sections
MORE

മൂന്നേക്കറിൽ 350 റംബുട്ടാൻ മരങ്ങൾ; വരുമാനമധുരം കളയുന്ന കാലാവസ്ഥ

bij
SHARE

ലോകം മുഴുവൻ ചുറ്റിക്കറങ്ങി ജോലി ചെയ്തശേഷമാണ് ബിജു കൃഷിക്കാരന്റെ കുപ്പായമണിഞ്ഞ് മണ്ണിലേക്കിറങ്ങിയത്. നാട്ടിലെത്തി കൃഷിക്കാരനാകാൻ ഉറച്ചതോടെ എന്തു കൃഷി ചെയ്യണമെന്ന പഠനമായി. ആ പഠനമാണ് ബിജുവിനെ പഴവർഗക്കൃഷിയിലെത്തിച്ചത്. തൊടുപുഴ ഉടുമ്പന്നൂരിൽ കൃഷി ചെയ്യാനായി വാങ്ങിയ ഏഴേക്കറിലധികം വരുന്ന റബർതോട്ടത്തിലെ മുഴുവൻ റബർമരങ്ങളും വെട്ടിനീക്കി ഭക്ഷ്യവിളകൾ കൊണ്ടു നിറയ്ക്കുകയായിരുന്നു. റംബുട്ടാനും മാങ്കോസ്റ്റിനും കൂടുതൽ പ്രാധാന്യം നൽകിയെന്നു മാത്രം

മൂന്നേക്കറിൽ 350 റംബുട്ടാൻ മരങ്ങളാണ് ബിജുവിനുള്ളത്. മരങ്ങൾ തമ്മിൽ 16 അടി ഇടയകലം നൽകിയുള്ള തനിവിളക്കൃഷിയാണ്. എന്നാൽ 20 അടിയെങ്കിലും ഇടയകലം നൽകേണ്ടതായി രുന്നെന്നു ബിജു ഇപ്പോൾ തിരിച്ചറിയുന്നു, ശാസ്ത്രീയ ശുപാർശ പ്രകാരം റംബുട്ടാൻ മരങ്ങൾക്ക് 40 അടി ഇടയകലമാണ് വേണ്ടത്. എന്നാൽ അത്രയേറെ സ്ഥലം പാഴാക്കുന്നതിനോടു ബിജുവിനു യോജിപ്പില്ല. അകലം കൂട്ടി നട്ടശേഷം മറ്റ് ഇടവിളകൾ നടുന്നതിനെക്കാൾ ഭേദം സാന്ദ്രത കൂടിയ റംബുട്ടാൻ കൃഷി തന്നെയെന്നു ബിജു അഭിപ്രായപ്പെടുന്നു. റംബുട്ടാന് ഇടവിള റംബുട്ടാൻ എന്നു കരുതിയാൽ മതി. മരങ്ങൾ വലുതാകുമ്പോൾ കമ്പുകോതി നിറുത്തുകയോ മറ്റൊരിടത്തേക്ക് പറിച്ചുനടുകയോ ആവാം. രണ്ടാം വർഷം മുതൽ റംബുട്ടാൻ ഫലം നൽകിത്തുടങ്ങി. ആദ്യവിളവെടുപ്പിൽ 100 കിലോ മാത്രമാണ് കിട്ടിയത്. അടുത്ത വർഷം ഉൽപാദനം മൂന്ന് ടണ്ണായി ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ വിളനാശമുണ്ടായതിനാൽ ആദായം ഏറക്കുറെ പൂർണമായി നഷ്ടപ്പെട്ടു. ഈ വർഷവും കാലാവസ്ഥാ മാറ്റം മൂലം ഉൽപാദനം കുറവാണെന്നു ബിജു. കഠിനമായ ചൂടുമൂലം വേനൽക്കാലത്ത് കായ്കൾ കൊഴിഞ്ഞു പോയി. തൊട്ടുപിന്നാലെ മഴ വന്നപ്പോൾ ഫംഗസ് ബാധ മൂലം കായ്പൊഴിച്ചിൽ തുടരുകയാണ്. 

biju

കാലാവസ്ഥ വഴിതെറ്റാതിരുന്നാൽ മലയോരങ്ങളിൽ റംബുട്ടാനും മാങ്കോസ്റ്റിനും മികച്ച ആദായം നൽകുമെന്ന കാര്യത്തിൽ ബിജുവിനു സംശയമില്ല. വേഗം ആദായത്തിലെത്തു മെന്നതാണ് റംബുട്ടാനു മാങ്കോസ്റ്റിനെ അപേക്ഷിച്ചുള്ള മെച്ചം. വലിയ തൈകൾ വാങ്ങി നട്ടാൽ രണ്ടാം വർഷം പഴം പറിക്കാം. എന്നാൽ ഇടവിളയായും കൃഷി ചെയ്യാമെന്നത് മാങ്കോസ്റ്റിനെ ആകർഷകമാക്കുന്നു. ഈ വർഷം കായ്ച്ചു തുടങ്ങിയ ഒരു ദുരിയാൻമരവും ബിജുവിന്റെ തോട്ടത്തിലുണ്ട്. ആകെ 13 പഴങ്ങളുണ്ടായത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി നൽകി. ദുരിയാൻകൃഷി വിപുലമാക്കാൻ ബിജു തീരുമാനിച്ചു കഴിഞ്ഞു.

നാലേക്കർ സ്ഥലത്ത് മാങ്കോസ്റ്റിനും ജാതിയും കൊക്കോയും കുരുമുളകും തെങ്ങും ചേർന്നുള്ള മിശ്രവിളക്കൃഷിയും ഇദ്ദേഹം പരീക്ഷിക്കുന്നു ണ്ട്. ഈ തോട്ടത്തിലാകെ 60 മാങ്കോ സ്റ്റിൻ മരങ്ങളാണുള്ളത്. അവ 20 അടി അകലത്തിൽ നടാമെങ്കിലും ബിജു 30 അടി അകലം നൽകി. കൊക്കോയ്ക്കും ജാതിക്കും കൂടി ഇടം നൽകുന്നതിനായിരുന്നു അത്. ഈ വർഷം പൂവിട്ടുതുടങ്ങിയ മാങ്കോസ്റ്റിന്റെ ആ ദായക്കണക്കുകൾ കിട്ടുന്നതിനു രണ്ടു വർഷം കൂടി കാത്തിരിക്കണം. എങ്കിലും അധികമാർക്കും കൃഷി ചെയ്യാനാവാത്ത വിളയെന്ന നിലയിൽ മാങ്കോസ്റ്റിനു റംബുട്ടാനെക്കാൾ ഡിമാൻഡുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. കേരളത്തിൽ എല്ലായിടത്തും മാങ്കോസ്റ്റിൻ വളരുന്നുണ്ടെങ്കിലും നിലവാരമുള്ള കായ്കൾ ഉണ്ടാവുന്നത് 1000 അടിയിലധികം ഉയരമുള്ള പ്രദേശങ്ങളിൽ മാത്രമാണെന്ന് ബിജു അഭിപ്രായപ്പെടുന്നു. മാങ്കോസ്റ്റിനൊപ്പം ഇടവിളയായി പപ്പായ പരീക്ഷിച്ചെങ്കിലും 3 വർഷത്തിനു ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു. രൂക്ഷമായ വൈറസ് രോഗബാധ തന്നെ കാരണം. വൈറസിനെ നിയന്ത്രിക്കാൻ സാധിക്കാതെ തോട്ടം വെട്ടിനീക്കേണ്ടിവന്നു. എന്നാൽ വൈറസിനെക്കാൾ വലിയ ആപത്തായി ബിജു കാണുന്നത് കാലാവസ്ഥാമാറ്റം തന്നെ. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ബിജുവിന്റെ തോട്ടത്തിലും മണ്ണിടിച്ചിൽ മൂലം വിളനാശമുണ്ടായി. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന പ്രതിഭാസമായിരുന്നു കഴിഞ്ഞ വർഷത്തെ പ്രളയമെന്നാണ് ബിജുവും കരുതിയത്. എന്നാൽ ഇത്തവണയും അതിവർഷം ആവർത്തിച്ചതിന്റെ പരിഭ്രാന്തിയിലാണ് ഈ യുവകർഷകൻ ഇപ്പോൾ. ഫോൺ: 9446131449 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA