ADVERTISEMENT

കാസർകോട്ട് ഉപ്പളയ്ക്കു സമീപം മിയപ്പടവിലെ ചൗട്ടരാ തോട്ട എന്ന തെങ്ങിൻതോട്ടം പണ്ടേ കാർഷികകേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സഹോദരന്മാരായ ഡോ. സി. ചന്ദ്രശേഖർ ചൗട്ട, ഡി. പ്രഭാകർ ചൗട്ട, മനോഹർ ചൗട്ട എന്നിവരുെട തോട്ടമാണിത്. ഏകദേശം 50 ഏക്കറുള്ള ഈ കുന്നിൻചെരുവിൽ 250 ശുദ്ധജനുസ് കുള്ളൻതെങ്ങുകളുടെ ഒന്നാംതരം ജനിതകശേഖരമാണ് ചൗട്ട സഹോദരന്മാർ യാഥാർഥ്യമാക്കിയിരിക്കുന്നത്. വിത്തുതേങ്ങ ഉൽപാദിപ്പിക്കാൻ യോജ്യമായ ഈ തോട്ടത്തിൽ ഇടവിളയായി നട്ട ഫലവൃക്ഷമാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം– അവക്കാഡോ അഥവാ വെണ്ണപ്പഴം. 

 

നാലു വർഷം മുമ്പ് ആരംഭിച്ച അവക്കാഡോക്കൃഷിയുെട ആദ്യവിളവെടുപ്പ് കഴിഞ്ഞ മാസം പൂർത്തിയായി. തെങ്ങിൻതോപ്പിലെ 100 അവക്കാഡോ മരങ്ങളിൽ 25 എണ്ണത്തിലാണ് കായ്ക ളുണ്ടായതെന്നു ഡോ. ചന്ദ്രശേഖർ പറഞ്ഞു. ആകെ 500കിലോ. കിലോയ്ക്ക് 100 രൂപ നിരക്കിൽ 50,000 രൂപ ആദ്യ വർഷത്തെ ആദായം. ഇതിനു പുറമെ നാല് ഏക്കറിൽ തനിവിളയായി കഴിഞ്ഞ വർഷം 400 അവക്കാഡോ തൈകൾ നട്ടിട്ടുണ്ട്. വളരാൻ അനുവദിച്ചാൽ വലിയ വൃക്ഷമായി വളരാൻ അവക്കാഡോയ്ക്കു സാധിക്കും. ഒരു മരത്തിൽനിന്ന് ഒരു ടൺ വരെ ഉൽപാദനം കിട്ടിയവരുണ്ട്. എന്നാൽ കമ്പു കോതി ഉയരം നിയന്ത്രിച്ചാണ് ഇവിടെ അവക്കാഡോ വളർത്തുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ ഒരു മരത്തിൽ നിന്ന് 200 കിലോ കായ്കൾ കിട്ടുമെന്ന ഉറച്ച പ്രതീക്ഷയാണ് ചന്ദ്രശേഖർ ചൗട്ടയ്ക്കുള്ളത്. 

സൂപ്പർഫുഡായി കരുതപ്പെടുന്ന അവക്കാഡോയ്ക്ക് കഴിഞ്ഞ വർഷം ബെംഗളൂരു വിപണിയിൽ 360 രൂപവരെ വില കിട്ടിയത്രെ. ശരാശരി 150 രൂപ വില കിട്ടിയാൽ ഒരു മരത്തിൽനിന്ന് 20,000–30,000 രൂപ വരുമാനം. തനിവിളയായി കൃഷി ചെയ്യുകയാണെങ്കിൽ ഏക്കറിൽ 100 മരങ്ങൾ വരെ നടാം. സമശീതോഷ്ണമേഖലയിലെ വിളയായാണ് അവക്കാഡോ പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഉഷ്ണ മേഖലാപ്രദേശങ്ങളിലും വെണ്ണപ്പഴം കൃഷി െചയ്യാമെന്നു തെളിയിക്കുകയാണ് ചൗട്ടര തോട്ട. ഉഷ്ണമേഖലയ്ക്കു യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കണമെന്നു മാത്രം. വിത്തുപാകി മുളപ്പിച്ച അവക്കാഡോ തൈകളിൽ നല്ല ഇനം മരങ്ങളുെട കമ്പ് ഗ്രാഫ്റ്റ് ചെയ്താണ് ഇവർ നടീൽവസ്തുക്കളുണ്ടാക്കിയത്. ഇതിനായി സ്വന്തം പുരയിടത്തിലും സമീപപ്രദേശങ്ങളിലുമായി ഉഷ്ണമേഖലാ കാലാവസ്ഥയിൽ കായ്പിടിച്ചു നിന്ന അവക്കാഡോ മരങ്ങളുെട മാത്രം കമ്പ് എടുത്തായിരുന്നു ഗ്രാഫ്റ്റിങ്. ഹൈറേഞ്ചിലെ തണുപ്പുള്ള കാലാവസ്ഥയിൽ ഫലമേ കുന്ന മരങ്ങൾ ഗ്രാഫ്റ്റിങ്ങിനുപയോഗിച്ചാൽ താഴ്ന്ന സ്ഥലങ്ങളിൽ അവക്കാഡോ പൂവിടാൻ വൈകും. 

നേരിട്ടു കഴിക്കാൻ പ്രേരിപ്പിക്കുന്ന രുചിയില്ലെന്നതാണ് അവക്കാഡോയെക്കുറിച്ച് പൊതുവേ കേൾക്കുന്ന വിമർശനം. എന്നാൽ ചൗട്ട ഇത് അംഗീകരിക്കുന്നില്ല. തന്റെ പിതാവ് നാരായൺ ചൗട്ട 75 വർഷം മുമ്പ് കാസർകോട്ട് ആദ്യമായി തക്കാളി കൃഷി ചെയ്തപ്പോഴും ഇതേ ആരോപണമുണ്ടായതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് എല്ലാ ഭക്ഷണത്തിലും തക്കാളിക്ക് സ്ഥാനമുണ്ട്. അവക്കാഡോയുടെ രുചി പരിചിതമാകുന്നതോെട ആരോപണവും അപ്രസക്തമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

പഴവർഗങ്ങളുെട ഭാവി തിരിച്ചറിഞ്ഞ ചൗട്ട സഹോദരന്മാർ തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി മാങ്കോസ്റ്റിൻ, റംബുട്ടാൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇടവിളയായും തനിവ ളയായും ഇവ കൃഷി ചെയ്തിരിക്കുന്നു. നാലു വർഷമായ മാങ്കോസ്റ്റിൻ മരങ്ങൾ ഫലമേകി തുടങ്ങുന്നതേയുള്ളൂ. കഴിഞ്ഞ സീസണിൽ ഏകദേശം 15 ടൺ വിളവെടുത്ത റംബുട്ടാനും വലിയ വരുമാനം തന്നെ. ഫോൺ–9447193984

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com