ADVERTISEMENT

മധ്യകേരളത്തിൽ ഏറെ പ്രശസ്തമായിരുന്നു കൂത്താട്ടുകുളത്തെ ബുധനാഴ്ചച്ചന്ത. കപ്പയും കാച്ചിലുംപോലുള്ള കിഴങ്ങുവർഗങ്ങൾക്കും മഞ്ഞളും ഇഞ്ചിയു മുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കും കേൾവികേട്ട ചന്ത. വാട്ടുകപ്പ മുതൽ വിത്തിഞ്ചിവരെ വാങ്ങാൻ ആളുകൾ തിരക്കു കൂട്ടിയിരുന്ന കാലം. അനുബന്ധമായി അതിപ്രശസ്തമായ കാലിച്ചന്തയും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമായി, ഹൈറേഞ്ചിനെ തൊട്ടുരുമ്മിക്കിടക്കുന്ന കിഴക്കൻ പ്രദേശമായ കൂത്താട്ടുകുളത്ത് കൃഷിക്കാരും ഏറെയായിരുന്നു. കാലാന്തരത്തിൽ പക്ഷേ ബുധനാഴ്ചച്ചന്തയുടെ ചന്തം കുറഞ്ഞു. ഇടനിലക്കാരുടെ കടുത്ത ചൂഷണവും വിപണനപ്രശ്നങ്ങളും മൂലം പലരും കൃഷിയിൽനിന്നു പിൻവാങ്ങി. കൃഷി തുടർന്നവരാകട്ടെ റബറിലേക്കും പൈനാപ്പിളിലേക്കും ചുവടുമാറ്റി. പഴയ പേരും പ്രതാപവുമില്ലെങ്കിലും ഇന്നുമുണ്ട് കൂത്താട്ടുകുളത്തെ ബുധനാഴ്ചച്ചന്ത; പഴയ സ്ഥലത്തുനിന്ന് നഗരത്തിന്റെ മൂലയിലേക്ക് കുറേക്കൂടി ഒതുങ്ങി മാറി. 

 

koothattukulam-market
ഉൽപന്ന ലേലം

ഇനി, മുമ്പ് ബുധനാഴ്ചച്ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കുള്ള ഇടവഴിയിലൂടെ ചൊവ്വാഴ്ച ദിവസം ഒന്നു നടന്നു ചെല്ലുക. പഴയ പ്രതാപത്തിൽ വീണ്ടും കാണാം കൂത്താട്ടുകുളം ചന്ത. ഇടനിലക്കാരും കള്ളത്തൂക്കവുമില്ലാതെ കാർഷികോൽപന്നങ്ങൾക്ക് അർഹിക്കുന്ന വില നേടാൻ കർഷകന് അവസരം നൽകുന്ന ലേല മാർക്കറ്റ്. ആഴ്ചയിൽ ശരാശരി ആറു ലക്ഷം രൂപയുടെ ലേലം നടക്കുന്ന ഈ ചന്ത തിരികെക്കൊണ്ടുവന്നത് ഈ നാടിന്റെ കൃഷി സമൃദ്ധി കൂടിയാണെന്നു പറയുന്നു, ലേല മാർക്കറ്റിന്റെ സംഘാടകരായ കൂത്താട്ടുകുളം അഗ്രികൾച്ചർ മാർക്കറ്റിങ് ആൻഡ് പ്രോസസ്സിങ് സൊസൈറ്റിയുടെ പ്രസിഡന്റ് ജോയിക്കുട്ടി സി. ജോണും സഹകർഷകരും. സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ നയാപൈസ സഹായമില്ലാതെ, മുനിസിപ്പാലിറ്റി അനുവദിച്ച വാടകസ്ഥലത്താണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. 

 

കൃഷിയിലേക്കു വീണ്ടും

 

ലേലമാർക്കറ്റ് തുടങ്ങുമ്പോഴുള്ള മുഖ്യവെല്ലുവിളി ആളുകളെ കൃഷിയിലേക്കു തിരിച്ചുകൊണ്ടുവരുക എന്നതായിരുന്നെന്ന് ജോയിക്കുട്ടി സി. ജോൺ. കാർഷികോൽപന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിച്ച ശേഷം ലേലം നടത്തുക, മൽസരിച്ചു ലേലം പിടിക്കാനായി കൂടുതൽ കച്ചവടക്കാരെ എത്തിക്കുക; അതായിരുന്നു മുന്നിൽക്കണ്ട മാർഗം. ആദ്യ കാലങ്ങളിലത് അത്രയൊന്നും മാറ്റം സൃഷ്ടിച്ചില്ലെങ്കിലും പിന്നീടുണ്ടായ പുരോഗതി ആവേശകരമായിരുന്നു. 

 

ഏതു കാർഷികോൽപന്നവും ന്യായവിലയ്ക്കു ലേലം ചെയ്യപ്പെടും എന്നു വന്നതോടെ സമീപ പ്രദേശങ്ങളിൽനിന്നു പോലും കർഷകർ ഉൽപന്നങ്ങളുമായെത്തി. വാഴക്കുലയും തേങ്ങയും കപ്പയും കാച്ചിലും മുതൽ ചക്കയും ചക്കക്കുരുവും മാങ്ങയും വാഴച്ചുണ്ടും വാഴപ്പിണ്ടിയും കറിവേപ്പിലയും വരെ ലേലച്ചന്തയിൽ ഇടം പിടിച്ചു. നല്ല നാടൻ ഉൽപന്നങ്ങൾ മൊത്തമായി ലഭിക്കുമെന്നു വന്നതോടെ ആഴ്ചച്ചന്തയ്ക്കെത്തുന്ന കച്ചവടക്കാരുടെ എണ്ണവും കൂടി. 

 

നിലവിൽ ആഴ്ചതോറും അഞ്ഞൂറിലേറെ കർഷകരും നൂറിലേറെ കച്ചവടക്കാരും പ്രയോജനപ്പെടുത്തുന്നു ഈ ലേല മാർക്കറ്റ്. ചൊവ്വാഴ്ച രാവിലെ അഞ്ചുമണി മുതൽ ഒമ്പതുമണിവരെയാണ് ലേല ഉൽപന്നങ്ങൾ എത്തിക്കാൻ സമയം നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോള്‍ തലേന്നു തന്നെ ലേല ഹാൾ ഉൽപന്നങ്ങൾകൊണ്ടു നിറയുന്നു. രാവിലെ ഒമ്പതുമണിക്ക് തുടങ്ങുന്ന ലേലം രാവേറെ നീളുന്നതും പതിവു കാഴ്ച. 

 

പതിനാറ് സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് ലേലഹാൾ. അതു കൊണ്ടുതന്നെ കച്ചവടത്തിൽ കള്ളപ്പറയും ചെറുനാഴിയുമായി കടന്നുവരാൻ ആരും ധൈര്യപ്പെടുന്നില്ലെന്ന് ജോയിക്കുട്ടി സി. ജോൺ. ഏറ്റവും കൃത്യതയുള്ള ത്രാസുകളാണ് ഇവിടെയുള്ളത്. പരിപൂർണമായും കംപ്യൂട്ടർവൽക്കരിച്ച ബില്ലിങ് സംവിധാനം, കർഷകരുടെ പണം ഉടനടി കൈമാറാൻ സഹായകരമാവുന്നു. വിലയിൽനിന്ന് ഈടാക്കുന്ന അഞ്ചു ശതമാനം കമ്മീഷനാണ് മാർക്കറ്റിന്റെ പ്രവർത്തന ഫണ്ട്.

 

കിഴക്കൻ കൃഷിയിടങ്ങൾക്ക് അന്യമായിത്തീരുമായിരുന്ന കിഴങ്ങുവർഗങ്ങളുടെയും മറ്റും കൃഷി വൻതോതിൽ തിരിച്ചു വരാൻ ലേലമാർക്കറ്റ് ഗുണം ചെയ്തു എന്നതാണു മറ്റൊരു നേട്ടം. വാഴക്കൃഷിയിലും വലിയ മുന്നേറ്റമുണ്ടായി. കൂത്താട്ടുകുളത്തെ വാഴക്കന്നു വിൽപനശാലകളിൽ കച്ചവടം പൊടിപൊടിക്കുന്നതും കർഷകർ കൂട്ടത്തോടെ വാഴക്കൃഷിയിലേക്കു തിരിയുന്നതും ലേലമാർക്കറ്റിലെ വാഴക്കുലവിപണിയുടെ ബലത്തിൽത്തന്നെ. ഒരു കിലോ കാച്ചിൽ 66 രൂപയ്ക്കും ചേമ്പ് 50 രൂപയ്ക്കും ചേന 45 രൂപയ്ക്കുമെല്ലാം ലേലം കൊള്ളുമ്പോൾ ലഭിക്കുന്ന സന്തോഷം ചെറുതല്ലെന്ന് സൊസൈറ്റി ഭാരവാഹികൾ. കുരുമുളകിനു കിലോ 330 രൂപ മാത്രം വിലയുള്ളപ്പോൾ കാന്താരിമുളക് ലേലത്തിൽ പോയത് കിലോ 1200 രൂപയ്ക്ക്! ഈ നേട്ടം ഈ പ്രദേശത്തെ കർഷകർക്കു നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും തന്നെയാണ് സൊസൈറ്റിയുടെ ഊർജം.

 

കാണുന്നുണ്ടോ കൃഷിവകുപ്പ് 

 

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും സർക്കാരും കൃഷിവകുപ്പുമൊന്നും തങ്ങളെപ്പോലുള്ള സ്വതന്ത്രസംഘങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിൽ പ്രതിഷേധമുണ്ട് സൊസൈറ്റിക്ക്. കാർഷികവിപണി വളർത്താൻ ലക്ഷക്കണക്കിനു രൂപ പാഴാക്കി കൊണ്ടുപിടിച്ചു ശ്രമം നടത്തുന്നുണ്ട് കാലങ്ങളായി കൃഷിവകുപ്പ്. ഇങ്ങനെ പാഴാക്കുന്ന പണത്തിന്റെ ചെറു പങ്ക് നല്ല നിലയിൽ പ്രവർത്തിക്കുന്ന വിപണനസംഘങ്ങൾക്കു സഹായധനമായി നൽകിയാൽ ഇതിലേറെ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവും അവർക്ക്. ഇക്കാര്യത്തിൽ നിവേദന ങ്ങള്‍ ഒട്ടേറെ നൽകിയിട്ടും ഒരു നല്ലവാ ക്കുപോലും മറുപടിയായി കിട്ടിയിട്ടില്ലെന്ന് പറയുന്നു സൊസൈറ്റി ഭാരവാഹികൾ. അപ്പോഴും സഹായങ്ങൾക്കോ സബ്സിഡികൾക്കോ കാത്തു നിൽക്കാതെ കാർഷികമേളകളും സെമിനാറുകളുമൊക്കെയായി കൃഷിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമം തുടരുന്നു കൂത്താട്ടുകുളത്തെ ഈ കൂട്ടായ്മ. ഫോൺ: 9495505803 (ജോയിക്കുട്ടി സി. ജോൺ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com