ADVERTISEMENT

ക്ഷാരസ്വഭാവമുള്ള ലവണജലത്തിൽ വളരുന്ന ഒരു സൂക്ഷ്മ പായല്‍ (മൈക്രോ ആൽഗ); പേര് സ്പിരുലിന (spirulina). പലതരം പായലുകളിലൊന്ന് എന്നു സാമാന്യമായി പറയാമെങ്കിലും പറഞ്ഞുവരുമ്പോൾ നിസ്സാരക്കാരനല്ല ഈ നീല ഹരിതപായൽ. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ തിരഞ്ഞെടുത്ത വിഭവം, പോഷകാഹാരക്കുറവിനു പരിഹാരമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും കണ്ടെത്തിയ ഭക്ഷണം; അതെ, അൽപം സ്പെഷലാണ് സ്പിരുലിന.

പാലും മുട്ടയുമായി താരതമ്യപ്പെടുത്തുമ്പോൾ പല മടങ്ങുവരും ഈ പായലിലെ പ്രോട്ടീൻ സമൃദ്ധി. മറ്റ് ആരോഗ്യഘടകങ്ങളുടെ കാര്യത്തിലും മുന്നിൽത്തന്നെ. ഇന്റർനെറ്റിലോ പ്രമുഖ ഒാൺലൈൻ വ്യാപാര സൈറ്റുകളിലോ തിരഞ്ഞു നോക്കൂ, കാണാം, സ്പിരുലിനയുടെ ടൺ കണക്കിനു വിശേഷങ്ങൾ. ഒപ്പം, സ്പിരുലിന ടാബ്‌ലറ്റുകളും ക്യാപ്സൂളുകളും വിപണിയിലെത്തിക്കുന്ന ഒട്ടേറെ ബ്രാൻഡുകളും. മനുഷ്യർക്കു മാത്രമല്ല, മത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കുമെല്ലാം പോഷക ഭക്ഷണമായി പ്രചാരം നേടിയിട്ടുണ്ട് ഇന്നു സ്പിരുലിന. കേരളത്തിൽ പരിചിതമല്ലെങ്കിലും തമിഴ്നാട്ടിൽ പലയിടത്തും ഈ ഏകകോശ പായൽ വാണിജ്യാടി സ്ഥാനത്തിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്. ഉപ്പും മറ്റു വളർച്ച ഘടകങ്ങളും ലയിപ്പിച്ച് ശുദ്ധജലത്തിനു ലവണസ്വഭാവം നൽകിയ ശേഷം സ്പിരുലിന കൾചർ നിക്ഷേപിച്ച് സൂക്ഷ്മ മൂലകങ്ങൾ നൽകിയാണു കൃഷി. കോയമ്പത്തൂരിനടുത്തു സുളൂരിലുള്ള സൗന്ദരരാജനും പല്ലടത്തുള്ള ഗജേന്ദ്രനുമെല്ലാം ഈ രീതിയിൽ പായൽക്കൃഷി ചെയ്തു പണമുണ്ടാക്കുന്ന കർഷകരാണ്. 

പാഴല്ല പായൽ 

സ്പിരുലിന കൾച്ചർ ടാങ്കിൽ നിക്ഷേപിച്ച് പത്തു ദിവസത്തിനു ശേഷം വിളവെടുപ്പു തുടങ്ങാം. അതിവേഗം വളർന്നു പെരുകുന്നതിനാൽ പിന്നീടങ്ങോട്ടു ദിവസവും വിളവെടുപ്പ്. മഴക്കുറവുള്ള കാലാവസ്ഥയാണ് സ്പിരുലിനക്കൃഷിയിൽ തമിഴ്നാടിന്റെ അനുകൂലഘടകം. വേനലിൽ ഉൽപാദനം വർധിക്കും. ഒാഗസ്റ്റിൽ മഴയെത്തുന്നതോടെ കുറയും. താമസിയാതെ ആ വർഷത്തെ കൃഷി അവസാനിപ്പിച്ച് അനുകൂല കാലാവസ്ഥ എത്തുമ്പോൾ വീണ്ടും തുടങ്ങും. 9 നും 11നും ഇടയ്ക്ക് അമ്ല–ക്ഷാര നില (PH) നിലനിർത്തിയെങ്കിൽ മാത്രമേ സ്പിരുലിനക്കൃഷി വിജയിക്കൂവെന്ന് സൗന്ദരരാജൻ. തുറന്ന സ്ഥലത്തു നിർമിച്ച ടാങ്കിൽ മഴ വെള്ളം വീഴുന്നതോടെ പിഎച്ച് നിലമാറും. ജലത്തിന്റെ ക്ഷാരസ്വഭാവം നഷ്ടപ്പെടുന്നതോടെ സ്പിരുലിനയുടെ അതിജീവനം അസാധ്യമാവും, ഉൽപാദനം നിലയ്ക്കും.

Microalgae-cultivation1
ഗജേന്ദ്രന്റെ ഫാമിൽ സ്പിരുലിനെ അരിച്ചെടുക്കുന്നു

ഭക്ഷ്യോൽപന്നമായ സ്പിരുലിന മറ്റു പായലുകളൊന്നും കലരാതെ സുരക്ഷിതമായി കൃഷിചെയ്തെടുക്കാൻ കഴിയുന്നതും വളർച്ചാമാധ്യമത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ. ഉയർന്ന പിഎച്ച് മൂല്യമുള്ള ലവണജലത്തിൽ മറ്റു പായലുകൾക്കൊന്നും വളരാനാവില്ല. തിരിച്ച്, വെറും ശുദ്ധജലത്തിൽ സ്പിരുലിനയും നിലനിൽക്കില്ല. സ്പിരുലിനക്കൃഷിക്കുള്ള ടാങ്കുകൾ നിർമിച്ചതിലുമുണ്ട് സവിശേഷത. ടാങ്കിന്റെ മൂലകൾ ചതുരത്തിലല്ല വൃത്തസ്വഭാവത്തിലാണ് നിർമിക്കേണ്ടത്. യന്ത്രച്ചക്രം ചലിപ്പിക്കുമ്പോൾ ടാങ്കിലെ ജലം കറങ്ങി ഒഴുകാൻ ഈ നിർമാണരീതി ആവശ്യമാണ്. ജലം നിശ്ചലമായിക്കിടന്നാൽ അമിതമായി സൂര്യപ്രകാശമേറ്റ് സ്പിരുലിന കോശങ്ങളിലെ പ്രോട്ടീൻ അളവു കുറയുമെന്നു സൗന്ദരരാജൻ. ഇതൊഴിവാക്കാനാണ് ടൈമർ ഘടിപ്പിച്ച യന്ത്രച്ചക്രം ഒരു മണിക്കൂർ ഇടവിട്ട് 15 മിനിറ്റു വീതം പ്രവർത്തിപ്പിച്ച് വെള്ളം ഇളക്കുന്നത്. 

പായൽ നൂഡിൽസ്

രാവിലെയാണ് സ്പിരുലിന വിളവെടുപ്പ്. ടാങ്കിലെ ജലം മോട്ടോർ ഉപയോഗിച്ച് പമ്പു ചെയ്ത് നിശ്ചിത കണ്ണിയകലമുള്ള അരിപ്പയിലൂടെ അരിച്ചെടുത്താണ് സ്പിരുലിന ശേഖരിക്കുന്നത്. വെള്ളം തിരികെ ടാങ്കിലേക്കുതന്നെ വീഴും. അരിച്ചുകിട്ടുന്ന സ്പിരുലിന ശുദ്ധജലത്തിൽ കഴുകി ലവണാംശം നീക്കുന്നതാണ് ആദ്യപടി. തുണിയിൽ കിഴിപോലെ കെട്ടി മുകളിൽ ഭാരം കയറ്റിവച്ച് ജലാംശം നീക്കുന്നത് അടുത്തഘട്ടം. തുടർന്ന്, മുറുക്കും ഇടിയപ്പവുമെല്ലാം ഉണ്ടാക്കാനുപയോഗിക്കുന്ന സേവനാഴിക്കു സമാനമായ കുറ്റികളിൽ നിറച്ച് നൂഡിൽസ് രൂപത്തിലാക്കി ഉണക്കുന്നു. 

മൂന്നു തരം ഉണക്കൽരീതിയാണുള്ളത്. സൂര്യതാപം സ്വീകരിച്ച് സോളാർ ക്രോപ് ഡ്രയറിൽ ഉണക്കുന്ന രീതിയാണ് ചെറുകിട കർഷകരുടേത്. 10 അടി വീതിയിലും 20 അടി നീളത്തിലും, ഇസ്രായേൽ നിർമിത തെർമൽ ഷീറ്റുപയോഗിച്ച് മേഞ്ഞ ചെറുഡ്രയർ യൂണിറ്റ് നിർമിക്കാൻ ശരാശരി മുപ്പതിനായിരം രൂപ മതിയാവുമെന്നു സൗന്ദരരാജൻ. ഇതിനെക്കാൾ ഒരു പടി ഗുണമേന്മ കൂടുതലായിരിക്കും ഹോട്ട് എയർ അവ്നിൽ ഉണക്കിയെടുക്കുന്നതിന്. വൻകിട യൂണിറ്റുകൾ ഇതിലും മികച്ച സ്പ്രേഡ്രയർ സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. വിളവെടുത്ത സ്പിരുലിന സംസ്കരിച്ച് ഉണക്കിയെടുക്കുമ്പോൾ പത്തിലൊന്നായി കുറയും. ഒരു ലക്ഷം ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്കിലെ കൃഷിയിലൂടെ മാസം 150 കിലോ സംസ്കരിച്ച സ്പിരുലിന ലഭ്യമാകും. 

Microalgae-cultivation33
ആൽഗ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സൂളൂർ ഒാഫിസിൽ സ്പിരുലിനെ കർഷകരായ കന്ദസ്വാമിയും സൗന്ദരരാജനും

ഗുണമേന്മയ്ക്ക് അനുസൃതമായി കിലോയ്ക്ക് 650 മുതൽ 1000 രൂപവരെ വില ലഭിക്കും. വിലയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ചെലവെല്ലാം കഴിഞ്ഞ് കിലോയിൽ ചുരുങ്ങിയത് 200 രൂപ ലാഭം കിട്ടുമെന്നു കർഷകർ. ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഫീഡ് കമ്പനികളുമാണ് പ്രാദേശിക വിപണിയിൽ സ്പിരുലിനയുടെ മുഖ്യ ആവശ്യക്കാർ. സിദ്ധ, ആയുർവേദ മരുന്നുകൾ നിർമിക്കാനും സ്പിരുലിന വാങ്ങുന്നവരുണ്ട്. 

ഒരു ലക്ഷം ലീറ്റർ വെള്ളം കൊള്ളുന്ന മൂന്നു ടാങ്കുകളിലായി സ്പിരുലിന കൃഷി ചെയ്യുന്ന ഗജേന്ദ്രനെപ്പോലെയുള്ളവർ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ വിപണി കണ്ടെത്തിയിട്ടുണ്ട്. അതിസാന്ദ്രതാ മത്സ്യക്കൃഷിരീതിയായ ബയോഫ്ലോക് സംവിധാനത്തിൽ പ്രോബയോട്ടിക് ഭക്ഷണമായി സ്പിരുലിന പ്രയോജനപ്പെടുത്തിയുള്ള പരീക്ഷണത്തിലാണിപ്പോൾ ഗജേന്ദ്രൻ. 

Microalgae-cultivation2
ഉണങ്ങിയ സ്പിരുലിനയും ക്യാപ്സൂളും

സ്പിരുലിന കേരളത്തിൽ

പാലക്കാടുനിന്ന് അധികം ദൂരെയല്ലാതെയുള്ള കോയമ്പത്തൂരിൽ സ്പിരുലിന വിജയകരമായി കൃഷി ചെയ്യുന്ന സ്ഥിതിക്ക് കേരളത്തിന്റെ സാധ്യതയെങ്ങനെ എന്നു തിരക്കിയപ്പോൾ, പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തു നോക്കിയ ശേഷം മാത്രം വാണിജ്യ ക്കൃഷിയിലേക്കു കടക്കുന്നതാണ് ഉചിതമെന്നു സൗന്ദരരാജൻ. ‘‘അപൂർവമായി ചിലർ കേരളത്തിലും സ്പിരുലിന പരീക്ഷിക്കുന്നുണ്ടെങ്കിലും അതൊന്നും മുഖ്യധാരയിൽ എത്തിയതായി കേട്ടിട്ടില്ല. നീണ്ട മഴക്കാലമാണ് കേരളത്തിൽ സ്പിരുലിനക്കൃഷിക്കു പ്രതികൂലമാവുന്ന ഘടകം. അതേസമയം വേനൽ നീണ്ടുനിൽക്കുന്ന രീതിയിലുള്ള കാലാവസ്ഥാമാറ്റം ഗുണകരമായേക്കും. മഴക്കുറവുള്ള പ്രദേശങ്ങളും യോജ്യം. മഴമറ നിർമിച്ചുള്ള കൃഷിരീതി പരീക്ഷിച്ചിട്ടില്ലാത്തതിനാൽ അതെത്ര മാത്രം പ്രയോജനപ്പെടുമെന്നറിയില്ല’’, സൗന്ദരരാജന്റെ വാക്കുകൾ.

Microalgae-cultivation8

ഏറെ വർഷങ്ങൾ മുമ്പ് മൈസൂരുവിലെ സിഎഫ്ടിആർഐയിൽ നിന്നു പരിശീലനം നേടി സ്പിരുലിനക്കൃഷിയിലേക്കു കടക്കുമ്പോൾ, സംരംഭം തുടങ്ങിയവർ തമിഴ്നാട്ടിൽത്തന്നെ മൂന്നോ നാലോ മാത്രമായിരുന്നെന്നു സൗന്ദരരാജൻ. സ്പിരുലിനക്കൃഷിയുടെ അകംപുറം മനസ്സിലായതോടെ വാണിജ്യമൂല്യമുള്ള മറ്റു പായലുകളെക്കുറിച്ചും പഠിച്ചു സയൻസ് ബിരുദധാരിയായ സൗന്ദരരാജൻ. സഹകർഷകരുമായി ചേർന്ന് സുളൂർ കേന്ദ്രമാക്കി ആൽഗ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്ന കൂട്ടായ്മയും സ്ഥാപിച്ചു. ക്യാപ്സൂളും ബിസ്കറ്റും സോപ്പും ഉൾപ്പെടെയുള്ള മൂല്യവർധിത സ്പിരുലിന ഉൽപന്നങ്ങൾ നിർമിക്കുന്ന കർഷകരുമുണ്ട് കൂട്ടായ്മയിൽ. ഭക്ഷ്യോൽപന്നം മുതൽ െജെവ ഇന്ധനംവരെ, ഭാവിയുടെ ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കാൻ ഉതകുന്ന ക്ലോറെല്ല, ബോട്രിയോകാക്കസ് തുടങ്ങിയ പായലിനങ്ങളും ഇപ്പോൾ വാണിജ്യ പ്രാധാന്യം നേടുന്നുണ്ടെന്നു സൗന്ദരരാജൻ. വൻകിട കോർപറേറ്റുകൾ പലതും പായൽ സാധ്യതകളിൽ മുതലിറക്കിക്കഴിഞ്ഞു. ഒപ്പം, ചെറുകിട കർഷകർക്കും പായൽ ലോകത്ത് ഇടം ലഭിക്കുന്നുണ്ട് എന്നതാണ് സൗന്ദരരാജനെപ്പോലുള്ള കർഷകരെ സന്തുഷ്ടരാക്കുന്നത്. 

ഫോൺ: 9952228800 (സൗന്ദരരാജൻ)

ഇ–മെയിൽ: algaeideas@gmail.com 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com