ADVERTISEMENT

അറിയാവുന്ന ജോലി ഉപേക്ഷിച്ച് അപരിചിതമായ വഴിക്കു ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ സംഘർഷങ്ങൾക്കിടയിലും സുമന്റെ ചുണ്ടിലൊരു പാട്ടുണ്ടായിരുന്നു; അന്നത്തെ ഒരു ഹിറ്റ് തമിഴ് സിനിമാ ഗാനം, ‘തിരുമ്പി വാ ഉൻ ദിസൈ ഇത് തെരിന്തത് മാറിപ്പോഗാതെയ്...’ സ്കൂൾ വിദ്യാഭ്യാസം മുഴുവൻ ചെന്നൈയിൽ ചെലവഴിച്ച സുമന് തമിഴ് പാട്ടുകളോട് കമ്പം തോന്നുക സ്വാഭാവികം. എന്നാൽ അന്നത് പാട്ടല്ല, പ്രാർഥനതന്നെയായിരുന്നെന്ന് സുമൻ. തിരിച്ചടികൾക്കിടയിലും മറ്റൊരു വഴിക്കും മാറിപ്പോകാതെ ഇതുതന്നെ ദിശയെന്നുറച്ച് മുന്നേറിയ സുമൻ താക്കോൽക്കാരൻ ഒടുവിൽ വിജയത്തിന്റെ താക്കോൽ കണ്ടെത്തുക തന്നെ ചെയ്തു.

എന്തു ചെയ്യും, എവിടെ ഉപേക്ഷിക്കും എന്ന് ഇറച്ചിക്കോഴിക്കടക്കാർ ആശങ്കപ്പെടുന്ന അറവുമാലിന്യത്തെ മികച്ച ജൈവവളമാക്കി മാറ്റുകയാണ് ഈ ചെറുപ്പക്കാരൻ

എന്തു ചെയ്യും, എവിടെ ഉപേക്ഷിക്കും എന്ന് ഇറച്ചിക്കോഴിക്കടക്കാർ ആശങ്കപ്പെടുന്ന അറവുമാലിന്യത്തെ മികച്ച ജൈവവളമാക്കി മാറ്റുകയാണ് ഈ ചെറുപ്പക്കാരൻ. ഒപ്പം, സ്വന്തം കണ്ടെത്തലിനെ സ്വയം തൊഴിൽ സംരംഭമാക്കി വളർത്താൻ മറ്റുള്ളവർക്ക് അവസരവും നൽകുന്നു. തൃശൂർ ജില്ലയിൽ അവിട്ടത്തൂരിലാണ് സുമന്റെ വീടുംവളം നിർമാണയൂണിറ്റും. 

‘ബ്ലാക് ഗോൾഡ്’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന, എൻ പികെ സമ്പുഷ്ടമായ ജൈവവളം, അക്കാദമിക് ഗവേഷണങ്ങളുടെയൊന്നും പിൻബലമില്ലാതെ സ്വന്തം പരീക്ഷണങ്ങളും പ്രയത്നവും കൊണ്ടു മാത്രം സുമൻ നിർമിച്ചെടുത്തതാണ്. അസുഖകരമായ മണമോ ഈർപ്പമോ ഒന്നുമില്ലാത്ത, അനായാസം കൈകാര്യം ചെയ്യാവുന്ന ജൈവവളം.

കറുത്ത സ്വർണം

കോഴിക്കടകളിൽ ദിവസേന കുന്നുകൂടുന്ന അറവുമാലിന്യം നീക്കാനെത്തുന്നവർക്ക് അങ്ങോട്ടു പണം നൽകുകയാണ് നിലവിൽ കടക്കാർ. ഇങ്ങനെ സംഭരിക്കുന്ന ടൺകണക്കിനു വെയ്സ്റ്റിൽ ചെറിയൊരു പങ്കുമാത്രമാണു സംസ്കരിക്കപ്പെടുക. നല്ലൊരു പങ്കും എവിടെയെങ്കിലും കുഴിച്ചുമൂടും, അതല്ലെങ്കിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളും. അതാണ് നമ്മുടെ നാട്ടിലെ പതിവ്. പണം അങ്ങോട്ടു നൽകിയിട്ടും വെയ്സ്റ്റ് നീക്കാൻ ആരുമെത്താത്തതു മൂലം കോഴിക്കടതന്നെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണെന്ന ഒരു കടക്കാരന്റെ പരിദേവനമാണ് കോഴി വെയ്സ്റ്റിൽനിന്നു വളം എന്ന ചിന്തയിലെത്തിച്ചതെന്നു സുമൻ.

മാലിന്യത്തിൽനിന്നു ജൈവവളം നിർമിക്കാം എന്ന പ്രാഥമിക അറിവല്ലാതെ അതിന്റെ സാങ്കേതികവിദ്യകളൊന്നും വശമില്ലായിരുന്ന സുമൻ സ്വന്തം നിലയ്ക്ക് അതിനു ശ്രമം തുടങ്ങി. ജെസിബി ഒാപ്പറേറ്ററുടെ ജോലിയും വരുമാനമാർഗവും കൈവിട്ടുള്ള കമ്പോസ്റ്റ് നിർമാണ ശ്രമം ലക്ഷ്യത്തിലെത്തിയതു മാസങ്ങൾക്കു ശേഷം. പലരുടെയും പരിഹാസം കേട്ട നാളുകളിൽ ഭാര്യ ബേബിയും കുടുംബാംഗങ്ങളും നൽകിയ പിന്തുണയാണ് പരീക്ഷണങ്ങൾ തുടരാൻ ധൈര്യം നൽകിയതെന്നു സുമൻ. 

 

suman-thakkolkkaran1
സ്വന്തം വളം മാത്രം നല്‍കി വാഴക്കൃഷിയും

അറവു മാലിന്യം വളമാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ സാധാരണ കമ്പോസ്റ്റിങ് രീതിയിൽ കോഴിയവശിഷ്ടങ്ങളിലെ തൂവലുകൾ അഴുകാതെ ബാക്കിയാവും. കോഴിത്തൂവലിലെ കരട്ടിൻ എന്ന ഘടകമാണ് തടസ്സം. തൂവലുകളെ അതിവേഗം ദ്രവിപ്പിക്കാവുന്ന കമ്പോസ്റ്റിങ്് രീതി വികസിപ്പിച്ചെടുത്താണ് സുമൻ ഈ പ്രശ്നത്തിനു പരിഹാരം കണ്ടത്. കമ്പോസ്റ്റ് പിറ്റിൽ എയ്റോബിക് ബാക്ടീരിയകളെ കുത്തിവച്ച് കോഴിത്തൂ വലുകൾ ദ്രവിപ്പിക്കുകയും കമ്പോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്ന രീതിയാണിത്. 

 

നിലവിലുള്ള മിക്ക കമ്പോസ്റ്റിങ് മാർഗങ്ങളിലും ജൈവമാലിന്യം വളമായി മാറാൻ 90 ദിവസമെടുക്കുമ്പോൾ സുമന്റെ കണ്ടെത്തലിൽ കാലയളവ് 24 ദിവസമായി ചുരുങ്ങി. നാലര മണിക്കൂറിനുള്ളിൽ ഈ പ്രക്രിയ സാധിക്കുന്ന ജര്‍മന്‍ സാങ്കേതികവിദ്യയിലുള്ള റെന്‍ഡറിങ് പ്ലാന്‍്റ് ഉണ്ടെന്നറിഞ്ഞപ്പോള്‍ അതിലേക്കായി സുമന്റെ ശ്രദ്ധ. അതിനുള്ള മുടക്കുമുതൽ പക്ഷേ കയ്യിലൊതുങ്ങില്ല എന്നു കണ്ടതോടെ കിട്ടിയ അറിവുകൾ ഉപയോഗിച്ച് സമാന സംവിധാനം കുറഞ്ഞ െചലവില്‍ സ്വയം ഉരുത്തിരിച്ചു സുമൻ. ഇതുപയോഗിച്ച് അവിട്ടത്തൂരിലെ യൂണിറ്റിൽ നിന്നു വളം നിർമിച്ചു വിപണിയിലെത്തിക്കാനും തുടങ്ങി. 

 

വളത്തിലൊതുങ്ങുന്നില്ല സുമന്റെ ഉൽപന്നങ്ങൾ. അറവ് അവശിഷ്ടങ്ങളിൽനിന്നു തയാറാക്കുന്ന കോഴിത്തീറ്റയാണ് മികച്ച വിപണനമൂല്യമുള്ള മറ്റൊരുൽപന്നം. വളത്തിന്റെ ഉപോൽപന്നമായി ഫാറ്റും ബയോ ഡീസലും കൂടി നിർമിച്ചിരിക്കുന്നു ഈ സംരംഭകൻ. 

 

കോഴിയവശിഷ്ടങ്ങളിൽ നിന്ന് ബയോ ഡീസൽ നിർമിച്ച്് വാഹനമോടിച്ചിട്ടുള്ള സുമൻ, ഡീസൽ വിപണനത്തിന്റെ വ്യാവസായിക സാധ്യതകളും തേടുകയാണിപ്പോൾ

നേട്ടം പലവഴി

 

വളം നിർമാണം തുടങ്ങിയ ആദ്യഘട്ടത്തിൽ അതിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് കൃഷിഭവൻ വഴിയുള്ള ജൈവവള വിതരണ പദ്ധതിയില്‍ ഇത് ഉൾപ്പെടുത്തിയ വെള്ളൂക്കര കൃഷി ഒാഫിസർ തോമസ് നൽകിയ പിന്തുണ മറക്കാനാവില്ലെന്നു സുമൻ. ഉൽപാദിപ്പിക്കുന്ന വളം അത്രയും ബ്രാൻഡ് ചെയ്ത് സുമൻ നേരിട്ടു തന്നെ വിപണിയിലെത്തിക്കുന്നു ഇന്ന്. 

 

അഴുകാത്ത അറവ് അവശിഷ്ടങ്ങൾ മീൽ എന്ന ഗ്രേഡിലാണ് സംസ്കരിച്ചെടുക്കുക. വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ 57 ശതമാനം പ്രോട്ടീൻ അടങ്ങിയത് എന്നു കണ്ടെത്തിയ ഈ മീൽ മൽസ്യത്തീറ്റ നിർമാണത്തിനായി ഹൈദരബാദിലുള്ള കമ്പനിക്കു നൽകുകയാണു നിലവിൽ. മാക്സ് വെൽ എന്ന ബ്രാൻഡിൽ സ്വന്തം നിലയ്ക്ക് ഫിഷ് ഫീഡ് നിർമിച്ച് ഉടൻ വിപണിയിലെത്തിക്കുമെന്നും സുമൻ. 

 

ഉപോൽപന്നമായി ലഭിക്കുന്ന കൊഴുപ്പ്, വ്യാവസായിക ഉൽപന്നങ്ങളുടെ നിർമാണത്തിനായി അനിമൽ ഫാറ്റ് ആവശ്യമുള്ള കമ്പനികൾക്കു വിൽക്കാന്‍ ആലോചന നടക്കുന്നു. തീർന്നില്ല, കോഴിയവശിഷ്ടങ്ങളിൽ നിന്ന് ബയോ ഡീസൽ നിർമിച്ച്് വാഹനമോടിച്ചിട്ടുള്ള സുമൻ, ഡീസൽ വിപണനത്തിന്റെ വ്യാവസായിക സാധ്യതകളും തേടുകയാണിപ്പോൾ.

 

കോഴിയവശിഷ്ടങ്ങൾ സംസ്കരിച്ചു വളം നിർമാണം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യൂണിറ്റ് നിർമിച്ചു നൽകി ഉൽപന്നം തിരിച്ചെടുത്ത് ബ്രാൻഡ് ചെയ്തു മാർക്കറ്റിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഈ ചെറുപ്പക്കാരൻ.

 

ഫോൺ: 8921436887 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com