sections
MORE

മണ്ണിലെ മധുരങ്ങൾ

kozhikode-sabu-jacop-farming-plot
SHARE

15ാം വയസ്സിൽ പച്ചക്കറി കൃഷിയുമായി മണ്ണിലേക്കിറങ്ങിയതാണ്  ഒറ്റക്കണ്ടം രണ്ടുപ്ലാക്കൽ സാബു ജേക്കബ്. റംബുട്ടാൻ കൃഷിയിലാണു ഈ 45കാരൻ‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ ജാതി,തെങ്ങ്,കമുക്, വാഴ, മത്സ്യം എന്നിവയിലും മികച്ച വരുമാനമാണ് ഈ കർഷകന് ഇപ്പോൾ ലഭിക്കുന്നത്. കൃഷിയിടത്തിലെ 10 മരത്തിൽ നിന്നും 8 ക്വിന്റൽ റംബുട്ടാൻ  വർഷം തോറും വിൽക്കുന്നുണ്ട്. ചാണകം,കടലപ്പിണ്ണാക്ക് എന്നിവയാണ് പ്രധാന വളപ്രയോഗം. ജനുവരിയിൽ മരം പൂക്കുന്ന സമയത്ത് നനച്ചു കൊടുത്താൽ ഉൽപാദനം വർധിക്കും. ജൂൺ മാസത്തിൽ വിളവെടുപ്പാരംഭിക്കും. കിലോഗ്രാമിനു 250 രൂപ വരെ ലഭിക്കുന്നതിനാൽ മികച്ച വരുമാനവും നേടാനാകും.

നഴ്സറി

പഴവർഗങ്ങൾ ഉൾപ്പെടെ വിവിധയിനം തൈകൾ കൃത്യമായി നട്ടുപരിപാലിച്ചു ആവശ്യക്കാർക്ക് യഥേഷ്ടം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ 20 വർഷമായി കാർഷിക നഴ്സറി രംഗത്തും സാബു പ്രവർത്തിക്കുന്നുണ്ട്. ജൈവ കൃഷി രീതിയിൽ രോഗ കീട ബാധ ഇല്ലാതെ തൈകൾ പരിപാലിക്കുന്നതു കൊണ്ട് ആവശ്യക്കാർ ഒട്ടേറെയാണ്. വീടിന്റെ മുറ്റവും സമീപ പ്രദേശവും വിവിധയിനം തൈകളാൽ സമൃദ്ധമാണ്.

kozhikode-sabu-jacop

റംബുട്ടാൻ തൈകൾ

എൻ18,മാൽവാന,സ്കൂൾബോയി,ഗോംഗ് റെയ്ൻ ഇനങ്ങളിൽ മികച്ച കായ്ഫലം നൽകുന്ന തൈകളാണ് പ്ലാസ്റ്റിക് കവറുകളിൽ നട്ടിരിക്കുന്നത്.ചാണകം,മണ്ണ്,കടലപിണ്ണാക്ക് എന്നിവ കൂട്ടിച്ചേർത്താണ് തൈകൾ നടുന്നത്. ബഡ് തൈകൾ 2ാം വർഷം കായ്ഫലം നൽകും. തൈകളുടെ വലുപ്പം അനുസരിച്ച് 200 മുതൽ 2000രൂപ വരെയാണ് വിൽപന വില. പോഷക സമൃദ്ധമായ പഴം ലഭിക്കുന്നതിനാൽ തൈകൾക്ക് ആവശ്യക്കാർ ഏറെയാണ്.

കുറ്റ്യാടി തെങ്ങ്

മണ്ണ്,ചകിരിപ്പൊടി,ചാണകം എന്നിവ കൂട്ടിച്ചേർത്താണ് കുറ്റ്യാടി തെങ്ങിൻ തൈകൾ പാകുന്നത്. ഉൽപാദനക്ഷമത കൂടുതലുള്ള തെങ്ങിൻ തൈകൾക്ക് ഒട്ടേറെ കർഷകരാണ് എത്തുന്നത്. ഒരു വർഷം പ്രായമായ ഗുണനിലവാരമുള്ള തൈകളാണ് വിൽക്കുന്നത്.

കുറ്റിക്കുരുമുളക്

മൺചട്ടിയിൽ ജൈവമിശ്രിതത്തിൽ നട്ടു വളർത്തുന്ന കുറ്റികുരുമുളകാണ് നഴ്സറിയിലെ പ്രധാന ആകർഷണം. ഉൽപാദനം തുടങ്ങിയ തൈകളും വിതരണം ചെയ്യുന്നുണ്ട്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലേക്കു തൈകൾ നൽകാറുണ്ട്.വീട്ടുമുറ്റത്തു മൺചട്ടിയിൽ പരിപാലിക്കാൻ കഴിയുന്ന തൈകൾക്ക് ഒട്ടേറെ ആളുകൾ ദിവസേന എത്തുന്നുണ്ട്.

കമുക് തൈകൾ

ഉൽപാദനം കൂടുതൽ നൽകുന്നതും രോഗപ്രതിരോധശേഷി ഉള്ളതുമായ കാസർകോടൻ,കുള്ളൻ ഇനങ്ങളിലുള്ള തൈകളാണ് നഴ്സറിയിൽ പരിപാലിക്കുന്നത്. ഒരു വർഷമായ തൈകളാണ് ആവശ്യക്കാർക്ക് നൽകുന്നത്. കുള്ളൻ തൈകൾ 3ാം വർഷവും,കാസർകോടൻ തൈകൾ 4ാം വർഷവും ഫലം നൽകും.

മാവ്, മാംഗോസ്റ്റിൻ

ബഡ് ചെയ്ത പ്രിയൂർ,കല്ലുകെട്ടി,കൊളമ്പ് ഇനങ്ങളിലേ ഒരു വർഷമായ തൈകളാണ് വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഉൽപാദന മികവുള്ള മാംഗോസ്റ്റിൻ തൈകളും ലഭ്യമാണ്.

പ്ലാവ് തൈകൾ

ജാക്ക് വിയറ്റ്നാം സൂപ്പർ ഏർലി,ഡാങ്ക് സൂര്യ,ജെ33 ഇനങ്ങളിലുള്ള ബഡ് ചെയ്ത വരിക്കപ്ലാവിന്റെ  കായ്ച്ചുനിൽക്കുന്ന തൈകളും നഴ്സറിയിൽ ഉണ്ട്.3 വർഷം കൊണ്ട് പ്ലാവ് ഉൽപാദനം നൽകുകയും ചെയ്യും.

ജാതി, ഞാവൽ

ഉൽപാദനം കൂടുതൽ നൽകുന്നതും പത്രിക്ക് കട്ടിയുള്ളതുമായ ബഡ് ജാതി തൈകളും വെള്ള ഞാവൽ തൈകളും  വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്.

പഴവർഗങ്ങൾ

ആദിയൂ,സാന്തോൾ,പുലാസാൻ,ജബോട്ടിക്കബ,മിറാക്കിൾ ഫ്രൂട്ട്,ദുരിയാൻ ചക്ക,സപ്പോട്ട എന്നീ വിവിധയിനം തൈകൾ കൃഷിയിടത്തിലും, നഴ്സറികളിലും പരിപാലിച്ചു വരുന്നുണ്ട്.

സാബുവിന്റെ അമ്മ 87 വയസ്സുള്ള ത്രേസ്യ,ഭാര്യ പ്രസീന,മക്കളായ അഭിഷേക്,ട്രീസ എന്നിവർ കൃഷി മേഖലയിൽ സഹായത്തിനുണ്ട്.ചങ്ങരോത്ത്,ചക്കിട്ടപാറ കൃഷിഭവൻ അധികൃതരും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം ഉദ്യോഗസ്ഥരും കാർഷിക രംഗത്ത് ഈ യുവകർഷകനു നിർദേശങ്ങൾ നൽകുന്നു. പന്നിഫാം,തേനീച്ച,പൈനാപ്പിൾ കൃഷി രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഈ മാതൃകാ കർഷകൻ കൃഷി തികച്ചും ലാഭകരമാണെന്നു സ്വന്തം അനുഭവത്തിൽ പറയുന്നു.കൃഷി മേഖലയിലെ അറിവുകൾ പങ്കുവയ്ക്കാനും ഇദ്ദേഹം സന്നദ്ധനാണ്. 9447346325.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA