കൃഷിയുടെ മധുരം

kozhikode-williams-mathew
മൗണ്ടെയിൻ സോർസോപ്പ് പഴം പാകമായോ എന്ന് പരിശോധിക്കുന്ന വില്യംസ് മാത്യു
SHARE

പഴങ്ങളുടെ വിസ്മയ ലോകമാണ് ഓമശ്ശേരി വേനപ്പാറ കാപ്പാട്ടുമല വില്യംസ് മാത്യുവിന്റെ കൃഷിത്തോട്ടം. ഇൻഫാം വെസ്റ്റേൺ ഘട്ട് ട്രോപ്പിക്കൽ ഗാർഡൻ എന്ന പേരിൽ അറിയപ്പെടുന്ന  കൃഷിത്തോട്ടത്തിൽ വിദേശി- സ്വദേശി ഇനവും ഫോറസ്റ്റ്  പഴവർഗ്ഗങ്ങളുമായി 450 ഇനം ചെടികളാണ് ഉള്ളത്. ഏറ്റവും മികച്ച ഇനം പഴച്ചെടികൾ  പല രാജ്യങ്ങളിൽനിന്നും ശേഖരിച്ചു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് ഇവിടെ  ഒരു വിസ്മയ ജൈവ വൈവിധ്യം തീർത്തിരിക്കുകയാണ്.

വില്യംസിന്റെ ഫ്രൂട്ട് ഗാർഡനിൽ പ്രധാനമായും ബ്രസീൽ, ഇൻഡോനേഷ്യ, തായ്‌ലൻഡ്, ബോർഡോ, ആമസോൺ എന്നിവിടങ്ങളിൽ നിന്നുള്ള പഴച്ചെടികളാണുള്ളത്.  അമേരിക്കൻ പ്ലാന്റ്  കൊക്കോണില്ല, തിരങ്കാന ചെറി (പെരുപോക്ക്), മിക്കിമൗസ്, വിവിധ കളറുകളിലുള്ള വാക്സ് ആപ്പിൾ, മൗണ്ടെയിൻ സോർ സോപ്പ്, റോലീനിയ, 19 ഇനം അത്തിപ്പഴം, 28 ഇനം നാരകം, ഹിമാലയൻ ഫ്രൂട്ട്, വിവിധയിനം മൾബറിച്ചെടികൾ, സലാക്ക് ഫ്രൂട്ട്, ചുവപ്പും മഞ്ഞയും നിറങ്ങളുള്ള ചക്ക കായ്ക്കുന്ന  പ്ലാവുകൾ.  

വിവിധയിനം മാവുകൾ,  വനങ്ങളിൽ വളരുന്ന ഓടപ്പഴം, മൂട്ടിപ്പഴം, ഞാറപ്പഴം, കാരപ്പഴം എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. വിവിധ നിറങ്ങളിലുള്ള എട്ട് ഇനം ഫാഷൻഫ്രൂട്ടും ഇവിടെയുണ്ട്. അരിയാഹാരം കൂടുതലായി കഴിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് പഴങ്ങൾ ശീലമാക്കിയുള്ള ഒരു പുതിയ ഭക്ഷ്യ സംസ്കാരമാണ് വില്യംസ് മാത്യുവിന്റെ ലക്ഷ്യം. കേരളത്തിന്റെ പശ്ചിമഘട്ട പ്രദേശങ്ങൾ ഇത്തരം  പഴവർഗ്ഗ ചെടികൾ സമൃദ്ധമായി വളരുന്നതിന് അനുയോജ്യമാണന്ന് വില്യംസ് മാത്യു പറഞ്ഞു.

kozhikode-wax-apple
വില്യംസ് മാത്യുവിന്റെ കൃഷിത്തോട്ടത്തിൽ കായ്ച്ചുനിൽക്കുന്ന വാക്സ് ആപ്പിൾ

ഗൾഫിൽ ഐടി മേഖലയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് വില്യംസ് മാത്യുവും ഭാര്യ സീനയും നാട്ടിലെ കനകം വിളയുന്ന  മണ്ണ് തേടി വന്നത്. ഇപ്പോൾ നാല് ഏക്കർ സ്ഥലത്താണ് 450 ഇനം പഴവർഗ്ഗ ച‌െടികൾ നട്ടുപിടിപ്പിച്ച്  നാടിന് മാതൃകയാകുന്നത്. വേനപ്പാറ കാപ്പാട്ടുമലയിലെ ഫ്രൂട്ട് ഗാർഡനിൽ എത്തുന്നവർക്ക്  വിദേശയിനം പഴവർഗ്ഗച്ചെടികളെ പരിചയപ്പെടുത്തുന്നതിനു പുറമെ ഇവകളുടെ കൃഷി രീതകൾ പഠിപ്പിക്കുന്നതിനും വില്യംസ് മാത്യു സമയം കണ്ടെത്തുന്നു. 

പഴച്ചെടികൾ ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്നു. പഴച്ചെടികളിൽ നിന്നുമുള്ള തേൻ ശേഖരണത്തിനായി തേനീച്ചകളെ  വളർത്തി തേൻ ഉൽപാദിപ്പിന്നു. ഫ്രൂട്ട് ഫാമിനോട് ചേർന്ന് മൽസ്യക്കൃഷിയും ഉണ്ട്. ഐടി വിദഗ്ധനായ വില്യംസ് മാത്യു ദുബായ് ഇന്റർനെറ്റ് സിറ്റി, ഹയർ കോളജ് ഓഫ് ടെക്നോളജി യുഎഇ എന്നിവിടങ്ങളിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് പഴച്ചെടികളുടെ കൂട്ടുകാരനായി മാറിയത്. കേരളത്തിൽ പഴങ്ങളുടെ പ്രചാരണത്തിനായി ഫ്രൂട്ട്സ് ആൻഡ് ഫ്ലവേഴ്സ് എന്ന വാട്സപ്പ് ഗ്രൂപ്പ് വഴി കേരളത്തെ രാജ്യത്തിന്റെ പ്രധാന പഴവർഗ്ഗങ്ങളുടെ ഉൽപാദന വിപണ കേന്ദ്രമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് വില്യംസ് മാത്യുവും സുഹൃത്തുക്കളും. 

ഇൻഫാം വെസ്റ്റേൺ ഘട്ട് ട്രോപ്പിക്കൽ ഗാർഡൻ എന്ന പഴം സ്നേഹികളുടെ ഫേസ്ബുക്ക് കൂട്ടായ്മയും സജീവമാണ്. പശ്ചിമഘട്ട മലയോരങ്ങളിൽ ഫാം ടൂറിസത്തിന്റെ സാദ്ധ്യതയും തായ്‌‌ലൻഡ്, മലേഷ്യ എന്നിവടങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടള്ള ഫ്രൂട്ട് ടൂറിസം മോഡൽ ടൂറിസം വികസനം കേരളത്തിലും പ്രവർത്തികമാക്കാനുള്ള മുന്നൊരുക്കത്തിലാണ് വില്യംസ് മാത്യുവും കുടുംബവും.  

ഈ വർഷത്തെ ഫാ.സെബ്സ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ മെമ്മോറിയൽ കർഷക അവാർഡും 2018-ലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പൂപ്പൊലി ആവാർഡും ഹരിത വിദ്യ അവാർഡും പഴങ്ങളുടെ കൂട്ടുകാരനായ വില്യംസ് മാത്യുവിന് ലഭിച്ചു. വില്യംസ് മാത്യുവിന്റെ പഴവർഗ്ഗ ചെടികളുടെ കൃഷികൾക്ക് ഭാര്യ സീനയും മക്കളായ ജോയൽ, ജോഷ്വ എന്നിവരും സഹായത്തിനൊപ്പമുണ്ട്. ഫോൺ: 8281400600.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA