ADVERTISEMENT

വരള്‍ച്ചയുടെ പിടിയിലായ ഒരു നാട് ജനകീയമുന്നേറ്റത്തിലൂടെ ജലസമൃദ്ധിയിലേക്ക്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് എംഎല്‍എ ആയ െഎ.ബി. സതീഷ് മുന്‍കയ്യെടുത്തു നടത്തിയ ജലസംരക്ഷണയജ്ഞം ജനപങ്കാളിത്തത്തോെട വൻവിജയമായി മാറുന്നത്. ജനീവയില്‍ നടന്ന നാലാമത് ലോക പുനർനിര്‍മാണ സമ്മേളനത്തില്‍ കാട്ടാക്കട പദ്ധതിയെ ‘സംയോജിത നീര്‍ത്തട പരിപാലനത്തിന്റെ ഗംഭീര മാതൃക’യെന്നു വിശേഷിപ്പിച്ചത് ഡച്ച് ദുരന്ത ലഘൂകരണ വിദഗ്ധന്‍ പോള്‍ വാന്‍ മീല്‍. കാട്ടാക്കടയില്‍ നേരിട്ടെത്തി പദ്തിയുടെ ഗുണഫലങ്ങള്‍ കണ്ടറിഞ്ഞശേഷമായിരുന്നു വാന്‍ മീലിന്റെ വിലയിരുത്തല്‍. 

 

കരമനയാറും നെയ്യാറും അതിർത്തി തീര്‍ക്കുന്ന കാട്ടാക്കട നിയോജക മണ്ഡലത്തിനു സമീപമാണ് പേപ്പാറ, നെയ്യാര്‍ ജലസംഭരണികള്‍. കൂടാതെ, കിേലാമീറ്ററുകള്‍ നീളത്തില്‍ തോടുകള്‍. നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാല്‍ 31 കിലോമീറ്ററോളം കടന്നു േപാകുന്ന മണ്ഡലത്തില്‍ 314 കുളങ്ങളും ഏകദേശം 43,000 കിണറുകളുമുണ്ട്. ഇവയൊക്കെയുണ്ടായിട്ടും ജലക്ഷാമം രൂക്ഷമായതോടെയാണ് ജനകീയ ജലവിപ്ലവത്തിന് എംഎല്‍എ മുന്നിട്ടിറങ്ങിയത്. 

 

ജലവിഭവങ്ങളും സ്രോതസ്സുകളും സംബന്ധിച്ച പഠനമായിരുന്നു ആദ്യ ചുവടുവയ്പെന്ന് എംഎല്‍എ പറയുന്നു. തൊഴിലുറപ്പുപദ്ധതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ്മ ഒരു വര്‍ഷമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി പദ്ധതിക്കു ജല വിഭവ പരിപാലനരേഖ തയാറാക്കിയതു ഭൂവിനിയോഗ ബോര്‍ഡ്. 

 

മഴവെള്ളം മണ്ണിലിറങ്ങാതെ തോടുകളിലൂടെയും ചരിവുഭൂമികളിലൂടെയും ഒഴുകി നഷ്ടപ്പെടുന്ന അവസ്ഥയാണ് മണ്ഡലത്തിന്റെ മിക്ക പ്രദേശങ്ങളിലുമെന്നു പഠനത്തില്‍ കണ്ടു. ചരിവേറിയ ഭൂമിയിലെ നീരൊഴുക്കു നിയന്ത്രിച്ച് പരമാവധി ജലം മണ്ണിലിറക്കി അതിലൂടെ ജലസ്രോതസ്സുകള്‍ സമ്പന്നമാക്കാനുള്ള വഴികളാണ് ആദ്യം തേടിയത്. ഒപ്പം മഴവെള്ളക്കൊയ്ത്തിനുള്ള സംവിധാനങ്ങളുമൊരുക്കി. ജലവിനിയോഗം നിയന്ത്രിക്കാനുള്ള ബോധവല്‍ക്കരണവും സമാന്തരമായി നടത്തുന്നുണ്ടായിരുന്നു. 

 

മഴക്കുഴികള്‍ എടുത്തുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. വലിയ കുഴികളാണു നിര്‍മിച്ചത്. ഇവ പരിപാലിക്കുന്നതിലും ശ്രദ്ധ വേണമെന്നു മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനിച്ചിരുന്നു. അടുത്ത പടി കിണര്‍ സംപോഷണം. കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ആദ്യം കിണർ പോഷണം നടത്തിയത്. ലളിതമായ രീതിയിലാണ് ഇതു ചെയ്തത്. സ്കൂളിലെ നാലു കെട്ടിടങ്ങള്‍. ഇവയുടെ മേല്‍ക്കൂരയില്‍ ഒരു വര്‍ഷം വീഴുന്ന മഴവെള്ളത്തിന്റെ കണക്കെടുത്തപ്പോള്‍ 7 ലക്ഷം ലീറ്ററോളമെന്നു കണ്ടു. അടുത്തു തന്നെ രണ്ടു കിണര്‍ കുഴിച്ച് അടുത്ത മഴക്കാലത്ത് ഈ വെള്ളം അവിടെ ശേഖരിച്ചു. അതോടെ സ്കൂള്‍ കിണറ്റിലും അടുത്തുള്ള വീടുകളുടെ കിണറുകളിലുമൊക്കെ ജലനിരപ്പുയര്‍ന്നു. പദ്ധതിയില്‍ ഇതുവരെ 22 വിദ്യാലയങ്ങളിലെയും 14 െപാതുമേഖലാസ്ഥാപനങ്ങളിലെയും കിണറുകളില്‍ ജലപോഷണം നടത്തിയെന്ന് മാര്‍ഗനിര്‍ദേശം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത സംസ്ഥാന ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദീന്‍ പറഞ്ഞു. 

 

പാറമടകള്‍ ജലസ്രോതസ്സ്

 

ജലക്ഷാമം രൂക്ഷമായ പള്ളിച്ചൽ പഞ്ചായത്തിലെ കണ്ണൻകോട് വാർഡിൽ പാറമടയിലെ ജലം ഉപയോഗിച്ചാണ് കിണർപോഷണം നടത്തിയത്. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് സമീപത്തുള്ള മറ്റൊരു പാറമടയിൽനിന്ന് ഏകദേശം 500 അടി അകലത്തിൽ 200 അടി താഴ്ഭാഗത്തായി 2.10 മീ റ്റർ x 1.80 മീറ്റർ x 1.50 മീറ്റർ അളവിൽ റീചാർജ് പിറ്റ് നിർമിച്ച് ഒരിഞ്ച് വ്യാസമുള്ള പിവിസി പൈപ്പിന്റെ സഹായത്തോടെ പാറമടയിൽനിന്ന് ജലം പിറ്റിലെത്തിച്ചു. ഇതിലൂടെ സമീപത്തുള്ള 12 കിണറുകളുടെ ജലനിരപ്പ് ഉയർത്താനായി. മറ്റൊരു പാറമടയിലെ ജലം ഉപയോഗിച്ച് ഒരു തോട് പോഷിപ്പിച്ചുവരുന്നു. ‘ഹരിതകേരളം മിഷനിൽ 113 കുളങ്ങളുടെ നവീകരണവും നടക്കുന്നു. കാടുമൂടി നീരൊഴുക്ക് നിലച്ചുകിടന്ന തോടുകൾ വൃത്തിയാക്കിവരുന്നു. അന്തിയൂർക്കോണം തോടിന്റെ യോജ്യമായ സ്ഥലങ്ങളിൽ 19 ജൈവ തടയണകളും 29 ചാക്കു തടയണകളും 6 കല്ലുതടയണകളും നിർമിച്ച് ജലം ഒഴുകിപ്പോകുന്നതു തടഞ്ഞ് ഭൂമിയിലേക്ക് ഇറക്കി പരിസരത്തെ കിണറുകളിലെ ജലനിരപ്പ് വേനൽക്കാലങ്ങളിൽ നിലനിർത്താനായി. കൈത്തോടുകൾ വൃത്തിയാക്കി പ്രധാന തോട്ടിലേക്കു നീരൊഴുക്കും സുഗമമാക്കി.

 

കൃഷി വ്യാപനം

 

വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ചെറു കോട്, കുഞ്ചുക്കോണം ഏലയുടെ സമീപത്തായി 30 വർഷമായി മണ്ണുമൂടിക്കിടന്ന തോട് പുനരുജ്ജീവിപ്പിച്ചു. 1200 മീറ്റർ നീളത്തിലാണ് തോട് വെട്ടിത്തെളിച്ചത്. നിലവക്കാട് കുളത്തിൽനിന്ന് ആരംഭിച്ച് മിട്ടിയം ആലക്കുന്നു തോട്ടിലാണ് പുതിയ തോടിനെ ബന്ധിപ്പിച്ചത്. കൃഷിക്ക് യോഗ്യമല്ലാതിരുന്ന ഈ പ്രദേശങ്ങളിൽ ഇപ്പോൾ സമൃദ്ധമായി നീരൊഴുകുന്നു. ഇതോടെ കുഞ്ചുക്കോണം ഏലാ കൃഷിയോഗ്യമായി. കൃഷിയാവശ്യത്തിനായി ഒട്ടേറെ കുളങ്ങളും നിര്‍മിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മണ്ഡലത്തിലെ കുളങ്ങളിൽ മ ത്സ്യക്കൃഷി ചെയ്തുവരുന്നു. 6 കുളങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ച ഉൾനാടൻ മൽസ്യക്കൃഷി ഇപ്പോൾ 42 കുളങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. 20 ഹെക്ടർ വരുന്ന ആമച്ചൽ ഏലായിൽ നെൽ കൃഷി പുനരാരംഭിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ച് നെയ്യാറിൽനിന്നു വെള്ളം പായ്ത്തല കുളത്തിലെത്തിച്ചു. അവിടെനിന്ന് വെള്ളം കൈത്തോടുകൾ വഴിയെത്തിച്ചാണ് നെൽകൃഷിക്ക് ഉപയോഗി ച്ചത്. 

 

ഓടകൾക്കും ഉപയോഗം 

 

മഴക്കാലത്ത് റോഡിലെ ഓടയിലൂടെ പാഴാകുന്ന ജലം കെട്ടിനിർത്തി ഭൂമിയിലേക്ക് ഇറക്കുന്ന പുതിയ മാതൃകയാണ് മാറനല്ലൂർ പഞ്ചായത്തിലെ കരിങ്ങൽ വാർഡിലുള്ള പൂവൻവിളയിൽ നടപ്പാക്കിയത്. കരിങ്ങൽ വാർഡിലെ പൂവൻവിളയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്ത് റോഡിന്റെ ഓരത്തു മൂന്നു മീറ്റർ നീളവും 1.5 മീറ്റർ വീതിയും ആഴവുമുള്ള കുഴിയെടുത്ത് വശങ്ങൾ ബലപ്പെടുത്തി, ജലം സംരക്ഷിക്കുന്നു. ഓടയിലൂടെ ഒഴുകി പാഴായിക്കൊണ്ടിരുന്ന 6000 ലീറ്റർ ജലം ഇങ്ങനെ ഇവിടെ സംഭരിക്കുകയാണ്. ജലം സംരക്ഷിക്കുന്ന കുഴി സ്ലാബിട്ടു മൂടുകയും ചെയ്തു. 

 

ജലസമൃദ്ധി വെബ്സൈറ്റ് (www.jalasamrdhi.com) 

 

‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട നിയോജകമണ്ഡലം പദ്ധതിയുടെ വിശദവിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭിക്കും. ജലവിഭവങ് ളെ സംബന്ധിച്ച വിവരങ്ങൾ ഭൂവിവര സംവിധാനത്തിന്റെ സഹായത്തോടെ ‘ഭൂപടങ്ങൾ’ എന്ന ലിങ്കിലും വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ‘പ്രവർത്തന പാതയിലൂടെ’ എന്ന ലിങ്കിലും ലഭിക്കും.

 

ഒരു ജനത ഭാവിതലമുറയ്ക്കായി ഒരുമിച്ചു നടത്തിയ യാത്രയാണിത്. തുറക്കാത്ത അറകൾ എന്നു വിശേഷിപ്പിക്കുന്ന വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സൃഷ്ടിച്ചൊരു മാതൃക കൂടിയാണ് ‘ജലസമൃദ്ധി’. സർക്കാർ വകുപ്പുകളോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ, ദേശീയ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ, ശാസ്ത്ര സാഹിത്യ പരിഷത്, നെഹ്റു യുവകേന്ദ്ര, യുവജന കലാകായിക സമിതികൾ, സന്നദ്ധ പ്രവർത്തകർ– എല്ലാവരും ഒരേ വികാരത്തോടെ ‘ജലസമൃദ്ധി’ക്കൊപ്പം നടന്നുവെന്ന് ഐ. ബി. സതീഷ്. നിസ്സംശയം സതീഷ് പറയുന്നു ‘സഫലമീ യാത്ര.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com