചയിലും ശരാശരി 50,000 രൂപയുെട കാർഷികോൽപന്നങ്ങൾ ഇവിടെ വിൽക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബെന്നി ചുളുവനാനിക്കൽ പറഞ്ഞു. കാർഷികോൽപന്നങ്ങൾക്കൊപ്പം പലഹാരങ്ങൾ, െനയ്യ്, മസാലപ്പൊടികൾ തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും അഗ്രിമ വിപണിയിൽ വിൽപനയ്ക്കെത്താറുണ്ട്. ‌ ഫോൺ– 9447601428

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com