ADVERTISEMENT

ജൂൺ 5 ലോക പരിസ്ഥിതിദിനം ക്യാംപസിൽ തണൽ വിരിച്ചു നിന്നിരുന്ന ഒരു മരം വെട്ടിയാൽ എന്തൊക്കെ കോലാഹലമാണുണ്ടാവുക? പ്രകൃതിസ്നേഹികളുടെ പ്രതിഷേധങ്ങളും മാധ്യമവിചാരണയുമൊക്കെയായി കാര്യങ്ങൾ പൊടിപൊടിക്കേണ്ടതായിരുന്നു. എന്നാൽ ചാലക്കുടി സെന്റ് ജയിംസ് മെഡിക്കൽ അക്കാദമിയിലെ അഞ്ചു സെന്റിൽ പടർന്നുപന്തലിച്ചു നിന്നിരുന്ന കൂറ്റൻ വാകമരം വെട്ടിനീക്കിയ ഡയറക്ടർ ഫാ. വർഗീസ് പാത്താടനു കിട്ടിയത് കൈയടികളും അനുമോദനങ്ങളും മാത്രം. കാരണമെന്താണെന്നല്ലേ? ഒരു വാകമരം നിന്നയിടത്ത് പകരം അദ്ദേഹം നട്ടുവളർത്തിയത് 51 മരങ്ങളാണ്– വെറും മരങ്ങളല്ല, നാവിനു മധുരവും ശരീരത്തിന് ആരോഗ്യവും നൽകുന്ന വിവിധയിനം ഫലവൃക്ഷങ്ങൾ. ഒരു മരത്തിന്റെ തണലിനു പകരം 51 മരങ്ങളുടെ തണുപ്പും മധുരവും !

ഇതിനു പുറമെ, 12 ഏക്കർ ക്യാംപസിലെ തുറസ്സായി കിടന്ന മുഴുവൻ സ്ഥലത്തും ഫലവൃക്ഷങ്ങൾ നട്ടുവളർത്തുകയാണ് പ്രകൃതിസ്നേഹിയായ ഈ വൈദികൻ. മാവും ചാമ്പയും പേരയും ഉൾപ്പെടെ 250 ഇനത്തിൽ പെട്ട 250 ഫലവൃക്ഷങ്ങൾ തന്നെ ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്. സംസ്ഥാനവൃക്ഷമെന്ന പ്രത്യേക പരിഗണന നൽകി 20 ഇനഭേദങ്ങളിൽ പെട്ട 400 പ്ലാവിൻതൈകൾ വേറെയും. എല്ലാ ഫലവൃക്ഷങ്ങളുെടയും വലിയ തൈകൾ മാത്രമാണ് നട്ടിരിക്കുന്നത്. ഒരു തൈപോലും നഷ്ടപ്പെടാതെ നോക്കണമെന്ന നിർബന്ധബുദ്ധി മൂലമാണിതെന്ന് അച്ചൻ പറയുന്നു. വലിയ തൈകൾ നട്ടതിനാൽ മൂന്ന് വർഷത്തിനുള്ളിൽ ക്യാംപസിലെ എല്ലാ മരങ്ങളും ഫലസമ്പന്നമാകും. പേരിനും പ്രശസ്തിക്കും വേണ്ടി ചെറിയ തൈകൾ നടുകയും പിന്നീട് അവയെ അവഗണിക്കുകയും ചെയ്യുന്ന പദ്ധതിയല്ല അച്ചന്റേതെന്നു വ്യക്തം.

ഫലവൃക്ഷങ്ങൾക്കു പുറമെ ഔഷധഗുണമുള്ള 600 മരങ്ങളുടെ ഔഷധവനവും ഇവിടെ പരിപാലിക്കുന്നുണ്ട്. ഇത്രയധികം മരങ്ങൾക്ക് ഇടം കണ്ടെത്തിയത് ശാസ്ത്രീയമായ വിന്യാസത്തിലൂെടയാണെന്നു ഫാ. വർഗീസ് പാത്താടൻ ചൂണ്ടിക്കാട്ടി. ചാലക്കുടി നവഹരിതം ലാൻഡ്സ്കേപ്പിങ് ഏജൻസിയിലെ ജോസഫിന്റെ വൈദഗ്ധ്യം ഇക്കാര്യത്തിൽ സഹായകമായി. അമിതമായി വളർന്നു പന്തലിക്കാതെ ഓരോ മരത്തിനെയും യോജ്യമായ വലുപ്പത്തിൽ വെട്ടിയൊരുക്കിയാൽ പരിമിതമായ സ്ഥലത്തും ഫലവൃക്ഷത്തോട്ടം സാധ്യമാണെന്നു ജോസഫ് ചൂണ്ടിക്കാട്ടി. അക്കാദമി ക്യാംപസിലെ എല്ലാ ഫലവൃക്ഷങ്ങളും 5–10 അടി ഉയരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചാണ് നടേണ്ട സ്ഥലം തെരഞ്ഞെടുത്തത്. തണലിൽ വളരുന്ന മരങ്ങളെ സൂര്യപ്രകാശം കുറവായ ഭാഗങ്ങളിൽ നട്ടു. 

ചാലക്കുടിപ്പുഴയോടു ചേർന്നുള്ള ക്യാംപസിന്റെ അതിര് കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞു നശിച്ചു. പ്രളയത്തിന്റെ പേരിലുള്ള സഹായമൊന്നും കിട്ടിയില്ലെങ്കിലും ഈ തീരമാകെ കല്ലു കെട്ടി സംരക്ഷിക്കുന്നതിനൊപ്പം വിവിധ തരത്തിലുള്ള മുളകൾ നട്ട് ഹരിതാഭമാക്കുന്നതിനും അച്ചൻ താൽപര്യമെടുത്തിരിക്കുകയാണ്. മുളയുടെ വേരുകൾ മണ്ണിനു കൂടുതൽ ഉറപ്പ് നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിളവെടുത്ത് ആദായമുണ്ടാക്കു ന്നതിനല്ല ഇത്രയേറെ മരങ്ങൾ നട്ടു വളർത്തിയതെന്ന് പാത്താടനച്ചൻ പറയുന്നു. ചാലക്കുടിപ്പുഴയുടെ തീരത്തെ ക്യാംപസിൽനിന്ന് അധികമകലെയല്ല പറമ്പിക്കുളം വനം. അവിടെ വന്നുപോകുന്ന പക്ഷികളെ ആകർഷിക്കാൻ ഇവിടുത്തെ ഫലവൃക്ഷശേഖരത്തിനു സാധിക്കുമെന്നാണ് അച്ചന്റെ പ്രതീക്ഷ. പഴങ്ങളുെട പറുദീസയിലെത്തുന്ന പക്ഷികൾ കാട്ടിൽനിന്നുള്ള വിവിധ മരങ്ങളുെട വിത്തും കൊണ്ടു വരും. അത്തരം വിത്തുകൾ വീണു കിളിർത്ത് കാമ്പസ് ജൈവവൈവിധ്യ സമ്പന്നമാകും. അപൂർവങ്ങളായ വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ, പക്ഷികളും പറവകളും സ്വൈര വിഹാരം നടത്തുന്ന ഗ്രീൻ ക്യാംപസ് – അതാണ് പാത്താടനച്ചന്റെ സ്വപ്നം. ഫോൺ: 9447049106

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com