sections
MORE

സാബു അച്ചന്റെ ഏദൻതോട്ടം

HIGHLIGHTS
  • കൃഷിരീതിയുടെ പ്രത്യേകത കൊണ്ട് എല്ലാ ദിവസവും പയർ പറിക്കാനുണ്ടാകും
pathanamthitta news
തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി വികാരി റവ. ഡോ.സാബു ചെറിയാൻ പള്ളിവളപ്പിലെ കൃഷി തോട്ടത്തിൽ
SHARE

തിരുവല്ല ∙ തുകലശേരി സിഎസ്ഐ പള്ളിയിലെ റവ.സാബു കെ.ചെറിയാൻ രാവിലെ  ആദ്യം പോകുന്നത് പള്ളിയിലേക്കല്ല, പയർ തോട്ടത്തിലേക്കാണ്.  അവിടെ വിളഞ്ഞ പയറുകൾ പറിച്ചെടുക്കാനുണ്ടാകും. ഇവയെല്ലാം ഇടവകയിലെ കുടുംബങ്ങൾക്കു നൽകും. ആത്മീയകാര്യങ്ങളിൽ മാത്രമല്ല ആരോഗ്യകാര്യത്തിലും അച്ചൻ കാണിക്കുന്ന കരുതലിൽ അവർ സന്തുഷ്ടരാണ്. അതോടെ ഇൗ പാതയിലേയ്ക്കു പല കുടുംബങ്ങളും എത്തി. ഒരു വർഷം മുൻപാണ് റവ.ഡോ.സാബു ചെറിയാൻ പള്ളിയിൽ‌ വികാരിയായി എത്തുന്നത്.

പള്ളിക്കും പാഴ്‌സനേജിനും ഇടയിൽ ഇഷ്ടം പോലെ സ്ഥലം കാടു പിടിച്ചു കിടക്കുന്നത് കണ്ട അദ്ദേഹം കഴിഞ്ഞ ജനുവരിയിൽ പയർ കൃഷി തുടങ്ങി.12 വാരം എടുത്ത് അതിനു മുകളിൽ മൾച്ചിങ് ഷീറ്റ് ഇട്ടു മൂടി. അടിയിൽ ജലവിതരണ പൈപ്പുകളും സ്ഥാപിച്ചു. ഇതോടെ മണ്ണിനടിയിൽ എപ്പോഴും ഒരേ താപനിലയായി.ദിവസം 10 മിനിറ്റ് വെള്ളം നൽകിയാൽ മതിയാകും. വളം ഒരു മൂടിനു കൃത്യം 3 ഗ്രാം വീതം നൽകി. നാലു മാസം കൊണ്ട് പറിച്ചെടുത്തത് 400 കിലോയോളം പയർ. കൃഷിരീതിയുടെ പ്രത്യേകത കൊണ്ട് എല്ലാ ദിവസവും പയർ പറിക്കാനുണ്ടാകും. 

ദിവസം 23 കിലോ വരെ കിട്ടിയിട്ടുണ്ട്. എന്നും രാവിലെ 6 മുതൽ 9 വരെ പയർ തോട്ടത്തിൽ അച്ചനുണ്ടാകും. കൂട്ടിന് സെക്യൂരിറ്റി ജീവനക്കാരനും   ഇടവകശുശ്രൂഷകനും എത്തും. എല്ലാവരും ചേർന്നാണ് വിളവെടുപ്പ്. പയറിനു രോഗം വന്നാലും സ്വന്തം രീതിയിലുള്ള ചികിത്സ മാത്രമേ നൽകുകയുള്ളു. ചെടികളുടെ ചുവടുവീക്കമാണ് ആദ്യം വന്നത്. 

രോഗം വന്ന ചെടിക്കു മാത്രം അൽപം മരുന്നു നൽകി. ചാഴി വന്നതിനെത്തുടർന്ന് 50 കിലോയോളം പയർ  നഷ്ടപ്പെട്ടു. എന്നിട്ടും രാസകീടനാശിനി പ്രയോഗിച്ചില്ല. പിന്നെ മുഞ്ഞ വന്നു. അപ്പോൾ നീറിനെ പയറിലേയ്ക്കു ഇറക്കിവിട്ടു. പയർ പറിക്കാനിറങ്ങുമ്പോൾ നീറിന്റെ കടി കൊള്ളേണ്ടിവന്നെങ്കിലും മുഞ്ഞ ഔട്ട്. ഇപ്പോൾ പയറിന്റെ കാലം കഴിഞ്ഞു. ഇനി പാവൽ നടാനുള്ള തയാറെടുപ്പിലാണ്. വീടിന്റെ പിന്നിൽ  പോളിഹൗസും നിർമിച്ചിട്ടുണ്ട്. 

അതിൽ വെണ്ടയും പയറും ചീരയും തക്കാളിയും വെള്ളരിയും മുളകും  നാമ്പെടുത്തുവരുന്നു. സിഎസ്ഐ സഭയുടെ ഹരിതഭവനത്തിനുള്ള അവാർഡ് കിട്ടിയത് ഈ പാഴ്‌സനേജിനാണ്. പള്ളിയുടെ മറ്റു സ്ഥലങ്ങളിലെല്ലാം കപ്പയും വാഴയും തെങ്ങും നിറഞ്ഞുനിൽക്കുകയാണ്. ഇനി കുറച്ചു സ്ഥലം ബാക്കിയുണ്ട്. അവിടെ മഞ്ഞൾ കൃഷി ചെയ്യും.  തെളളിയൂർ കാർഡ് കൃഷി വിജ്ഞാന കേന്ദ്രമാണ് മാർഗനിർദേശം നൽകുന്നത്. പച്ചക്കറി തൈകൾ ആവശ്യത്തിനനുസരിച്ച് നൽകുന്നുണ്ട്. ഓരോ തൈയ്ക്കും 5 രൂപ വീതം വാങ്ങി പള്ളിക്ക് മുതൽകൂട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA