ADVERTISEMENT

വിഷാംശം അൽപംപോലുമില്ലാതെ, പുരാതനഗ്രന്ഥങ്ങളിൽനിന്നുള്ള പരിചരണവിധികൾ പ്രയോജനപ്പെടുത്തി ഉൽപാദിപ്പിച്ച വെണ്ടയ്ക്കയും വെള്ളരിക്കയും പാവയ്ക്കായുമൊക്കെ ചന്തയിലെയോ പലചരക്കുകടയിലെയോ മറ്റു പച്ചക്കറികൾക്കൊപ്പം വിൽക്കുന്നതെങ്ങനെ? സംസ്ഥാനത്ത് ഒരുപക്ഷേ ആദ്യമായി വൃക്ഷായുർവേദ ശൈലിയിൽ പച്ചക്കറിക്കൃഷി നടത്തിയ കണ്ണൂർ പരിയാരത്തെ ഗ്രാമിക പുരുഷ സ്വാശ്രയസംഘത്തിന്റെ ആശയക്കുഴപ്പം അതായിരുന്നു. പവിഴമുത്തുകൾ പ്ലാസ്റ്റിക് മുത്തുകളോടൊപ്പം കോർത്ത് ആരും മാലയുണ്ടാക്കില്ലല്ലോ?

 

വിശിഷ്ടമായതിനെ വിശിഷ്ടമെന്നു വിശേഷിപ്പിച്ചുതന്നെ വിൽക്കണമെന്ന് അവർ തീരുമാനിച്ചത് അങ്ങനെ. അതിനുതകുന്ന ഒരു ബോർഡ് കൃഷിയിടത്തിനു സമീപം സ്ഥാപിച്ചു– വൃക്ഷായുർവേദ വിഷരഹിത പച്ചക്കറികൾ. കൃഷിയിടത്തിൽ വിളഞ്ഞുനിൽക്കുന്ന പച്ചക്കറികൾ നേരിട്ടു കണ്ടു ബോധ്യപ്പെട്ടശേഷം വാങ്ങുന്ന ഫാം ഗേറ്റ് വിപണനമായിരുന്നു ലക്ഷ്യം.

 

ദേശീയപാതയുെട അരികിലായുള്ള ബോർഡ് പക്ഷേ പ്രതീക്ഷയ്ക്കും അപ്പുറത്തെ ബ്രാൻഡ് ഇമേജാണ് നൽകിയതെന്ന് പ്രസിഡന്റ് പ്രഭാകരൻ. കാറിൽ പാഞ്ഞു പോയിരുന്നവർപോലും ബോർഡ് കണ്ട് തിരികെയെത്തി. ആവശ്യമനുസരിച്ച് നൽകാൻ പച്ചക്കറി തികയാത്ത അവസ്ഥയായി. പാവലിനും പയറിനും വെണ്ടക്കയ്ക്കു മൊക്കെ കിലോയ്ക്ക് 7 രൂപ മുതൽ 10 രൂപ വരെ കൂടുതൽ ഈടാക്കിയിട്ടും തിരക്കിനു കുറവുണ്ടായില്ലെന്നു മാത്രമല്ല വാങ്ങിയവരെല്ലാം സന്തോഷമറിയിക്കുകയും ചെയ്തു. ഒരിക്കൽ വാങ്ങിയവരെല്ലാം വീണ്ടും വാങ്ങാനെത്തുന്നുമുണ്ട്. ബദൽ കൃഷിരീതി സ്വീകരിക്കുന്നവർക്ക് വിപണനത്തിലും അത് പ്രയോജനപ്പെടുത്താമെന്ന് ഗ്രാമികയുടെ അനുഭവം തെളിയിക്കുന്നു. 

 

വൃക്ഷായുർവേദവിധിപ്രകാരം കൃഷി ചെയ്ത മറ്റു പലരെക്കാളും വിപണിവിജയം നേടാൻ ഗ്രാമികയ്ക്കു സാധിച്ചത് ഉൽപന്നത്തെ ഉപഭോക്താക്കൾക്കു ശരിയായി പരിചയപ്പെടുത്തിയതുകൊണ്ടാണെന്ന് ഇവർ കരുതുന്നു. സമ്പന്നരായ ഉപഭോക്താക്കളെ ആകർഷിക്കാൻ വൃക്ഷായുർവേദ പച്ചക്കറിയെന്ന വിശേഷണത്തിലൂെട കഴിഞ്ഞെന്നു പ്രഭാകരൻ ചൂണ്ടിക്കാട്ടി. ഉത്തമ കൃഷിരീതികൾ സ്വീകരിച്ചതുകൊണ്ടു മാത്രമായില്ല, അത്തരം ഉൽപന്നങ്ങൾ വേർതിരിച്ചു വിൽക്കാനും അവയുെട പ്രാധാന്യം ഉപഭോക്താക്കളിലെത്തിക്കാനും കഴിഞ്ഞാൽ നേട്ടം ഉറപ്പ്– അദ്ദേഹം പറഞ്ഞു. മറ്റു ജൈവരീതികൾ സ്വീകരിക്കുന്നവർക്കും ഇതൊരു പാഠം തന്നെ. ഫോൺ: 7012457366

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com