ഫിഡൽ കാസ്ട്രോയെ മുതൽ ആമസോണിനെ വരെ "കീഴടക്കിയ" മുരിങ്ങ; നാളത്തെ ഡോളർവിള

Drumstick
SHARE

അധികാരത്തിൽനിന്നു വിരമിച്ച ശേഷം ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ ഇഷ്ട വിഷയങ്ങളിലൊന്ന് മുരിങ്ങക്കൃഷിയായിരുന്നെന്നു വിഖ്യാത പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ എഴുതിയിട്ടുണ്ട്. ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചും ഉദ്യാനസസ്യങ്ങളോടു സല്ലപിച്ചും വാർധക്യം ചെലവിട്ട കാസ്ട്രോ മുരിങ്ങയുടെ മേന്മകളറിഞ്ഞപ്പോൾ ആവേശഭരിതനായത്രെ. 

ലോകമെമ്പാടുമുള്ള മുരിങ്ങയിനങ്ങളിൽ മേന്മയേറിയ മുരിങ്ങ(moringa oleifera) വളരുന്നത് ദക്ഷിണേന്ത്യയിലാണെന്നു കേട്ട് കാസ്ട്രോ സുഹൃത്തിനെ ഇങ്ങോട്ടയച്ചു. മുന്തിയ ഇനം മുരിങ്ങയ്ക്കു കേൾവികേട്ട തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നു മാത്രമല്ല, കേരളത്തിൽ നിന്നും മുരിങ്ങവിത്തുകൾ ശേഖരിച്ചു, കാസ്ട്രോയുടെ സുഹൃത്ത്. വിത്തുകൾ നട്ടുവളർത്തിയ കാസ്ട്രോ മുരിങ്ങയെ വിശേഷിപ്പിച്ചത്, ശരീരത്തിനും മനസ്സിനും പുതുയൗവനം നൽകാൻ ശേഷിയുള്ള അത്ഭുത സസ്യമെന്നാണ്. 

drumstick 1

താമസിയാതെ, ക്യൂബൻ അംബാസിഡറുടെ മേൽനോട്ടത്തിൽ തമിഴ്നാട്ടിൽ നിന്നു കൂടുതൽ മുരിങ്ങവിത്ത് ക്യൂബയിലെത്തി. അന്നു മുരിങ്ങവിത്തു കയറ്റുമതി ചെയ്യാൻ അവസരം ലഭിച്ച തൂത്തുക്കുടിയിലെ മുത്തുരാജിനെ വഴിയേ നമുക്കു പരിചയപ്പെടാം. അതിനുമുമ്പ് പക്ഷേ, ലോകം സൂപ്പർ ഫുഡ് എന്നു വാഴ്ത്തുന്ന നമ്മുടെ മുരിങ്ങയെക്കുറിച്ച് ചിലതു കൂടി അറിയണം. 

അതിജീവനം, ആരോഗ്യം

drumstick (3)
ഫിഡൽ കാസ്ട്രോ തന്റെ മുരിങ്ങത്തോട്ടത്തിൽ

ക്യൂബയ്ക്കടുത്തുള്ള ചെറു കരീബിയൻ രാജ്യം ഹെയ്തി മുരിങ്ങക്കൃഷിയിലേക്കു തിരിഞ്ഞതിലും കാസ്ട്രോയുടെ സ്വാധീനമുണ്ടായിരുന്നത്രെ. 2010 ലെ ഭൂകമ്പവും 2012ലെ കൊടുങ്കാറ്റും ചേർന്നു തകർത്തു തരിപ്പണമാക്കിയ ഹെയ്തിയുടെ പുനർനിർമാണത്തിലെ പിടിവള്ളികളിലൊന്ന് മുരിങ്ങയായിരുന്നു. ദാരിദ്ര്യവും പോഷകാഹാരക്കുറവുംകൊണ്ട് വലഞ്ഞ ഹെയ്തി, ആദായത്തിനും അതിലുപരി ആരോഗ്യത്തിനുമായാണ് മുരിങ്ങയെ ആശ്രയിച്ചത്. അവരും നല്ല മുരിങ്ങവിത്തുകൾ തേടിയതു ദക്ഷിണേന്ത്യയിൽതന്നെ. പോഷകമേന്മമാത്രമല്ല, വരൾച്ചയെ പ്രതിരോധിക്കുന്ന വിള എന്ന മെച്ചം കൂടി കണക്കിലെടുത്താണ് ഹെയ്തിയും ടുണീഷ്യപോലുള്ള ആഫ്രിക്കൻ രാജ്യങ്ങളും മുരിങ്ങയിൽ പ്രതീക്ഷ വയ്ക്കുന്നത് എന്നതും ശ്രദ്ധിക്കണം. 

നമ്മളറിയുന്നുണ്ടോ നമ്മുടെ മുരിങ്ങ ഇങ്ങനെ ലോകം കീഴടക്കുന്ന സൂപ്പർ ഫുഡായി മാറുന്നത്. ‘നമ്മൾ’ എന്നാൽ മലയാളികൾ. അതിർത്തിക്കപ്പുറം തമിഴ്നാടും അതിനപ്പുറമുള്ള ആന്ധ്രയും അങ്ങേയറ്റത്ത് ഗുജറാത്തുമെല്ലാം പണ്ടേ അറിഞ്ഞു. വാളയാർ ചുരത്തിനപ്പുറത്ത് കോയമ്പത്തൂരും ഈറോഡും കരൂരും പിന്നെ കന്യാകുമാരിയും തൂത്തുക്കുടിയും തിരുനൽവേലിയുമെല്ലാം മുരിങ്ങയിലൂടെ മുന്നേറാൻ ശ്രമിക്കുമ്പോൾ ഈറയോടെ നമ്മൾ പറഞ്ഞെന്നിരിക്കും; ‘മുരിങ്ങ നമുക്കൊന്നും പറ്റിയ വിളയല്ല. അന്നാട്ടിലെപ്പോലെ ഇവിടെയൊന്നും കായ്ക്കാനും പോണില്ല’. ശ്രദ്ധിക്കുക, ക്യൂബയും ഹെയ്തിയും പിന്നെ തമിഴ്നാടും ഗുജറാത്തുമെല്ലാം മുരിങ്ങക്കൃഷിയിൽ ഇന്നു താൽപര്യമെടുക്കുന്നത് കായയ്ക്കു വേണ്ടിയല്ല; ഇലയ്ക്കു വേണ്ടിയത്രെ. കായയ്ക്കുവേണ്ടിയുള്ള മുരിങ്ങക്കൃഷി തന്നെയാണ് മുഖ്യമായും തമിഴ്നാട്ടിൽ നടക്കുന്നതെങ്കിലും കൃഷിക്കാരിൽ പലരും ഇല കൂടി വിറ്റ് വരുമാനം നേടുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ വളർന്നിരിക്കുന്നു. മുരിങ്ങക്കായയ്ക്കു വിലയിടിയുന്ന കാലത്തു കായ്കൾ മൂപ്പെത്തിച്ച് വിത്തെടുത്തു നൽകിയാൽ മോശമല്ലാത്ത വിലകിട്ടുമെന്ന സാഹചര്യവും കർഷകരെ സന്തുഷ്ടരാക്കുന്നു. 

ഇനി, ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഒാൺലൈൻ ചന്തകളിലൊന്നു കറങ്ങിനോക്കുക. മുരിങ്ങയിലപ്പൊടി, മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങടീ, മുരിങ്ങപ്പരിപ്പ്, മുരിങ്ങ ഒായിൽ; കയ്യിലൊതുങ്ങാത്ത വിലയിൽ കാണാം മുരിങ്ങയുടെ ദശാവതാരങ്ങൾ. വൻകിട സംരംഭകരുടെ രാജ്യാന്തര സാക്ഷ്യപത്രമുള്ള ഒാർഗാനിക് മുരിങ്ങയിലപ്പൊടി മുതൽ കുടിൽവ്യവസായ യൂണിറ്റുകൾ വിപണിയിലെത്തിക്കുന്ന ഉണക്കമുരിങ്ങയില വരെ കൂട്ടത്തിലുണ്ട്. ആഭ്യന്തരവിപണിയിൽ കിലോ ശരാശരി 1000 രൂപ ഈടാക്കുന്നുണ്ട് മുരിങ്ങയിലപ്പൊടിക്കെങ്കിൽ മുരിങ്ങയെണ്ണ വില കിലോയ്ക്കു 3000 രൂപ കടക്കും. േമൽപറഞ്ഞവയിൽത്തന്നെ മുരിങ്ങച്ചായയ്ക്കു വേണ്ടിയുള്ള ഉണക്ക മുരിങ്ങയിലയ്ക്ക് – ടീ കട്ട്– ആഭ്യന്തരവിപണിയിൽ ഇപ്പോൾത്തന്നെ ഒട്ടേറെ ഉപഭോക്താക്കളുണ്ട്. 

നവയൗവനം നൽകാൻ

വൈറ്റമിനുകളും ധാതുലവണങ്ങളുംകൊണ്ട് സമ്പന്നമെന്നതു മാത്രമല്ല ലൈംഗികോത്തേജകമെന്ന ഗുണവും വെൽനസ് വിപണിയിൽ മുരിങ്ങ ആഘോഷിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായത്തിന്റെ തുറുപ്പുചീട്ടുകളിലൊന്നായി മുരിങ്ങ മാറുന്നതും മേൽ പറഞ്ഞ ഗുണഗണങ്ങൾകൊണ്ടുതന്നെ. 

പശ്ചിമഘട്ട മലനിരകളുടെ വാലറ്റത്തെ താഴ‌്‌വരകളിലാണ് ലോകത്തിലെ ഏറ്റവും മികച്ച മുരിങ്ങയുള്ളതെന്നു ലോകർ പറയുമ്പോൾ നമ്മളും അതിന്റെ സാധ്യതകൾ കാണണ്ടേ? അതിർത്തിക്കപ്പുറത്തു മാത്രമല്ല ഇപ്പുറത്തും തഴച്ചു വളരും മുരിങ്ങ. കാര്യമായി കായ്പിടിച്ചില്ലെങ്കിലെന്ത്, അടിമുടി അത്ഭുത സസ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുരിങ്ങയുടെ മേൽപറഞ്ഞ ലാഭസാധ്യതകളിൽ നമുക്കും കണ്ണുവയ്ക്കാമല്ലോ. വിശേഷിച്ചും ദക്ഷിണേന്ത്യയിലെ മുരിങ്ങ മുന്തിയത് എന്നു ലോകം തല കുലുക്കുന്ന സാഹചര്യത്തിൽ. 

drumstick-cultivation
കർഷകർക്ക് മുരിങ്ങവിത്ത് വിതരണംചെയ്യുന്ന സിസ്റ്റർ അർച്ചനദാസും ഡോ. കമലാസനൻ പിള്ളയും

മുരിങ്ങ, നാളത്തെ ഡോളർവിള

കന്യാകുമാരിയിലെ സ്െറ്റല്ലാ മേരീസ് കന്യാസ്ത്രീ മഠത്തിന്റെ മുറ്റത്ത് രാവിലെ ഏഴു മണിക്കു തന്നെ യാത്രയ്ക്കുള്ള ജീപ്പ് തയാർ. കൂടംകുളം ആണവനിലയം കഴിഞ്ഞ് കിലോ മീറ്ററുകൾ അകലെ തിരുനൽവേലി ജില്ലയിലെ രാധാപുരം, വള്ളിയൂർ ബ്ലോക്കുകളിലേക്കും പിന്നെ കുട്ടത്തേക്കുമെല്ലാമായി യാത്ര പോകുന്ന ജീപ്പിൽ യാത്രക്കാർ മാത്രമല്ല പായ്ക്കറ്റ് കണക്കിനു മുരിങ്ങവിത്തുകളും അവ പാകി മുളപ്പിക്കാനുള്ള പോളിത്തീൻ കവറുകളുമുണ്ട്. 

സ്െറ്റല്ലാമേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (SMIDS) എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ അർച്ചനാദാസും ക്ലാസ്സുകളും പരിശീലനങ്ങളുമായി കാർഷികമേഖലയിൽ ദീർഘകാല അനുഭവസമ്പത്തുള്ള ഡോ. കമലാസനൻപിള്ളയും സഹപ്രവർത്തകരും ഉൾപ്പെടുന്ന യാത്രാസംഘം പോകുന്നത് തിരുനൽവേലിയിലെ കൃഷിയിടങ്ങളിലേക്കാണ്. 

drumstick 2
കൃഷിക്കുള്ള മുരിങ്ങവിത്തുമായി തിരുനൽവേലിയിലെ കർഷക

‘‘ആഭ്യന്തരവിപണിക്കപ്പുറം രാജ്യാന്തരവിപണിതന്നെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വൻവളർച്ച നേടുന്ന മുരിങ്ങയിലപ്പൊടി–മുരിങ്ങയെണ്ണ സംരംഭ ങ്ങൾ സാധാരണ കർഷകർക്കു കൂടി പ്രയോജനപ്രദമാക്കുക, സുനാമി ബാധിത മേഖലകളിലെ മൽസ്യത്തൊഴിലാളി സ്ത്രീകളെ മുരിങ്ങയിലൂടെ അധിക വരുമാനം നേടാൻ പ്രാപ്തരാക്കുക; നാളുകളായി തുടരുന്ന ഈ യാത്രകളുടെ ലക്ഷ്യം ഇതാണ്’’, സ്മിഡ്സിന്റെ ‘സെന്റർ ഒാഫ് എക്സലൻസ് ഇൻ മുരിങ്ങ’ മേധാവി ഡോ. കമലാസനൻപിള്ള പറയുന്നു. കൃഷിയിലൂടെ ദരിദ്ര ഗ്രാമീണമേഖലയുടെ സുസ്ഥിതി ലക്ഷ്യമിടുന്ന യുഎൻ ഏജൻസി ഐഫാഡി (IFAD) ന്റെയും നബാർഡിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന സ്മിഡ്സിന്റെ ദൗത്യങ്ങളിൽ ഏറ്റവും പ്രാധാന്യം മുരിങ്ങക്കൃഷിക്കും മുരിങ്ങ വ്യവസായം ലക്ഷ്യമിട്ടുള്ള കർഷക കമ്പനിക്കും തന്നെയെന്ന് സിസ്റ്റർ അർച്ചനാ ദാസ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള സിസ്റ്റർ അർച്ചന, തീരപ്രദേശങ്ങളിലെ ഗ്രാമീണ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് മുഖ്യവഴിയായി കാണുന്നതും ഇല ലക്ഷ്യമിട്ടുള്ള മുരിങ്ങക്കൃഷി തന്നെ.

മുരിങ്ങയിലൂടെ മുന്നേറാം

കന്യാകുമാരി കോട്ടക്കരി റോഡിലുള്ള ഡോട്ടേഴ്സ് ഒാഫ് മേരി കോൺഗ്രിഗേഷന്റെ കീഴിലുള്ള സ്െറ്റല്ലാ മേരീസ് കോൺവെന്റാണ് സ്മിഡ്സിന്റെ ആസ്ഥാനം. മുരിങ്ങ സംരംഭങ്ങൾ ലക്ഷ്യമിട്ട് സ്മിഡ്സ് ആരംഭിച്ച സെന്റർ ഒാഫ് എക്സലൻസ് ഇൻ മുരിങ്ങ, ആറു മാസം മുമ്പ് ഇവിടെയൊരു രാജ്യാന്തര സെമിനാർ നടത്തിയിരുന്നു. കേരളത്തിലെ കൃഷി വിദഗ്ധരോ പഠിതാക്കളോകാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഒട്ടേറെ സംരംഭകരും ഗവേഷകരും സെമിനാറിനെത്തി. പ്രബന്ധാവതരണങ്ങളും ചർച്ചകളുമെല്ലാം കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായെന്ന് ഡോ. കമലാസനൻപിള്ള. ‘നമ്മുടെ മുരിങ്ങനാളെയുടെ ഡോളർ വിള തന്നെ.’ കർഷകർ, കർഷകസംഘ ങ്ങൾ കൂട്ടിച്ചേർത്തു ഫെഡറേഷനുകൾ, ഉൽപന്നങ്ങൾ ആഭ്യന്തര–രാജ്യാന്തര വിപണികളിലെത്തിക്കാന്‍ കർഷക കമ്പനി എന്നിങ്ങനെ മൂന്നു തലങ്ങളിൽ കന്യാകുമാരിയിലെയും സമീപ ജില്ലകളിലെയും കർഷകരെ മുരിങ്ങയിലക്കൃഷിക്കായി സംഘടിപ്പിക്കാനുള്ള ശ്രമമാണ് സ്മിഡ്സിന്റേത്. അഞ്ച് വനിതകൾ വീതം ഉൾപ്പെടുന്ന സ്വയംസഹായസംഘങ്ങൾ രൂപീകരിച്ചു പ്രവർത്തിക്കുന്ന പദ്ധതിയിൽ നിലവിൽ മൂന്നു ജില്ലകളിലായി 800 കർഷകരാണുള്ളത്. കർഷകർക്ക് ബാങ്കു വായ്പയും സ്മിഡ്സിന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്നു. കോൺവെന്റിനുള്ളിൽത്തന്നെ രണ്ടരയേക്കർ സ്ഥലത്ത് മുരിങ്ങക്കൃഷി ചെയ്യുന്ന സ്മിഡ്സ് മുരിങ്ങയിലപ്പൊടി ഇ പ്പോൾത്തന്നെ വിപണിയിലെ ത്തിക്കുന്നുമുണ്ട്. മുരിങ്ങയില ഉണക്കാനും പൊടിക്കാനും മുരിങ്ങപ്പരിപ്പു സംസ്കരിക്കാനുമെല്ലാം യന്ത്രസംവിധാനങ്ങൾ സജ്ജമാക്കി കർഷകരെയും കാർഷിക സംരംഭകരെയും രാജ്യാന്തര വിപണിയിലേക്കു നയിക്കാനുള്ള ഉൽസാഹത്തിലാണ് പഠനകേന്ദ്രമിപ്പോൾ.

ഫോൺ: 9387212005 (ഡോ.കമലാസനൻ പിള്ള), 9443975588 (സിസ്റ്റർ അർച്ചന ദാസ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA