ADVERTISEMENT

പൂവിട്ടുതുടങ്ങിയ പതിനാറു പച്ചക്കറി വിളകളെ വലിയ ഒരു കുടയുടെ അത്ര വട്ടത്തിലുള്ള സ്ഥലത്ത് മൂന്നാഴ്ചയോളം 50 ലീറ്റർ വെള്ളം മാത്രമുപയോഗിച്ചു വളർത്താൻ സാധിക്കുമോ? സാധിക്കുമെന്നു കാണിച്ചുതരികയാണ് എറണാകുളം ചെറായിയിലെ കാർഷിക സംരംഭകനായ ബിജു ടി. കുര്യാക്കോസ്. ഫൈബർ ഉപയോഗിച്ച് നവീന കാർഷിക ഉപകരണങ്ങൾ നിർമിക്കുന്നതിൽ ബിജുവിനു പ്രത്യേക കഴിവും താൽപര്യവുമാണുള്ളത്. അക്വാപോണിക്സ് യൂണിറ്റുകൾ, ഫിഷ് ടാങ്കുകൾ, ഹൈഡ്രോപോണിക്സ് യൂണിറ്റുകൾ എന്നിവയൊക്കെ രൂപകൽപന ചെയ്തു നിർമിച്ചു നൽകുന്ന ഈ യുവസംരംഭകന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് സിപ് അഥവാ സെൽഫ് ഇറിഗേറ്റിങ് പ്ലാൻറ്സ്. ഇത്തിരി വട്ടത്തിൽ 16 ചുവട് പച്ചക്കറിവിളകൾ അനായാസം കൃഷി ചെയ്യാൻ ഈ സംവിധാനം പര്യാപ്തമാണെന്നു ബിജു അവകാശപ്പെടുന്നു. മൂന്നു ചതുരശ്രയടി സ്ഥലം മാത്രമാണ് ഇതിനായി വേണ്ടിവരുന്നത്. ഒരിക്കൽ വെള്ളം നിറച്ചാൽ 20 ദിവസത്തേക്ക് നന നൽകേണ്ടതില്ലാത്ത സിപ് സ്ഥലവും ജലവും ലാഭിക്കുവാൻ സഹായകമാണ്. ഫൈബർ നിർമിതമായ ഒരു വലിയ ബക്കറ്റെന്നു സിപിനെ വിശേഷിപ്പിക്കാം. നടുവിലായുള്ള ഒരു തട്ട് ബക്കറ്റിനെ രണ്ടായിതിരിക്കുന്നു. താഴത്തെ തട്ടിൽ വെള്ളം നിറയ്ക്കാൻ പുറത്തേക്കു തുറക്കുന്ന ഒരു വാൽവുണ്ട്. ബക്കറ്റിന്റെ ചുവടുഭാഗത്തെ ദ്വാരത്തിൽ ഘടിപ്പിച്ച സുതാര്യമായ മറ്റൊരു ട്യൂബ് ലംബമായി നാട്ടിനിർത്തിയിരിക്കുന്നു. ബക്കറ്റിലെ ജലനിരപ്പറിയണമെങ്കിൽ ട്യൂബിലേക്കു നോക്കിയാൽ മതി. ബക്കറ്റിനുള്ളിലെ തട്ടിനു മീതെ പ്രത്യേക നടീൽമിശ്രിതം നിറച്ചശേഷം മൂടിയിരിക്കുകയാണ്. ഫൈബർ നിർമിതമായ ഈ മൂടി നിറയെ വലിയ ദ്വാരങ്ങളിട്ടിട്ടുണ്ട്, ദ്വാരങ്ങളിലൂെട മേൽത്തട്ടിലെ നടീൽമിശ്രിതത്തിൽ പച്ചക്കറികൾ നടാം. രണ്ടു തട്ടുകളെയും വേർതിരിക്കുന്ന ഇടത്തട്ടിലൂെട പതിനാറ് തിരികൾ താഴത്തെ അറയിൽനിന്നു നടീൽ മിശ്രിതത്തിലേക്ക് കടത്തിവച്ചിരിക്കും. താഴത്തെ അറയിൽ നിറച്ചിരിക്കുന്ന ജലം തിരികളിലൂെട നടീൽ മിശ്രിതത്തിലെത്തിക്കുകയാണ് ലക്ഷ്യം. താഴത്തെ അറയിൽ 80 ലീറ്റർ വെള്ളം ശേഖരിക്കാമെന്നു ബിജു പറയുന്നു.

 

സ്ഥലം, ജലം, സമയം എന്നിവ ലാഭിക്കാമെന്നതാണ് സിപിന്റെ സവിശേഷതയായി ബിജു ചൂണ്ടിക്കാട്ടുന്നത്. കളശല്യം തീരെയുണ്ടാവില്ല. പ്രത്യേക നടീൽമിശ്രിത മുപയോഗിക്കുന്നതിനാൽ മണ്ണിൽനിന്നുള്ള രോഗസാധ്യതയും കുറവായിരിക്കും. കൃഷിയിൽ മുൻപരിചയമില്ലാത്തവർക്കു പോലും പച്ചക്കറിക്കൃഷി നടത്താമെന്നതിനാൽ സിപ്പിനു നഗരഭവനങ്ങളിൽ ഏറെ ആവശ്യക്കാരുണ്ടാകുമെന്നാണ് ബിജുവിന്റെ പ്രതീക്ഷ. ആവശ്യക്കാർക്ക് ഇവ നിർമിച്ചു നൽകാനും തയാർ. 16 ചെടികൾ വളർത്താവുന്ന ഒരു യൂണിറ്റിന് 8500 രൂപ വിലയാകുമെന്ന് ബിജു പറഞ്ഞു. മൂന്നു ചെടികൾ നടാവുന്ന ചെറുയൂണിറ്റുകളും ഇദ്ദേഹം നിർമിക്കുന്നുണ്ട്. 

 

Thirinana

കുറഞ്ഞ വിസ്തൃതിയിൽ പരമാവധി സാന്ദ്രതയിൽ ചെടികൾ നടാമെന്നതും രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ മാത്രം വെള്ളം നിറച്ചാൽ മതിയെന്നതുമാണ് ഈ സംവിധാനത്തെ വ്യത്യസ്തമാക്കുന്നത്. ആവശ്യാനുസരണം മറ്റൊരിടത്തേക്ക് മാറ്റാമെന്നതും സിപ്പിനെ പ്രിയങ്കരമാക്കുന്നു. മുകളിലത്തെ അറയിൽ നിറയ്ക്കുന്ന നടീൽമിശ്രിതമാണ് സിപിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. മത്സ്യാധിഷ്ഠിതമായ ജൈവവളം ചേർത്ത ഈ നടീൽ മിശ്രിതത്തിൽ വേണ്ടത്ര പോഷകങ്ങളുള്ളതിനാൽ ഇടയ്ക്കിടെ വളം ചേർത്തുനൽകേ ണ്ടതില്ല. ഓരോ തവണയും കൃഷി ആരംഭിക്കുമ്പോൾ നടീൽമിശ്രിതം ചേർത്തുനൽകുന്നത് നല്ലതായിരിക്കുമെന്നു മാത്രം. ഇതിനാവശ്യമായ റീഫിൽ പായ്ക്കറ്റുകളും വിപണിയിലെത്തിക്കും. കാര്യമായ തകരാറുകൾക്ക് സാധ്യതയില്ലാത്ത ഈ യൂണിറ്റ് സ്വന്തമാക്കിയാൽ 20 വർഷത്തേക്കെങ്കിലും പച്ചക്കറിക്കൃഷിക്ക് മറ്റൊരിടം തേടേണ്ടതില്ലെന്നാണ് ബിജുവിന്റെ പക്ഷം. ചെറായി േബക്കറി ജംഗ്ഷനു സമീപമുള്ള ബിജുവിന്റെ ഗൃഹാങ്കണം ആധുനിക കൃഷിരീതികളുെട സ്ഥിരം പ്രദർശനവേദിയാണ്. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ സങ്കേതങ്ങളുെട സഹായത്തോടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മീനുമൊക്കെ ഉൽപാദിപ്പിക്കാൻ ഇദ്ദേഹത്തിനു കഴിയുന്നുണ്ട്. 

 

ഫോൺ– 9847169000 

 

jalai-system1
ബിജുവിന്റെ ടെറസിലെ അടുക്കളത്തോട്ട യൂണിറ്റ്

അടുക്കളത്തോട്ടത്തില്‍ നന അനായാസം

 

ആവേശത്തോടെ അടുക്കളത്തോട്ടം തുടങ്ങുന്ന പലരും പതിയെ അതിൽനിന്നു പിന്മാറുന്നത് അപൂർവമല്ല. നന മുതൽ കീടനിയന്ത്രണംവരെയുള്ള കാര്യങ്ങൾ തലവേദനയാകുന്നതാണ് പലരുടെയും മടുപ്പിനു കാരണം. അങ്ങനെ, ‘നിൽക്ക ണോ, പോണോ’ എന്ന മട്ടിൽ ചാഞ്ചാടുന്നവരെ സന്തോഷിപ്പിക്കുന്ന സൗകര്യങ്ങളാണ് അടുക്കളത്തോട്ടക്കൃഷിക്കായി കൊല്ലം വവ്വാക്കാവ് കവറാട്ട് വീട്ടിൽ ബിജു ജലാൽ ഒരുക്കിയിരിക്കുന്നത്.

Drip-kit

 

‘വേനലിൽ നന പ്രധാനം. എന്നാൽ പലരും മിക്കപ്പോഴും ആവശ്യത്തിലധികം ജലം ചെടിക്കുനല്‍കുന്നു. അതിൽ നല്ല പങ്കും ചെടി വലിച്ചെടുക്കാതെ പാഴാവുകയും ചെയ്യുന്നു. ജലനഷ്ടം തീരെയില്ലാത്ത തിരിനന രീതി ഗുണകരമാവുന്നത് ഈ സന്ദർഭത്തിലാണ്. ആവശ്യമായ അളവില്‍ ജലം തിരിയിലൂടെ വലിച്ചെടുക്കാൻ ചെടിക്ക് അവസരം നൽകുന്നു തിരിനന സംവിധാനം. ജല നഷ്ടം മാത്രമല്ല, നനയുടെ അധ്വാനവും സമയനഷ്ടവും കൂടി ഒഴിവാക്കാം. അതേസമയം തിരിനന സംവിധാനമൊരുക്കല്‍ അത്ര എളുപ്പമല്ല, അതിനുള്ള ചെലവ് അത്ര ചെറുതുമല്ല. ഈ സാഹചര്യത്തിലാണ് തിരിനന സംവിധാനം കൂടുതൽ ലളിതമാക്കാനും കൃഷിയെ കൂടുതൽ എളുപ്പമാക്കുന്ന ചില കാര്യങ്ങൾ ഇതിനോടു കൂട്ടിച്ചേർക്കാനും ശ്രമിച്ചത്’, ബിജുവിന്റെ വാക്കുകൾ.

 

രണ്ടാഴ്ചത്തേക്കുള്ള വെള്ളം സംഭരിച്ചു വയ്ക്കാൻ കഴിയുന്ന വാട്ടർ സ്റ്റോറേജാണ് ബിജുവിന്റെ സംവിധാനത്തിലുള്ളത്. നാലു കാലുകളിൽ ഉയർത്തിയാണ് ഈ വെള്ളപ്പാത്രം വയ്ക്കുന്നത് എന്നതിനാൽ ടെറസ്സിലേക്ക് ഈർപ്പം ഇറങ്ങുകയേയില്ല. യൂണിറ്റിന്റെ ഭാഗമായ ട്രേയിൽ വെള്ളം നിറച്ചു വച്ച് ഉറുമ്പുപോലുള്ള ക്ഷുദ്രജീവികൾ ചെടിയിലേക്കു കയറുന്നതു തടയാം. വളർന്നുവരുന്ന ചെടികൾക്കും കായ്കൾക്കും താങ്ങു കൊടുക്കാൻ ഒരു കമ്പോ, പൈപ്പോ ട്രേയിലേക്കു കുത്തി നിർത്തണമെങ്കിൽ അതിനും സൗകര്യമുണ്ട്, ബിജു ജലാലിന്റെ തിരിനന യൂണിറ്റിൽ. പച്ചക്കറിക്കൃഷി ചെയ്യുന്നവർക്കു തലവേദനയായ, വെള്ളീച്ചപോലുള്ള കീടങ്ങളെ അടുപ്പിക്കാതിരിക്കാൻ, ചെടിയെ പൊതിഞ്ഞ് വല വിരിക്കാനുള്ള ക്രമീകരണവുമുണ്ട്.

 

പത്തു തടങ്ങൾ ചേരുന്നതാണ് ബിജുവിന്റെ ഒരു യൂണിറ്റ്. അതായത്, പത്ത് വാട്ടർ സ്േറ്റാറേജ്, പത്ത് ട്രേ, പത്ത് നീളം കൂടിയ തിരി, പത്ത് ഗ്രോബാഗ്, വല വിരിക്കാൻ കഴിയുന്ന ഒരു കൺട്രോൾ യൂണിറ്റ്. ലഘുവായ ശ്രമവും കുറഞ്ഞ സമയവും കൊണ്ട് തിരിനന യൂണിറ്റ് പ്രവർത്തനസജ്ജമാക്കാമെന്നു ബിജു. പരിഷ്കരിച്ച തിരിനന സംവിധാനം കണ്ടു ബോധ്യപ്പെ ട്ടാല്‍ ആവശ്യക്കാര്‍ക്ക് അതൊരുക്കിക്കൊടുക്കാന്‍ ബിജു തയാര്‍. അതിനൊപ്പം നടീൽമിശ്രിതം, വളം എന്നിവയും എത്തിച്ചുകൊടുക്കും. 

 

‘എല്ലാ കുടുംബങ്ങളും അവരാൽ കഴിയുന്ന പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യണം. അതിനു തിരിനനപോലെ ആയാസ രഹിതമായ സംവിധാനങ്ങൾ പ്രചാരം നേടണം’, ബിജു പറയുന്നു. ഫോൺ: 9847475673

തുളിനന കിറ്റ്

എറണാകുളം ജില്ലാകൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘ഇറിഗേറ്ര് ഇൗസി’ എന്ന തുളിനനകിറ്റ് വിലപനയ്ക്ക്. ഒരു സെന്റ് ഭൂമി അല്ലെങ്കിൽ 80 ഗ്രോബാഗുകൾ നനയ്ക്കാം. ജലം 60 ശതമാനം കണ്ട് ലഭിക്കാം. എറണാകുളം ഹൈക്കടതി ജംക്‍‍ഷനിലുള്ള കെവികെ വിപണന കേന്ദ്രത്തിലും ലഭിക്കും. വില 450 രൂപ .

ഫോൺ:0484 2972450, 2982450

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com