sections
MORE

ഗൗരാമിയെ ഗൗനിച്ച ഗ്രാമം

Arun-k-jans
അരുൺ കെ. ജാൻസ്
SHARE

തറവാടിയാണു ഗൗരാമി. ശരീര വലുപ്പം, നീളൻ മീശ, ഗാംഭീര്യമുള്ള ചലനം – ഇതെല്ലാംകൊണ്ടു തലയെടുപ്പ് കാത്തുസൂക്ഷിക്കുന്നവൻ. രുചിയിൽ ബഹുകേമൻ. ഏതു വിപരീത സാഹചര്യത്തിലും വളരുന്നവൻ. എന്നാൽ മത്സ്യക്കൃഷിക്കാർ പൊതുവേ ഗൗരാമിയെ ഗൗനിക്കാറില്ല. ജയന്റ് ഗൗരായെന്നൊക്കെ വിളിക്കുമെങ്കിലും അക്വേറിയം ടാങ്കുകളിലാണ് നാം ഇവയെ കൂടുതലായി സൂക്ഷിക്കാറുള്ളത്. ആറു മാസത്തിനകം തീൻമേശയ്ക്കു പാകമാകുന്ന തിലാപ്പിയയും വാളയുമൊക്കെയാണ് വളർത്തുകാർ പൊതുവേ പരിഗണിക്കുക. എന്നാൽ 12–15 മാസം വളർന്നാൽ അവയെ ക്കാൾ വരുമാനവും രുചിയേറിയ മാംസവും നൽകാൻ ഗൗരാമിക്കു കഴിയുമെന്ന് തിരിച്ചറിയുന്നവർ ചുരുക്കം. കിലോയ്ക്ക് 450 രൂപ വിലയുള്ള ഏതു വളർത്തുമത്സ്യമാണുള്ളത്! 

ആദ്യമാസങ്ങളിൽ വളർച്ചനിരക്ക് കുറവായിരിക്കുമെങ്കിലും രണ്ടു വയസ്സാകുമ്പോഴേക്കും രണ്ടു കിലോ തൂക്കമുണ്ടാവും. കൂടുതൽ കാലം വളർത്തിയാൽ അഞ്ചു കിലോവരെ ഗൗര വളരുമെന്നു പറയുന്നു. എന്നാൽ ഏറ്റവും രുചികരമായ മാംസം കിട്ടുന്നത് 750 ഗ്രാം– ഒരു കിലോ തൂക്കമെത്തുന്ന ഘട്ടത്തിലാണ്. തുടർന്നുള്ള വളർച്ചയിൽ ഇവയുടെ ശരീരത്തിൽ കൊഴുപ്പ് കൂടുതലായുണ്ടാകും. നമ്പൂതിരി മത്സ്യമെന്നു വിളിക്കപ്പെടുന്ന ഇവ സസ്യഭുക്കാണെന്നാണ് സങ്കൽപം. എന്നാൽ ശീലിപ്പിച്ചാൽ ഗൗരാമിയും നോൺ വെജ് കഴിക്കുമത്രെ. കരിമീനിനോട് രൂപസാദൃശ്യമുണ്ടെങ്കിലും രുചിയിൽ ഗൗര തന്നെ രാജൻ.

തെച്ചിക്കോട്ട് രാമചന്ദ്രനെപോലെ ഗൗരാമിക്കുമുണ്ട് ആരാധകർ. അവരിലൊരാളാണ് കോട്ടയം പൂഞ്ഞാറിനു സമീപം കുന്നോന്നി കിഴക്കേക്കര വീട്ടിലെ അരുൺ കെ. ജാൻസ്. ഇരുപതു വർഷമായി ഗൗരാമിയുെട പിന്നാലെയാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവും രുചിയേറിയ മാംസവുമാണ് ഗൗരാമിയെ ഇഷ്ടപ്പെടാൻ കാരണമെന്ന് അരുൺ പറയുന്നു. വീട്ടിലെ ചെറിയ പടുതക്കുളത്തിൽ ഏതാനുമെണ്ണത്തെ വളർത്തി തുടങ്ങിയതായിരുന്നു. എന്നാൽ കുളത്തിന്റെ അരികിൽ കൂടുണ്ടാക്കി മുട്ടയിടാൻ ശ്രമിക്കുന്നതു കണ്ടതോെട താൽപര്യം വർധിച്ചു. മുട്ടയിടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വിരിഞ്ഞ മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കുകയുമൊക്കെയായി അരുണിന്റെ വിനോദം.ആവശ്യക്കാർ വർധിച്ചതോെട അരുൺ തന്റെ സംരംഭം വിപുലമാക്കി. പുരയിടത്തിന്റെ പല ഭാഗങ്ങളിലും ചെറിയ പടുതക്കുളങ്ങളുണ്ടാക്കി. ചുറ്റും തീറ്റപ്പുൽ കൃഷിയും. ചേമ്പും തീറ്റപ്പുല്ലും നൽകിയാണ് അരുൺ ഇവയെ വളർ‌ത്തുന്നത്. ഒരു സെന്റ് മുതൽ 12 സെന്റ് വരെ വലുപ്പമുള്ള ആകെ 22 കുളങ്ങളാണ് ഇപ്പോൾ അരുണിനുള്ളത്. ഓരോന്നിന്റെയും വലുപ്പമനുസരിച്ച് ജോടികളെ നിക്ഷേപിച്ച് പ്രജനനത്തിനുള്ള സാഹചര്യം സൃഷ്ടിച്ചു നൽകും. ഇരുണ്ട ചാരനിറമുള്ള ജയന്റ് ഗൗരാമിക്കു പുറമെ,യെല്ലോ ഗൗരാമി, അൽബിനോ റെഡ് ഐ ഗൗരാമി, റെഡ് ടെയിൽ ഗൗരാമി എന്നീ ഇനങ്ങളും ശേഖരത്തിലുണ്ട്.

Gourami-Fish

ഗൗരാമിയുെട പ്രജനനം മികച്ച സംരംഭസാധ്യതയാണെന്നു തിരിച്ചറിഞ്ഞ അരുൺ തന്റെ നേട്ടങ്ങൾ അയൽക്കാരുമായി പങ്കുവയ്ക്കാനും മടിച്ചില്ല. നാട്ടുകാരായ ഒട്ടേറെപ്പേർ അരുണിന്റെ നിർദേശമനുസരിച്ച് ഗൗരാമിക്കർ ഷകരായി മാറി. കുന്നോന്നിയിലെ എല്ലാ വീടുകളിലും ഭക്ഷണാവശ്യത്തിനായി പടുതക്കുളത്തിൽ ഗൗരാമിയെ വളർത്തുന്നുണ്ടെന്ന് അരുൺ പറയുന്നു. പ്രജനനത്തിലൂെട വരുമാനം കണ്ടെത്തുന്നവരും കുറവല്ല. ഗൗരാമി ഗ്രാമമായി വളരുന്ന ഇവിടെ ഓർഡറുകൾ പങ്കുവയ്ക്കാനും പുതിയ അറിവുകൾ കാണിച്ചുകൊടുക്കാനുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണ്. കിഴക്കേക്കര വീടിനോടു ചേർന്നുള്ള പല്ലാട്ടുകുന്നേൽ വീട്ടിലെ ജോണി സേവ്യർ ഇപ്രകാരം ഗൗരാമിക്കൃഷിയിലൂെട നേട്ടമുണ്ടാക്കുന്നയാളാണ്. ഇദ്ദേഹത്തിന്റെ അരയേക്കർ പുരയിടം നിറയെ ചെറുകുളങ്ങളാണ്. പുരയിടം നിറയെ കുളം തോണ്ടണമെങ്കിൽ ആദായം ചെറുതല്ലെന്ന് ഊഹിക്കാമല്ലോ. പ്ലാത്തോട്ടത്തിൽ മനേഷ്, സച്ചിൻ പടന്നമാക്കൽ, ജയിംസ് മാറാമാറ്റം, ശശിധരൻ എന്നിങ്ങനെ കുന്നോന്നിയിലെ പ്രമുഖരായ ഗൗരാമി ബ്രീഡർമാരുടെ പട്ടികതന്നെ അരുണിന്റെ പക്കലുണ്ട്.

പൂഞ്ഞാറിലും പരിസരങ്ങളിലുമു ള്ള പരിസ്ഥിതിപ്രേമികളും സാമൂഹ്യ സേവന തൽപരരുമായ യുവകർഷകർ രൂപീകരിച്ച പെഡസ്ട്രിയൻസ് ഗ്രൂപ്പിലും അരുൺ അംഗമാണ്. ജിഐ പൈപ്പുകളും പടുതയും ഉപയോഗിച്ച് നിർമിച്ചതും മറ്റൊരിടത്തേക്ക് അഴിച്ചു മാറ്റാവുന്നതുമായ മത്സ്യടാങ്കുകൾ പെഡസ്ട്രിയൻസ് നിർമിച്ചു നൽകുന്നുണ്ട്. ഏറെക്കാലം ഈട് നിൽക്കുന്നതും ഭംഗിയുള്ളതുമായ ഈ ടാങ്കുകൾ ലീറ്ററിനു 2.5 രൂപ നിരക്കിലാണ് നിർമിച്ചു നൽകുന്നത്. ഫോൺ: 9447850299

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA